വികസനം

സാമ്പത്തിക വികസനവും ഇസ് ലാമും

ആധുനികനാഗരികതയില്‍, സാമ്പത്തികദൃഷ്ടിയിലൂടെ വികസനത്തിന്റെ സൂചകങ്ങള്‍ നിശ്ചയിച്ചത് പാശ്ചാത്യസമൂഹമാണ്. ദേശീയ സമ്പദ് രംഗത്തെ ഉത്തേജിപ്പിക്കുകയും നിശ്ചലാവസ്ഥയില്‍നിന്ന് ചലനാത്മകതയിലേക്ക് കൊണ്ടുവരികയും അതുവഴി ദേശീയ മൊത്തവരുമാനത്തില്‍ ശ്രദ്ധേയമായ വര്‍ധന സാക്ഷാത്കരിക്കുകയുമാണ് അവരുടെ ദൃഷ്ടിയില്‍ വികസനലക്ഷ്യം. അതിനുവേണ്ടി ഉല്‍പാദനഘടനയിലും നിലവാരത്തിലും കാതലായ മാറ്റങ്ങള്‍ അത് നിര്‍ദ്ദേശിക്കുന്നു. ആളോഹരി വരുമാനത്തിലെയും ദേശീയമൊത്തവരുമാനത്തിലെയും ശ്രദ്ധേയമായ വര്‍ധനയാണ് ഇതനുസരിച്ച് വികസനത്തിന്റെ മൗലികസൂചകമായി പരിഗണിക്കപ്പെടുക. എന്നാല്‍ ഈ പാശ്ചാത്യവികസന സങ്കല്‍പം ഇതരരാജ്യങ്ങള്‍ക്ക് ഒട്ടുംചേര്‍ന്നതല്ലെന്ന് കാലംതെളിയിച്ചിട്ടുണ്ട്.

1. വികസനമെന്നാല്‍ ഉല്‍പാദനവര്‍ധന ?

വികസനമെന്നാല്‍ ഉല്‍പാദനവര്‍ധനയാണെന്ന പാശ്ചാത്യന്‍ ആശയത്തെ ഉപജീവിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഉല്‍പാദന വര്‍ധന ഏതൊരു സമൂഹത്തിന്റെയും മുഖ്യലക്ഷ്യമാകാമെങ്കിലും അതുമാത്രമാണ് ഏകലക്ഷ്യമെന്ന് വരുന്നത് ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വികസനത്തിന്റെ കാതല്‍ ഉല്‍പാദനമാണെന്ന് വന്നാല്‍ ഉപഭോഗമാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്ന് പറയേണ്ടി വരും. മനുഷ്യനെ ഉപഭോഗമാത്ര ജീവിയായി ചിത്രീകരിച്ച് അനന്തമായ ഉല്‍പാദന വര്‍ധന സാധ്യത കാണുന്ന പാശ്ചാത്യന്‍ സാമ്പത്തികദര്‍ശനമാണ് ഈ കാഴ്ചപ്പാടിന് ആധാരം. 18 ഉം 19 ഉം നൂറ്റാണ്ടുകളില്‍ ഉണ്ടായ യൂറോപ്യന്‍ വികസനകാഴ്ചപ്പാടും മുതലാളിത്ത വ്യവസായിക വിപ്ലവവും അതിനെത്തുടര്‍ന്നുണ്ടായതാണ്. അതോടൊപ്പം ചരക്കുകളും സേവനങ്ങളും ഉല്‍പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനനുസരിച്ചാണ് ഏതൊരു സമൂഹത്തിന്റെയും സൗഖ്യവും സമൃദ്ധിയും എന്ന ആസംസ്മിത്ത് വീക്ഷണവും ഏറെ പ്രചാരംനേടി. ഉയര്‍ന്ന വരുമാനമുള്ള വികസിതരാജ്യങ്ങളില്‍ ധാര്‍മികരംഗത്തെ മൂല്യത്തകര്‍ച്ച അവഗണിക്കപ്പെട്ടത് അതുകൊണ്ടായിരുന്നു.

2. സാങ്കേതികവിദ്യയുടെ പ്രയോഗം ?

ഒരു ജനതയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കണം എന്ന് സാമ്പത്തികവിദഗ്ധര്‍ വാദിക്കാറുണ്ട്. ടെക്‌നോളജി ഒരു സാമ്പത്തിക ഉത്പന്നമാണെന്ന സത്യം ഇവിടെ അവഗണിക്കപ്പെടുകയാണ്. ഏതൊരു സമൂഹത്തിന്റെയും സാങ്കേതിക വിദ്യാനിലവാരം അവരുടെ ഗവേഷണ- വൈജ്ഞാനികാനുഭവങ്ങളുടെ സംഘാതമാണ്. വികസിതരാജ്യങ്ങളിലെ സാങ്കേതികവിദ്യാരംഗത്തെ വിപ്ലവം പാശ്ചാത്യ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന മൂല്യങ്ങളെയും സാംസ്‌കാരിക-ധൈഷണിക ധാരകളെയും പുരോഗതിയുമായി സമന്വയിപ്പിച്ചപ്പോഴുണ്ടായ സ്വാഭാവികവളര്‍ച്ചയാണ്. അതപ്പാടെ പിന്നാക്കരാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുക എന്നത് അവിടങ്ങളിലെ സമൂഹത്തിന്റെ ഘടനയുമായി ചേരാത്ത ഒന്നിനെ വെച്ചുകെട്ടലാണ്. ഓരോ രാജ്യത്തിന്റെയും സാഹചര്യസവിശേഷതകളുമായി ഒത്തുപോകാത്തവിധം സാങ്കേതികവിദ്യകള്‍ ഇറക്കുമതി ചെയ്യുന്നത് അതുകൊണ്ടുള്ള പ്രയോജനംകുറക്കുകയും പുതിയൊരു ആശ്രിതഭാവം സൃഷ്ടിക്കുകയും ചെയ്യും.

3. വികസിതരാജ്യങ്ങളുടെ പക്ഷംചേരല്‍ ?

പാശ്ചാത്യരാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാണ് പിന്നാക്കരാജ്യങ്ങളിലെ സ്ഥിതിഗതികള്‍ നാം താരതമ്യം ചെയ്യാറ്. വികസിത നാടുകളുമായി ചേര്‍ത്താലേ വികസനം സാധ്യമാകൂ എന്ന ഈ താരതമ്യപാഠം തദ്ദേശീയ സാഹചര്യങ്ങളെയും ജനങ്ങളെയും കണക്കിലെടുക്കാതെയുള്ള നിലപാടാണ്.

ഇന്ന് വികസിതമെന്ന് വിശേഷിപ്പിക്കുന്ന രാജ്യങ്ങള്‍ നേതൃരംഗത്തേക്ക് വന്നിട്ട് ഒന്നോ രണ്ടോ ശതകമേ ആയിട്ടുള്ളൂ. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച വ്യവസായികവിപ്ലവത്തിന്റെ ഫലമാണ് ആധുനികവ്യവസായികലോകം. യൂറോപ്പിന്റെ വിദേശബന്ധങ്ങളില്‍ ഈ വിപ്ലവം കാതലായ സ്വാധീനംചെലുത്തി. അതംഗീകരിച്ച മുതലാളിത്ത വ്യവസ്ഥയില്‍ സാമ്രാജ്യത്വ പ്രവണത മുഖമുദ്രയായി. ലോകത്തെ വികസിതം അവികസിതം എന്നിങ്ങനെ വിഭജിക്കുമ്പോള്‍ ഈ ചരിത്രമാനം നാം കണക്കിലെടുക്കണം. വികസനത്തെക്കുറിച്ച മിക്കവാറും പഠനങ്ങള്‍ രാഷ്ട്രത്തിന്റെയോ സമൂഹത്തിന്റെയോ വൃത്തത്തില്‍ ഒതുങ്ങുന്നതാണ്. അതേസമയം അത് ആഭ്യന്തരതലത്തില്‍ അന്താരാഷ്ട്ര ഘടകങ്ങളുടെ സ്വാധീനങ്ങളെയും ബാഹ്യസമ്മര്‍ദ്ദങ്ങളെയും പരിഗണിക്കുന്നില്ല. ആധുനികലോകക്രമത്തെക്കുറിച്ചും അത് അജ്ഞത നടിക്കുന്നു.

പിന്നാക്കാവസ്ഥയുടെ ചരിത്രപരമായ കാരണങ്ങള്‍ പരിശോധിക്കാതെ പ്രശ്‌നത്തെ സാമൂഹിക -രാഷ്ട്രീയ കോണുകളിലൂടെ നോക്കിക്കാണുകയാണ് പാശ്ചാത്യപഠനങ്ങള്‍ ചെയ്യുന്നത്. ഇന്ന് പിന്നാക്കാവസ്ഥയിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്‌ലിംരാജ്യങ്ങളൊന്നും ഗതകാലങ്ങളില്‍ സ്ഥിരമായ പിന്നാക്കാവസ്ഥയിലായിരുന്നില്ല. വിശ്വമാനവിക ചിന്തയെ സ്വാധീനിച്ച മഹാദര്‍ശനമായ ഇസ്‌ലാം അതിന്റേതായ എല്ലാ നന്‍മകളും രാഷ്ട്രജീവിതത്തിന്റെ സകലമേഖലകളിലും കാഴ്ചവെച്ചിരുന്നു. മാനവസംസ്‌കൃതിയുടെ ഉത്ഥാനയത്‌നങ്ങളില്‍ അതിന്റെ പങ്ക് ഏവര്‍ക്കും ദൃശ്യമായിരുന്നുതാനും. മുസ്‌ലിംകള്‍ക്കും യൂറോപ്യര്‍ക്കും തങ്ങളുടേതായ വെവ്വേറെ മൂല്യങ്ങളുണ്ട്. ഇവ രണ്ടും വീക്ഷണത്തിലും മൂല്യങ്ങളിലും മൗലികമായി അന്തരം പുലര്‍ത്തുന്നു. പാശ്ചാത്യമൂല്യങ്ങള്‍ പാശ്ചാത്യരീതികളുമായി താദാത്മ്യം പ്രാപിക്കുന്നതുപോലെ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് അതുമായി ഒത്തുപോകാന്‍ കഴിയില്ല. ആദര്‍ശത്തെ പാകംവരുത്താനായി അതിന്റെ വേരുകളെ മുറിച്ചുമാറ്റാനുമാവില്ല. പിന്നാക്കാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഏതൊരു പദ്ധതിയും മാനവികമൂല്യത്തെ എവ്വിധം എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണ് വിജയിക്കുന്നതും പരാജയപ്പെടുന്നതും.

Topics