കുടുംബം-ലേഖനങ്ങള്‍

റമദാന്‍: കുട്ടികളെ സദ്ഗുണങ്ങള്‍ പരിശീലിപ്പിക്കാന്‍ സുവര്‍ണാവസരം

റമദാന്‍  പിറക്കുന്നതോടെ മാതാപിതാക്കളെല്ലാം നോമ്പുകാലസദ്യവട്ടങ്ങളുടെ തിരക്കുകളില്‍മുഴുകുന്നു. ചിലര്‍ക്ക് തങ്ങളുടെ കുട്ടികള്‍ പകല്‍മുഴുവന്‍ എങ്ങനെ പട്ടിണികിടക്കുമെന്നതിനെപ്പറ്റി ആശങ്കാകുലരാണ്. ചിലര്‍ക്ക് വളരെ സന്തോഷമായിരിക്കും. എന്തായാലും അധികമാതാപിതാക്കളും തങ്ങളുടെ കുട്ടികളില്‍ നന്‍മനട്ടുവളര്‍ത്താന്‍ ഈ അവസരം എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ സംബന്ധിച്ച് യാതൊരു കാഴ്ചപ്പാടുമില്ലാത്തവരാണ്.

ഇസ്‌ലാമിന്റെ ഒട്ടേറെ മഹിതമൂല്യങ്ങളെപ്പറ്റി അവര്‍ക്ക് അറിവുപകര്‍ന്നുകൊടുക്കാനും അതെപ്പറ്റി വിശ്വാസമുള്‍ക്കൊണ്ട് ജീവിക്കാനും അത് ശീലമായി വളര്‍ത്തിയെടുക്കാനും ഈ റമദാനിനെ ഉപയോഗപ്പെടുത്താം.  കേവലം നോമ്പുപിടിക്കുക, പ്രാര്‍ഥനകള്‍ പഠിക്കുക, നമസ്‌കാരശീലം വളര്‍ത്തുക എന്നതുമാത്രമല്ല, ഭാവിയുടെ വാഗ്ദാനമായി അവരെ പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള മാര്‍ഗത്തില്‍ എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം ഈ റമദാനില്‍ പകര്‍ന്നുകൊടുക്കേണ്ടതാണ്.
റമദാനില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വീട്ടില്‍ രക്ഷകര്‍ത്താക്കളുടെ അവസ്ഥയെന്താണ് ? ‘വീടുവൃത്തിയാക്കാനും വീട്ടിലേക്കുള്ള അവശ്യഭക്ഷ്യവസ്തുക്കള്‍ വാങ്ങാനും ഇനി സമയമില്ലല്ലോ എന്ന വെപ്രാളം ഗൃഹനായികയ്ക്ക്; നോമ്പുതുറക്കുംമുമ്പ് വീട്ടിലെത്തുവാന്‍ കഴിയുംവിധം  ഓഫീസിലെ അധികജോലികള്‍ പെട്ടെന്നുചെയ്തുതീര്‍ക്കാന്‍ അതിരാവിലെ എഴുന്നേല്‍ക്കുന്ന  ഗൃഹനാഥന്‍. രണ്ടുപേരും സന്തോഷത്തിലാണ്. പക്ഷേ, ആളുകള്‍ ക്ഷീണിതരും  ക്ഷിപ്രകോപികളുമായി കാണപ്പെടുന്നതിന് കാരണമെന്താണ് ? അതിഥികളും ബന്ധുക്കളും  വീട്ടില്‍ വന്ന് നോമ്പിന്റെ വിഭവങ്ങള്‍ മൂക്കുമുട്ടെ ശാപ്പിട്ട് സന്തോഷത്തോടെ പിരിഞ്ഞുപോകുന്നു. ഇതെല്ലാം കഴിഞ്ഞ്  നമസ്‌കാരത്തിനുപോലും നില്‍ക്കാനാകാത്തവിധം ക്ഷീണിച്ചവശയായിക്കിടക്കുന്ന   ഉമ്മ…’ ഇത്തരത്തില്‍ വീട്ടിലെ കാര്യങ്ങളെ കണ്ടുകൊണ്ടിരിക്കുന്ന കുട്ടിക്ക് റമദാനെക്കുറിച്ച് മനസ്സില്‍ തികട്ടിവരുന്ന സങ്കല്‍പമെന്താണെന്ന് നാം എപ്പോഴെങ്കിലും ഓര്‍ത്തുനോക്കിയിട്ടുണ്ടോ ? അതുകൊണ്ടാണ് നമ്മുടെ നോമ്പുകളും അവയ്ക്കുള്ള തയ്യാറെടുപ്പുകളും അനുഷ്ഠാനങ്ങളും കുട്ടികള്‍ക്ക് തെറ്റുധാരണപകരാതിരിക്കാനെങ്കിലും നാം ശ്രദ്ധിക്കണമെന്ന്് പ്രത്യേകം സൂചിപ്പിക്കുന്നത്.

കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കല്‍
റമദാനല്ലാത്ത ഘട്ടത്തില്‍ പലപ്പോഴും കുടുംബാംഗങ്ങള്‍ ഒത്തുകൂടാറുണ്ട്. പക്ഷേ, റമദാന്റെ പ്രത്യേകത നോമ്പുതുറസമയത്ത് അവര്‍ വീട്ടില്‍ ഉണ്ടാകുമെന്നതാണ്. അതുകൊണ്ടുതന്നെ റമദാനോടനുബന്ധിച്ച് വളരെ തിരക്കുപിടിച്ച ജോലികളും  കാര്യപരിപാടികളും നമുക്കുണ്ടെങ്കില്‍തന്നെയും പുഞ്ചിരിക്കുന്ന മുഖഭാവത്തോടെ കുട്ടികളോടൊത്ത് അല്‍പസമയം ചിലവഴിക്കാന്‍ നാം തയ്യാറായേ മതിയാവൂ. നേരത്തേ ജോലിയൊക്കെത്തീര്‍ത്ത് ഓഫീസില്‍നിന്ന് മടങ്ങിയെത്തുന്ന, ക്ഷീണിതനായി, നോമ്പുതുറസമയം വരെ കിടന്നുറങ്ങുന്ന ഒരുപിതാവിനെയല്ല കുട്ടിക്ക് റമദാന്‍ സമ്മാനിക്കേണ്ടത്. അടുക്കളയിലെ നൂറുകൂട്ടം പണികളുടെ നടുവില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടുന്ന ഉമ്മയെയല്ല റമദാന്‍ കാട്ടിക്കൊടുക്കേണ്ടത്. അല്പനേരം തമാശകളൊക്കെപ്പറഞ്ഞ് അതുകഴിഞ്ഞ് അടുക്കളയില്‍ ചെന്ന് മക്കളും മാതാപിതാക്കളും കൂടി ജോലികളെല്ലാം പരസ്പരം പങ്കിട്ടെടുത്ത് ചെയ്തുതീര്‍ക്കുന്നതിന്റെ അനുഭൂതി കുട്ടികള്‍ക്ക് നല്‍കിനോക്കൂ. അതുപോലെ നമസ്‌കരിക്കുമ്പോള്‍ അതിലൊക്കെ കുട്ടികളെക്കൂടി പങ്കെടുപ്പിച്ച് പ്രാര്‍ഥനയ്ക്കുശേഷം കുട്ടികളോടൊത്ത് അല്‍പനേരം ‘ഒളിച്ചുതൊട്ട്’ (Hide and Seek)കളിയും പൊട്ടിച്ചിരിയും ഒക്കെയായി അല്‍പസമയം ചിലവഴിച്ചുനോക്കൂ. കുട്ടികള്‍ക്ക് പതുക്കെ നമസ്‌കാരത്തോട് താല്‍പര്യം തോന്നിത്തുടങ്ങും. മാത്രമല്ല, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം ഊഷ്മളമാവുകയും ചെയ്യും.

വിവേകത്തെ വെള്ളമൊഴിച്ചുവളര്‍ത്തുക

വ്രതാനുഷ്ഠാനം അല്ലാഹുവുമായുള്ള നമ്മുടെ ബന്ധത്തെ ദൃഢതരമാക്കുന്നു.  നാം ചെയ്യുന്ന ഓരോ കര്‍മങ്ങളുടെയും പിന്നിലെ ഉദ്ദേശ്യശുദ്ധി അല്ലാഹു ഏറ്റവും നന്നായി അറിയുന്നു എന്നതുകൊണ്ട് കര്‍മങ്ങളെ  നിഷ്‌കളങ്കമായി അനുഷ്ഠിക്കുവാന്‍ വ്രതം സഹായിക്കുന്നു. കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, അവരില്‍ ചെറുപ്പത്തിലേ നാം പകര്‍ന്നുകൊടുക്കേണ്ട പ്രധാനസംഗതി താന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നു എന്ന ബോധമാണ്്.

ഉത്തരവാദിത്വബോധം

നമ്മുടെ സംസ്‌കാരത്തില്‍ പെട്ട സംഗതിയാണ്, കുട്ടികള്‍ക്ക് നാം കൊടുക്കുന്ന അധികപരിലാളന. ആറുവയസ്സായ കുട്ടികളാണെങ്കിലും ഭക്ഷണം  വായില്‍ ഉരുള പിടിച്ചുകൊടുക്കുക, അഞ്ചാംക്ലാസില്‍ പഠിക്കുന്നകുട്ടിക്ക്് കാലില്‍ ഷൂ അണിയിക്കുക തുടങ്ങി കുട്ടികള്‍ക്ക് ചെയ്തുകൊടുക്കുന്ന സേവനങ്ങള്‍.
റമദാന്‍ കുട്ടികള്‍ക്ക് ഉത്തരവാദിത്തബോധം പകര്‍ന്നുകൊടുക്കാന്‍ പറ്റിയ അവസരമാണ്. 6-8 വയസ്സുള്ള കുട്ടിയാണുള്ളതെങ്കില്‍ പുലര്‍ച്ചെയുള്ള ഭക്ഷണത്തിനായി വീട്ടുകാരെ വിളിച്ചെഴുന്നേല്‍പിക്കാനുള്ള ഡ്യൂട്ടി അവനുനല്‍കുക. അതുപോലെ നോമ്പുതുറക്കുള്ള വിഭവങ്ങള്‍ ടേബിളില്‍ സജ്ജീകരിക്കാനുള്ള നിര്‍ദേശം നല്‍കി അത് ചെയ്യിപ്പിക്കുക.
തങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രാപ്തരാണെന്ന ബോധം കുട്ടികളില്‍ സൃഷ്ടിച്ചെടുക്കണം. അതുവഴി ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ നമുക്കുകഴിയും. പലപ്പോഴും കുട്ടികള്‍ നമ്മില്‍നിന്ന് പലജോലികളും ചോദിച്ചുവാങ്ങാറുണ്ടെന്നത് നമുക്കറിയാവുന്നതാണല്ലോ. അതിനാല്‍ സുരക്ഷ അപകടത്തിലാവുകയില്ലെന്നുറപ്പുള്ള ഏതുജോലിയും അവര്‍ക്ക് നല്‍കേണ്ടതാണ്.

ആസൂത്രണവും ക്രമീകരണവും

ഏതുകാര്യം ചെയ്യുമ്പോഴും അതില്‍ ആസൂത്രണമോ സമയക്രമീകരണമോ ഒന്നും കുട്ടികള്‍ക്ക് ഇല്ലെന്നാണ് അവരെപ്പറ്റി നാം പലപ്പോഴും പറയാറുള്ള പരാതി. നോമ്പുതുറയോ മറ്റോ സംഘടിപ്പിക്കുമ്പോള്‍ അതിന്റെ ഒരുക്കങ്ങള്‍ക്കുവേണ്ടിയുള്ള സംഗതികളില്‍ അവര്‍ക്ക് പരിശീലനം നല്‍കാന്‍ അത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
കമ്പ്യൂട്ടറോ , നോട്ടുബുക്കോ ഉപയോഗപ്പെടുത്തി ഇതുചെയ്യാവുന്നതേയുള്ളൂ. നോമ്പുതുറക്കുള്ള അതിഥികളെത്രയെന്നത് പേരുവിവരങ്ങളടക്കം ഒരുപട്ടിക, നോമ്പുതുറവിഭവങ്ങള്‍ എന്തായിരിക്കണം, സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് എന്തൊക്കെ വാങ്ങണം എന്നുതുടങ്ങിയ കാര്യങ്ങള്‍ തയ്യാറാക്കാന്‍ കുട്ടിയോട് പറയുകയും അത് ചെയ്യിപ്പിക്കുകയും വേണം. ഇതൊക്കെ ഉദാഹരണത്തിന് പറഞ്ഞെന്നുമാത്രം . ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ റമദാനിലും അല്ലാത്തപ്പോഴുമൊക്കെ ചെയ്യിപ്പിക്കാവുന്നതേയുള്ളൂ. എല്ലാം ഒറ്റക്കുചെയ്യുക എന്ന ഭാരിച്ചപണി നിങ്ങള്‍ക്കൊഴിവാകുകയും ചെയ്യും.

പ്രശ്‌നപരിഹാരവും ആത്മീയോല്‍കര്‍ഷയും

എല്ലാ വര്‍ഷവും നാം റമദാനിന് സാക്ഷിയാകാറുണ്ട്.  അടുത്ത റമദാന്‍ ഇതിനെക്കാള്‍ നന്നായി ആത്്മസംസ്‌കരണത്തിന് ഉപയോഗപ്പെടുത്തണമെന്ന് പ്രാര്‍ഥിക്കാറുമുണ്ട്്. എന്നാല്‍ നമ്മുടെ  ആത്മസംസ്‌കരണപ്രവര്‍ത്തനങ്ങളെ നമ്മുടെ കുട്ടികളുമായി പങ്കുവെക്കുന്നത് വളരെ നന്നായിരിക്കും. കാരണം നമുക്ക് എന്തൊക്കെ മാറ്റങ്ങള്‍ നമുക്കുണ്ടാകുന്നുവെന്നും നമ്മുടെ സ്വഭാവം എത്രത്തോളം നിര്‍മലമായിരിക്കുന്നുവെന്നും നമ്മുടെ കുട്ടികള്‍ക്ക് അനുഭവിക്കാനായാല്‍ നോമ്പ്  ഏറ്റവും ഉത്കൃഷ്ടമായ ആരാധനയാണെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെടും. അല്ലാഹുവിനോട് അടുക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെ കുട്ടികള്‍ തങ്ങളുടെ ഹൃദയത്തിലേറ്റുകയും ചെയ്യും.

നര്‍മബോധം
റമദാനില്‍ എന്താണ് നിങ്ങളുടെ മുഖഭാവവും പെരുമാറ്റവുമെന്ന് കുട്ടികള്‍ ശ്രദ്ധിക്കും. കാരണം സാധാരണമാസങ്ങളെ അപേക്ഷിച്ച്്  റമദാനില്‍ ആളുകളധികവും മുന്‍കോപവും കാര്‍ക്കശ്യവും വെച്ചുപുലര്‍ത്തുന്നതായി കാണാറുണ്ട്. അത്തരത്തിലൊരു പെരുമാറ്റമാണ് നിങ്ങളില്‍നിന്നുണ്ടാകുന്നതെങ്കില്‍ ഈ സ്വഭാവം റമദാന്റെ സംഭാവനയാണെന്നായിരിക്കും കുട്ടി ധരിച്ചുവശാകുക.
പ്രയാസമാണെങ്കിലും നമുക്ക് പരീക്ഷിച്ചുനോക്കാവുന്നകാര്യമാണ് റമദാനില്‍ നാം  കൂടുതലായി തമാശയും കളിചിരിയുമായി കുട്ടികളോട് ഇടപെടുകയെന്നത്. പാചകംചെയ്യുമ്പോള്‍ മൂളിപ്പാട്ടുപാടുക, പരമാവധി പുഞ്ചിരി തൂകുന്ന മുഖം കാത്തുസൂക്ഷിക്കുക അതുവഴി കാണുന്നവര്‍ക്കൊക്കെ സന്തോഷംപ്രസരിപ്പിക്കുക എന്നത് നമുക്ക് സാധ്യമാകണം.ഈ രീതിയില്‍ നാം പരിശീലിച്ചുനോക്കൂ. ജീവിതം കൂടുതല്‍ സന്തോഷകരമാകും. ക്ഷീണം തോന്നില്ലെന്നുമാത്രമല്ല കൂടുതല്‍ പ്രസരിപ്പ് ഉണ്ടാകുകയും ചെയ്യും.

ഭക്തിയുടെ നിറവ്
റമദാനില്‍ നമുക്കോരോരുത്തര്‍ക്കും തഖ്‌വയില്‍ കൂടുതല്‍ പ്രകടമായ മാറ്റം ദൃശ്യമാകുന്നു. തന്റെ തഖ്‌വാബോധത്തെ കൂടുതല്‍ തീവ്രതരവും സ്ഥായിയുമാക്കാന്‍ എത്രത്തോളം കഴിയുമെന്നതായിരിക്കും സദാ നമ്മുടെ ചിന്ത. ഖുര്‍ആന്‍ പാരായണംചെയ്യുമ്പോഴും തറാവീഹ് നമസ്‌കരിക്കുമ്പോഴും നമ്മുടെ ഹൃദയം തുടികൊട്ടുന്നതിന്റെ അനുഭവം കുട്ടികള്‍ക്ക് വിവരിച്ചുകൊടുക്കണം. ഖുര്‍ആന്‍പാരായണശേഷം  ക്ഷീണിച്ചുതളര്‍ന്നുകിടക്കുന്നതല്ല നമ്മെ കുട്ടികള്‍ കാണേണ്ടത്. മറിച്ച്, കൂടുതല്‍ ഉന്‍മേഷം കൈവരിച്ചവരായാണ്.

ആരോഗ്യകരമായ ശീലങ്ങള്‍

കുട്ടികളുടെ ദുഃശീലങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണ് നോമ്പുകാലം. പലപ്പോഴും നിര്‍ബന്ധിക്കേണ്ട ആവശ്യമില്ലാതെതന്നെ അത്തരം ശീലങ്ങളെ മാറ്റിയെടുക്കാനാകും. സോഫ്‌ററുഡ്രിങ്കിനും സോഡയ്ക്കും പകരം പഴച്ചാറുകള്‍ പതിവാക്കുക. റമദാനുശേഷവും അത്തരത്തില്‍ തുടരുക . എങ്കില്‍ കാര്‍ബണേറ്റഡ് ഡ്രിങ്കുകളോടുള്ള പ്രതിപത്തി മാറിക്കിട്ടും. അതേസമയം അധികസമയം ടെലിവിഷന്‍കാണുന്നതും രാത്രി വളരെ വൈകി അങ്ങാടികളില്‍ ചുറ്റിയടിച്ചുനടക്കുന്നതും ശേഷം ഉറങ്ങുന്നതും  ഈ സീസണില്‍ ദുഃശീലമായി കടന്നുവരാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതലെടുക്കണം. കുട്ടികളെ നോമ്പുപിടിക്കാന്‍ പരിശീലിപ്പിച്ചുതുടങ്ങുന്നതും ഈ സമയത്തുതന്നെയാകുന്നതാണ് തല്ലത്.
ദിനേന നിങ്ങള്‍ ഖുര്‍ആന്‍ പാരായണംചെയ്യുന്നത് കുട്ടികണ്ടുകൊണ്ടിരിക്കണം. കുട്ടികള്‍ കേള്‍ക്കുംവിധം  ഈണസ്വരത്തില്‍ ആയിരിക്കണം പാരായണം ചെയ്യേണ്ടത്.
ഒരുകുടുംബം എന്ന നിലക്ക് അതിലെ ഓരോ അംഗങ്ങളും ചെയ്യുന്ന എല്ലാ കര്‍മങ്ങളും കുട്ടികള്‍ക്ക് മാതൃകയാവുക എന്ന ഉദ്ദേശ്യം വെച്ചുചെയ്യുകയാണെങ്കില്‍ അത് കുട്ടികളില്‍ വളരെ പ്രഭാവം ചെലുത്തും. നല്ല ഓരോ പ്രവൃത്തിക്കും നല്ല പ്രതികരണങ്ങളും കാണിച്ചുകൊടുക്കാം. ഉദാഹരണമായി  ഒരു വ്യക്തിയെ അയാളിഷ്ടപ്പെട്ട പാനീയം കുടിപ്പിക്കുക, അല്ലെങ്കില്‍ റമദാന്‍ സ്വീറ്റ്്‌സ് നല്‍കുക എന്നിങ്ങനെ തുടങ്ങിയ മാതൃകകള്‍. ഇതൊക്കെചെയ്യുമ്പോഴും സന്തോഷവും സമാധാനവും  നമ്മുടെ മുഖത്തുനിന്ന് കുട്ടിക്ക് കണ്ടെത്താനാകണം എന്നത് നാം മറക്കാതിരിക്കുക.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുക

കുട്ടികളെ തങ്ങളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും തന്നെക്കാള്‍ ദരിദ്രരായ കുട്ടികള്‍ക്ക് നല്‍കാന്‍ പ്രേരിപ്പിക്കണം. കുട്ടിയുമായി പുറത്തുപോവുകയും അവന്റെ വിശപ്പ് കത്തിക്കാളവേ പുറത്ത് തെരുവിലുള്ളവരുടെ വര്‍ഷം മുഴുവന്‍ അനുഭവിക്കുന്ന വിശപ്പിനെപ്പറ്റി സൂചിപ്പിക്കുകയും ചെയ്താല്‍ നമ്മുടെ കുട്ടികള്‍ അമിതഭക്ഷണം, ധൂര്‍ത്ത് , അനാവശ്യഉപഭോഗം എന്നിവയില്‍നിന്ന് അകന്നുനില്‍കും.
എവിടെയെങ്കിലും യാത്രചെയ്യുമ്പോഴോ വിവാഹചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴോ നാം പരമാവധി മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ സമയം കണ്ടെത്തുക. നാം ആരാണ് ? ഈ ലോകത്ത് നമ്മളെങ്ങനെ എത്തിപ്പെട്ടു ? ദൈവം എന്താണ് നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്നത്? എന്നുതുടങ്ങി ഒട്ടേറെ അടിസ്ഥാനമൂല്യങ്ങള്‍ നമുക്ക് കുട്ടികളില്‍ നട്ടുവളര്‍ത്താനാകും. ഓര്‍ക്കുക വളരെ ചെറുപ്പത്തില്‍തന്നെ കുട്ടികളില്‍ ഉന്നതമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നാം ശ്രദ്ധിക്കുകതന്നെ വേണം.

ഡോ. മുനാ യുസ്‌രി ചൈല്‍ഡ് സൈക്യാട്രിസ്റ്റും ഫാമിലി കൗണ്‍സിലറുമാണ്.

Topics