വിശിഷ്ടനാമങ്ങള്‍

അല്‍ഹഫീള് (കാത്തുരക്ഷിക്കുന്നവന്‍)

റുബൂബിയ്യത്തിന്റെ അര്‍ഥതലങ്ങളില്‍ ഉള്‍പ്പെട്ടതാണെങ്കിലും പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും അതിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് സംരക്ഷിക്കുന്നവനായതിനാലാണ് ഈ വിശേഷണം പ്രത്യേകം എടുത്തു പറഞ്ഞത്. ഓരോ വസ്തുവും പ്രപഞ്ചത്തിലെവിടെയാണോ സ്ഥിതി ചെയ്യേണ്ടത് അവിടെത്തന്നെ സ്ഥിതി ചെയ്യാനും അതിന് എന്ത് പ്രവര്‍ത്തനമാണോ നിര്‍വഹിക്കാനുള്ളത് അത് നിര്‍വഹിക്കാനും അല്ലാഹുവിന്റെ സംരക്ഷണം കൂടിയേ തീരൂ. ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മനുഷ്യന്‍ സ്വശരീരത്തിലേക്കും പ്രപഞ്ചത്തിലേക്കുമൊന്ന് കണ്ണോടിച്ചാല്‍മതി. ഏതെങ്കിലും ഒരു വസ്തു മനുഷ്യ ശരീരത്തിലാവട്ടെ പ്രപഞ്ചത്തിലാവട്ടെ അതിന്റെ സ്ഥാനത്തുനിന്ന് വ്യതിചലിച്ചാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മനുഷ്യന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതെല്ലാം അല്ലാഹുവിന്റെ അല്‍ ഹഫീള് എന്ന ഗുണത്തെ വിളിച്ചോതുന്നതാണ്. ”നിങ്ങള്‍ പുറംതിരിയുകയാണെങ്കില്‍ തിരിഞ്ഞുകൊള്ളുക. ഏതൊരു സന്ദേശവുമായിട്ടാണോ ഞാന്‍ നിങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്, അതു നിങ്ങള്‍ക്ക് എത്തിച്ചുകഴിഞ്ഞു. ഇനി എന്റെ റബ്ബ് നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. അവന് ഒരു ദ്രോഹവും ചെയ്യാന്‍ നിങ്ങളെക്കൊണ്ടാവില്ല. നിശ്ചയം, എന്റെ റബ്ബ് സകല വസ്തുക്കളിലും മേല്‍നോട്ടമുളളവനാകുന്നു.'(ഹൂദ്: 57), ”’അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.” (അല്‍ബഖറ: 255)

Topics