ചോ: എന്റെ അറിവില്‍ നബി വിവാഹംചെയ്യുമ്പോള്‍ അബൂബക്ര്‍ (റ) ന്റെ മകള്‍ ആഇശയ്ക്ക് 9 വയസ്സായിരുന്നു. അവരുടെ വയസ്സിനെ സംബന്ധിച്ച് തര്‍ക്കമുണ്ടെന്നറിയാം. എന്നാലും നമുക്ക് 9 വയസ്സെന്ന് അതിനെ കരുതാം. ഇന്നത്തെ സാമൂഹികകാഴ്ചപ്പാടില്‍ നിന്നുനോക്കിയാല്‍ മുഹമ്മദ് നബി(സ)യെ ബാലികാപീഡകന്‍, പീഡോഫൈല്‍ എന്നൊക്കെ അപഹസിക്കാന്‍ എതിരാളികള്‍ക്കൊരു വടിയാകുമായിരുന്നു അത്.
ഒരു പക്ഷേ നബിയുടെ കാലഘട്ടത്തില്‍ അത് പ്രശ്‌നമല്ലായിരുന്നിരിക്കാം. എന്നാലും നബി തിരുമേനി (സ) അത്ര ചെറുപ്രായത്തിലുള്ള ആഇശയെ എന്തിനാണ് വിവാഹംകഴിച്ചത്? ആ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പക്വതയോ ശാരീരിക- മാനസികവളര്‍ച്ചയോ എത്തിയിട്ടുണ്ടാകില്ലല്ലോ. മറ്റൊന്ന് പറയാനുള്ളത് നബിതിരുമേനിയുടെ ഭാഷണങ്ങളും ചെയ്തികളും എഴുതിരേഖപ്പെടുത്തി ഹദീഥാക്കിയതിനെപ്പറ്റിയാണ്. അതായത്, അദ്ദേഹം ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ പല പ്രവൃത്തികളെയും അക്കാലത്തെ സാമൂഹിക-സാംസ്‌കാരിക പരിസരങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടാകും. അക്കാലത്തെ ജനജീവിതരീതിയുമായി ബന്ധപ്പെട്ടതായിരിക്കില്ലേ ആ ഹദീഥുകള്‍? അങ്ങനെയാകുമ്പോള്‍ ഈ വിവരസാങ്കേതികയുഗത്തില്‍ ജീവിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ആ ഹദീഥുകള്‍ എത്രത്തോളം യുക്തിഭദ്രമായിരിക്കും?
———————–
ഉത്തരം: ഓരോ സമൂഹത്തിന്റെയും ലൈംഗികകാഴ്ചപ്പാടും കുടുംബജീവിതശൈലിയും നിരന്തരമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. ഈ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം പഴയകാലത്തേതിനേക്കാള്‍ അതിദ്രുതമാണ് മാറ്റങ്ങള്‍ എന്നത് അനിഷേധ്യമായ വസ്തുതയാണ്. അതേസമയം, ഭാവിയില്‍ അതെന്ത് രൂപഭാവങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുകയെന്നോര്‍ത്ത് കടുത്ത ആശങ്കയിലാണ് പലരുമിന്ന് കഴിയുന്നത്. ജീവിതത്തെയും ലോകത്തെയും സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകള്‍ കടുത്ത ദുരന്തപൂര്‍ണമായതായിരിക്കുമെന്നതാണ് ചിലരുടെ വീക്ഷണം. ആധുനികസമൂഹത്തിലെ വരാനിരിക്കുന്ന അത്തരം മാറ്റങ്ങളെ ക്കുറിച്ച് വിശകലനംനടത്തുന്ന പുസ്‌കങ്ങളാണ് ആല്‍വിന്‍ ടോഫഌറുടെ ‘ഫ്യൂചര്‍ ഷോക്'(1970) , ‘ദ തേഡ് വേവ്'(1989) .
വളരെയധികം നാഗരികപുരോഗതി നേടിയെന്നവകാശപ്പെടുന്ന സമൂഹങ്ങളില്‍ കുടുംബമൂല്യങ്ങള്‍ നഷ്ടപ്പെട്ടതിന്റെ ചിത്രങ്ങളാണ് നമുക്കിന്ന് ലഭിക്കുന്നത്. രണ്ടാംലോകയുദ്ധത്തിന്റെ തൊട്ടുടനെയുള്ള അമേരിക്കയില്‍ 80 ശതമാനം കുഞ്ഞുങ്ങള്‍ പിറന്നുവീണിരുന്നത് പിതാവും മാതാവും ഉള്‍പ്പെട്ട കുടുംബത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ 60 ശതമാനം ശിശുക്കള്‍ക്കേ ആ ഭാഗ്യം സിദ്ധിക്കുന്നുള്ളൂ. 1970 കളിലുണ്ടായതിനേക്കാള്‍ 30 ശതമാനം വര്‍ധനയാണ് വിവാഹമോചനനിരക്കിലുണ്ടായിരിക്കുന്നത്. ഇപ്പോഴാകട്ടെ അമ്പതുശതമാനം വിവാഹങ്ങളും ഡൈവോഴ്‌സിലവസാനിക്കുകയാണ്. 25 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ പകുതിപേരും വിവാഹമൊന്നുമില്ലാതെ ലിവിങ് ടുഗതര്‍ സമ്പ്രദായം സ്വീകരിച്ചിരിക്കുകയാണ്.
ഈ അമേരിക്കന്‍ കണക്കുകള്‍ സ്വീകരിക്കാന്‍ രണ്ടുകാരണങ്ങളാണുള്ളത്. ഒന്നാമതായി കൃത്യവും ആധികാരികവുമായ കണക്കുകളുടെ ലഭ്യത. രണ്ടാമതായി, അമേരിക്കയെ അനുകരിക്കുന്ന രാജ്യങ്ങളും ജനതയും അതേ തിക്തഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇസ്‌ലാമിനുനേരെ ഏറ്റവും കൂടുതല്‍ വിമര്‍ശകര്‍ വരുന്നത് അമേരിക്കയില്‍ നിന്നാണ്. വിമര്‍ശനങ്ങള്‍ക്ക് നിദാനമായ അനുഭവങ്ങളെക്കുറിച്ച് കൃത്യമായ വിവരണം നല്‍കാന്‍ അതുകൊണ്ടുതന്നെ അവര്‍ക്ക് കഴിയും.
1933-1942 കാലയളവില്‍ ജനിച്ച യുവതികളില്‍ 90 ശതമാനം വിവാഹിതരാകുന്ന സമയത്ത് കന്യകകളായിരുന്നു. ഇപ്പോള്‍ പതിനേഴിന് മുകളിലുള്ള കൗമാരക്കാരികളില്‍ പകുതിയും മറ്റുള്ളവരുമായി കിടക്കപങ്കിട്ടവരാണ്. കഴിഞ്ഞ രണ്ടുദശാബ്ധമായി വിവാഹേതരബന്ധത്തിലൂടെ കുഞ്ഞുങ്ങളെപ്രസവിച്ച സ്ത്രീകളുടെ എണ്ണം 33 ല്‍ നിന്ന് 53 ശതമാനമായി വര്‍ധിച്ചു.
ഇതിനെല്ലാംപുറമെയാണ് ഗേ-ലെസ്ബിയന്‍ ദാമ്പത്യങ്ങളുടെ കഥ. ഇന്ന് ക്രൈസ്തവലോകത്തെ ആത്മീയ നേതൃത്വങ്ങള്‍പോലും അതിനെ സ്വീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. പുരോഹിതസമൂഹം അത് സാധാരണസംഭവമെന്ന് വിവക്ഷിക്കാന്‍ തുടങ്ങിയതോടെ നന്‍മേച്ഛുക്കള്‍ വിവാഹം എന്ന സങ്കല്‍പം അപകടത്തിലായിക്കഴിഞ്ഞുവെന്ന് ആശങ്കപ്പെടുന്നു.(Michael A. Fletcher, ‘Study: Marriage Rate Is at Its Lowest Ever—Findings Are Proof of Changing Attitudes, Report’s Authors Say,’ Washington Post; published Friday, July 2, 1999, in The San Jose Mercury News)
പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ സംബന്ധിച്ചാണെങ്കില്‍ ചില യാഥാര്‍ഥ്യങ്ങളെ നാം അറിയേണ്ടതുണ്ട്. അമേരിക്കയിലെ വ്യത്യസ്തസ്റ്റേറ്റുകളില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ പരിശോധിച്ചുനോക്കാം: നെബ്രസ്‌കയില്‍ ഒരു യുവതി 20 വയസ്സില്‍ വിവാഹിതയാവുകയാണെങ്കില്‍ അവള്‍ നിയമം ലംഘിക്കുകയാണ് കാരണം, അവിടെ 21 വയസാണ് നിയമാനുസൃത പ്രായം. അതേസമയം അലബാമയിലാണെങ്കില്‍ അതിന് കുഴപ്പമില്ല, കാരണം അവിടെ പതിനെട്ടുവയസ്സുള്ളവര്‍ക്ക് വിവാഹം കഴിക്കാം. നൂറുവര്‍ഷം മുമ്പ് അമേരിക്കയിലെ സാധാരണനിയമമനുസരിച്ച് പത്തുവയസ്സായാല്‍ വിവാഹം സാധ്യമായിരുന്നു.
ആദ്യകാല ജൂതനിയമമനുസരിച്ച് ചെറുപ്രായത്തിലുള്ള ബാലികമാരെ വിവാഹംചെയ്യാന്‍ അനുവാദമുണ്ട്. പുരാതനഇന്ത്യയില്‍ അഞ്ചും ആറുംവയസ്സുള്ള ബാലികമാരെ വൃദ്ധന്‍മാര്‍ വിവാഹംകഴിച്ചിരുന്നു. ഇപ്പോഴും ചില ഹിന്ദുസമൂഹങ്ങളില്‍ അത്തരത്തിലുള്ള ശൈശവവിവാഹങ്ങള്‍ നിലവിലുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഓരോ കാലഘട്ടത്തിലും വ്യത്യസ്ത സംസ്‌കൃതികളിലും നാഗരികതകളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെപ്പറ്റി നിലനിന്നിരുന്ന കാഴ്ചപ്പാട് ഭിന്നമായിരുന്നുവെന്നാണ്. അതിനാല്‍ പോസ്റ്റ് മോഡേണ്‍ യുഗത്തില്‍ കൃത്യമായ ഒരു പ്രായം പെണ്‍കുട്ടികള്‍ക്കായി നിശ്ചയിക്കുന്നതില്‍ കഥയില്ല. എന്നാല്‍ ഏകസംസ്‌കാരം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന ചിലരാണ് വിഷയത്തെ ഗുരുതരമാക്കുന്നത്. വലിയ വിദ്യാസമ്പന്നരായ ആളുകള്‍പോലും തങ്ങളുടെ സാംസ്‌കാരികനിലവാരത്തെമുന്‍നിര്‍ത്തി ഈ ഏകകം ലോകമനുഷ്യരാശി ഒന്നടങ്കം സ്വീകരിക്കണമെന്ന് വാദിക്കുന്നതുകാണുമ്പോള്‍ വാസ്തവത്തില്‍ സഹതാപമാണ് തോന്നുന്നത്.
പെണ്‍കുട്ടികളെ 9,10 വയസ്സില്‍ വിവാഹംകഴിപ്പിക്കണമെന്ന് വാദിക്കുകയല്ല ഇവിടെ. ആര്‍ക്കും തങ്ങള്‍ ജീവിക്കുന്ന കാലഘട്ടത്തെയോ, സാമൂഹികാവസ്ഥകളെയോ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക മാനദണ്ഡങ്ങളെയോ അവഗണിക്കാനാകില്ല. അതേസമയം പഴയകാലത്ത് നടന്ന വിവാഹം ഗോത്രസംസ്‌കൃതിയുടെ ചുവടുപിടിച്ചുണ്ടായ ഒരു സംഭവം മാത്രമായിരുന്നുവെന്നും അതിലത്ഭുതപ്പെടേണ്ടതില്ലെന്നും തിരിച്ചറിയാനുള്ള വിവേകം നമുക്കുണ്ടാകണം.
മുഹമ്മദ് നബി(സ)യുടെതടക്കം മുന്‍പ്രവാചകന്‍മാരുടെ നടപടിക്രമങ്ങള്‍ അക്കാലത്തെ സാമൂഹിക-സാംസ്‌കാരിക പരിഗണനകള്‍ മുന്‍നിര്‍ത്തിവേണം നാം വിശകലനംചെയ്യാന്‍. പക്ഷേ അധികമാളുകളും ആറാംനൂറ്റാണ്ടിലെ അറേബ്യയില്‍ നടന്ന സംഭവത്തെ ഇന്നലെ മാന്‍ഹാട്ടനിലോ ബര്‍മിങ്ഹാമിലോ സംഭവിച്ചതെന്ന മട്ടില്‍ അവതരിപ്പിക്കുന്നതിലെ ഭോഷ്‌ക് തിരിച്ചറിയാതെപോകുന്നു.
അബൂബക് ര്‍(റ) ആണ് തന്റെ മകളെ മുഹമ്മദ് നബി(സ)ക്ക് വിവാഹം ചെയ്തുനല്‍കുന്നത്. അവരാകട്ടെ, വിശ്വസ്തയും സംതൃപ്തയുമായ പത്‌നിയായി മരണംവരെ തിരുമേനിയോടൊപ്പം നിലകൊണ്ടു. നബിപത്‌നിമാരില്‍ വൈജ്ഞാനികമികവുകൊണ്ടും പക്വതകൊണ്ടും ഏറെ പ്രശംസനീയവ്യക്തിത്വം ആയിരുന്നു അവര്‍.
ഹദീഥുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ പ്രവാചകന്‍ (റ) ജീവിച്ചിരുന്ന കാലത്തെയും സാമൂഹികപശ്ചാത്തലത്തെയും മുന്‍നിര്‍ത്തിയായിരിക്കണം അവയെ സമീപിക്കേണ്ടത്. എന്തുകൊണ്ട് പ്രവാചകന്‍ പറഞ്ഞു, ചെയ്തു എന്ന് നാം മനസ്സിലാക്കണം. ആ ഹദീഥിനെ ഇക്കാലഘട്ടത്തില്‍ വായിക്കുമ്പോള്‍ ഇന്നത്തെ സാമൂഹിക -നാഗരികപശ്ചാത്തലം മുന്‍നിര്‍ത്തി വേണം വിശകലനംചെയ്യാന്‍.
പ്രവാചകന്റെ പല ചെയ്തികളും വാമൊഴികളും അക്കാലഘട്ടത്തെയോ സാഹചര്യത്തെയോ ആസ്പദിച്ചുള്ളതായിരിക്കാമെന്നത് സ്വാഭാവികംമാത്രമാണ്. അതിനര്‍ഥം അത്തരം സംഗതികള്‍ യുക്തിരഹിതമാണെന്നോ അനുചിതമോ ആണെന്നല്ല.ഭാവിയില്‍ അവസ്ഥകളും സാഹചര്യങ്ങളും സമാനസ്വഭാവത്തിലുള്ള സംഗതികളെ ആവശ്യപ്പെട്ടുകൂടായ്കയില്ല.
അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍.
Add Comment