വിശിഷ്ടനാമങ്ങള്‍

അല്‍ഖയ്യൂം (നിയന്താവ്)

സ്വയം നിലനില്‍ക്കുന്നവനും മറ്റുള്ളവയുടെയെല്ലാം നിലനില്‍പിന് ആധാരമായവനുമാണ് അല്ലാഹു. സൃഷ്ടിജാലങ്ങള്‍ക്കാവശ്യമായ സകല കഴിവുകളും നല്‍കുന്നവന്‍ അവനാണ്. മറ്റു യാതൊന്നിനെയും ആശ്രയിക്കാതെ സ്വയമായി നിലനില്‍ക്കുന്നവന്‍ അല്ലാഹു മാത്രമാണ്. ഇത്തരം നിലനില്‍പ്പുള്ളവനെയാണ് അല്‍ഖയ്യൂം എന്ന് പറയുക. പ്രവാചകന്‍(സ) പ്രാര്‍ഥിക്കാനായി കൂടുതലായി ഉപയോഗിച്ചത് അല്ലാഹുവിന്റെ ഈ വിശേഷണമായിരുന്നു എന്ന് ഹദീസില്‍ കാണാം. ”അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ. (അല്‍ബഖറ: 255), ”നിത്യജീവനും സകലതും നിലനിര്‍ത്തുന്നവനുമായ അവന്റെ സമക്ഷത്തില്‍ ജനങ്ങളുടെ ശിരസ്സ് കുനിഞ്ഞുപോകുന്നു. അന്ന്, അധര്‍മത്തിന്റെ ഭാരം പേറിയവന്‍ പരാജിതനായതുതന്നെ.” (ത്വാഹ: 111)

Topics