Dr. Alwaye Column

ജാതീയതയ്ക്കും വംശീയതയ്ക്കും എതിരെ

‘ചീര്‍പ്പിലെ പല്ലുകള്‍ പോലെ മനുഷ്യര്‍ സമന്‍മാരാണ്’
‘അറബിക്ക് അനറബിയുടെ മേലോ അനറബിക്ക് അറബിയുടെ മേലോ ശ്രേഷ്ഠത നടിക്കാനാവില്ല. ജീവിതത്തിലെ സൂക്ഷ്മത കൊണ്ടല്ലാതെ,’
‘നിങ്ങളെല്ലാവരും ആദമില്‍ നിന്നുണ്ടായവരാണ്. ആദമാകട്ടെ, മണ്ണില്‍നിന്നും’.
ഉദാത്തമായ ഈദൃശ മൂല്യങ്ങളിലൂടെയാണ് പകയെയും വിദ്വേഷത്തെയും ഇസ്‌ലാം ചികിത്സിച്ചു ഭേദമാക്കുന്നത്. ലോകത്ത് നിന്ന് യുദ്ധങ്ങളും കെടുതികളും തുടച്ചു നീക്കുന്നത്. മാനവീയ പ്രകൃതത്തോട് പൊരുത്തപ്പെടാവുന്ന ഋജുവായ ഈ മൂല്യങ്ങള്‍ നടപ്പാക്കിക്കൊണ്ടല്ലാതെ ലോകത്ത് ശാന്തിയും സമാധാനവും പുലരുകയില്ലെന്ന് ഇസ്‌ലാം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
ഗതകാല സമൂഹങ്ങളുടെ ചരിത്രത്താളുകളിലേക്ക് നാമൊന്ന് കണ്ണോടിച്ചാല്‍ , പകയും വിദ്വേഷവും പടര്‍ന്നുപിടിച്ച രാജ്യങ്ങളിലൂടെയൊന്ന് പര്യടനം നടത്തിയാല്‍, യുദ്ധത്തീ ആളിക്കത്തിയ പ്രദേശങ്ങളിലൂടെയൊന്ന് കടന്നുപോയാല്‍ മാനവീയമൂല്യങ്ങളുടെ അന്തകനായി മാറിയ ഒരേയൊരു വിപത്ത് സമൂഹശ്രേണിയില്‍ പടര്‍ന്ന് കയറിയ ജാതീയവും വംശീയവുമായ വേര്‍തിരിവുകളാണെന്ന് നമുക്ക് കണ്ടെത്താനാകും.
റോമിനെ ഉദാഹരണമായെടുക്കുക: റോമാ സമൂഹം ജാതികളാല്‍ വിഭജിതമായിരുന്നു. ഉയര്‍ന്ന ജാതി, താഴ്ന്ന ജാതി, ഭരണജാതി, ഭരണീയജാതി. ഇന്ത്യന്‍ സാമൂഹ്യാവസ്ഥയും വ്യത്യസ്തമായിരുന്നില്ല(ഔദ്യോഗികമായി അയിത്തവും ഉച്ചനീചത്വവും നിയമംമൂലം തടഞ്ഞിട്ടുണ്ടെങ്കില്‍ പോലും ) ബ്രാഹ്മണരും അബ്രാഹ്മണരും എന്ന തരംതിരിവ് ഇപ്പോഴുമുണ്ട്. ഇന്നും ഇവര്‍ക്കിടയില്‍ വിവാഹബന്ധത്തിന് അനുവാദമില്ല. ജാതിവിവേചനത്തിനെതിരായ കര്‍ശനമായ നിയമമുണ്ടെങ്കിലും ഭിന്നജാതികള്‍ തമ്മില്‍ ഇടപഴകി ജീവിക്കാന്‍ പഴുതുകളില്ല.

നമ്മെ വിസ്മയിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതും ഇത്തരമൊരു വേര്‍തിരിവ് നിയമവിരുദ്ധമാണ് എന്നതല്ല. മറിച്ച്, മുഴു യാഥാസ്ഥിതികമായ ഈ ആശയം പുരോഗമനവാദികളുടെയും ജനാധിപത്യവാദികളുടെയും അന്തര്‍ദേശീയ നൈതികവാദികളുടെയും ആശയങ്ങളില്‍പോലും വേരുപിടിച്ച് വളരുകയും പതഞ്ഞുപൊന്തുകയും ചെയ്യുന്നു എന്നതാണ്. ഈ സമകാലിക മതനിരപേക്ഷ നൂറ്റാണ്ടില്‍ പോലും രാപ്പകല്‍ വ്യത്യാസമില്ലാതെ നാം കാണുന്നതും കേള്‍ക്കുന്നതുമെന്താണ്? സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നവരുടെ രാജ്യതലസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നത്, വര്‍ണത്തിന്റെ പേരിലുള്ള വിവേചനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വാര്‍ത്തകളാണ്. മനുഷ്യന്റേതായ സമസ്ത സവിശേഷതകളും മാനദണ്ഡങ്ങളും ഒരുപോലെ സമ്മേളിച്ചിട്ടും കറുത്തവനും വെളുത്തവനും തമ്മില്‍ ഇടകലരുന്നതും സംസാരിക്കുന്നതും സഹവര്‍ത്തിക്കുന്നതും പാടെ വിലക്കുന്ന സംഭവങ്ങളാണ് നമ്മുടെയടുത്ത് എത്തിക്കൊണ്ടിരിക്കുന്നത്.
വേറൊരു വശത്താകട്ടെ, തെക്കേ ആഫ്രിക്കയില്‍ നടമാടുന്ന വര്‍ണവിവേചന രാഷ്ട്രീയത്തിന്റെ പേരില്‍ അന്തര്‍ദേശീയ വേദികളും ആഗോളസഭകളും പ്രകമ്പനം കൊള്ളുന്നുമുണ്ട്. എന്നാല്‍ ഇസ്‌ലാമാകട്ടെ, മനുഷ്യവിരുദ്ധമായ ഈ ആശയം അതിന്റെ മുളയിലേ നുള്ളിക്കളഞ്ഞിരിക്കുന്നു. കാരണം, അധമമായ ഈ ആശയം സ്വാതന്ത്ര്യത്തിന്റെയും നിര്‍ഭയത്വത്തിന്റെയുമായ ആഗോളമൂല്യങ്ങളെ വേരോടെ പിഴുതുകളയുന്നതാണ്. സാമ്രാജ്യത്വപരവും അന്തരാളപരവുമായ ഈ വേര്‍തിരിവിന്റെ ദര്‍ശനത്തെ വിശുദ്ധഖുര്‍ആന്‍ പൊളിച്ചടുക്കി:
‘ഹേ മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. നാം നിങ്ങളെ വിവിധ ഗോത്രക്കാരും വര്‍ഗക്കാരുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെയടുത്ത് ഏറ്റവും സൂക്ഷ്മത പുലര്‍ത്തുന്നത് ആരാണോ അവനാണ് ഏറെ ആദരിക്കപ്പെടേണ്ടവന്‍’.
ഇസ്‌ലാം അതിന്റെ സാധ്യമായ സമസ്തശക്തിയുമെടുത്ത് സമര്‍ഥിക്കുന്ന ഒരു കാര്യമുണ്ട്; മനുഷ്യന്‍ തന്റെ പൂര്‍ണതയിലെത്തിയാല്‍ പോലും ദൈവികവിധേയത്വത്തിന്റെ വൃത്തംവിട്ട് പുറത്തുപോകരുത് എന്ന്. വിജ്ഞാനത്തിന്റെയും കരുത്തിന്റെയും സമ്പത്തിന്റെയും എത്ര ലഭ്യതയുമുണ്ടെങ്കിലും ദൈവികവിധേയത്വത്തെ അവന്‍ ഏതവസ്ഥയിലും തിരസ്‌കരിക്കരിക്കരുത്. അല്ലാഹു സ്രഷ്ടാവും ഏകനും നിയന്താവുമാണ്. പടപ്പുകള്‍ മുഴുവന്‍ അവന്റെ ദാസന്‍മാരും. ഏതൊരു നിയമനിര്‍വാഹകനും നിയമാനുസാരികളുടെ മേല്‍ സ്വതന്ത്രാധികാരമില്ല; ഇരുവരുടെയും സ്രഷ്ടാവിന്റെ നിയമം സ്വയം നടപ്പില്‍ വരുത്തുക എന്നതല്ലാതെ. അതുപോലെ എല്ലാ നിയമാനുസാരിയും തന്റെ സ്രഷ്ടാവിന്റെ നിയമം അനുസരിക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നു. അപ്പോള്‍ നിയമനിര്‍വാഹകനും നിയമാനുസാരിയും അവര്‍ ഇരുവരെക്കാളും ഉന്നതനും ഉത്തുംഗനുമായ മറ്റൊരു നിയമദാതാവിന്റെ ഇംഗിതത്തിന് വഴങ്ങേണ്ടവരാണ്. രണ്ടുപേരുടെയും മേല്‍ തുല്യാധികാരമാണ് പ്രസ്തുത നിയമദാതാവിനുള്ളത്. ഈയൊരു പ്രകൃതിബദ്ധവും യുക്തിഭദ്രവുമായ ദര്‍ശനത്തിന്‍മേലാണ് ഇസ്‌ലാം അതിന്റെ നിയമാവലിയുടെ ആധാരശില പാകിയിട്ടുള്ളത്. അതിന്റെ രാഷ്ട്രം സ്ഥാപിച്ചിട്ടുള്ളത്. സത്യസന്ദേശം പ്രചരിപ്പിച്ചിട്ടുള്ളത്. പരസ്പരം പോരടിക്കുകയും ഇകഴ്ത്തുകയും ചെയ്തിരുന്ന സമൂഹങ്ങളില്‍നിന്ന്,ജാതികളും ഗോത്രങ്ങളുമായി വിഭജിക്കപ്പെട്ടിരുന്ന ജനതകളില്‍നിന്ന്, കക്ഷികളും സംഘങ്ങളുമായി ശിഥിലീകൃതമായിരുന്ന ആള്‍ക്കൂട്ടങ്ങളില്‍നിന്ന് പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന സംസ്‌കാരസമ്പന്നരും സുസംഘടിതരുമായ ഒരു സമുദായത്തെ വാര്‍ത്തെടുത്തത്. പരസ്പരം വിദ്വേഷവും പകയും ശൈഥില്യവും ഛിദ്രതയും അവര്‍ക്കജ്ഞാതമായിരുന്നു.
ഈയൊരു കുലീനമായ ആശയത്തിലേക്കും പ്രഖ്യാപിതലക്ഷ്യത്തിലേക്കും ഇസ്‌ലാമികലോകം ഒന്നാമതായും മാനവകുലം രണ്ടാമതായും തിരിച്ചുവരേണ്ട സമയം ആഗതമായിരിക്കുന്നു. എങ്കില്‍മാത്രമേ, യുദ്ധത്തില്‍നിന്നും കെടുതികളില്‍നിന്നും ആപത്തുകളില്‍നിന്നും അത്യാഹിതങ്ങളില്‍നിന്നും ലോകം മുക്തമാകൂ. ഭൂമുഖത്ത് ശക്തിയും സമാധാനവും അപ്പോള്‍മാത്രമേ പുലരുകയുള്ളൂ. അതിലൂടെ മാത്രമേ മനുഷ്യവംശത്തില്‍ സുഭിക്ഷതയും സൗഭാഗ്യവും വ്യാപിക്കുകയുള്ളൂ.

വിവ: ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്

Topics