അനശ്വരമായ അനുഗ്രഹങ്ങളാണ് സ്വര്‍ഗവാസികളെ കാത്തിരിക്കുന്നത്. അവയുടെ ഓരോ വശവും വിശദീകരിക്കുന്നതിനായി ഏതാനും ഉദാഹരണങ്ങള്‍ സമര്‍പിക്കുകയാണ് ചുവടെ:
- വിശ്വാസിയും അവന്റെ ഭാര്യയും സ്വര്‍ഗത്തില്‍
ഇബ്‌നുല്‍ ഖയ്യിം തന്റെ ബുസ്താനുല്‍ വാഇളീന്‍ എന്ന ഗ്രന്ഥത്തില്‍ വിശ്വാസിയും അവന്റെ ഭാര്യയും സ്വര്‍ഗത്തില്‍ ചെലവഴിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
ഇബ്‌നു അബ്ബാസ്(റ) പറയുന്നു. അല്ലാഹുവിന്റെ വലിയ്യ്് സ്വര്‍ഗത്തില്‍ മനോഹരമായ കട്ടിലിലായിരിക്കും. അഞ്ഞൂറ് വര്‍ഷം യാത്ര ചെയ്യേണ്ട അത്ര ഉയരമായിരിക്കും അതിനുണ്ടായിരിക്കുക. അതേക്കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ് ‘ഉയര്‍ത്തപ്പെട്ട വിരിപ്പുകളും’. ചുവന്ന രത്‌നങ്ങള്‍ പതിച്ച കട്ടിലിന് രണ്ട് ചിറകുകളുമുണ്ടായിരിക്കും. പ്രകാശം നിറച്ച എഴുപത് ബെഡുകളുണ്ടായിരിക്കും ആ കട്ടിലില്‍. പട്ട് കൊണ്ട് നിര്‍മിച്ച കവറായിരിക്കും ബെഡിന് ഉണ്ടായിരിക്കുക. വിരിപ്പിന്റെ ഒരു അറ്റം മുതല്‍ അടുത്ത അറ്റം വരെയുള്ള വീതി നാല്പത് വര്‍ഷത്തെ സഞ്ചാരദൂരമാണ്. അതിനോട് ചേര്‍ന്ന് ഒരു ചാരുമഞ്ചവും കളിപ്പാട്ടവുമുണ്ട്. അവയെല്ലാം വൈഢൂരം കൊണ്ട് നിര്‍മിക്കപ്പെട്ടതാണ്. അവക്ക് മേല്‍ പ്രകാശം കൊണ്ടുള്ള എഴുപത് മറകളുണ്ട്. അതിനെക്കുറിച്ച് അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ് ‘അവരും അവരുടെ ഇണകളും തണലില്‍ ചാരുമഞ്ചത്തില്‍ ഇരിക്കുന്നവരാണ്’. മരങ്ങളുടെ തണലില്‍ ചാരുമഞ്ചങ്ങള്‍ ഘടിപ്പിച്ച് അതില്‍ ഉല്ലസിക്കുന്നുവെന്ന് അര്‍ത്ഥം. സ്വര്‍ഗവാസികള്‍ക്ക് ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്. ‘അവര്‍ക്ക് വേണ്ടി ഗോപ്യമാക്കിവെച്ചിരിക്കുന്ന കണ്‍കുളിര്‍മയേകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഒരു മനസ്സിനും അറിയില്ല’.
- സ്വര്‍ഗവാസികളുടെ വിരിപ്പ്
മനോഹരമായി അലങ്കരിച്ചിരിക്കുന്ന സ്വര്‍ഗീയ ആരാമത്തിലേക്കും, അവിടത്തെ കൊട്ടാരവുമാണ് നമുക്ക് മുന്നിലുള്ളത്. അവിടെ ഇരിക്കാനും കിടക്കാനുമായി ആഢംബരപൂര്‍ണമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എത്രയെത്ര കട്ടിലുകളാണ് അവിടെ. മേത്തരം പട്ട് കൊണ്ടുള്ള വിലകൂടിയ വിരികള്‍. തലയിണകള്‍ വരിയായി ക്രമീകരിച്ചിരിക്കുന്നു. മനസ്സിനെ ഉന്‍മാദത്തിലാഴ്ത്തുന്ന ഹൃദയസ്പൃക്കായ കാഴ്ചയാണ് അത്. ‘അവിടെ ഉയര്‍ന്ന കട്ടിലുകളും, വെക്കപ്പെട്ട ചഷകങ്ങളും, അണിയായി ക്രമീകരിച്ച തലയിണകളും, വിരിക്കപ്പെട്ട പരവതാനികളുമുണ്ട്’ . മറ്റൊരു ആയത്തില്‍ ഇപ്രകാരം കാണാം ‘അവര്‍ ചില മെത്തകളില്‍ ചാരിക്കിടക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗം കട്ടികൂടിയ പട്ടുകൊണ്ടുള്ളതായിരിക്കും’.
- സ്വര്‍ഗവാസികളുടെ സേവകര്‍
അല്ലാഹു സ്വര്‍ഗവാസികളെ സേവിക്കാനായി പ്രത്യേകം ഒരുക്കിയ കുഞ്ഞുങ്ങളാണ് പ്രസ്തുത ഉത്തരവാദിത്തം നിര്‍വഹിക്കുക. സൗന്ദര്യവും വാല്‍സല്യവും നിറഞ്ഞ് നില്‍ക്കുന്ന കുഞ്ഞുങ്ങളായിരിക്കും അവര്‍. ‘നിത്യബാല്യം നല്‍കപ്പെട്ട കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റിനടന്ന് കൊണ്ടിരിക്കും. അവരെ കണ്ടാല്‍ ചിതറിത്തെറിച്ച മുത്തുകളായേ നിനക്ക് തോന്നൂ’.
ഇബ്‌നു കഥീര്‍ പറയുന്നു ‘സ്വര്‍ഗവാസികളില്‍പെട്ട കുഞ്ഞുങ്ങളായിരിക്കും അവര്‍. അവര്‍ എപ്പോഴും കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും. അവര്‍ക്ക് മാറ്റം സംഭവിക്കുകയില്ല. അവരുടെ മുഖത്തെ തിളക്കവും പ്രസരിപ്പും ഉന്‍മേഷവും നിമിത്തം മുത്തുകളെപ്പോലെ അവര്‍ കാണപ്പെടുന്നതാണ്’.
- സ്വര്‍ഗവാസികളുടെ മാര്‍ക്കറ്റ്
അനസ് ബിന്‍ മാലിക്(റ) പ്രവാചകന്‍(സ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതായി ഇമാം മുസ്ലിം ഉദ്ധരിക്കുന്നു. ‘സ്വര്‍ഗത്തില്‍ ഒരു അങ്ങാടിയുണ്ട്. സ്വര്‍ഗവാസികള്‍ എല്ലാ വെള്ളിയാഴ്ചയും അവിടെ എത്തുന്നു. അപ്പോഴതാ വടക്കന്‍ കാറ്റ് ആഞ്ഞുവീശുകയും അവരുടെ മുഖത്തും വസ്ത്രത്തിലും മണ്ണ് വാരിയിടുകയും ചെയ്യുന്നു. അതോടെ അവരുടെ അഴകും സൗന്ദര്യവും അധികരിക്കുന്നു. ഈയവസ്ഥയില്‍ അവര്‍ സ്വന്തം കുടുംബത്തിലേക്ക് മടങ്ങുന്നു. അപ്പോള്‍ അവരുടെ കുടുംബം അവരോട് പറയും ‘അല്ലാഹുവാണ, നിങ്ങള്‍ പോയി വന്നതിന് ശേഷം കൂടുതല്‍ സുന്ദരനായിരിക്കുന്നുവല്ലോ. ഇത്‌കേട്ട് അവര്‍ തിരിച്ച് പറയും ‘ഞങ്ങള്‍ പോയി വന്നതിന് ശേഷം നിങ്ങള്‍ കൂടുതല്‍ സുന്ദരമായിരിക്കുന്നുവല്ലോ’.
ഈ ഹദീഥ് വിശദീകരിച്ച് ഇമാം നവവി പറയുന്നു ‘അങ്ങാടി എന്നത് കൊണ്ട് ഉദ്ദേശിക്കുന്ന ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന സ്ഥലം എന്നാണ്. എല്ലാ ആഴ്ചകളിലും ജനങ്ങള്‍ ഒന്നിച്ച് ചേരുന്ന സ്ഥലമാണ് ഉദ്ദേശ്യം. യഥാര്‍ത്ഥത്തില്‍ അവിടെ ആഴ്ചകളില്ല. കാരണം സൂര്യനോ വെയിലോ പകലോ അവിടെ ഉണ്ടാവില്ലല്ലോ. വടക്കന്‍ കാറ്റ് എന്ന് പറയാന്‍ കാരണം അറബികളുടെ അടുത്ത് മഴകൊണ്ട് വരുന്ന കാറ്റാണ് അത് എന്നത് കൊണ്ടാണ്. ശാമിന്റെ ഭാഗത്ത് നിന്നായിരുന്നു അത് വീശിയിരുന്നത്’.
- സ്വര്‍ഗവാസികളുടെ സംഗമവും പരസ്പര സംസാരവും
സ്വര്‍ഗവാസികള്‍ പരസ്പരം സന്ദര്‍ശിക്കുകയും ഒന്നിച്ചിരുന്ന് വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നതാണ്. ഇഹലോകത്തെ കാര്യങ്ങള്‍ സ്മരിക്കുകയും സ്വര്‍ഗത്തിലെ അനുഗ്രഹങ്ങളെ എടുത്ത് പറയുകയും ചെയ്യുന്നു അവര്‍. അവരുടെ സംസാരരീതികളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്. ‘പരസ്പരം പലതും ചോദിച്ച് കൊണ്ട് അവര്‍ അന്യോന്യം അഭിമുഖീകരിക്കും. അവര്‍ പറയും ‘നിശ്ചയമായും നാം ഇതിന് മുമ്പ് കുടുംബത്തിലാരിയിരുന്നപ്പോള്‍ ആശങ്കാകുലരായിരുന്നു. അപ്പോള്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. ചുട്ടുപൊള്ളുന്ന നരകശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ രക്ഷിച്ചു’.
ഇപ്രകാരം സ്വര്‍ഗവാസികള്‍ക്ക് അല്ലാഹു നല്‍കാനിരിക്കുന്ന പല അനുഗ്രഹങ്ങളെക്കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിച്ചതായി കാണാവുന്നതാണ്.
Add Comment