ഹജജ്-ഫത്‌വ

മഹ്‌റമായി ഭര്‍ത്താവോ സഹോദരനോ ?

ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, ഹജ്ജ് ചെയ്തിട്ടുമില്ല. ഹജ്ജിന് പുറപ്പെടുമ്പോള്‍ ഭര്‍ത്താവുതന്നെ കൂടെ വരണമെന്നുണ്ടോ ? അതല്ലെങ്കില്‍ സഹോദരനെ കൂടെക്കൂട്ടാന്‍ കഴിയുമോ? എന്തായാലും സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റില്‍ സേവനമനുഷ്ഠിക്കുന്ന ഞാനാണ് അവരുടെ മുഴുവന്‍ യാത്രാചെലവും വഹിക്കുക. രണ്ടുപേരെയും കൊണ്ടുപോകാന്‍ എനിക്ക് കഴിയുകയുമില്ല. എന്താണ് ഞാന്‍ ചെയ്യേണ്ടത് ?

ഉത്തരം: ഭര്‍ത്താവിനെയോ സഹോദരനെയോ ഇതിലാരെ കൂടെക്കൂട്ടണമെന്ന കാര്യം താങ്കള്‍ക്കുതന്നെ തീരുമാനിക്കാവുന്നതേയുള്ളൂ. സഹോദരന്‍ മഹ്‌റം ആയതുകൊണ്ട് അദ്ദേഹത്തെയും കൂട്ടി ഹജ്ജിന് പോകുന്നതില്‍ വിരോധമില്ല. പ്രവാചകന്‍ മുഹമ്മദ് നബി തന്റെ പത്‌നി ആഇശയെ അവരുടെ സഹോദരന്‍ അബ്ദുര്‍റഹ്മാനോടൊപ്പം ഉംറ ചെയ്യാന്‍ അയച്ചത് ചരിത്രത്തില്‍ കാണാം.
സഹോദരന്‍ ഹജ്ജ് ചെയ്തിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന് അവസരം നല്‍കുന്നത് നന്നായിരിക്കും. കാരണം ഭര്‍ത്താവ് നേരത്തെ ഒരു ഹജ്ജ് ചെയ്തിട്ടുള്ളയാളാണല്ലോ. എന്നിരുന്നാലും കൂടെ വരാന്‍ ഭര്‍ത്താവ് അതിയായ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അദ്ദേഹത്തിന് മുന്‍ഗണന കൊടുക്കുക.

Topics