കര്‍മ്മശാസ്ത്രം-ഫത്‌വ

റജബിലെ ഉംറ ഏറ്റവും പ്രതിഫലാര്‍ഹമോ?

ചോദ്യം: അറബി കലണ്ടറിലെ മറ്റുമാസങ്ങളെ ഉപേക്ഷിച്ച് റജബില്‍ ഉംറ ചെയ്യാന്‍ ചിലര്‍ അതീവ താല്‍പര്യമെടുക്കുന്നു. ഉംറകളില്‍ ഏറ്റവും പ്രതിഫലമുള്ളത് ആ മാസത്തിലേതാണെന്ന് അവര്‍ പറയുന്നു. ഇത് ശരിയാണോ? അങ്ങനെയെങ്കില്‍ , റമദാനിലെ ഉംറയുടെ പ്രതിഫലത്തെയും അത് കവച്ചുവെക്കുമോ?

ഉത്തരം: അല്ലാഹു വിശുദ്ധമാസങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത് 4 മാസങ്ങളെയാണ്. ‘ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവികപ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക.'(അത്തൗബ : 36).
ഈ സൂക്തത്തില്‍ ആ നാലുമാസങ്ങളേതെന്ന് വിശദമാക്കിയിട്ടില്ല. അതെസംബന്ധിച്ച് നമുക്ക് പ്രവാചകചര്യയിലാണ് കാണാനാവുക. അബൂബക്ര്‍(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ തിരുമേനി(സ) ഹജ്ജുവേളയിലെ തന്റെ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ പറഞ്ഞു: ‘ഭൂമി-ആകാശങ്ങളെ അല്ലാഹു സൃഷ്ടിച്ച നാള്‍ മുതല്‍ അതിന് അല്ലാഹു കാലഗണന നിശ്ചയിച്ചിരിക്കുന്നു. ഒരു വര്‍ഷത്തില്‍ പന്ത്രണ്ട് മാസങ്ങളാകുന്നു ഉള്ളത്. അതില്‍ നാലെണ്ണം വിശുദ്ധമാക്കപ്പെട്ടിരിക്കുന്നു. ഒന്നൊഴിച്ചുള്ള മൂന്നുമാസങ്ങള്‍ തുടര്‍ച്ചയായി വരുന്നവയാണ്. അത് ദുല്‍ഖഅദ്, ദുല്‍ ഹജ്ജ് , മുഹര്‍റം. നാലാമത്തേത് റജബ്. ജുമാദല്‍ ആഖിറിന്റെയും ശഅ്ബാന്റെയും ഇടയിലുള്ള ആ മാസത്തിന് മുദര്‍ ഗോത്രത്തിന്റെ പേരിടുകയായിരുന്നു’ (ബുഖാരി, മുസ്‌ലിം).

  1. റജബില്‍ നോമ്പെടുക്കുന്നതില്‍ പ്രത്യേകപ്രതിഫലമുണ്ടെന്ന തരത്തില്‍ നബിതിരുമേനിയില്‍ നിന്ന് ആധികാരികമായ പ്രസ്താവനകള്‍ ഇതുവരെ കാണപ്പെട്ടിട്ടില്ല. എല്ലാ അറബിമാസങ്ങളിലെ തിങ്കള്‍, വ്യാഴം, ദിവസങ്ങളിലും 13-14-15 തീയതികളിലും വ്രതമനുഷ്ഠിക്കുന്നതുപോലെ റജബിലും പ്രവാചകതിരുമേനി അനുഷ്ഠിച്ചിട്ടുണ്ടെന്ന് മാത്രം.
    അപ്രകാരം, റജബിലെ ഉംറയ്ക്ക് പ്രത്യേകപ്രതിഫലം ഉണ്ടെന്ന വിവരണത്തോടെ പ്രവാചകന്റെയോ അദ്ദേഹത്തിന്റെ സ്വഹാബികളുടെയോ പ്രാമാണികമായ ഉദ്ധരണികള്‍ കണ്ടിട്ടില്ല.
  2. പ്രവാചകന്‍തിരുമേനി (സ) റജബ് മാസത്തില്‍ ഉംറ ചെയ്തതായ ആധികാരിക ഹദീഥുകള്‍ ഇല്ല. അതേസമയം റജബ് മാസത്തില്‍ നബി(സ) ഉംറചെയ്തുവെന്ന ഇബ്‌നു ഉമര്‍(റ)ന്റെതായി വന്ന ഉദ്ധരണിയെ ഉമ്മുല്‍ മുഅ്്മിനീന്‍ ആഇശ(റ) തള്ളിക്കളഞ്ഞിട്ടുണ്ട്.
    ഉര്‍വത്തുബ്‌നു സ്സുബൈര്‍(റ) ല്‍നിന്ന് നിവേദനം: ‘ഞാനും ഇബ്‌നു ഉമറും നബി പത്‌നി ആഇശ(റ)യുടെ വീടിന്റെ ചുവരില്‍ ചാരിയിരിക്കുകയായിരുന്നു. അകത്തുനിന്ന് ആ മഹതി പല്ല് തേക്കുന്ന ശബ്ദം കേട്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലയോ അബൂ അബ്ദുര്‍റഹ്മാനേ(ഇബ്‌നു ഉമറിന്റെ അപരനാമം), മുഹമ്മദ് നബി റജബില്‍ ഉംറ ചെയ്തിട്ടുണ്ടോ?’ അതെയെന്ന അര്‍ഥത്തില്‍ അദ്ദേഹം ഉത്തരം നല്‍കി. അപ്പോള്‍ ഞാന്‍ പറഞ്ഞു:’വിശ്വാസികളുടെ മാതാവേ, അബൂഅബ്ദുര്‍റഹ്മാന്‍ പറഞ്ഞത് താങ്കള്‍ കേള്‍ക്കുന്നുണ്ടോ?’ അപ്പോള്‍ ആഇശ(റ)’എന്താണ് അദ്ദേഹം പറയുന്നത് ? ‘ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു: ‘പ്രവാചകന്‍ റജബ് മാസത്തില്‍ ഉംറ ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്’. അപ്പോള്‍ ആഇശ(റ) ഇങ്ങനെ പ്രതിവചിച്ചു: ‘അല്ലാഹു അബൂ അബ്ദുര്‍റഹ്മാന്റെ മേല്‍ കരുണ ചൊരിയട്ടെ. എന്റെ ദീന്‍ തന്നെയാണ! നബിതിരുമേനി റജബില്‍ ഉംറ ചെയ്തിട്ടില്ല. അദ്ദേഹം ഞാനില്ലാതെ ഒരു ഉംറയും നിര്‍വഹിച്ചിട്ടില്ല.’ ഇതുകേട്ട് ഇബ്‌നു ഉമര്‍ (റ) ഒന്നും പറയാതെ നിശ്ശബ്ദനായി ഇരുന്നു.’
  3. റജബ് മാസത്തില്‍ ഉംറ ചെയ്താല്‍ പ്രത്യേക പ്രതിഫലമുണ്ടെന്ന വെളിപ്പെടുത്തലോടെ നബിതിരുമേനിയുടെ ഹദീഥുകള്‍ ഇല്ല. പക്ഷേ പ്രവാചകതിരുമേനി ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ‘റമദാനിലെ ഉംറയ്ക്കുള്ള പ്രതിഫലം ഹജ്ജിന് തത്തുല്യമാണ്’.
  4. ഏതെങ്കിലും അടിസ്ഥാനകര്‍മങ്ങള്‍ക്ക് (തഅബ്ബുദിയായവ) ഒരു പ്രത്യേകസമയത്ത് അനുഷ്ഠിച്ചാല്‍ അളവറ്റ പ്രതിഫലമുണ്ടെന്ന് ഇസ്‌ലാമിന്റെ മൗലികപ്രമാണങ്ങള്‍ വ്യക്തമാക്കാത്തതിനാല്‍ ആദരണീയരായ ഇമാമുകള്‍ അത്തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടില്ല. അവ്വിധം പ്രതിഫലമുള്ളവയെക്കുറിച്ച് പ്രമാണങ്ങളില്‍ നേര്‍ക്കുനേരെ പരാമര്‍ശം കാണാനാകും എന്ന് നാം മനസ്സിലാക്കേണ്ടതാണ്.
  5. ഏതുമാസത്തിലും നിര്‍വഹിക്കുംപോലെ റജബിലും ഒരാള്‍ക്ക് ഉംറ നിര്‍വഹിക്കാം. എന്നാല്‍ റജബ് മാത്രം പ്രതീക്ഷിച്ച് മറ്റു മാസങ്ങള്‍ ഒഴിവാക്കി ഉംറ വൈകിക്കുന്നതിന് ന്യായീകരണമൊന്നുമില്ല. അത് പ്രതിഫലത്തില്‍ യാതൊരു വര്‍ധനയുമുണ്ടാക്കില്ല. അതേസമയം , വിശുദ്ധമാസങ്ങളില്‍ പോയി ഉംറ നിര്‍വഹിക്കണമെന്ന് ഒരാള്‍ ആഗ്രഹിക്കുന്നതിലും തെറ്റില്ല. അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍.

മഹ്മൂദ് ഇസ്മാഈല്‍

Topics