ശാസ്ത്രം

ശാസ്ത്രത്തിന് ഉപകരണങ്ങള്‍ മാത്രം

യന്ത്ര മനുഷ്യന്‍, കൃത്രിമ തലച്ചോറ്, ഇലക്ട്രോണിക് ഹൃദയം തുടങ്ങിയ കണ്ടെത്തലുകളെക്കുറിച്ചാണ് നാം ദിനേന കേട്ടുകൊണ്ടിരിക്കുന്നത്. ഖജനാവ് സൂക്ഷിക്കാന്‍ പറ്റിയ റോബോട്ടുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. കള്ളന്മാരെ പിടിക്കുന്നതിനായി അതിസൂക്ഷ്മ ചലനങ്ങള്‍ കേള്‍ക്കുന്ന ഉപകരണം കണ്ടെത്തിയിരിക്കുന്നു. വൃക്കയ്‌ക്കോ, ഹൃദയത്തിനോ രോഗം ബാധിച്ചവര്‍ക്കായി കൃത്രിമമായ വൃക്കയും ഹൃദയവുമെല്ലാം നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
നമ്മെ പോലെ വികാര വിചാരങ്ങളുള്ള, നടക്കാനും തിന്നാനും സാധിക്കുന്ന ‘മനുഷ്യനെ’ പകരംവെക്കാന്‍ ശാസ്ത്രത്തിന് സാധിക്കുമെന്നാണോ ഇതിന്റെ അര്‍ത്ഥം ? കേവലം ഏതാനും ചില പ്ലാസ്റ്റിക് ഉപകരണങ്ങളും അവയവങ്ങളും ബാറ്ററിയുപയോഗിച്ച് ഘടിപ്പിച്ചാല്‍ രൂപപ്പെടുന്നതാണോ മനുഷ്യന്‍? തെരുവില്‍ ജീവിക്കുന്ന സാധാരണക്കാരന്‍ പോലും ഇത്തരം വാര്‍ത്തകള്‍ വായിച്ചാല്‍ ചിരിച്ചേക്കും. തന്റെ പരിചിതമായ ലാഘവ മനസ്സോടെ പറയും ‘ഇനിയിപ്പോള്‍ മനുഷ്യനെ കൂടി ഉണ്ടാക്കാനെ ബാക്കിയുള്ളൂ… എന്നിട്ട് വേണം അതില്‍ റൂഹ് (ജീവന്‍) ഊതാന്‍’.
ഇത് നിസ്സാരമായ ഒരു വര്‍ത്തമാനമല്ല. മറിച്ച് മനുഷ്യനും യന്ത്രത്തിനും ഇടയിലെ ഒരേയൊരു വ്യത്യാസമാണ് ഈ സാധാരണക്കാരന്റെ വാക്കുകളിലുള്ളത്. നാം കയ്യില്‍ കെട്ടുന്ന വാച്ച് മുതല്‍ ആറ്റം ബോംബ് വരെയുള്ള എല്ലാ കണ്ടുപിടിത്തവും കേവലം കളിപ്പാട്ടം മാത്രമാണ്. അവക്ക് ബുദ്ധിയോ, തലച്ചോറോ, ആഗ്രഹങ്ങളോ, താല്‍പര്യങ്ങളോ ഇല്ല. തനിക്കുവേണ്ടി എന്തെങ്കിലും ചെയ്യാനോ, ആഗ്രഹിക്കാനോ കഴിയാത്തവയാണ് അവ. നാം ഉദ്ദേശിക്കുന്നിടത്താണ് അവ നില്‍ക്കുക. നാം അതിനെ ചലിപ്പിക്കുകയോ, പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നതിന് അനുസരിച്ചാണ് അത് മുന്നോട്ടുനീങ്ങുക.
നാം ചൊല്ലിക്കൊടുക്കുന്നതാണ് ടൈപ്പ്‌റൈറ്റര്‍ എഴുതുന്നത്. അതിന് സ്വയം എന്തെങ്കിലും എഴുതാനോ, രചിക്കാനോ കഴിവില്ല. കൂട്ടുകയും കുറക്കുകയും ഗുണിക്കുകയും ചെയ്യുന്ന കാല്‍കുലേറ്ററും അപ്രകാരം തന്നെ. അതിന് ചിരിക്കുവാനോ, കരയുവാനോ, നിരാശപ്പെടാനോ, അട്ടഹസിക്കാനോ സാധിക്കുകയില്ല.
പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ഹൃദയം പ്രവര്‍ത്തിച്ചേക്കാം. പക്ഷേ, സ്‌നേഹമോ, താല്‍പര്യമോ, വാല്‍സല്യമോ അതില്‍ നിന്ന് പുറത്ത് വന്നേക്കില്ല. ഇവയെല്ലാം പ്രകടിപ്പിക്കേണ്ട ഒരു വസ്തു അവിടെ ഇല്ല എന്നതാണ് കാരണം. ആത്മാവ് അല്ലെങ്കില്‍ ജീവന്‍ എന്നൊക്കെയാണ് നാമതിനെ വിളിക്കാറ്.
ചലനശേഷിയില്ലാത്ത മരത്തടി വെള്ളത്തില്‍ നീന്താറുണ്ട്. സമുദ്രത്തിലെ മത്സ്യവും വെള്ളത്തില്‍ നീന്തുന്നു. എന്നാല്‍ മരത്തടി വെള്ളത്തിന്റെ പ്രവാഹത്തിന് കീഴ്‌പെടുകയാണ് ചെയ്യുന്നത്. വെള്ളം ഇടത്തോട്ടോ, വലത്തോട്ടോ, മുന്നോട്ടോ, പിന്നോട്ടോ ചലിക്കുന്നതിനനുസരിച്ച് മരത്തടിയും നീങ്ങുന്നു. എന്നാല്‍ മത്സ്യം അപ്രകാരമല്ല. അത് സ്വയം ചലിക്കുകയും പ്രവാഹത്തിനെതിരെ നീന്തുകയും ചെയ്യുന്നു. പ്രകൃതി നിയമത്തിന് സ്വയം കീഴ്‌പെടുന്നില്ല അത്. മറിച്ച് അവക്കെതിരെ നീന്തി നാശത്തില്‍ നിന്ന് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അവ ഭക്ഷണം കഴിക്കുകയും വളരുകയും പെറ്റുപെരുകുകയും ചെയ്യുന്നു. സമുദ്രത്തിലെ മത്സ്യത്തില്‍ ആത്മാവുണ്ട്.
മരക്കമ്പില്‍ ചേര്‍ന്ന് കിടക്കുന്ന പുഴുവിനെ നാം കണ്ടിട്ടുണ്ട്. വെയിലത്ത് ഉണങ്ങാനും, പ്രാണികള്‍ തിന്നാനും സാധ്യതയുള്ളവയാണ് ആ ചെറിയ കമ്പുകള്‍. മേല്‍പറഞ്ഞവയ്‌ക്കൊക്കെ യാതൊരു ചെറുത്തു നില്‍പുമില്ലാതെ അത് കീഴ്‌പെടുന്നു. എന്നാല്‍ അതിലെ പുഴു അതിനെതിരായ എല്ലാ ഘടകങ്ങളെയും ചെറുത്ത് നില്‍ക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. കാരണം അതില്‍ ആത്മാവുണ്ട് എന്നത് തന്നെ.
അങ്ങനെയെങ്കില്‍ എന്താണ് ആത്മാവ്? യാന്ത്രികമായ നിയമങ്ങള്‍ക്കും അനിവാര്യതകള്‍ക്കും മേലുള്ള വിപ്ലവമാണ് അത്. സ്വന്തവും സ്വതന്ത്രവുമായ അസ്തിത്വവും, വ്യക്തിത്വവും, തീരുമാനവുമാണ് അത്.
അതിനാല്‍ തന്നെ ശാസ്ത്രത്തിന് മനുഷ്യനെ നിര്‍മിക്കാന്‍ സാധിക്കുകയില്ല. കാരണം കേവലം ഉപകരണങ്ങള്‍ മാത്രമാണ് ശാസ്ത്രം നിര്‍മിക്കുന്നത്. കണ്ടുപിടിക്കപ്പെട്ട പ്രകൃതി നിയമങ്ങള്‍ക്ക് അനുസരിച്ച് മാത്രമെ അവക്ക് പ്രവര്‍ത്തിക്കാനാവൂ. എന്നാല്‍ ആത്മാവിന്റെ പ്രഥമ വിശേഷണം തന്നെ പ്രകൃതി നിയമങ്ങളെ ഭേദിക്കുന്നവയാണ് അത് എന്നുള്ളതാണ്. അവ സ്വയം നവീകരിച്ചുകൊണ്ടേയിരിക്കും. അവയെക്കുറിച്ച് പ്രവചനം നടത്തുക അസാധ്യമത്രെ.
സൂര്യഗ്രഹണത്തെയോ, ചന്ദ്ര ചലനത്തെയോ കുറിച്ച് പ്രവചനം നടത്താന്‍ സാധിച്ചേക്കും. എന്നാല്‍ ഒരു മനുഷ്യന്റെ മനസ്സില്‍ ഉള്ളതെന്തെന്ന് പ്രവചിക്കാന്‍ സാധിക്കുകയില്ല. കാരണം അവ സ്വന്തം നിയമങ്ങള്‍ക്ക് അനുസരിച്ച് ചലിക്കുന്നവയാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അതില്‍ ആത്മാവ് അഥവാ റൂഹ് ഉണ്ട് എന്നതുതന്നെയാണ് കാരണം.

ഡോ. മുസ്ത്വഫാ മഹ്മൂദ്

Topics