കുടുംബം-ലേഖനങ്ങള്‍

കുട്ടികളില്‍ നന്‍മയൊഴുക്കുന്ന ലുഖ്മാനി(അ)ന്റെ ഉപദേശങ്ങള്‍ – 1

എല്ലാം കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്ന ഈ 21-ാം നൂറ്റാണ്ടില്‍ കുട്ടികളെ വളര്‍ത്തിയെടുക്കുക അത്ര എളുപ്പമല്ല. എന്നുകരുതി അത് ബാലികേറാമലയുമല്ല. ഓരോ കാലഘട്ടത്തിലും അതതിന്റെതായ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമല്ലോ. എന്നാലും എല്ലാറ്റിലും പൊതുവായ ചില നിര്‍ദ്ദേശങ്ങള്‍ക്ക് യാതൊരു മാറ്റവുമുണ്ടാകില്ല. അല്ലാഹു മനുഷ്യസമൂഹത്തിന് സാന്‍മാര്‍ഗിക വിധിനിര്‍ദേശങ്ങളുടെ സമാഹാരമായ ഖുര്‍ആന്‍ നല്‍കിയപ്പോള്‍ അത് സാര്‍വകാലീന-സാര്‍വജനീന സവിശേഷതകള്‍ ഉള്‍ക്കൊണ്ടതായിരുന്നു.

ലുഖ്മാന്റെ പേരിലുള്ള അധ്യായത്തില്‍ അദ്ദേഹം തന്റെ മകന് കൊടുക്കുന്ന ഉപദേശത്തെ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. കൂടാതെ ലുഖ്മാന്‍ എന്ന മഹാപുരുഷന്റെ ചരിത്രത്തെ പ്രശസ്തഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നുകസീര്‍  ‘ഖുര്‍ആന്‍ കഥകള്‍’ എന്ന തന്റെ പുസ്തകത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്. അക്കാലത്ത് ലഭ്യമായ ചരിത്രാഖ്യാനങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം അത് പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലുഖ്മാന്‍ പ്രവാചകനായിരുന്നില്ലെന്നും അല്ലാഹു യുക്തിയും വിവേകവും നല്‍കി അനുഗ്രഹിച്ച തത്ത്വജ്ഞാനി ആയിരുന്നുവെന്നാണ്.   പ്രത്യുല്‍പന്നമതിത്വവും  മതബോധവും പുലര്‍ത്തുന്നവരെയാണ് തത്ത്വജ്ഞാനിയെന്ന് വിശേഷിപ്പിക്കുകയെന്നാണ് ആദ്യകാലപണ്ഡിതന്‍മാരുടെ കാഴ്ചപ്പാട്. വേറെ ചില വ്യാഖ്യാനമനുസരിച്ച് ലുഖ്മാന്‍ തന്റെ സ്വഭാവമഹിമയുടെ അടിസ്ഥാനകാരണങ്ങളായി പറയുന്നത് ‘ദൃഷ്ടി അനാവശ്യമായതില്‍നിന്ന് തിരിക്കലും നാവുസൂക്ഷിക്കലും അനുവദനീയമായത് ഭക്ഷിക്കലും വിശുദ്ധികാത്തുസൂക്ഷിക്കലും വാഗ്ദത്തം പൂര്‍ത്തിയാക്കലും ആത്മാര്‍ഥതപുലര്‍ത്തലും അതിഥികളെ സല്‍ക്കരിക്കലും അയല്‍ക്കാരെ ആദരിക്കലും തന്റെതല്ലാത്ത വിഷയങ്ങളെ അവഗണിക്കലും ‘തുടങ്ങി ഗുണവിശേഷങ്ങളാണ് എന്നാണ്. അവയാണ് തന്നെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

തത്ത്വജ്ഞാനിയായ ലുഖ്മാന്‍ തന്റെ മകന് പത്തുപദേശങ്ങള്‍ കൊടുക്കുന്നുണ്ട്. ഇസ് ലാമിന്റെ തണലില്‍ മക്കളെ വളര്‍ത്താനാഗ്രഹിക്കുന്ന ഏത് മാതാപിതാക്കള്‍ക്കും എക്കാലത്തും  സ്വീകരിക്കാവുന്നതും പിന്തുടരുന്നതുമായ നിര്‍ദ്ദേശങ്ങളാണവ. എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കള്‍ക്ക് അത്തരത്തില്‍ ലുഖ്മാന്റെ ഉപദേശങ്ങള്‍ നല്‍കുകയാണെങ്കില്‍ അവരുടെ പരലോകവിജയത്തെപ്പറ്റി ആശങ്കവേണ്ടിവരില്ല. ജീവിതവിജയത്തിനാവശ്യമായ അടിസ്ഥാനനിര്‍ദേശങ്ങളാണ് ലുഖ്മാന്‍ തന്റെ ഉപദേശത്തിലൂടെ നല്‍കുന്നത്. കുട്ടിക്ക് കൊടുക്കേണ്ടതും അല്ലാത്തതുമായ ഉപേദശങ്ങളെന്തെന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. നാളെ വിചാരണാവേളയില്‍ സന്താനങ്ങള്‍ രക്ഷിതാക്കളെപ്പറ്റി അല്ലാഹുവോട് പരാതിപറയുന്നത് ഹൃദയഭേദകമായ സന്ദര്‍ഭമായിരിക്കും. അതായത്,’എന്റെ മാതാപിതാക്കള്‍ അത്തരം കാര്യങ്ങളൊന്നും പറഞ്ഞുതന്നിരുന്നില്ല.’ എന്നായിരിക്കും അവന്റെ ആവലാതി. മക്കളെ ഏതുരീതിയിലാണ് ഉപദേശിക്കുകയെന്ന ആശയക്കുഴപ്പം ചില മാതാപിതാക്കള്‍ക്കുണ്ടായേക്കാം.പ്രസ്തുത ഉപദേശത്തിന് ഭാഷയും വാക്കുകളും തെരഞ്ഞെടുക്കുന്നതിന് ഉള്ള പ്രയാസം മറികടക്കാനാണ് ലുഖ്മാനെപ്പോലുള്ളവരുടെ മാതൃകകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്. ആദ്യമായി, ലുഖ്മാന്‍ എത്ര സ്‌നേഹവാത്സല്യത്തോടെയാണ് മകനെ ഉപദേശിക്കുന്നതെന്ന് നാം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ചെറിയവരായാലും വലിയവരായാലും സംസാരിക്കുന്നവരോടുള്ള ആദരവ് വളരെ പ്രധാനമാണ്. എന്നല്ല, അത് കുടുംബത്തിലുള്ളവരോടാകുമ്പോള്‍ അങ്ങേയറ്റം നിര്‍ണായകവും പരമപ്രധാനവുമാണ്. ഭരിക്കപ്പെടാന്‍ ഒരാളും ഇഷ്ടപ്പെടില്ലെന്നത് ഏവര്‍ക്കുമറിയാവുന്ന യാഥാര്‍ഥ്യമാണ്. ഒച്ചയിട്ട് സംസാരിക്കുന്നതും ഇഷ്ടമില്ലാത്ത രീതിയില്‍ ഇടപെടുന്നതും കുടുംബത്തിലെ അംഗങ്ങളില്‍നിന്നാകുമ്പോള്‍ അത് സ്വീകരിക്കപ്പെടാതെ പോകും.

1. ‘ലുഖ്മാന്‍ തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ”എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച.'(ലുഖ്മാന് 13)

മകനെ അവന്റെ പേരുവിളിക്കുന്നതിനുപകരം വാത്സല്യം നിറഞ്ഞമട്ടിലുള്ള ‘പൊന്നുമോനേ,’ എന്നാണ് അഭിസംബോധനചെയ്യുന്നത്. താന്‍ പറയാന്‍ പോകുന്ന വിഷയത്തിലേക്ക് ശ്രദ്ധക്ഷണിക്കാന്‍ ആ ശൈലി സഹായിക്കുമെന്നതിനാലാണത്. ദൈവദൃഷ്ടിയില്‍ പരമപ്രാധാന്യമുള്ള സംഗതിയാണ് പിന്നീട് പറയുന്നത്. അല്ലാഹുവിനോട് മറ്റുള്ളവരെ പങ്കുചേര്‍ക്കുന്നത് സ്രഷ്ടാവും പരിപാലകനുമായ അവനോട് ചെയ്യുന്ന കടുത്ത അപരാധവും കൊടിയ അനീതിയുമായിരിക്കും. മാത്രമല്ല, അത് സ്വന്തത്തോടുതന്നെചെയ്യുന്ന അപരാധമാണെന്ന് ലുഖ്മാന്‍ ബോധ്യപ്പെടുത്തുന്നു. കാരണം, ദിവ്യത്വം അനര്‍ഹരായവര്‍ക്ക് വകവെച്ചുകൊടുക്കുന്നത് ദൈവകോപത്തിനും അതുവഴി ശാശ്വതനരകശിക്ഷയ്ക്കും കാരണമാകും. ‘അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചമച്ചുണ്ടാക്കുന്നത്; തീര്‍ച്ച.'(അന്നിസാഅ് 48)

2. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും.(ലുഖ്മാന്‍ 14). തൗഹീദിനോടൊപ്പം  സവിശേഷമായി ചേര്‍ത്തുപറഞ്ഞുകൊണ്ടാണ് ഇസ്‌ലാം മാതാപിതാക്കളോടുള്ള ബാധ്യതാനിര്‍വഹണത്തെ  കാണുന്നതെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അവരോട് കാരുണ്യപൂര്‍വം സ്‌നേഹാദരവുകളോടെ പെരുമാറുന്നത് ഇസ്‌ലാമില്‍ പ്രധാനപ്പെട്ടതത്രെ.’നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക.'(അല്‍ ഇസ്‌റാഅ് 23)

മാതാപിതാക്കളോട് കാരുണ്യപൂര്‍വം വര്‍ത്തിക്കണമെന്ന കാര്യം മുഹമ്മദ് നബി ഊന്നിപ്പറഞ്ഞിരിക്കുന്നു. ഒരിക്കല്‍ ഒരു സ്വഹാബി നബിയുടെ അടുക്കല്‍വന്ന് ദൈവപ്രീതി നേടാന്‍ ഉത്തമമായ സത്കര്‍മമേതെന്ന് ചോദിച്ചു. അതിന് തിരുനബി പ്രതിവചിച്ചതിപ്രകാരമാണ്:’നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കുക’ സ്വഹാബി വീണ്ടുംചോദിച്ചു:’അതുകഴിഞ്ഞാല്‍ അടുത്തതേതാണ്?’ അതിന് തിരുമേനി ഇങ്ങനെ മൊഴിഞ്ഞു: ‘മാതാപിതാക്കളോട് നല്ലരീതിയില്‍ സഹവസിക്കുക’

ലുഖ്മാന്‍ അധ്യായത്തിലെ പതിനാലാമത്തെ സൂക്തത്തില്‍ മാതാവ് തന്റെ ശിശുവിനെ പരിചരിക്കുന്നതില്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടാണ്  നന്ദിയുള്ളവനാകാന്‍ ആവശ്യപ്പെടുന്നത്.  മാതാപിതാക്കളോടുള്ള ദയാവായ്പും സഹവര്‍ത്തിത്വവും കല്‍പിച്ചശേഷം ദൈവത്തിലേക്കാണ് നമ്മുടെയെല്ലാം മടക്കം എന്ന കാര്യം ഓര്‍മിപ്പിച്ചുകൊണ്ട് ദൈവത്തോടുള്ള ബാധ്യതയെ ഊട്ടിയുറപ്പിക്കുന്നു. ‘മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്.’ (ലുഖ്മാന്‍ 14) 

‘എന്റെ കുഞ്ഞുമോനേ, കര്‍മം കടുകുമണിത്തൂക്കത്തോളമാണെന്നു കരുതുക. എന്നിട്ട് അതൊരു പാറക്കല്ലിനുള്ളിലോ ആകാശഭൂമികളിലെവിടെയെങ്കിലുമോ ആണെന്നു വെക്കുക; എന്നാലും അല്ലാഹു അത് പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.” നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞനും അഗാധജ്ഞനുമാണ്.

അല്ലാഹുവിന്റെ ജ്ഞാനവും ശക്തിയും എന്തെന്ന് തന്റെ മകനെ മനസ്സിലാക്കിക്കൊടുക്കുകയാണ് ലുഖ്മാന്‍. അല്ലാഹു സര്‍വ്വസംഗതികളെക്കുറിച്ചും അറിവുള്ളവനാണ്. ഈ ലോകത്ത് സംഭവിച്ചതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതും എല്ലാം അല്ലാഹുവിനറിയാം. അവന്റെ പരമാധികാരത്തെയും ശക്തിയെയും ആര്‍ക്കും ചോദ്യംചെയ്യാനാകില്ല.അവനെ വെല്ലുവിളിക്കാനോ അവഗണിച്ചുതള്ളാനോ പോന്ന യാതൊരു ശക്തിയും ലോകത്തില്ല എന്ന വസ്തുത ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ അദ്ദേഹം ചെയ്തത്.

Topics