വികസനം

മനുഷ്യനിലെ ക്രിയാത്മകതയെക്കുറിച്ച് ഖുര്‍ആന്‍

ആധുനിക ലോകം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്ന് മനുഷ്യന് എങ്ങനെ മാര്‍ഗദര്‍ശനം നല്‍കാമെന്നതാണ്. അത്യന്താധുനിക കണ്ടുപിടിത്തങ്ങളുടെ യുഗമെന്നൊക്കെ നാം പേരിട്ടിട്ടുണ്ടെങ്കിലും മാനവതയ്ക്ക് ദിശാബോധം നല്‍കാന്‍ വ്യത്യസ്ത തലങ്ങളില്‍ ശ്രമങ്ങള്‍ നടന്ന കാലഘട്ടമായാണ് ആധുനിക കാലഘട്ടം വിലയിരുത്തപ്പെടുക. മനുഷ്യന് ദിശാബോധം നല്‍കാന്‍ കഴിയാത്ത ഒന്നിനും വിജയിക്കുക സാധ്യമല്ലല്ലോ.

സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും നവോത്ഥാനങ്ങളുടെയും നിലവാരങ്ങളനുസരിച്ച് മനുഷ്യര്‍ ഉയരുന്നതും താഴുന്നതും അവയ്ക്കാധാരമായ തത്ത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കുമനുസരിച്ചാണെന്ന നിരീക്ഷണമാണ് ഇബ്‌നുഖല്‍ദൂനെ ലോകപണ്ഡിതന്‍മാരില്‍ നേതൃസ്ഥാനീയനാക്കിയതെന്ന കാര്യം ഇവിടെ പ്രസക്തമാണ്. സ്വന്തത്തെ മാറ്റിയെടുക്കാന്‍ അവലംബിക്കേണ്ട നടപടിക്രമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയും. അഥവാ, അങ്ങനെ മാത്രമേ കഴിയൂ എന്ന് അനുവാചകരെ ബോധ്യപ്പെടുത്താനാണ് ഈ കുറിപ്പ്.

ലക്ഷ്യത്തിലെത്താന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന യോഗ്യതയെ ആധുനിക സാങ്കേതികഭാഷയില്‍ കര്‍മക്ഷമത, വളര്‍ച്ച, വികാസം എന്നും അവയുടെ വിപരീതഗുണങ്ങളെ നിഷ്‌ക്രിയത്വം , നിഷേധാത്മകത, പിന്നാക്കാവസ്ഥ എന്നുമാണ് വിളിച്ചുവരുന്നത്. ഈ അര്‍ഥത്തില്‍ ഈ വിഷയം നമ്മുടെ സജീവശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഭിന്ന വിരുദ്ധ ഗുണങ്ങളോടുകൂടിയ രണ്ടുമനുഷ്യരെ ഉദാഹരിച്ചുകൊണ്ട് ഈ വിഷയകമായ അവബോധം സൃഷ്ടിക്കുന്ന ഖുര്‍ആനികവചനത്തിലേക്ക് നമുക്ക് കടന്നുചെല്ലാം.

‘….അല്ലാഹു മറ്റൊരു ഉദാഹരണവും കൂടി നല്‍കുന്നു. രണ്ടു മനുഷ്യര്‍- ഒരുവന്‍ ഊമയാണ്. ഒരു കാര്യവും ചെയ്യാനാവാത്തവന്‍. അവന്‍ തന്റെ യജമാനന് ഒരു ഭാരമായിരിക്കുന്നു. അയാള്‍ അവനെ എങ്ങോട്ട് തിരിച്ചാലും അവനില്‍നിന്ന് ഒരു ഗുണവുമുണ്ടാകുന്നില്ല. രണ്ടാമനോ, ഇങ്ങനെയാണ്: നീതി കല്‍പിക്കുന്നു. സ്വയം സന്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്യുന്നു. പറയൂ! ഈ രണ്ടുപേരും ഒരുപോലെയാണോ?'(അന്നഹ്ല്‍ 76).

ക്രിയാത്മകത, കര്‍മക്ഷമതാരാഹിത്യം എന്നിവയുടെ വിവക്ഷ മുന്നില്‍വെച്ചുകൊണ്ട് മേല്‍സൂക്തത്തെ പഠിച്ചുതുടങ്ങുമ്പോള്‍ നിഷേധാത്മകത, അകര്‍മണ്യത എന്നീ ആശയങ്ങള്‍ ദ്യോതിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചത് ‘കല്ല് ‘എന്ന പദമാണെന്ന് കാണാം. ഈ പദം നിഷ്‌ക്രിയത്വത്തെ മാത്രമല്ല, അതിനപ്പുറം അയാളെ ഏറ്റെടുക്കുന്ന വ്യക്തിക്കും സമൂഹത്തിനും അയാള്‍ അങ്ങേയറ്റത്തെ ഭാരവും പ്രയാസവുമാകുന്ന ദുരവസ്ഥയെ കൂടിയാണ് പ്രതിനിധീകരിക്കുന്നത്. അതേസമയം , മേല്‍സൂക്തത്തിലെ ‘അല്‍ അദ് ല്‍’ എന്ന പദം ‘ക്രിയാത്മകത’യുടെ സദ്ഭാവത്തിന്റെ അതിസൂക്ഷ്മതലങ്ങളെപ്പോലും സ്പര്‍ശിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ക്രിയാത്മകത എപ്പോഴും ഉപകാരപ്പെടുന്നവയിലായിക്കൊള്ളണമെന്നില്ല, ഉപദ്രവകരമായവയിലുമാകാം.

എന്നാല്‍ ‘അല്‍ അദ്ല്‍'(നീതി) പ്രതിനിധീകരിക്കുന്ന ആശയമനുസരിച്ചുള്ള ക്രിയാത്മകത സദാ സത്യനിഷ്ടമായിരിക്കും സത്യവും ന്യായവുമായി ഒത്തുകൊണ്ടല്ലാതെ നീതിയെ സങ്കല്‍പിക്കുകപോലും സാധ്യമല്ല.

നമുക്ക് സൂക്തത്തിന്റെ മൗലികാശയത്തിലേക്ക് കടക്കാം. എങ്ങോട്ടുതിരിച്ചുവിട്ടാലും ഗുണം പിടിക്കാത്ത, ഒന്നിനും കൊള്ളാത്ത, ഊമനായ മനുഷ്യനെ ഉദാഹരിച്ചതിലൂടെ മറ്റുള്ളവര്‍ക്ക് ഭാരവും ശല്യവുമാകുന്ന അകര്‍മണ്യതയെന്ന ദയനീയ ദീനത്തെ സൂക്ഷ്മദൃഷ്ടിയോടെ അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍. അകര്‍മണ്യതയും തദ്ഫലമായ അബലതയും ജീവിതത്തിന്റെ ഏതെങ്കിലും വശത്തില്‍മാത്രമല്ല, മൊത്തമായിത്തന്നെ ഗ്രസിക്കാമെന്ന് ‘എങ്ങോട്ടു തിരിച്ചുവിട്ടാലും ഗുണം പിടിക്കില്ലെ’ന്ന പ്രയോഗത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്. ക്രിയാത്മകതയും നിഷ്‌ക്രിയത്വവും ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഘടകങ്ങളിലും പ്രകടമാകുന്ന പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ, ക്രിയാത്മകതയെ ഉത്തേജിപ്പിക്കുന്ന ഉപാധികളെ ക്കുറിച്ചറിയാതെ പ്രശ്‌നങ്ങളെ ഭാഗികമായി ചികിത്സിക്കാനൊരുമ്പെടുന്നത് മൗഢ്യമാണ്. ക്രിയാത്മകതയെ നിര്‍വചിക്കുന്ന ഉപാധികളുടെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടുക ഇത്തരുണത്തിലാണ്.

മേല്‍സൂക്ത(അന്നഹ്ല്‍ 76)ത്തിലൂടെ അല്ലാഹു നമ്മെ എന്താണ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്? അതറിയാന്‍ ആ സൂക്തം ഉള്‍ക്കൊള്ളുന്ന ലളിതവും വ്യക്തവുമായ ഉപമയുടെ ഉള്ളടക്കം ഗ്രഹിക്കേണ്ടതുണ്ട്. അതു സാധിച്ചാല്‍, ഉപമാവതരണത്തിന്റെ രണ്ടാം ഭാഗമായ ലക്ഷ്യത്തിലേക്ക് കടക്കാം. ഒരര്‍ഥത്തിലും തുല്യരല്ലാത്ത രണ്ട് വ്യക്തികള്‍. ഒരു ഉത്തരവാദിത്വം എറ്റെടുത്ത് നിര്‍വഹിക്കാന്‍ കഴിവും പ്രാപ്തിയുമില്ലാത്ത ഒരാള്‍. ഏതുത്തരവാദിത്വവും ഏറ്റവും ചൊവ്വായ രീതിയില്‍, ഏറ്റവും നല്ല ഫലങ്ങളുളവാക്കുംവിധം നിര്‍വഹിക്കുന്ന മറ്റൊരാള്‍. ഏതെങ്കിലും തരത്തില്‍ ചെറിയ അളവില്‍ പോലും സാദൃശ്യം കണ്ടെത്താന്‍ കഴിയാത്തവിധം ഈ രണ്ട് വ്യക്തികള്‍ തമ്മില്‍ അന്യോന്യം വൈരുധ്യം നിലനില്‍ക്കുന്നു.

ഈ വൈരുധ്യത്തിനാധാരമായ കാരണങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം. സ്വന്തത്തിന് മാത്രമല്ല, അന്യര്‍ക്കുപോലും ഭാരമാകുന്ന ദുരവസ്ഥയില്‍നിന്ന് മോചിതനായി തനിക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന വിധത്തില്‍ വ്യക്തികളെ വളര്‍ത്തിയെടുക്കാന്‍ ഒന്നാമതായി വേണ്ടത് അവരെ വിഷയത്തെ സംബന്ധിച്ച് ബോധവാന്‍മാരാക്കുകയാണ് . ‘അധമരില്‍ ഏറ്റവും അധമന്‍’ (അത്തീന്‍ 5) എന്ന പതിതാവസ്ഥയില്‍നിന്ന് ‘ഏറ്റവും ചൊവ്വായ ഘടന'(അത്തീന്‍ 4)യിലേക്ക് മാറ്റിയെടുക്കാന്‍ ഈ അവബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
‘(ആലോചിച്ചുനോക്കുവിന്‍), മുഖം കുത്തി നടക്കുന്നവനാണോ ശരിയായ മാര്‍ഗം പ്രാപിച്ചവന്‍ , അതല്ല തലയുയര്‍ത്തി നേര്‍വഴിയില്‍ നടക്കുന്നവനോ?'(അല്‍മുല്‍ക് 22).

ജൗദ സഈദ്

Topics