വിശിഷ്ടനാമങ്ങള്‍

അല്‍ ഖഹ്ഹാര്‍ (സര്‍വരെയും കീഴടക്കുന്നവന്‍)

‘ഖഹറ’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കീഴടക്കി, എല്ലാറ്റിന്റേയും മേല്‍ സ്വാധീനമുള്ളവനായി എന്നെല്ലാമാണ്. ഒരു വസ്തുവിന്റെ പ്രകൃതിയെ ബലാല്‍ക്കാരം മാറ്റിമറിച്ചു എന്നതിനും ഈ പദം ഉപയോഗിക്കാറുണ്ട്. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ”ഈ ഭൂമി ഒരുനാള്‍ ഭൂമിയല്ലാതായിത്തീരും. ആകാശങ്ങളും അവയല്ലാതായിമാറും. ഏകനും എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിന്റെ മുന്നില്‍ അവയെല്ലാം മറയില്ലാതെ പ്രത്യക്ഷപ്പെടും” (ഇബ്‌റാഹീം:48)
ഈ ലോകത്തിലുള്ള സകല വസ്തുക്കള്‍ക്കും ഏതെങ്കിലും തരത്തിലുള്ള കഴിവുകളുണ്ടെങ്കില്‍ അതൊന്നും അവയുടെ സ്വന്തമായ കഴിവുകളല്ല, മറിച്ച് അധീശാധികാരിയായ അല്ലാഹുവിന്റെ കഴിവില്‍ നിന്നുള്ളതാണതെല്ലാം. അല്ലാഹു പറയുന്നു: ”ചോദിക്കുക: ആരാണ് ആകാശ ഭൂമികളുടെ നാഥന്‍?. അല്ലാഹുവാണെന്ന് നീ അവരോട്പറയുക. ശേഷം അവരോട് ചോദിക്കുക: ‘എന്നിട്ടും സ്വന്തത്തിനുപോലും ഗുണമോ ദോഷമോ വരുത്താനാവാത്തവരെയാണോ നിങ്ങള്‍ അല്ലാഹുവെക്കൂടാതെ രക്ഷാധികാരികളാക്കിയിരിക്കുന്നത്? ചോദിക്കുക: കണ്ണുപൊട്ടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? ഇരുളും വെളിച്ചവും സമമാണോ? അതല്ല; അവരുടെ സാങ്കല്‍പിക സഹദൈവങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നപോലെതന്നെ സൃഷ്ടിനടത്തുകയും അതുകണ്ട് ഇരുവിഭാഗത്തിന്റെയും സൃഷ്ടികളവര്‍ക്ക് തിരിച്ചറിയാതാവുകയുമാണോ ഉണ്ടായത്? പറയുക: എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവന്‍ ഏകനും എല്ലാറ്റിനെയും അതിജയിക്കുന്നവനുമാണ്” (അര്‍റഅ്ദ്:16) സൃഷ്ടികളെല്ലാം ആ അല്ലാഹുവിന്റെ അധീശാധികാരത്തിന്‍ കീഴിലാണുള്ളത്. അവനെ വെല്ലുന്ന ഒരാളും ലോകത്തില്ല.
”എന്റെ ജയില്‍ കൂട്ടുകാരേ, വ്യത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം? അതോ സര്‍വാധിനാഥനും ഏകനുമായ അല്ലാഹുവോ?” (യൂസൂഫ്:39)

Topics