Dr. Alwaye Column

മുഹമ്മദീയ പ്രവാചകത്വത്തിന്‍റെ പ്രഭവകേന്ദ്രം

ഇന്നത്തെ അറബ് ലോകം എന്ന് പറയുന്നത് ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഏഷ്യാഭൂഖണ്ഡത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗവും ആഫ്രിക്കയുടെ വടക്കുഭാഗവും ചേര്‍ന്നതാണ്. കിഴക്ക് അറേബ്യന്‍ ഉപദ്വീപ് മുതല്‍ പടിഞ്ഞാറ് അത്ലാന്‍റിക് സമുദ്രം വരെയും വടക്ക് മധ്യധരണ്യാഴി മുതല്‍ കിഴക്ക് ഏഡന്‍ ദ്വീപ് , ഇന്ത്യന്‍ സമുദ്രം, മധ്യാഫ്രിക്ക വരെയും നീണ്ടുപരന്നുകിടക്കുന്നു അറബ് ലോകം. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നോക്കിയാലും വടക്കുനിന്ന് തെക്കോട്ടുനോക്കിയാലും അനന്തമായി കിടക്കുകയാണ് അറബ് ലോകം എന്ന് പറയാം. 12 മില്യണ്‍ ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ ഭൂപ്രദേശത്തിന്. യൂറോപ്പിനെയും കവച്ചുവെക്കുന്നു ഈ വിസ്തൃതി.

എന്നാല്‍ അറേബ്യന്‍ ഉപദ്വീപ് പടിഞ്ഞാറ് ചെങ്കടല്‍, തെക്ക് അറബിക്കടല്‍, കിഴക്ക് അറേബ്യന്‍ ഉള്‍ക്കടല്‍, വടക്ക് സിറിയന്‍ പ്രവിശ്യ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. യഥാര്‍ഥ അറബ് സമൂഹത്തിന്‍റെ ജന്‍മദേശമാണിത്. അറബ് ലോകത്തിന്‍റെ എല്ലാ മേഖലകളിലും കിടക്കുന്ന അറബ്ജനസമൂഹം അറേബ്യന്‍ ഉപദ്വീപുമായി ഗാഢവും ആത്മീയവുമായ ഒരു ബന്ധം വെച്ചുപുലര്‍ത്തുന്നു. ഇസ്ലാമിന്‍റെ പതാകയും അറബിഭാഷയുടെ സംസ്കൃതിയും വഹിച്ചുകൊണ്ട് അറബികള്‍ പുറപ്പെട്ടത് ഈ മണ്ണില്‍നിന്നാണ്. പ്രസിദ്ധ ഭൂമിശാസ്ത്രപണ്ഡിതന്‍ അബൂ ഇസ്ഹാഖ് അല്‍ അസ്തഖ്റീ അഭിപ്രായപ്പെടുന്നത് കാണുക:

‘അറബികളുടെ ഭവനങ്ങള്‍ ഹിജാസിലാണ്. മക്കയും മദീനയും യമാമയും നജ്ദുമൊക്കെയുള്‍പ്പെടുന്ന പ്രദേശം. ബഹ്റൈന്‍, ഇറാഖ് പ്രവിശ്യ, അറേബ്യന്‍ ഉപദ്വീപ് പ്രവിശ്യ, സിറിയന്‍ പ്രവിശ്യ, തിഹാമ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. യമന്‍, നജ്ദ്, ഒമാന്‍, മഹ്റ, ഹ്ള്റമൗത്, സന്‍ആഅ്, ഏഡന്‍ എന്നിവയോട് ചേര്‍ന്നാണ് ഹിജാസ് കിടക്കുന്നത്. യലംലമിന്‍റെ ഭാഗത്ത് എത്തി അവസാനിക്കുന്നതാണ് സിരീന്‍ അതിര്‍ത്തി. പിന്നീട് ത്വാഇഫില്‍നിന്ന് നീണ്ട് യമനിലെ നജ്ദിലേക്കും തുടര്‍ന്ന് കിഴക്ക് പേര്‍ഷ്യന്‍ സമുദ്രത്തിലേക്കും എത്തുന്നു. അറബികളുടെ മൂന്നില്‍ രണ്ട് ഭവനങ്ങളും ഇവിടെയാണ്. പേര്‍ഷ്യന്‍ സമുദ്രത്തിനടുത്ത് വരെയുള്ള സിരീന്‍ അതിര്‍ത്തി മദ്യന്‍റെ അടുത്തുവരെയെത്തും. പിന്നെയത് കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ത്വയ്യ് പര്‍വതത്തിലേക്ക് മടങ്ങിവരുന്നു. തുടര്‍ന്ന് യമാമയിലേക്ക് നീണ്ട് പേര്‍ഷ്യന്‍ സമുദ്രവും പിന്നിട്ട് ഹിജാസിലെത്തുന്നു. യമാമയുടെ അതിര്‍ത്തി മദീനയുടെയടുത്തുവരെയെത്തി പിന്നെ ബസറയിലേക്കും ബഹ്റൈനിലേക്കും തുടര്‍ന്ന് നജ്ദിലേക്കും വരുന്നു. നജ്ദിനും ഹിജാസിനും അഭിമുഖമായി ഇബാദാന്‍റെ അതിര്‍ത്തി അന്‍ബാര്‍ വരെ എത്തുന്നു. അസദ്, ത്വയ്യ്, തമീം, മുളിര്‍ ഗോത്രക്കാരെല്ലാം ഇവിടങ്ങളിലാണ്. തുടര്‍ന്ന് ഇറാഖ് പ്രവിശ്യയിലേക്ക് . സിറിയന്‍ പ്രവിശ്യക്കഭിമുഖമായി ബാല്‍സിലേക്കെത്തുന്നതാണ് അന്‍ബാര്‍ അതിര്‍ത്തി. വാദില്‍ഖുറ, ഹജ്ര്‍ എന്നിവയുടെ അടുത്തുവരെയെത്തുന്ന ബരിയത്ത്, ഖിസാഫ്, തയ്മാഅ് എന്നിവ ഉള്‍ക്കൊള്ളുന്നു ഈ സിറിയന്‍ പ്രവിശ്യ. പിന്നീടങ്ങോട്ട് അറേബ്യന്‍ ദ്വീപ് .പേര്‍ഷ്യന്‍ സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഹിജാസിനഭിമുഖമായി അയ്ലയിലേക്കെത്തുന്നതാണ് ബാല്‍സ് അതിര്‍ത്തി. അത് പിന്നീട് തബൂക്കിന് എതിര്‍വശത്തുള്ള മദ്യന്‍ ഭാഗത്തേക്ക് തിരിയുന്നു. ഒടുവില്‍ ത്വയ്യ്ഗോത്രക്കാരുടെ ഭവനങ്ങളുടെ പ്രദേശത്തെത്തി അവസാനിക്കുന്നു. പിന്നീടാണ് സിറിയന്‍ പ്രവിശ്യ'(അല്‍ മസാലിക് വല്‍ മമാലിക് പേജ്: 31,ക്രിസ്ത്വാബ്ദം 1961-ല്‍ അറബ് റിപബ്ലിക് ഓഫ് ഈജിപ്ത് പ്രസിദ്ധീകരിച്ചത്.)

അറബികള്‍ എന്ന നാമകരണവും പണ്ഡിതന്‍മാരുടെ വീക്ഷണഭേദങ്ങളും

‘അറബികള്‍ ‘എന്ന നാമകരണത്തെ ചുറ്റിപ്പറ്റി പണ്ഡിതന്‍മാര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ‘അല്‍ ഇഅ്റാബ്’ എന്ന വാക്കില്‍നിന്നാണ് ‘അല്‍അറബ് ‘എന്ന പദം ഉദ്ഭവിച്ചത് എന്നാണ് ഒരു വാദം. ആവിഷ്കരിക്കുക എന്നാണ് ഇഅ്റാബ് എന്നതിന്‍റെ വിവക്ഷ. ‘അഅ്റബര്‍റജുലു അന്‍ ഹാജത്തിഹി'(അയാള്‍ തന്‍റെ ആവശ്യം പ്രകടിപ്പിച്ചു) എന്ന് അറബികള്‍ പറയാറുള്ളത് ഉദാഹരണം. അറബികള്‍ ഭൂരിഭാഗവും വ്യക്തതയോടും സ്ഫുടതയോടും ഭാഷ സംസാരിച്ചിരുന്നത് കൊണ്ടാകാം അവര്‍ക്കങ്ങനെയൊരു പേരു വന്നിട്ടുണ്ടാവുക. യഅ്റബ് ബ്നു ഖഹ്ത്വാന്‍ എന്ന വ്യക്തിയോട് ബന്ധപ്പെടുത്തിയാണ് പ്രസ്തുത നാമകരണമുണ്ടായത് എന്ന മറ്റൊരു വാദവുമുണ്ട്. യമനികളുടെ പിതാവ് എന്നറിയപ്പെടുന്ന അദ്ദേഹമാണ് ആദ്യമായി അറബിഭാഷ സംസാരിച്ചുതുടങ്ങിയത് എന്ന് പറയപ്പെടുന്നു. കലര്‍പ്പില്ലാത്ത അറബികള്‍ എന്നാണ് യമനികള്‍ അറിയപ്പെടുന്നത്. യമനികളില്‍ പെട്ട മക്കയിലെ ജുര്‍ഹും ഗോത്രത്തിലാണ് ഇസ്മാഈല്‍ നബി വളര്‍ന്നത്. അവരുടെ ഭാഷയാണ് അദ്ദേഹം സംസാരിച്ചിരുന്നതും. തിഹാമ പ്രവിശ്യയില്‍ പെട്ട ‘അറബ’യിലാണ് ഇസ്മാഈലിന്‍റെ സന്താനങ്ങള്‍ വളര്‍ന്നത് എന്ന് പറയുന്നവരുണ്ട്. അങ്ങനെ ‘അറബ’എന്ന സ്ഥലത്തോട് ചേര്‍ത്ത് ‘അറബികള്‍ ‘എന്ന് വിളിക്കപ്പെട്ടതാകാം. അല്‍അസ്ഹരി പറയുന്നു: ‘അല്‍ അറബാത്ത് ‘എന്ന നാടിന്‍റെ പേരിനോട് ചേര്‍ത്താണ് അറബികള്‍ എന്ന പേരുണ്ടായത് എന്നാണ് എന്‍റെ അഭിപ്രായം.

യാക്കൂത്ത് പറയുന്നതിങ്ങനെയാണ്: ‘അറേബ്യന്‍ ദ്വീപില്‍ അധിവാസമുറപ്പിക്കുകയും തദ്ദേശവാസികളുടെ ഭാഷ സംസാരിക്കുകയും ചെയ്ത എല്ലാവരും അറബികളാണ്.’
ഹിശാമുബ്നു മുഹമ്മദ്ബ്നു സാഇബ് രേഖപ്പെടുത്തുന്നു: ‘അറേബ്യന്‍ ദ്വീപ് ‘അറബ’ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഇതില്‍നിന്നാണ് അറബികളെ ‘അറേബ്യന്‍’ എന്ന് വിളിക്കാനാരംഭിച്ചത്. (ഇബ്നു മന്‍ദൂറുല്‍ അന്‍സാരിയുടെ ‘ലിസാനുല്‍ അറബി’ ലും ഇരുപതാംനൂറ്റാണ്ടിലെ വിജ്ഞാനകോശത്തിലും ഇങ്ങനെയൊരു പരാമര്‍ശമുണ്ട്).’ വേറൊരു വാദമിങ്ങനെയാണ്: അറബികളുടെ പൗരാണികവും യഥാര്‍ഥവുമായ വാസസ്ഥലം ഇറാഖാണ്. പിന്നെയവര്‍ ഇറാഖിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള അറേബ്യന്‍ ദ്വീപിലേക്ക് നീങ്ങി. ‘പാശ്ചാത്യര്‍'(അര്‍ബിയ്യീന്‍) എന്ന നിലക്കായിരിക്കാം അവരങ്ങനെ അറബികള്‍ എന്ന് വിളിക്കപ്പെട്ടത്. സെമിറ്റിക് ഭാഷകളില്‍ ‘ഒയ്ന്‍’ എന്ന അക്ഷരം നഷ്ടപ്പെട്ടുപോയിട്ടുണ്ട്.(ഹഫ്നി നാസിഫിന്‍റെ ‘അറബിഭാഷയുടെ ജീവിതം ‘ എന്ന പുസ്തകം വാള്യം ഒന്ന് പേജ് പതിനൊന്ന്).

അറബികളെ മൂന്നുവിഭാഗങ്ങളായി തിരിക്കാം. വംശനാശം വന്ന അറബികള്‍, ശുദ്ധഅറബികള്‍, ഇസ്മാഈലി താവഴിക്കുള്ള അറബികള്‍ എന്നിങ്ങനെയാണ് ആ വിഭാഗങ്ങള്‍. ശിഥിലമായി ജീവിച്ചിരുന്നവരാണ് വംശനാശം സംഭവിച്ച അറബികള്‍. ആദ് , സമൂദ്, അമാലികികള്‍, ജുര്‍ഹും, ത്വസ്മു മദ്യന്‍, അമീം, ആദം എന്നീ വിഭാഗങ്ങള്‍ ഈ ഗണത്തില്‍പെടുന്നു. ഉയര്‍ന്ന സാമ്രാജ്യങ്ങളും വികസിതനാഗരികതകളും ഉന്നതമായ സംസ്കാരങ്ങളും സ്വന്തമാക്കിയിരുന്ന സമൂഹങ്ങളായിരുന്നു ഇവര്‍. വേദഗ്രന്ഥങ്ങളില്‍ വന്ന പരാമര്‍ശങ്ങളല്ലാതെ ഇക്കൂട്ടരെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റുരേഖകളൊന്നും നമുക്ക് കിട്ടിയിട്ടില്ല. സിറിയയിലേക്കും ഈജിപ്തിലേക്കും നീണ്ടുനില്‍ക്കുന്ന വിസ്തൃതമായ രാഷ്ട്രങ്ങള്‍ ഇവരില്‍ ചിലര്‍ക്കുണ്ടായിരുന്നു. യമനിലും ഹിജാസ്, അഹ്ഖാഫ് മരുഭൂമികളിലും ഒമാനിലും വേറെ ചിലയിടത്തും ഇവരുടെ ചരിത്രാവശിഷ്ടങ്ങള്‍ ലഭ്യമായിട്ടുണ്ട്. ശുദ്ധ അറബികള്‍ എന്ന് പറയുന്നത് ‘നൂഹിന്‍റെ പുത്രന്‍ സാമിന്‍റെ സന്താനപരമ്പരയില്‍ വരുന്ന ഖഹ്ത്വാന്‍റെ മക്കളാണ്. ‘യമന്‍കാരായ അറബികള്‍. ഖഹ്ത്വാന്‍റെ മക്കള്‍ സംസാരിച്ചിരുന്നത് കല്‍ദാനി ഭാഷയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇറാഖ്കാരുടെ ഭാഷയാണ് കല്‍ദാനി.ആദ്യമായി അറബിഭാഷ സംസാരിച്ചു തുടങ്ങിയത് യഅ്റബ് ബ്നു ഖഹ്ത്വാനാണ്. അറബിഭാഷയില്‍നിന്ന് ഹിംയരി അറബി വളര്‍ന്നുവന്നു. ശുദ്ധ അറബികള്‍ കലര്‍പ്പില്ലാത്തതും ശരിയായതുമായ അറബിഭാഷ സംസാരിച്ചിരുന്നവരാണ്. വൈദേശികരക്തം അവരുടെ സിരകളിലേക്ക് കൂട്ടിച്ചേര്‍ന്നിരുന്നില്ല. മറ്റു വംശങ്ങളുടെ സ്വാധീനവും അവരില്‍ ഏശിയിരുന്നില്ല. ഇസ്മാഈലി താവഴിയില്‍ വന്ന അറബികള്‍ ഒരു കാലത്ത് ശുദ്ധ അറബികളായിരുന്നു. പക്ഷേ, പില്‍ക്കാലത്ത് അവരുടെ ഭാഷ മിശ്രിതഭാഷയായിരുന്നു. ഭാര്യ ഹാജറിനോടൊപ്പം മകന്‍ ഇസ്മാഈലിനെ മക്കയിലെ ഉയര്‍ന്ന പര്‍വതനിരകളുടെ ചാരത്ത് പ്രളയത്തില്‍ തകര്‍ന്നുപോയ ദൈവികമന്ദിരത്തിനടുത്ത് വിട്ടേച്ചുപോകാന്‍ ഇ്ബറാഹീം പ്രവാചകനെ നിര്‍ബന്ധിച്ചത് വലിയൊരു ദൈവികനിശ്ചയമാകാം. മക്കയിലങ്ങനെ ഇസ്മാഈല്‍ ജുര്‍ഹും ഗോത്രത്തില്‍ വളര്‍ന്നുവന്നു. മക്കയിലേക്ക് കുടിയേറി പിന്നീടവിടെ സ്ഥിരതാമസമുറപ്പിച്ചവരാണ് ജുര്‍ഹും ഗോത്രക്കാര്‍. ഇസ്മാഈലിന്‍റെ സന്താനങ്ങളില്‍ പ്രശസ്തന്‍ അദ്നാനാണ്. മുഅ്ദ് ,നിസാര്‍, റബീഅ, മുളിര്‍ തുടങ്ങിയവര്‍ അദ്നാന്‍റെ സന്തതികളില്‍പെട്ടവരാണ്. റബീഅ, മുളിര്‍ തുടങ്ങിയ ഗോത്രക്കാരില്‍നിന്ന് വിഘടിച്ചുരൂപപ്പെട്ട ഭിന്ന ഗോത്രങ്ങളാല്‍ മക്ക ജനനിബിഢമാകാന്‍ തുടങ്ങിയപ്പോള്‍ മറ്റിടങ്ങളിലേക്ക് ആളുകള്‍ പലായനം ചെയ്യാന്‍ തുടങ്ങി. അങ്ങനെ റബീഅയില്‍ നിന്ന് വിഘടിച്ചുപോയ അബ്ദുല്‍ ഖയ്സിന്‍റെ മക്കള്‍ ബഹ്റൈനിലും ഹനീഫയുടെ മക്കള്‍ യമാമയിലും താമസമാക്കി.

അന്നത്തെ കാലാവസ്ഥ
ഇന്നത്തെ അറബ് രാജ്യങ്ങള്‍ എന്ന് പറയുന്നത് പടിഞ്ഞാറ് അത്ലാന്‍റിക് സമുദ്രതീരം മുതല്‍ കിഴക്ക് അറേബ്യന്‍ ഉള്‍ക്കടല്‍വരെ നീണ്ടുപരന്നുകിടക്കുന്ന ഒരു വലിയ ലോകമാണ്. ഇവയില്‍ തന്നെ വലിയൊരു ഭാഗം മെഡിറ്ററേനിയന്‍ സമുദ്രത്തിന്‍റെ തീരത്താണ് സ്ഥിതിചെയ്യുന്നത് . ചില പ്രദേശങ്ങളാകട്ടെ ആഫ്രിക്കയുടെ മധ്യഭാഗം വരെ വ്യാപിച്ചുകിടക്കുന്നു. ഓരോ രാജ്യത്തിന്‍റെയും ഭൂമിശാസ്ത്രപരവും ഭൂഗര്‍ഭശാസ്ത്രപരവുമായ വൈവിധ്യങ്ങളും വ്യത്യാസങ്ങളും അവിടുത്തെ ജനങ്ങളുടെ ജീവിതത്തെയും പ്രകടമായി സ്വാധീനിച്ചിട്ടുണ്ട്. പ്രാദേശികകാലാവസ്ഥയിലും പ്രകൃതിവിഭവങ്ങളില്‍പോലും ആ വ്യത്യാസങ്ങള്‍ പ്രതിഫലിച്ചു. അറേബ്യന്‍ ദ്വീപിലെ കാലാവസ്ഥാഭേദങ്ങളെക്കുറിച്ച സൂചനയിലൂടെ തന്നെ നമുക്കീ കാര്യം ബോധ്യമാകും. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അറേബ്യന്‍ ദ്വീപിന്‍റെ ഉയരങ്ങള്‍ക്കും ഏറ്റക്കുറച്ചിലുകളുണ്ട്. അന്തരീക്ഷത്തിലെ ഊഷ്മാവിന്‍റെ തോത് അതനുസരിച്ച് വ്യത്യാസപ്പെടും. മഴയുടെ അളവ് മാറും. തണുപ്പുകാലത്ത് അറേബ്യയില്‍ കുറഞ്ഞ മഴയേ കിട്ടൂ. ഈ മഴയാകട്ടെ വടക്ക് ഭാഗത്തായിരിക്കും പെയ്യുക. ഉഷ്ണകാലത്ത് ഈ ഭാഗത്ത് പൊതുവെ കടുത്ത ചൂടായിരിക്കും. അറേബ്യന്‍ ഉള്‍ക്കടലിന്‍റെ തീരങ്ങളിലും അവശേഷിക്കുന്ന നാലിലൊന്ന് ഭൂപ്രദേശങ്ങളിലുമാണ് കൂടുതല്‍ ചൂടനുഭവപ്പെടുന്നത്. നജ്ദ് ,ഒമാന്‍, അസീര്‍, യമന്‍ തുടങ്ങിയ ഉയര്‍ന്ന ഭൂപ്രദേശരാജ്യങ്ങളില്‍ ചൂട് മിതമായിരിക്കും.

കാലാവസ്ഥയും ഋതുഭേദങ്ങളും അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങളുടെ മനോനിലയെ സ്വാധീനിച്ചിട്ടുണ്ട്. അതിന്‍റെ ഫലമായിട്ടാണ്. അറബികളുടെ ജീവിതം യാത്രയുടെയും പലായനത്തിന്‍റെയും ഭാവം സ്വീകരിച്ചത്. പച്ചപ്പും സസ്യങ്ങളും വെള്ളവുമുള്ള പ്രദേശത്ത് ഗ്രാമീണര്‍ ആടുമാടുകളെ മേയ്ച്ച് ജീവിക്കാന്‍ തുടങ്ങി. നഗരവാസികള്‍ കച്ചവടാര്‍ഥം ശൈത്യകാലത്തും ഉഷ്ണകാലത്തും യാത്രയാരംഭിച്ചു. പ്രകൃതിയിലെ വ്യതിയാനങ്ങളും അവസ്ഥാന്തരങ്ങളും ഉപജീവനത്തിനായി മൃഗങ്ങളെ മേയാന്‍ വിടുന്നതിന് അറേബ്യന്‍ ഗോത്രങ്ങളെ നിര്‍ബന്ധിക്കുകയുണ്ടായി. ആടുകളെയും കുതിരകളെയും അങ്ങനെയവര്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടിരിക്കും. വരണ്ട പ്രദേശങ്ങളില്‍നിന്ന് പച്ചപ്പാര്‍ന്ന പ്രദേശത്തേക്ക് എന്നപോലെ. ഗ്രാമീണഗോത്രങ്ങളുടെ വെള്ളവും പുല്ലുംതേടിയുള്ള ഈ പ്രയാണങ്ങള്‍ പരസ്പര സംഘട്ടനത്തിനും യുദ്ധത്തിനും കാരണമാകാറുണ്ടായിരുന്നു. എന്നാല്‍, കച്ചവടാര്‍ഥം സഞ്ചരിച്ചിരുന്ന അറബികളില്‍ പലരും ചില വഴിത്തിരിവുകളില്‍ തങ്ങുകയും ജലലഭ്യതക്കനുസരിച്ച് സ്ഥിരവാസമുറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഹിജാസ് വഴി തങ്ങളുടെ കച്ചവടച്ചരക്കുകള്‍ മറ്റിടങ്ങളിലേക്ക് വിപണനം നടത്തി. കരമാര്‍ഗമുള്ള വഴിയില്‍ യമന്‍റെയും സിറിയയുടെയും ഇടയില്‍ മധ്യഭാഗത്തായിരുന്നു മക്ക സ്ഥിതിചെയ്തിരുന്നത്. അതുകൊണ്ട് ഖുറൈശികള്‍ക്ക് കച്ചവടത്തിനും യാത്രക്കും അനുകൂലമായ അവസരവും സൗകര്യവും വന്നുകിട്ടി. ഉഷ്ണകാലത്ത് അവര്‍ സിറിയയിലേക്കും ശൈത്യകാലത്ത് യമനിലേക്കും സഞ്ചരിച്ചു. ഈ സീസണുകളില്‍ കാറ്റിന്‍റെ സഹായത്തോടെ കപ്പലുകളില്‍ അവര്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വരെ എത്തുകയുണ്ടായി. ഖുര്‍ആന്‍ അത്തരംയാത്രകളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ‘ഉഷ്ണകാലത്തും ശൈത്യകാലത്തും യാത്രചെയ്യാന്‍ പാകത്തില്‍ ഖുറൈശികള്‍ക്ക് കാലാവസ്ഥ അല്ലാഹു വഴക്കവും ഇണക്കവുമുള്ളതുമാക്കി'(ഖുറൈശ് 1-2).
മറ്റു ഭൂഖണ്ഡങ്ങളുടെ മധ്യത്തില്‍ അറേബ്യന്‍ ദ്വീപിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഇങ്ങനെയാണ്. അവിടുത്തെ ജനങ്ങളുടെ പ്രകൃതവും ഏതാണ്ടിതുപോലെയാണ്. നശ്വരമായ ദൈവികമഹാസന്ദേശത്തിന്‍റെ പ്രഭവകേന്ദ്രവും സമ്പൂര്‍ണമാനവികദര്‍ശനത്തിന്‍റെ സിരാകേന്ദ്രവുമാകാന്‍ യോജിച്ചതും പാകപ്പെട്ടതുമായ ഒരു പ്രദേശം തന്നെയായിരുന്നു അറേബ്യന്‍ ഉപദ്വീപ്.
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

Topics