വികസനം

സാമ്പത്തിക പ്രശ്‌നങ്ങളുടെ മൂലകാരണങ്ങള്‍ ?

പ്രകൃതിസമ്പത്തുക്കള്‍ പരിമിതമാണെന്നും ഭൂമിയുടെ വലിപ്പമോ ഭൂവിഭവങ്ങളോ വര്‍ധിക്കുകയില്ലെന്നും മുതലാളിത്തം നിരീക്ഷിക്കുന്നു. അതിനാല്‍ ജനസംഖ്യ കൂടുന്നതിനും നാഗരികസംസ്‌കാരം വളരുന്നതിനും അനുസരിച്ച് മനുഷ്യാവശ്യങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് അത് സിദ്ധാന്തിക്കുന്നു. മാത്രമല്ല, അത് കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കും. ഈ വീക്ഷണമനുസരിച്ച് നാഗരികതകളുടെ താല്‍പര്യങ്ങളുമായി ഒത്തുപോകാന്‍ പ്രകൃതിയിലെ സമ്പദ്‌സ്രോതസ്സുകള്‍ക്ക് കഴിയില്ല.

അതേസമയം ഉല്‍പാദനരീതികളും വിതരണബന്ധങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് അടിസ്ഥാനപ്രശ്‌നമെന്നാണ് കമ്യൂണിസത്തിന്റെ കാഴ്ചപ്പാട്. ഇവ തമ്മില്‍ പൊരുത്തപ്പെടാനായാല്‍ സാമ്പത്തികജീവിതത്തിന് സ്ഥിരതകൈവരും. എന്നാല്‍ പ്രകൃതിവിഭവങ്ങളുടെ കമ്മിയാണ് മൗലികപ്രശ്‌നമെന്ന മുതലാളിത്ത വീക്ഷണത്തോട് ഇസ്‌ലാം യോജിക്കുന്നില്ല. കാരണം, മനുഷ്യജീവിതത്തിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ വിധ സമ്പത്തുക്കളും അല്ലാഹു പ്രകൃതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഉല്‍പാദന രീതികളും വിതരണബന്ധങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് സാമ്പത്തികപ്രശ്‌നമെന്ന കമ്യൂണിസ്റ്റ് വീക്ഷണത്തോടും ഇസ്‌ലാമിന് വിയോജിപ്പാണ്. യഥാര്‍ഥത്തില്‍ പ്രകൃതിയോ ഉല്‍പാദനരീതികളോ അല്ല ‘മനുഷ്യന്‍ ‘ തന്നെയാണ് പ്രശ്‌നം.

ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവാണ് ഭൂമി-വാനങ്ങളെ സൃഷ്ടിച്ചവന്‍, അവന്‍ മാനത്തുനിന്ന് മഴ വര്‍ഷിച്ചു. അതുവഴി നിങ്ങള്‍ക്ക് ആഹാരത്തിനുവേണ്ടി ഫലങ്ങളുല്‍പാദിപ്പിച്ചു. അവന്റെ ആജ്ഞാനുസാരം സമുദ്രത്തില്‍ സഞ്ചരിക്കാന്‍ കപ്പലുകളെ നിങ്ങള്‍ക്കധീനമാക്കിത്തന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന സൂര്യ-ചന്ദ്രന്‍മാരെയും കീഴ്‌പ്പെടുത്തിത്തന്നു. നിങ്ങള്‍ ചോദിച്ചതൊക്കെയും അവന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ എണ്ണാന്‍ വിചാരിച്ചാലും അത് തിട്ടപ്പെടുത്താനാവില്ല. മനുഷ്യന്‍ മഹാ അതിക്രമിയും കൃതഘ്‌നനും തന്നെ'(ഇബ്‌റാഹീം 32,33). ഈ വിശാലപ്രപഞ്ചത്തില്‍ മനുഷ്യനാവശ്യമായ എല്ലാം അല്ലാഹു ഒരുക്കിയിട്ടുണ്ട്. പക്ഷേ, മനുഷ്യനാണ് അവസരം പാഴാക്കുന്നത്. അവന്റെ നിഷേധമനസ്സും അക്രമമനോഭാവവുമാണ് യഥാര്‍ഥപ്രതി. ഇപ്പറഞ്ഞതനുസരിച്ച് മനുഷ്യജീവിതത്തിലെ സാമ്പത്തികപ്രശ്‌നത്തിന്റെ നാരായവേര് ദൈവാനുഗ്രഹങ്ങളുടെ നേരെയുള്ള നിഷേധവും പ്രായോഗിക ജീവിതത്തിലെ അക്രമവുമാണ്. വിതരണരംഗത്തെ അക്രമം ഇല്ലായ്മ ചെയ്യുകയും പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മനുഷ്യശേഷി സജ്ജമാവുകയുംചെയ്താല്‍ അവന്റെ എല്ലാ സാമ്പത്തികപ്രശ്‌നങ്ങളും പരിഹൃതമാവും.

Topics