കര്‍മ്മശാസ്ത്രം-ഫത്‌വ

ഭാര്യയുടെ ഹജ്ജിന്റെ ചെലവ് ഭര്‍ത്താവ് വഹിക്കണോ?

ചോദ്യം: ഞാന്‍ ഹജ്ജുചെയ്യാനായി പണം സ്വരൂപിച്ചിരുന്നു. എന്നാല്‍ ഭാര്യ അവളെക്കൂടി ഹജ്ജിന് കൊണ്ടുപോകാന്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം,അവളെക്കൂടി കൊണ്ടുപോകാനുള്ള സാമ്പത്തികശേഷി എനിക്കില്ല. എന്റെ പണം ഉപയോഗിച്ചുവേണമോ ഭാര്യ ഹജ്ജുചെയ്യാന്‍? അതല്ല, അവളുടെ പണം ഉപയോഗിച്ചാവണമോ?

ഉത്തരം: സാമ്പത്തികവും ശാരീരികവും യാത്രാപരവുമായ സാധ്യതകളുള്ളവര്‍ക്കേ ഹജ്ജ് ബാധ്യതയുള്ളൂ. പുരുഷന്നും സ്ത്രീക്കും ഒരുപോലെ ഇതുബാധകമാണ്(ആലുഇംറാന്‍ 97 കാണുക). ഇസ്‌ലാമിന്റെ അഞ്ച് അടിസ്ഥാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നബി തിരുമേനി പറഞ്ഞു:…..വഴിയാല്‍ സാധിക്കുന്നവര്‍ ഹജ്ജുചെയ്യലും(ബുഖാരി, മുസ് ലിം).

കഴിവ് രണ്ടുതരമുണ്ട്. ശാരീരികം, സാമ്പത്തികം. ശാരീരികകഴിവ് എല്ലാ പ്രായപൂര്‍ത്തിയായവര്‍ക്കും ബാധകമാണ്. യാത്രാക്ലേശങ്ങള്‍ സഹിക്കാനും വാഹനത്തിലേറിയോ ചുമക്കപ്പെട്ടോ ഹജ്ജിലെ നിര്‍ബന്ധകര്‍മങ്ങള്‍ അനുഷ്ഠിക്കാനും ശാരീരിക ശേഷിയുണ്ടാകണം. ജംറഃകളില്‍ എറിയുകപോലുള്ള പ്രയാസകരവും ശ്രമകരവുമായ കര്‍മങ്ങള്‍ മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുന്നതിന് വിരോധമില്ലെങ്കിലും ശാരീരികശേഷി ഹജ്ജിന്റെ ഉപാധിയാണ്. സാമ്പത്തികശേഷിയും തഥൈവ. ഹജ്ജിന്റെ നിര്‍ബന്ധാനുഷ്ഠാനങ്ങള്‍ നാലോ അഞ്ചോ ദിവസം കൊണ്ട് അനുഷ്ഠിച്ച് തിരിച്ചുപോകാന്‍ ആവശ്യമായ പണമുള്ള ഏതൊരാളും ഹജ്ജുചെയ്യാന്‍ ബാധ്യസ്ഥനാണ്. മക്കളെ ഹജ്ജുചെയ്യിക്കാന്‍ പിതാവോ ഭാര്യയുടെ കാര്യത്തില്‍ ഭര്‍ത്താവോ ബാധ്യസ്ഥനല്ല. സ്വന്തംനിലയില്‍ സാമ്പത്തികശേഷിയുണ്ടെങ്കിലേ ഭാര്യ ഹജ്ജ് ചെയ്യേണ്ടതുള്ളൂ. യാത്രയില്‍ കൂടെ വിവാഹം നിഷിദ്ധമായ പുരുഷന്‍മാരുണ്ടായിരിക്കണമെന്ന പണ്ഡിതവീക്ഷണമനുസരിച്ച് മഹ്‌റമിന്റെ യാത്രാചെലവും സ്ത്രീ വഹിച്ചിരിക്കണം. പണം അതിനുതികയില്ലെങ്കില്‍ തികയുവോളം കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.

വിശ്വസ്തരായ ഒന്നോ അതിലധികമോ സ്ത്രീകളോ നല്ലവരായ പുരുഷന്‍മാരുടെ വിശ്വസ്ത സംഘമോ കൂട്ടുണ്ടായാല്‍ സ്ത്രീക്ക് ഹജ്ജിന് പോകാമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മഹ്‌റം ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ വെച്ചതിന്റെ ലക്ഷ്യം സമ്പത്തിനും ശരീരത്തിനും നേരെയുണ്ടാകുന്ന അതിക്രമത്തില്‍നിന്ന് സ്ത്രീ സുരക്ഷിതയാകണമെന്നതാണ്. ഒന്നോ അതിലധികമോ സ്ത്രീകളോ, വിശ്വസ്തരായ പുരുഷന്‍മാരോ കൂടെയുണ്ടെങ്കില്‍ സുരക്ഷിതത്വം ഉറപ്പായി. ഭാര്യക്ക് സ്വന്തം നിലയില്‍ ഹജ്ജിന് പോകാനുള്ള സാമ്പത്തികകഴിവില്ലെങ്കില്‍ അവര്‍ ഹജ്ജുചെയ്യാന്‍ ബാധ്യസ്ഥയല്ല.
ഡോ. യൂസുഫുല്‍ ഖറദാവി

Topics