വിശിഷ്ടനാമങ്ങള്‍

അല്‍ഗനിയ്യ് (ഐശ്വര്യവാന്‍)

അല്ലാഹു മറ്റു യാതൊന്നിന്റെയും ആവശ്യമില്ലാത്തവനാണ്. യാതൊരാശ്രയവും അവനാവശ്യമില്ല. എന്നാല്‍ സകല സൃഷ്ടിജാലങ്ങളും അവനിലേക്കാവശ്യമുള്ളവരാണ്. അല്ലാഹുവിന് ഏതെങ്കിലുമൊരു കാര്യത്തില്‍ സൃഷ്ടികളെ ആശ്രയിക്കേണ്ടി വന്നാല്‍ അതവന്റെ ദിവ്യത്വത്തിന് കുറവാണ്. ഇത്തരം നിരാശ്രയത്വം അല്ലാഹുവിലൊഴികെ മറ്റൊന്നിലും ഉണ്ടാവുകയില്ല. മനുഷ്യന് തന്റെ അഹങ്കാരം വര്‍ജിക്കാന്‍ ഈ വിശേഷണത്തിന്റെ സ്മരണകൊണ്ട് സാധിക്കും. ”നാം ലുഖ്മാന്ന് തത്ത്വജ്ഞാനമരുളിയിട്ടുണ്ടായിരുന്നു. എന്തെന്നാല്‍, അല്ലാഹുവിനോടു നന്ദി കാണിക്കേണം. ഒരുവന്‍ നന്ദി കാണിക്കുന്നുവെങ്കില്‍ അത് അവന്റെ ഗുണത്തിനുവേണ്ടിത്തന്നെയാകുന്നു. കൃതഘ്‌നനാവുകയാണെങ്കിലോ, അല്ലാഹു യഥാര്‍ഥത്തില്‍ ആരെയും ആശ്രയിക്കാത്തവനും സ്വയം സ്തുത്യനുമാകുന്നു.” (ലുഖ്മാന്‍: 12), ”വല്ലവനും ജിഹാദ് ചെയ്യുന്നുവെങ്കില്‍ അത് അവന്റെതന്നെ നന്‍മക്കുവേണ്ടിയത്രെ. നിശ്ചയം, അല്ലാഹു ലോകവാസികളെ ഒട്ടും ആശ്രയിക്കാത്തവനാകുന്നു.” (അല്‍അന്‍കബൂത്: 6)

Topics