പരലോകം

സ്വര്‍ഗത്തിലേക്കുള്ള വഴി

നാം എല്ലാവരും സന്തോഷം തേടുന്നവരാണ്. പക്ഷേ പരിപൂര്‍ണമായ സന്തോഷം ഇഹലോകത്ത് ലഭ്യമല്ല. ഐഹിക ലോകം നശ്വരമാണ്. യഥാര്‍ത്ഥ സൗഖ്യം സ്വര്‍ഗത്തിലും അതിലെ അനുഗ്രഹങ്ങളിലും മാത്രമേ കണ്ടെത്താനാവൂ. എന്നാല്‍ പാപത്തില്‍ നിന്ന് മുക്തനായ വ്യക്തിയാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക. മ്ലേഛതയുടെയോ, പാപത്തിന്റെയോ ഒരു കണിക പോലും ഉണ്ടാവാന്‍ പാടില്ല. പരിശുദ്ധര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതാണ് സ്വര്‍ഗം. ആരോടെങ്കിലും വിദ്വേഷം പുലര്‍ത്തുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിഷിദ്ധ നോട്ടം സമ്പാദിച്ചവനും അപ്രകാരം തന്നെ. ജനങ്ങളെ വഞ്ചിക്കുകയോ, അവരോട് മോശമായി വര്‍ത്തിക്കുകയോ, പരദൂഷണം പറയുകയോ ചെയ്യുന്നവന് സ്വര്‍ഗത്തില്‍ ഇടമില്ല.

നാവില്‍ നിഷിദ്ധ സംസാരമോ, ഹൃദയത്തില്‍ പാപമോ ഉള്ളവര്‍ക്കല്ല സ്വര്‍ഗം രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്. മറിച്ച്, തീര്‍ത്തും ശുദ്ധി ആര്‍ജ്ജിച്ചവര്‍ക്കുള്ളതാണ് അത്. ‘തങ്ങളുടെ നാഥനോട് ഭക്തി പുലര്‍ത്തിയവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടുന്നതാണ്. അങ്ങനെ അവരവിടെ എത്തുമ്പോള്‍ അതിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചവയായിരിക്കും. അതിന്റെ കാവല്‍ക്കാര്‍ അവരോട് പറയും ‘നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ നല്ലവരായിരുന്നു. സ്ഥിരവാസികളായി നിങ്ങളതില്‍ പ്രവേശിച്ച് കൊള്ളുക'(അസ്സുമര്‍ 75). നിങ്ങള്‍ നല്ലവരായിരുന്നു എന്നതിന്റെ അര്‍ത്ഥം പാപങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും പരിശുദ്ധരായിരുന്നുവെന്നാണ്. അതായത് നാം പരിശുദ്ധരല്ല, നല്ലവരല്ല എങ്കില്‍ സ്വര്‍ഗപ്രവേശനത്തിന് അര്‍ഹതരല്ല എന്ന് വ്യക്തം. മറ്റൊരു ആയത്തില്‍ അല്ലാഹു പറയുന്നത് ഇപ്രകാരമാണ് ‘വിശുദ്ധരായിരിക്കെ മലക്കുകള്‍ മരിപ്പിക്കുന്നവരാണ് അവര്‍. മലക്കുകള്‍ അവരോട് പറയും ‘നിങ്ങള്‍ക്കു ശാന്തി! നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന്റെ പ്രതിഫലമാണിത് ‘(അന്നഹ്ല്‍ 32).

പാപങ്ങളില്‍ നിന്ന് വിശുദ്ധരാവുകയെന്നതാണ് സ്വര്‍ഗ പ്രവേശനത്തിനുള്ള നിബന്ധന. നമ്മില്‍ ഒരു പാപവും അവശേഷിക്കരുത്? അതെങ്ങെനെ സംഭവിക്കാനാണ്? നാമെല്ലാവരും പാപങ്ങള്‍ സമ്പാദിച്ചവരാണല്ലോ. നാം സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണോ അര്‍ത്ഥം?

വിശുദ്ധര്‍ മാത്രമെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂ എന്ന് അരുളിയ നാഥന്‍ വിശുദ്ധി കൈവരിക്കുന്നതിന് പതിനൊന്ന് മാര്‍ഗങ്ങള്‍ കാണിച്ച് തന്നിരിക്കുന്നു. നാലെണ്ണം ഇഹലോകത്തും, മൂന്നെണ്ണം ഖബ്‌റിലും നാലെണ്ണം അന്ത്യനാളിലുമായി പതിനൊന്ന് വഴികള്‍. നാം സ്വിറാത്വ്(പാലം)ന്റെ അടുത്തെത്താനും അത് കടന്നുപോവാനും ഈ മാര്‍ഗങ്ങള്‍ നമ്മെ സഹായിക്കും. വിശുദ്ധി കൈക്കൊള്ളാത്ത ആര്‍ക്കും അത് കടന്ന് പോവാന്‍ കഴിയില്ല.

നരകത്തിന് മേല്‍ വെക്കപ്പെട്ട മുടിയിഴയേക്കാള്‍ നേര്‍ത്ത, വാളിനേക്കാള്‍ മൂര്‍ച്ചയേറിയ പാലമാണ് സ്വിറാത്ത്. അത് കടന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു. അതിന് സാധിക്കാത്തവന്‍ നേരെ നരകത്തിലേക്ക് ആപതിക്കുന്നു. കണ്ണുചിമ്മി തുറക്കുന്നതിന്റെ വേഗത്തില്‍ സ്വിറാത്വ് കടക്കുന്നവരുണ്ട്. മിന്നലിന്റെ വേഗതയിലും, കാറ്റിന്റെ വേഗതയിലും സ്വിറാത്വ് കടക്കുന്നവരും ഇഴഞ്ഞുനീങ്ങുന്നവരുമുണ്ട്. സ്വിറാത്വിലെ കൊളുത്തുകള്‍ പിടിച്ച് വലിക്കുകയും തല്‍ഫലമായി നരകത്തില്‍ മുഖം കുത്തി വീഴുന്നവരുമുണ്ട്.

ഇഹലോകത്തെ ശുദ്ധീകരണ മാര്‍ഗങ്ങള്‍

  1. പശ്ചാത്താപം
    ഖേദവും പശ്ചാത്താപവും എന്നതിലുപരി തൗബ ഒരു ആരാധനയാണ്. എന്നല്ല മഹത്തായ ഇബാദത്തുകളുടെ ഗണത്തിലാണ് അതിന്റെ സ്ഥാനം. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുന്നതിനുള്ള മാര്‍ഗമാണ് അത്.’തീര്‍ച്ചയായും അല്ലാഹു പശ്ചാതപിക്കുന്നവരെയും സ്വയം ശുദ്ധീകരിക്കുന്നവരെയും ഇഷ്ടപ്പെടുന്നു'(അല്‍ബഖറ 222).
  2. പാപമോചനം തേടല്‍
    പാപങ്ങളില്‍ നിന്ന് മോചനം അര്‍ത്ഥിക്കല്‍ (ഇസ്തിഗ്ഫാര്‍) ശുദ്ധീകരണത്തിന്റെ സുപ്രധാന മാര്‍ഗമാണ്. മുന്‍കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ പൊറുക്കപ്പെട്ട തിരുമേനി(സ) പോലും ദിനേന നൂറിലധികം തവണ പാപമോചനം അര്‍ത്ഥിക്കാറുണ്ടായിരുന്നു.
  3. തിന്മകള്‍ മായ്ച് കളയുന്ന നന്മകള്‍
    തിന്‍മയ്ക്ക് ശേഷം നന്മകളുടെ പ്രവാഹമൊരുക്കുകയെന്നത് മനസ്സിലെ മാലിന്യങ്ങളെ കഴുകി വൃത്തിയാക്കാനുള്ള മാര്‍ഗമാണ്. തിരുമേനി(സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു:’എവിടെയാണെങ്കിലും നീ അല്ലാഹുവെ സൂക്ഷിക്കുക. തിന്മയെ നന്മ കൊണ്ട് തുടര്‍ത്തുക, അവ തിന്മയെ മായ്ച് കളഞ്ഞേക്കാം. ജനങ്ങളോട് നല്ല നിലയില്‍ വര്‍ത്തിക്കുക’.
  4. പാപങ്ങള്‍ മായ്ച് കളയുന്ന വിപത്തുകള്‍

അല്ലാഹു തന്റെ അടിമകളെ ദുരന്തങ്ങളും വിപത്തുകളും കൊണ്ട് പരീക്ഷിക്കുന്നതാണ്. അവരെ പാപങ്ങളില്‍ നിന്ന് കഴുകി വൃത്തിയാക്കുന്നതിനാണ് അത്. പാപങ്ങളില്‍ നിന്ന് പശ്ചാത്തപിക്കാത്ത, പാപമോചനം അര്‍ത്ഥിക്കാത്ത, നന്മകള്‍ ചെയ്യാത്ത, അല്ലാഹു ദുരന്തങ്ങള്‍ കൊണ്ട് പരീക്ഷിക്കാത്ത മനുഷ്യന്‍ ഇഹലോകത്ത് വെച്ച് ശുദ്ധീകരിക്കപ്പെടുകയില്ല.
അവനെ ശുദ്ധീകരിക്കാനുള്ള മറ്റ് ചില മാര്‍ഗങ്ങള്‍ കൂടിയുണ്ട്. മരണത്തിന് ശേഷമുള്ള മൂന്ന് മാര്‍ഗങ്ങളാണ് ചുവടെ.

5. ജനാസ നമസ്‌കാരം
ധാരാളം വ്യക്തികള്‍ നമസ്‌കരിക്കുക എന്നതല്ല, സല്‍കര്‍മികളായ വിശ്വാസികള്‍ ജനാസ നമസ്‌കരിക്കുക എന്നതാണ് പ്രധാനം. അതിനാല്‍ ജനാസ നമസ്‌കാരത്തിനായി സല്‍കര്‍മികളെ നാം ഒരുമിച്ച് ചേര്‍ക്കണം. വിശ്വാസികള്‍ തങ്ങളുടെ സഹോദരനെ ശുദ്ധീകരിക്കുന്നതിനായി നടത്തുന്ന പ്രാര്‍ത്ഥന ഫലവത്താണ്.

6. ഖബ്‌റിലെ പരീക്ഷണങ്ങള്‍
നിന്റെ റബ്ബ് ആര്? നിന്റെ മതം ഏത്? നിങ്ങളില്‍ നിയോഗിക്കപ്പെട്ട മനുഷ്യനെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം? തുടങ്ങിയ ചോദ്യങ്ങള്‍ മലക്കുകള്‍ നിന്റെ മേല്‍ ഉന്നയിക്കുന്നു. അവര്‍ക്ക് മുന്നില്‍ ഭയചകിതനായി വിറയോടെ നില്‍ക്കുകയാണ് നീ. ഖബ്‌റിലെ ഏകാന്തത, അവിടത്തെ കൂരിരുട്ട് ഇവയെല്ലാം നിന്നെ പൊതിഞ്ഞിരിക്കുന്നു. ഇവയെല്ലാം നിന്നെ ശുദ്ധീകരിക്കുന്നതാണ്.


7. പ്രിയപ്പെട്ടവരുടെ സല്‍ക്കര്‍മങ്ങള്‍
വിശ്വാസി മരണപ്പെട്ടതിന് ശേഷവും അവന്‍ നന്മ സമ്പാദിച്ച് കൊണ്ടേയിരിക്കുന്നു. അവര്‍ പരേതന് വേണ്ടി ചെയ്യുന്ന ഹജ്ജ്, ഉംറ, പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയെല്ലാം അവനെ ശുദ്ധീകരിച്ച് കൊണ്ടേയിരിക്കും. തിരുദൂതര്‍(സ) ഇപ്രകാരം അരുളിയിരിക്കുന്നു: ‘ആദം സന്തതി മരണപ്പെട്ടാല്‍ മൂന്നൊഴികെയുള്ള കര്‍മങ്ങള്‍ നിലച്ച് പോവുന്നതാണ്. നിലച്ച് പോവാത്ത ദാനധര്‍മം, പ്രയോജനമെടുക്കുന്ന വിജ്ഞാനം, പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന സല്‍ക്കര്‍മിയായ മകന്‍ എന്നിവയാണ് അവ ‘.

അവശേഷിക്കുന്ന നാല് മാര്‍ഗങ്ങള്‍ അന്ത്യദിനത്തിലാണ്.

8. അന്ത്യനാളിലെ സംഭവ വികാസങ്ങള്‍
തലമുകളില്‍ കത്തിനില്‍ക്കുന്ന സൂര്യന്‍, കത്തിയെരിയുന്ന സമുദ്രം, പ്രകമ്പനം കൊള്ളുന്ന ഭൂമി തുടങ്ങിയ ഭീതിദമായ അവസ്ഥകള്‍ പാപങ്ങള്‍ മായ്ച് കളയുന്നതാണ്.

9. അല്ലാഹുവിന്റെ മുന്നില്‍ നില്‍ക്കല്‍
തന്റെ മുന്നില്‍ വന്ന് നില്‍ക്കുന്ന അടിമയോട് ‘ഞാന്‍ നിനക്ക് അനുഗ്രഹം നല്‍കിയില്ലേ? നിനക്ക് സമ്പത്ത് വര്‍ഷിച്ചില്ലേ? നിന്റെ കണ്ണുകള്‍ക്കും കാലുകള്‍ക്കും നാവിനുമെല്ലാം ഞാന്‍ നിരീക്ഷകനായിരുന്നില്ലേ?’ തുടങ്ങിയ ചോദ്യങ്ങള്‍ അല്ലാഹു ചോദിക്കുന്നതാണ്.

10. തിരുമേനി(സ)യുടെ ശുപാര്‍ശ
തിരുമേനി(സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു : ‘എല്ലാ പ്രവാചകന്മാര്‍ക്കും ഉത്തരം നല്‍കപ്പെടുന്ന പ്രാര്‍ത്ഥനയുണ്ട്. മറ്റ് പ്രവാചകന്മാരെല്ലാം അവ ചോദിച്ചു കഴിഞ്ഞു. എന്റെ പ്രാര്‍ത്ഥന ഞാന്‍ അന്ത്യനാളിലേക്ക് നീക്കിവെച്ചിരിക്കുന്നു’.

11. അല്ലാഹുവിന്റെ വിട്ടുവീഴ്ച
പ്രവാചകന്മാരും, വിശ്വാസികളും ശഫാഅത്ത് നടത്തിയതിനെ തുടര്‍ന്ന് അല്ലാഹു ചോദിക്കും ‘ഞാന്‍ പൊറുത്തു കൊടുക്കുകയല്ലേ?’
ഇവയെല്ലാറ്റിനും ശേഷം നാം സ്വര്‍ഗത്തിലായിരിക്കും. ഇന്‍ശാ അല്ലാഹ്…. എന്നാല്‍ ഇവയെല്ലാം ഉള്ളതോടൊപ്പം സ്വിറാത്വില്‍ നിന്ന് താഴെ വീഴുന്നവരുണ്ട്. നരകപ്രവേശനത്തിന് അര്‍ഹരായവരാണ് അവര്‍.

അംറ് ഖാലിദ്

About the author

padasalaadmin

Add Comment

Click here to post a comment

Topics