മുഹമ്മദ് നബി-Q&A

സ്വഭാവത്തെപ്പറ്റി പറഞ്ഞതില്‍ വൈരുധ്യമില്ലേ?

മുഹമ്മദ് നബി(സ)യുടെ സ്വഭാവത്തെ ഖുര്‍ആനില്‍ ഒരിടത്ത് വാഴ്ത്തിപ്പറയുകയും, ഒരു അന്ധനോട് നബി(സ) മുഖം ചുളിച്ച് തിരിഞ്ഞുകളഞ്ഞതിനെപ്പറ്റി മറ്റൊരിടത്ത് ആക്ഷേപിക്കുകയും ചെയ്യുന്നു. ഇത് വൈരുധ്യമല്ലേ?

വിശുദ്ധ ഖുര്‍ആനിലെ 80:1,2 സൂക്തങ്ങളില്‍ നബി(സ) ഒരു അന്ധന്റെ നേരെ നോക്കി മുഖംചുളിച്ച സംഭവം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ അത് ആ അന്ധനോട് നബി(സ)ക്ക് ഇഷ്ടക്കേടോ വെറുപ്പോ ഉള്ളതുകൊണ്ടായിരുന്നില്ല. ആ അന്ധശിഷ്യന്‍ തന്റെ സന്നിധിയില്‍ വന്നപ്പോള്‍ അദ്ദേഹം മക്കയിലെ പ്രമുഖരോട് ഇസ്‌ലാമിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. ഒരു അന്ധന്റെ സാന്നിധ്യം ആ പ്രമുഖര്‍ക്ക് ഇഷ്ടപ്പെടുകയില്ലെന്നും, അത് അവര്‍ ഇസ്‌ലാമിനോട് വിമുഖത കാണിക്കാന്‍ ഒരു കാരണമായേക്കുമെന്നും ആശങ്ക തോന്നിയതുകൊണ്ടാണ് നബി(സ) മുഖംചുളിച്ചതെന്ന് ഹദീഥ് ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമായി ഗ്രഹിക്കാം. ഇത് ഒരു സ്വഭാവദൂഷ്യത്തിന്റെ പ്രശ്‌നമല്ല. നബി(സ)ക്ക് എന്തെങ്കിലും ദുസ്വഭാവമുണ്ടായിരുന്നുവെന്ന് ഖുര്‍ആനിലെവിടെയും പറഞ്ഞിട്ടില്ല.

അവലംബം: shababweekly

Topics