മുഹമ്മദ് നബി-Q&A

നബിയെ അപമാനിച്ചവരെ ജീവിക്കാനനുവദിക്കില്ലേ ?

ചോ: ഈയിടെ ഒരു ഹദീഥ് വായിക്കാനിടയായി.’അലിയ്യുബ്‌നു അബീത്വാലിബ്(റ)ല്‍നിന്ന് നിവേദനം:ഒരു യഹൂദസ്ത്രീ നബിതിരുമേനി(സ)യെ എപ്പോഴും ചീത്തപറയുകയും ഭര്‍ത്സിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരാള്‍ അവരെ കഴുത്തുഞെരിച്ചുകൊന്നു. അതിന് രക്തപണം നല്‍കേണ്ടതില്ലെന്ന് പ്രവാചകന്‍ വിധിച്ചു. ‘(പു:38,നമ്പര്‍ 4349) മറ്റൊരു ഹദീഥില്‍ ഇപ്രകാരം കണ്ടു: ‘നബിതിരുമേനിയെ അപഹസിച്ച് സംസാരിച്ച തന്റെ സേവകരിലൊരാളെ അന്ധനായ യജമാനന്‍ കുത്തിക്കൊന്നു. വിവരമറിഞ്ഞ പ്രവാചകന്‍ അതിന് രക്തപ്പണം നല്‍കേണ്ടതില്ലെന്ന് വിധിനല്‍കി.’ ഇതെല്ലാം ഷാര്‍ലി എബ്ദൊയില്‍ നടന്നതിന് തുല്യമല്ലേ ?

നബിതിരുമേനിയുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടതുതന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അപകീര്‍ത്തിപ്പെടുത്താന്‍ശ്രമിക്കുന്നവരെ കൊല്ലുന്നതിനോടെനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുകയായിരുന്നു വേണ്ടത്. അല്ലെങ്കില്‍ അവര്‍ക്ക് സന്‍മാര്‍ഗം ലഭിക്കാനായി പ്രാര്‍ഥിക്കാം. അതുമല്ലെങ്കില്‍ അവരുടെ സന്താനപരമ്പരകളിലൂടെ ഇസ്‌ലാം കരുത്താര്‍ജിക്കുമെന്ന ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്താം. അപ്പോള്‍ മേല്‍ ഹദീഥുകളുടെ യാഥാര്‍ഥ്യമെന്ത്?———————————–

ഉത്തരം: നബിതിരുമേനി തന്റെ ജീവിതത്തില്‍ ഒട്ടേറെ പരിഹാസങ്ങളും ക്രൂരമര്‍ദ്ദനങ്ങളും നേരിട്ട വ്യക്തിയാണെന്നത് ചരിത്രമറിയുന്ന ഏവര്‍ക്കും അറിയാം. ഏഷണിയും പരദൂഷണവും സദാ അദ്ദേഹത്തിനെതിരെ  പ്രയോഗിച്ചു. എത്രത്തോളമെന്നാല്‍ വീട്ടിലെ ചപ്പുംചവറും അടിച്ചുകൂട്ടി അതെല്ലാം തിരുമേനിയുടെ തലയിലൂടെ ഇടാന്‍ മുതിര്‍ന്ന യുവതിയുടെ കഥയും നാംകേട്ടിട്ടുള്ളതാണ്. രോഗിയായികിടന്ന ആ യുവതിയെ സന്ദര്‍ശിച്ച പ്രവാചകന്റെ നടപടിയില്‍ മനസ്താപമുണ്ടായ അവര്‍ ഇസ്‌ലാംസ്വീകരിക്കുകയായിരുന്നു.

പ്രവാചകനുനേരെയുള്ള ഏതൊരു അപവാദപ്രചാരണവും മുസ്‌ലിംമനസ്സുകളെ വേദനിപ്പിക്കുന്നതാണ്. നമ്മുടെ മാതാക്കളെ ആരെങ്കിലും അപമാനിച്ചാല്‍ നമുക്ക് സഹിക്കാനാവില്ലെന്നിരിക്കെ എല്ലാറ്റിനെക്കാളും മുകളിലുള്ള പ്രവാചകന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

നമ്മുടെ നാട്ടില്‍ മതവിദ്വേഷവും ഇസ്‌ലാമോഫോബിയയും  വല്ലാതെ കൊടുമ്പിരികൊള്ളുന്ന കാലമാണിത്. അതിനാല്‍ ഇസ്‌ലാമിനും പ്രവാചകന്‍ മുഹമ്മദ്(സ)നും നേരെയുള്ള ആക്ഷേപപരിഹാസങ്ങളെ നേരിടാന്‍ നാംസ്വീകരിക്കുന്ന രീതികള്‍ ഒരിക്കലും അവരെ ഇസ് ലാമില്‍നിന്ന് അകറ്റിനിറുത്തുന്നതാകരുത്.  പലപ്പോഴും ഏറ്റവും എളുപ്പമുള്ള രീതി യുക്തിപൂര്‍ണമായിരിക്കാറില്ല. വൈകാരികമായി പ്രതികരിക്കാന്‍ എളുപ്പമാണെങ്കിലും അത് നന്‍മ നേടിത്തരില്ല. ഇസ്‌ലാം നയചാതുരിയും സൗഹൃദവും മയവും പുലര്‍ത്തുന്നതോടൊപ്പംതന്നെ ശക്തവുമാണ്. തങ്ങളുടെ ക്ഷമയെ ബലഹീനതയായി കാണാന്‍ അത് ഒട്ടും അനുവദിക്കുന്നില്ല.

ഇസ്‌ലാമിനുനേരെയുള്ള ആക്ഷേപങ്ങള്‍ക്ക് മുസ്‌ലിംസമൂഹം ഒറ്റക്കെട്ടായാണ് പ്രതികരിക്കേണ്ടത്. അവിടവിടങ്ങളില്‍ തങ്ങള്‍ക്കുതോന്നുംപോലെ പ്രതികരിക്കാനും ആക്ഷേപകരെ ശിക്ഷിക്കാനും അത് അനുവദിക്കുന്നില്ല.

താങ്കള്‍ ഉദ്ധരിച്ച ഹദീഥുകള്‍ ആധികാരികമല്ല. നിവേദകര്‍ ആരാണെന്നതാണ് സൂചിപ്പിക്കേണ്ടത്. പുസ്തകനമ്പറുകള്‍ പര്യാപ്തമല്ല. ആധികാരികമായ ഒരു ഹദീഥ് താഴെകൊടുക്കുന്നു. ‘അനസ്(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതരുടെയടുക്കല്‍ വിഷംചേര്‍ത്ത ആട്ടിറച്ചി പാചകംചെയ്തുവിളമ്പിയ ഒരു യഹൂദസ്ത്രീ  കൊണ്ടുവരപ്പെട്ടു.അവരെ കൊല്ലട്ടെയോ എന്നു അനുയായികള്‍ ചോദിച്ചപ്പോള്‍  നബി വിലക്കി ‘(അല്‍ബാനി). തന്നെ വിഷംകൊടുത്ത് കൊല്ലാന്‍ശ്രമിച്ച ജൂതസ്ത്രീക്കും നബിതിരുമേനി മാപ്പുനല്‍കുകയായിരുന്നുവെന്നര്‍ഥം.

 

 

Topics