വിശിഷ്ടനാമങ്ങള്‍

അല്‍ മുസ്വവ്വിര്‍ (രൂപം നല്‍കുന്നവന്‍, അനുയോജ്യമായ ആകാരം നല്‍കുന്നവന്‍)

ശില്‍പി, രൂപദായകന്‍, ചിത്രണം ചെയ്യുന്നവന്‍ എന്നെല്ലാമാണ് ഈ നാമത്തിനര്‍ത്ഥം. പരകോടി സൃഷ്ടിജാലങ്ങളെ വൈവിധ്യപൂര്‍ണവും മനോഹരവുമാക്കി സൃഷ്ടിച്ചത് അല്ലാഹുവത്രെ. അത് അവന് മാത്രം സാധ്യമായ ഒരു കഴിവാണ്.
”അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും.” (അല്‍ഹശ്ര്‍:24)
”അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നെ അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമാണത്. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്കൊന്നും തിരിച്ചറിയാനാകുന്നില്ല.” (അത്തഗാബുന്‍: 3)
‘സ്വവ്വറ’ എന്ന ക്രിയാധാതുവിനര്‍ത്ഥം നിര്‍ണിതമായ രൂപവും വര്‍ണവുമൊക്കെ നല്‍കുക എന്നാണ്. കെട്ടിടനിര്‍മാണത്തോടുപമിച്ചാല്‍ കെട്ടിടത്തിന് മോടിപിടിപ്പിക്കുകയും ബാഹ്യമായി അലങ്കരിക്കുകയും ചെയ്യുന്ന ആളെപ്പോലെ. തന്റെയും താനുള്‍ക്കൊള്ളുന്ന മഹാപ്രപഞ്ചത്തിന്റെയും രൂപഭംഗിയും മനോഹാരിതയും സത്യവിശ്വാസിയായ മനുഷ്യനെ വിനയാന്വിതനും കൃതജ്ഞതാ നിര്‍ഭരനുമാക്കിത്തീര്‍ക്കുന്നു.

Topics