പരലോകം

ബര്‍സഖും ഖബ്ര്‍ജീവിതവും

ബര്‍സഖ് എന്ന വാക്കിന്റെ ഭാഷാര്‍ഥം രണ്ടുസംഗതികള്‍ക്കിടയിലുള്ള ഇടവേള, മറ എന്നൊക്കെയാണ്. അല്ലാഹു പറയുന്നത് കാണുക:’രണ്ടു സമുദ്രങ്ങളെ തമ്മില്‍ കൂട്ടിമുട്ടുംവണ്ണം അവന്‍ അയച്ചുവിട്ടിരിക്കുന്നു. എന്നിട്ടും അവക്കിടയില്‍ ഒരു മറയുണ്ട്’.(അര്‍റഹ്മാന്‍ 20)
സാങ്കേതികമായി പറയുകയാണെങ്കില്‍ ഇഹലോക-പരലോകജീവിതങ്ങള്‍ക്കിടയിലുള്ള ജീവിതമാണ് ബര്‍സഖിലേത്. അതായത് മരണത്തിനും പുനരുത്ഥാനത്തിനും ഇടയിലുള്ള കാലയളവ്. ‘ഇങ്ങനെ ഈ (മരിച്ച)വര്‍ ക്കൊക്കെയും പിന്നില്‍ ഒരു ബര്‍സഖ് മറയായിട്ടുണ്ട്, അവര്‍ പുനര്‍ജീവിപ്പിക്കപ്പെടുന്ന നാളുവരെ.'(അല്‍മുഅ്മിനൂന്‍ 100)

അതിനര്‍ഥം അവിടെ ഓരോ ആത്മാവിനും പ്രത്യേകം സ്ഥലം ഉണ്ടായിരിക്കുമെന്നല്ല. പക്ഷേ ഓരോ ആത്മാവിനും അതിന്റെ ഈമാനിനനുസരിച്ച് വ്യത്യസ്തസ്ഥലങ്ങളിലായിരിക്കും. പ്രവാചകരുടെയും രക്തസാക്ഷികളുടെയും ആത്മാവ് സ്വര്‍ഗത്തിലെ ഉന്നതവിതാനങ്ങളിലായിരിക്കും. വിചാരണനാള്‍ വരെ ചില വിശ്വാസികള്‍ സ്വര്‍ഗത്തിലെ പ്രത്യേകഇടങ്ങളിലായിരിക്കും. ചിലര്‍ക്ക് അവരുടെ ഖബ്റിടങ്ങള്‍ സ്വര്‍ഗപൂന്തോപ്പുപോലെയായിരിക്കും. ചിലആളുകള്‍ക്ക് ഖബ്ര്‍ നരകക്കുഴി പോലെയായിരിക്കും. ഇതെല്ലാംതന്നെ ബര്‍സഖിയായ ലോകത്ത് മാത്രമുള്ള, തങ്ങള്‍ ആര്‍ജ്ജിച്ചിട്ടുള്ള ഈമാന്റെ തോതനുസരിച്ച് ഓരോ ആത്മാവിനും കരഗതമാകുന്ന അവസ്ഥയാണ്.

മരണപ്പെട്ട വ്യക്തിക്ക് ഇഹലോകത്ത് ജീവിച്ചിരിക്കുന്ന ആളുകളുടെ ജീവിതാനുഭവങ്ങളെ അറിയാന്‍ കഴിയില്ല. കാരണം അത് തികച്ചുംവ്യത്യസ്തമായ ലോകമാണ്. അതേസമയം ഖബ്‌റില്‍ വെക്കപ്പെട്ട വ്യക്തിക്ക് ഖബ്‌റിനുമുകളിലൂടെ സഞ്ചരിക്കുന്നവരുടെ പാദപതനശബ്ദം കേള്‍ക്കാനാകുമെന്ന് ഹദീഥുകളുണ്ട്. നബി(സ)യില്‍ ഇപ്രകാരം നിവേദനംചെയ്യുന്നു: ‘ബദ്ര്‍ യുദ്ധവേളയില്‍ കൊല്ലപ്പെട്ട നിഷേധികളെ വലിച്ചെറിഞ്ഞ കിണറിലേക്ക് നോക്കി പ്രവാചകന്‍ ചോദിച്ചു: നിങ്ങളുടെ നാഥന്‍ വാഗ്ദത്തം ചെയ്തിരുന്ന സംഗതി സത്യമായിരുന്നുവെന്ന് നിങ്ങള്‍ക്ക് ബോധ്യമായില്ലേ?’ ഇതുകേട്ട ഉമര്‍ (റ) ചോദിച്ചു: ‘ മരിച്ചുപോയ ആളുകളോട് താങ്കള്‍ സംസാരിക്കുകയാണോ?. അപ്പോള്‍ പ്രവാചകന്‍ പ്രതിവചിച്ചു:’ അവര്‍ താങ്കള്‍കേള്‍ക്കുന്നതിനേക്കാള്‍ നന്നായി കേള്‍ക്കും. എന്നാല്‍ ഉത്തരം നല്‍കാനാകില്ല.'(ബുഖാരി)
മേല്‍ റിപോര്‍ട്ടുകളിലൂടെ മനസ്സിലാക്കാന്‍കഴിയുന്നത് മരണത്തിന് തൊട്ടുടനെയുള്ള അവസ്ഥയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ മരണപ്പെട്ടവരുടെ ആത്മാവ് ഇഹലോകത്തെ കാര്യങ്ങളൊന്നും അറിയാന്‍കഴിയാത്ത മററ്റൊരു ലോകത്തേക്ക് യാത്രയാകുന്നു. ഇതിന് പിന്‍ബലമേകുന്ന ഖുര്‍ആന്‍ സൂക്തമിങ്ങനെ:’അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്‍പ്പിക്കുന്നു. പക്ഷേ, (പ്രവാചകാ) ശ്മശാനങ്ങളില്‍ മറമാടപ്പെട്ട മനുഷ്യരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല’.(അല്‍ ഫാത്വിര്‍ 23)

ശൈഖ് ഹാമിദുല്‍ അലി,ഫൈസ്വല്‍ മൗലവി

Topics