കുടുംബം-ലേഖനങ്ങള്‍

റമദാനില്‍ കുഞ്ഞുപിറന്നാല്‍

റമദാനിന് തൊട്ടുമുമ്പാണ് ആമിന ഒരു കുഞ്ഞിന് ജന്‍മം നല്‍കിയത്. വ്രതമനുഷ്ഠിക്കാന്‍ കഴിയാതെ ആ റമദാന്‍ കഴിഞ്ഞുപോയത് ദുഃഖത്തോടെ അവളിന്നും ഓര്‍ക്കുന്നു.തന്റെ റൂമില്‍ പിഞ്ചുപൈതലിനെ നോക്കി അവള്‍ ഇരുന്നു. മൃദുലസ്പര്‍ശങ്ങളാല്‍ കുട്ടിയെ തലോടും. മൂത്രമൊഴിച്ചിട്ടുണ്ടെങ്കില്‍ തുണി മാറ്റും. ഇടക്ക് കരയുമ്പോള്‍ പാലുകൊടുക്കും. ഇങ്ങനെ ഓരോന്നിലും മുഴുകി സമയം കഴിച്ചുകൂട്ടി. അതിനിടയില്‍ ഇടക്കൊക്കെ അല്‍പസമയം ഉറങ്ങാന്‍ കിടക്കും. കുട്ടിയുണ്ടായതിന്റെ സന്തോഷം പറഞ്ഞറിയിക്കേണ്ടല്ലോ.

പക്ഷേ, ഏകാന്തമായി ആ റൂമിലങ്ങനെ കഴിഞ്ഞുകൂടിയതിന്റെ അസ്വസ്ഥത മനസ്സില്‍ തളംകെട്ടിനിന്നു. അതേസമയം മറ്റുള്ളവര്‍ നോമ്പില്‍ സജീവമായിരുന്നു. അവര്‍ റമദാന്‍ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ഖുര്‍ആന്‍ പഠനക്ലാസുകളില്‍ സംബന്ധിക്കുകയും തറാവീഹ് നമസ്‌കരിക്കുകയുംചെയ്യുമ്പോള്‍ തനിക്ക് എന്തൊക്കെയോ നഷ്ടമാകുന്നതുപോലെ ആമിനയ്ക്ക് തോന്നി. കുഞ്ഞുപൈതലിനെ ശുശ്രൂഷിക്കാന്‍ ബദ്ധശ്രദ്ധപുലര്‍ത്തിയതോടെ അത്താഴഭക്ഷണത്തിലും നോമ്പുതുറയിലും വീട്ടുകാരോടൊത്ത് ഇരിക്കാന്‍ പോലും അവള്‍ക്കായില്ല.

അടുത്ത റമദാന്‍ആഗതമായപ്പോഴേക്കും ആമിനയുടെ കുട്ടി പിച്ചവെക്കാന്‍തുടങ്ങിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവള്‍ വീണ്ടും ഗര്‍ഭിണിയായി. അതിനാല്‍ റമദാനില്‍ നോമ്പനുഷ്ഠിക്കാനായില്ല. വര്‍ഷങ്ങള്‍കടന്നുപോയി. കുടുംബാംഗങ്ങളുടെ എണ്ണംകൂടി. എല്ലാവര്‍ക്കും റമദാന്‍ വ്യത്യസ്തഅനുഭവമായി മാറുകയായിരുന്നു.

ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും ശിശുപരിപാലനത്തിന്റെയും പാലൂട്ടലിന്റെയും അവസ്ഥകള്‍ ഉമ്മമാരെ റമദാന്‍ വ്രതത്തില്‍നിന്ന് അകറ്റിനിര്‍ത്താറുണ്ട്. വ്രതാനുഷ്ഠാനത്തില്‍ ഇളവുണ്ടെങ്കിലും അവരെ സംബന്ധിച്ചിടത്തോളം കുട്ടികള്‍ ഇടക്കിടക്ക് വിശന്ന് കരയുമ്പോള്‍ ഭക്ഷണംകൊടുക്കാനും അവരെ പരിചരിക്കാനും തുണികള്‍ മാറ്റിയിടാനും ഒക്കെ പിടിപ്പത് പണിയുണ്ടാകും. ക്ഷീണവും ദേഷ്യവും ഒക്കെയായി മാനസികസമ്മര്‍ദ്ദത്തിന്റെ ഘട്ടമാണത്.

ഉത്തമമായത് ചെയ്യാം

ഗര്‍ഭകാലത്തും പ്രസവശേഷവും മാതാവിന്റെയും ശിശുവിന്റെയും ആരോഗ്യത്തിന് ഹാനികരമാകുമെന്നുകണ്ടാല്‍ റമദാന്‍ നോമ്പില്‍നിന്ന് സ്ത്രീകള്‍ക്ക് ഇളവുണ്ടെന്നത് അറിയാമല്ലോ. പിന്നീട് പിടിച്ചുവീട്ടുകയും അഗതികള്‍ക്ക് ഭക്ഷണംനല്‍കുകയുമൊക്കെ അതിന്റെ പ്രായശ്ചിത്തകര്‍മങ്ങളില്‍ പെടുന്നതാണ്.എന്നിരുന്നാലും ഗര്‍ഭിണികളും പ്രസവിച്ച സ്ത്രീകളും റമദാനിനോട് മുഖംതിരിഞ്ഞുനില്‍ക്കേണ്ടതില്ല. അവര്‍ക്കും തങ്ങളുടേതായരീതിയില്‍ ചിലതൊക്കെ കഴിയും. അതിനാണീ കുറിപ്പ്.

1. മനോഭാവം മാറ്റുക

എല്ലാവരും നോമ്പിലും മറ്റു ആരാധനാകര്‍മങ്ങളിലും ആയിരിക്കെ ഓരോ ഇരുപതുമിനിട്ടിലും ശിശുവിനെ പരിചരിച്ചും ശുശ്രൂഷിച്ചും കഴിച്ചുകൂട്ടുന്ന ഉമ്മമാര്‍ക്ക് റമദാന്‍ അത്രയെളുപ്പം അവഗണിക്കാന്‍ കഴിയില്ല.

ഗര്‍ഭസ്ഥശിശുവിനായുള്ള ആരോഗ്യശുശ്രൂഷയും പരിചരണവും പ്രസവാനന്തരമുലയൂട്ടലും ഉമ്മമാര്‍ക്ക് ഒരു രക്തസാക്ഷിയുടെ പരിവേഷം നല്‍കുന്നു. എല്ലാവരോടൊപ്പം ചേര്‍ന്ന് നോമ്പനുഷ്ഠിക്കാനും തറാവീഹ് നമസ്‌കരിക്കാനും ആ മാതൃമനസ്സ് കൊതിക്കുന്നുവെന്ന് അല്ലാഹുനന്നായറിയുന്നു. അതിനാല്‍ സാഹചര്യം പ്രതികൂലമായതുകൊണ്ടുമാത്രം വിട്ടുനില്‍ക്കേണ്ടിവന്ന ആ മാതാവിന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ടെന്ന് തിരിച്ചറിയുക.

2. നിങ്ങളുടെ ലക്ഷ്യം നിര്‍ണയിക്കുക

എല്ലാവരും വ്യത്യസ്ത സാഹചര്യങ്ങളുടെ തടവറയിലായിരിക്കും. അതിനാല്‍ റമദാനില്‍ ആരെല്ലാം എന്തെല്ലാംചെയ്യുന്നുവെന്ന് നോക്കി അത് നമ്മുടെ കര്‍മവുമായി താരതമ്യം ചെയ്യേണ്ടതില്ല.

നിങ്ങള്‍ക്ക് ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതുമായി മുന്നോട്ടുപോകുക. അത് ഓണ്‍ലൈനിലൂടെയായാലും ശരി. അതേപോലെ യുട്യൂബിലും മറ്റുമുള്ള റമദാന്‍ പ്രഭാഷണങ്ങള്‍ ശ്രവിക്കാം. ഖുര്‍ആന്‍ പാരായണങ്ങള്‍ ഡൗണ്‍ലോഡ്‌ചെയ്ത് കേള്‍ക്കാന്‍ അവസരം കണ്ടെത്താം. ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലിക്കൊണ്ടിരിക്കുന്നത് ഏറ്റവും നല്ല ആരാധനയാണ്. അല്ലാഹുവിനെ ഓര്‍ക്കുന്നവരെ അവനും ഓര്‍ക്കും.

3. റമദാനെക്കുറിച്ച് ശിശുവിനോട് പറയുക

കേള്‍ക്കുമ്പോള്‍ ചിരിവന്നേക്കാം, പക്ഷേ യാഥാര്‍ഥ്യമാണ്. അതായത്, ഗര്‍ഭപാത്രത്തിലുള്ള ശിശു കേള്‍ക്കുമെന്ന് ശാസ്ത്രംകണ്ടെത്തിയിരിക്കുന്നു. അതിനാല്‍ പിറന്നുവീണയുടനെയുള്ള കുട്ടിയോടും റമദാനിനെപ്പറ്റി പറയാം. ചെറുപ്രായത്തില്‍ അവര്‍ കേള്‍ക്കുന്ന സംഗതികള്‍ വലുതാകുമ്പോഴും അവരുടെ സ്മൃതിപഥത്തിലുണ്ടായിരിക്കുമെന്ന് ശാസ്ത്രകാരന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

അതിനാല്‍ പ്രായമെത്രയായിക്കൊള്ളട്ടെ, കുട്ടികളോട് റമദാന്‍ മാസത്തിന്റെ പ്രത്യേകതകള്‍ വിവരിക്കുക. അവരോടൊപ്പമിരുന്ന് പുസ്തകം വായിക്കുക. അവരോടൊപ്പം ഇസ്‌ലാമികഗാനങ്ങള്‍ പാടുക. തീര്‍ച്ചയായും അവര്‍ ഇസ്‌ലാമിനോട് താല്‍പര്യമുള്ളവരായി വളരും.

4.ഭക്ഷണം നേരത്തേ തയ്യാറാക്കുക

സാധ്യമാകുമെങ്കില്‍, ഒരു മാസത്തേക്കുള്ളത് എന്ന കണക്കില്‍ സാധനങ്ങള്‍ വീട്ടില്‍ കരുതിവെക്കുക. എന്തിനുമേതിനും വീട്ടില്‍നിന്ന്പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ഇടക്കിടക്ക് എന്തെങ്കിലുമൊക്കെ തിന്നുകൊണ്ടിരിക്കണം. അതിനാല്‍ അവര്‍ക്കുകൂടി കണക്കാക്കി പാചകംചെയ്യുക.

വീട്ടില്‍ നോമ്പനുഷ്ഠിക്കുന്ന മറ്റുള്ളവര്‍ക്കായി അത്താഴത്തിനും നോമ്പുതുറക്കും വേണ്ട ഭക്ഷണങ്ങള്‍ ഒരുമിച്ചുപാചകംചെയ്യാം. പുറത്തേക്ക് പോകുമ്പോള്‍ കുട്ടികള്‍ക്കായുള്ള ഭക്ഷണം ചെറിയ ബാഗുകളിലോ കാസറോളിലോ എടുക്കാവുന്നതാണ്.

5. റമദാനിനെ കഴിയുംവിധം നല്ലതാക്കുക

ഓര്‍ക്കുക, ഓരോ വ്യക്തിക്കും തങ്ങളുടേതായ രീതിയില്‍ യാത്രാലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് എത്താനാകും. അല്ലാഹുവിന്റെ വിധിയനുസരിച്ചാണ് കാര്യങ്ങളെന്നറിയുക. അതിനാല്‍ റമദാനില്‍ നമുക്ക് നല്‍കപ്പെട്ടിട്ടുള്ള അവസരങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കുക. വേണ്ടത്ര കഴിവുകള്‍ വിനിയോഗിച്ചിട്ടില്ല, ഇബാദത്തുകള്‍ നന്നാക്കിയിട്ടില്ല എന്ന കുറ്റബോധം നമ്മിലുണ്ടായാല്‍ പോലും നിരാശരായി പിന്നോട്ടടിക്കരുത്. പശ്ചാത്താപവിവശന്റെ ഓരോ കണ്ണുനീര്‍ത്തുള്ളിക്കും വിലയുണ്ട്. എത്രതന്നെ ചെറിയ നന്‍മയായാലും അതിന് പ്രതിഫലമുണ്ട്. അതിനാല്‍ ശിശുക്കളെ പരിപാലിക്കുമ്പോഴും അതിന്റെ കരച്ചിലും അസ്വസ്ഥതകളും മനസ്സിനെ മഥിക്കുമ്പോഴും അല്ലാഹുവെ സദാ സ്മരിക്കുകയും വിളിച്ചുപ്രാര്‍ത്ഥിക്കുകയുംചെയ്യുക.

നാം ഏതവസ്ഥയിലാണെന്നത് പരിഗണിക്കാതെ റമദാന്‍ ഓരോ വര്‍ഷവും കടന്നുവരും. ഈ ഭൗതികലോകത്ത് സൗഭാഗ്യങ്ങള്‍ കുറഞ്ഞവരെപ്പറ്റിചിന്തിക്കാന്‍, യുദ്ധം ചീന്തിയെറിഞ്ഞ നാടിനെയും നാട്ടുകാരെയും ഓര്‍ക്കാന്‍ അത് നമുക്ക് അവസരം നല്‍കുന്നു. അപ്പോഴാണ് അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെ ക്കുറിച്ച് ഓര്‍ക്കാനാകുന്നത്.അതിനാല്‍ ഗര്‍ഭാവസ്ഥയുടെയും ശിശുപരിപാലനത്തിന്റെയും മുലയൂട്ടലിന്റെയും അവസ്ഥയില്‍ റമദാനിനെ തന്നാലാകുംവിധം അനുഭവിക്കുക, ആസ്വദിക്കുക.

Topics