കുടുംബം-ലേഖനങ്ങള്‍

സ്‌നേഹമാണ് സന്തോഷത്തിന്റെ വേര്

സംതൃപ്തിക്ക് മുകളിലാണ് സ്‌നേഹത്തിന്റെ സ്ഥാനം. ഏറ്റവും സുഖകരമായ ജീവിതത്തിനുള്ള മാര്‍ഗമാണ് അത്. വേദനകളില്‍ നിന്നും, പ്രയാസങ്ങളില്‍ നിന്നുമുള്ള രക്ഷയും അതിലൂടെയാണ്. അസ്വസ്ഥതകളില്‍ നിന്നും മനപ്രയാസങ്ങളില്‍ നിന്നും മോചിതമായി മനഃശാന്തി നേടിയെടുക്കാന്‍ സ്‌നേഹമാണ് മനുഷ്യനെ സഹായിക്കുന്നത്. കുടുംബരപരവും സാമൂഹികവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാന ഉറവിടം കൂടിയാണ് അത്.
നാം പരസ്പരം സ്വീകരിക്കുന്നതും, അംഗീകരിക്കുന്നതും, ആദരിക്കുന്നതുമെല്ലാം സ്‌നേഹമെന്ന അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്. ജീവിതത്തില്‍ മനുഷ്യന് സന്തോഷം നല്‍കുന്ന മുഖ്യമായ ഉറവിടമായി സ്‌നേഹം പരഗണിക്കപ്പെടുന്നു. അതിന്റെ സാന്നിധ്യത്തില്‍ വിദ്വേഷവും, അസൂയയും കെറുവും മാറ്റി വെച്ച് നിഷ്‌കളങ്കഹൃദയത്തോടെ ജീവിക്കാന്‍ മനുഷ്യന് സാധിക്കുന്നു.
അതിനാല്‍ തന്നെ പ്രവാചകന്മാരുടെ സന്ദേശം പരസ്പരം സ്‌നേഹവും കരുണയും പ്രകടിപ്പിക്കാനും, വിട്ടുവീഴ്ചയോടെ വര്‍ത്തിക്കാനുമുള്ള കല്‍പനകളായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഐക്യവും, ഇണക്കവും സ്ഥാപിക്കുന്നതിലേക്കാണ് ഖുര്‍ആന്‍ ക്ഷണിക്കുന്നത് ‘ഭൂമിയിലുള്ള സര്‍വതും ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കാന്‍ താങ്കള്‍ക്ക് സാധിക്കുമായിരുന്നില്ല. പക്ഷെ, അല്ലാഹു അവര്‍ക്കിടയില്‍ ഇണക്കമുണ്ടാക്കിയിരിക്കുന്നു’. കുടുംബപരമോ, സാമൂഹികമോ ആയ സ്‌നേഹം ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുകയും അടിയുറക്കുകയും ചെയ്യണമെന്ന് തന്നെയാണ് പ്രവാചക വചനങ്ങളും പ്രോല്‍സാഹിപ്പിക്കുന്നത് ‘തനിക്ക് പ്രിയപ്പെട്ടത് തന്റെ സഹോദരന് ലഭിക്കാന്‍ ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല’.
വ്യക്തികള്‍ക്കിടയിലെ ബന്ധത്തിന് കോട്ടമുണ്ടാക്കുന്ന, വെറുപ്പും വിദ്വേഷവും പരത്തുന്ന എല്ലാ കാരണങ്ങളോടും ഇസ്‌ലാം ശക്തമായി യുദ്ധം പ്രഖ്യാപിച്ചു. ആര്‍ത്തി, അക്രമം, അഹങ്കാരം, ദുരഭിമാനം, അസൂയ, വിദ്വേഷം തുടങ്ങിയ ദുര്‍ഗുണങ്ങളെ ഒന്നൊന്നായി കൈകാര്യം ചെയ്തു. ഇവയുടെ വേര് അറുത്തുമുറിച്ച്, മനുഷ്യജീവിതത്തിന്റെ പല ബന്ധങ്ങളിലും സ്‌നേഹം ചെലുത്തുന്ന ഗുണകരമായ സ്വാധീനത്തെക്കുറിച്ച് ഇസ്‌ലാമിക പ്രമാണങ്ങള്‍ വിശദീകരിച്ചു.
മറ്റുള്ളവരോട് സ്‌നേഹപൂര്‍വം വര്‍ത്തിക്കുന്നവന് വിജയകരമായ ബന്ധം സ്ഥാപിക്കാന്‍ സാധിക്കുന്നു. കാരണം സത്യസന്ധവും, ആത്മാര്‍ത്ഥവുമായ ബന്ധത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത് സ്‌നേഹമാണ്. വ്യക്തിതാല്‍പര്യങ്ങളില്‍ നിന്നും, ഭൗതിക നേട്ടങ്ങളില്‍ നിന്നും അകന്ന് സുതാര്യമായ ബന്ധം സ്ഥാപിക്കുന്നതിന് മനുഷ്യനെ സഹായിക്കുന്നത് ഹൃദയത്തിലെ സ്‌നേഹം തന്നെയാണ്. വിട്ടുവീഴ്ച, സഹാനുഭൂതി തുടങ്ങിയവക്ക് ഒരു വ്യക്തിയെ പ്രേരിപ്പിക്കുക അവന്റെ മനസ്സിലെ സ്‌നേഹമല്ലാതെ മറ്റൊന്നുമല്ല. ഇത്തരം ഗുണങ്ങളാണ് വ്യക്തിബന്ധങ്ങള്‍ക്ക് ഉലച്ചിലേല്‍ക്കാതെ, സ്ഥായിയായി നിലനില്‍ക്കുന്നതിനും, മുന്നോട്ട് പോകുന്നതിനും സഹായിക്കുന്നത്. കറകളഞ്ഞ സ്‌നേഹത്തിന് മേല്‍ കെട്ടിപ്പടുത്ത ബന്ധങ്ങളുടെ പേരില്‍ പ്രയാസമനുഭവിക്കുകയോ, ഖേദിക്കുകയോ, വേദനിക്കുകയോ ചെയ്യേണ്ടി വരില്ല.
വ്യക്തികളോടുള്ള സ്‌നേഹം മാത്രമല്ല ജീവിതത്തില്‍ സന്തോഷവും ആനന്ദവും കൊണ്ടുവരുന്നത്. തന്റെ ജോലിയോടും, ഉദ്യോഗത്തോടും, ഉത്തരവാദിത്തോടും ഓരോ വ്യക്തിക്കും സ്‌നേഹമുണ്ടായിരിക്കണം. എങ്കിലേ സുഗമമായി ഉത്തരവാദിത്തം നിര്‍വഹിക്കാനും, കുറ്റമറ്റ വിധത്തില്‍ അവ പൂര്‍ത്തീകരിക്കാനും, വിജയം വരിക്കാനും സാധിക്കുകയുള്ളൂ. സ്‌നേഹവും ആഗ്രഹവുമില്ലാത്ത പക്ഷം മടുപ്പ് അനുഭവപ്പെടുകയും, ജോലിചെയ്യാന്‍ താല്‍പര്യമില്ലാതെ വരികയും അതേ തുടര്‍ന്ന് ഉത്തരവാദിത്തം വലിയ ഭാരമായി വിലയിരുത്തുകയും അത് ജീവിതപരാജയത്തിലേക്ക് വഴി നടത്തുകയും ചെയ്‌തേക്കാവുന്നതാണ്.
ഒരു സംഘം തൊഴിലാളികള്‍ക്ക് ഒരൊറ്റ മനസ്സോടെ പണിയെടുക്കണമെങ്കിലും പരസ്പരം സ്‌നേഹവും ആദരവും നിലനില്‍ക്കേണ്ടതുണ്ട്. അത്തരമൊരു അന്തരീക്ഷത്തിലാണ് ക്രിയാത്മകമായ മുന്നേറ്റവും, ഉന്നതമായ വിജയവും പിറവികൊള്ളുന്നത്.

മുഹമ്മദ് ഹാഷിം ജീലാനി

Topics