കുടുംബം-ലേഖനങ്ങള്‍

നല്ലപാതിയുടെ സ്‌നേഹത്തെ നന്നായി അറിയുവിന്‍

ഈ വിഷയത്തെക്കുറിച്ച് പറയുന്നതിനുമുമ്പ്   ഇതുവരെയും ആരോടും പങ്കുവെച്ചിട്ടില്ലാത്ത എന്റെ ഒരു സംഭവം ഇവിടെ വിവരിക്കാം. ഈ വിഷയം മനസ്സിലാക്കാന്‍ അത് വളരെ സഹായിക്കും എന്ന് തോന്നുന്നു. 

വര്‍ഷങ്ങള്‍ക്ക്മുമ്പ് തികഞ്ഞ ദൈവഭയമുള്ള വിശുദ്ധയായ ഒരുവളെ ഞാന്‍ വിവാഹം കഴിച്ചു. ഞങ്ങളിരുവരും പരസ്പരം സ്‌നേഹിച്ചു. ദാമ്പത്യത്തില്‍ മറ്റേതൊരു ദമ്പതികളുടെയും പോലെ സാഹചര്യത്തിന്റെയും മറ്റും സമ്മര്‍ദ്ദഫലമായി ചില സൗന്ദര്യപിണക്കങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടക്കുന്ന സ്‌നേഹപ്രകടനങ്ങളിലൂടെ ഞങ്ങള്‍ മുന്നോട്ടുനീങ്ങി. അത് സിനിമകളില്‍ മാത്രം കാണുന്ന തരത്തിലുള്ള പ്രേമജീവിതമായിരുന്നു. ഇന്നും വ്യത്യസ്താഭിരുചികളുമായി ജീവിക്കുന്ന ഞങ്ങള്‍ക്ക് ആ മനോഹരദിനങ്ങള്‍ ഹൃദയവസന്തമൊരുക്കുന്ന സ്മരണകളാണ്.

ദൗര്‍ഭാഗ്യവശാല്‍, ദാമ്പത്യത്തെ പ്രതിസന്ധിയിലാഴ്ത്തിയ ബാഹ്യസമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി നേരിടാന്‍ എനിക്കുകഴിഞ്ഞില്ല. അതെത്തുടര്‍ന്ന് വിവാഹമോചനത്തിലാണ്  ദാമ്പത്യം മൂക്കുകുത്തിവീണത്. വിവാഹമോചനത്തിന്റെ ആദ്യനാളുകള്‍ ഞങ്ങളിരുവരും ഏകാന്തതയുടെ തുരുത്തിലകപ്പെട്ടതുപോലെയായി. ഞാന്‍ തിരക്കുകളില്‍ മുഴുകി ആ ശോകസാന്ദ്രമായ ഏകാന്തതയെ മറികടന്നു. അവളും ആ പ്രണയമനോജ്ഞദിനങ്ങളുടെ നഷ്ടസ്വപ്‌നങ്ങളില്‍ നിന്ന് തിരക്കുകളിലേക്ക് ഊളിയിട്ട് രക്ഷപ്പെടുകയായിരുന്നു.

ഈ സംഭവം ഞാനിവിടെ എഴുതാന്‍ കാരണമുണ്ട്. വിവാഹമോചനത്തിനുശേഷം ഞങ്ങളിരുവരും ദാമ്പത്യജീവിതത്തിലെ പ്രശ്‌നകലുഷിതസംഭവങ്ങളെ അനുസ്മരിക്കാറുണ്ടായിരുന്നു. അതില്‍ എനിക്ക് എന്നും ഗുണപാഠമായി ഭവിച്ചതും അത്ഭുതപ്പെടുത്തിയതുമായ ഒരു സംഗതി അവളുടെ അടിയുറച്ച ഈമാനായിരുന്നു. അവളുടെ പ്രേമത്തെയും സ്‌നേഹത്തെയും ഞാന്‍ ചെറുതായിക്കണ്ടുവെന്നതായിരുന്നു എനിക്കുസംഭവിച്ച പിഴവ്. അവളുടെ എന്നോടുള്ള സ്‌നേഹം നിരുപാധികവും അതീവപരിഗണനകളോടെയുമായിരുന്നു. അല്ലാഹുവോടുള്ള അവളുടെ സ്‌നേഹത്തെ എന്നോടുള്ള സ്‌നേഹവുമായി താരതമ്യം ചെയ്യാനാകില്ലെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനാലാണ് അവളിന്നും സന്തോഷവതിയായി കഴിയുന്നത്. വിവാഹജീവിതത്തിന് മുമ്പുണ്ടായിരുന്ന അതേ ഉന്‍മേഷത്തോടെയും സന്തോഷത്തോടെയും അവള്‍ജീവിക്കുന്നതിന്റെ രഹസ്യവും അതുതന്നെ.

ദാമ്പത്യത്തില്‍ പങ്കാളിയുടെ സ്‌നേഹം നഷ്ടപ്പെടുമെന്ന് ആശങ്കിച്ചു ജീവിക്കുന്ന സ്ത്രീപുരുഷന്‍മാര്‍ നമുക്കിടയിലുണ്ട്. സുഖസൗകര്യങ്ങളുടെ തണലും  അതെന്നും നിലനില്‍ക്കണമെന്ന ആഗ്രഹവുമാണ് അത്തരം ഭയങ്ങളുടെ പിന്നിലുള്ളത്. ദീര്‍ഘകാലമായി ദാമ്പത്യപങ്കാളിയായ ആള്‍ നിങ്ങളുടെ ശരീരാവയവം പോലെ ജീവിതത്തിന്റെ ഭാഗമായിത്തീരാം. അത്തരമൊരു പങ്കാളി  നഷ്ടപ്പെടുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുന്നതുപോലെ അനുഭവപ്പെടും. അതിനാല്‍ അത് നഷ്ടപ്പെടുമോയെന്ന ഭയം പ്രഥമഘട്ടത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ ആ ഭയത്തിന്റെ പിന്നാമ്പുറങ്ങളെ മാന്തിപുറത്തിടുമ്പോള്‍ ആശ്രിതത്വത്തിന്റെ ശക്തമായ ചങ്ങലക്കെട്ടുകള്‍ അതിലുണ്ടെന്ന് കാണാനാകും. എല്ലാവരും ആശ്രയിക്കുന്ന അല്ലാഹുവിനെ വിട്ട്  പങ്കാളിയെ ആശ്രയമായി കാണുന്നതാണ് ഇവിടത്തെ മുഖ്യപ്രശ്‌നം. അതുകൊണ്ടുമാത്രം വളരെ വിരസമായ ദാമ്പത്യജീവിതങ്ങള്‍ തള്ളിമുന്നോട്ടുനീക്കുന്നവരുണ്ട്. ദാമ്പത്യജീവിതം അവസാനിപ്പിച്ചാല്‍ ശേഷിക്കുന്ന തന്റെ ജീവിതം എന്തായിരിക്കുമെന്ന ആശങ്ക ഇവരെ ദുര്‍ബലരാക്കുന്നു. പീഡനങ്ങളുടെ ഗാഥമാത്രം രചിക്കുന്ന ദാമ്പത്യത്തില്‍ ഇത്തരത്തിലുള്ള ഭയം  കൂടുതല്‍ പ്രകടമായിരിക്കും. പങ്കാളിയുടെ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ അപരന്റെ അന്തഃചോദനയെയും ആത്മവിശ്വാസത്തെയും ചോര്‍ത്തിക്കളയുന്നതുകൊണ്ടാണ് ഈ ഭയം മനസ്സില്‍ ശക്തിയായി  കൂടുകൂട്ടുന്നത്.

അല്ലാഹുവിനെ എല്ലാറ്റിനേക്കാളുപരി സ്‌നേഹിക്കുകയെന്നതാണ് ഈ ഭയത്തെ അതിജയിക്കാനുള്ള പോംവഴി. എന്നെ അതിന്റെ പ്രാധാന്യമെന്തെന്ന് പഠിപ്പിച്ച മുന്‍ഭാര്യയുടെ ജീവിതം അതിന് തെളിവാണ്. അല്ലാഹുവോടുള്ള തീവ്രസ്‌നേഹത്തിന്റെ മുന്നില്‍ എല്ലാ പ്രതിസന്ധികളും നിസ്സാരമാണ്. നിത്യജീവിതത്തില്‍ നിങ്ങളുടെ പരാതികളും സങ്കടങ്ങളും കേള്‍ക്കാനും തോളില്‍ ചാരി  കരയാനും അല്ലാഹുവുണ്ടാകുമ്പോള്‍ എല്ലാ ഭയവും നിങ്ങളില്‍നിന്ന് അകലുന്നു. അല്ലാഹു ഖുര്‍ആനില്‍ പറയുന്നതിങ്ങനെ:’ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേര്‍വഴിയില്‍ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരില്ല'(അഹ്ഖാഫ് 13).

Topics