ചോദ്യം: ഒരു രോഗിക്ക് ഖുര്‍ആനിക സൂക്തങ്ങള്‍ ഓതി ചികിത്സിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്?
മറുപടി: ഔഫുബ്‌നു മാലിക് (റ) പറയുന്നു. ‘ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് മന്ത്രിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ നബിയോട് തിരക്കി. നബിയേ അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമുണ്ടോ? നബി പറഞ്ഞു. നിങ്ങളുടെ മന്ത്രങ്ങള്‍ കാണിക്കുവിന്‍. നിങ്ങളുടെ മന്തിച്ചൂതലില്‍ (ശ്രുശ്രൂഷയില്‍) ശിര്‍ക്കില്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതിന് കുഴപ്പമില്ല.’ (സ്വഹീഹു മുസ്‌ലിമിലെ കിതാബു സ്സലാമില്‍ 2200 ാമത് ഹദിസാണിത്) ജാബിര്‍ (റ) റിപോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ കാണാം. പ്രവാചകന്‍ തിരുമേനി മന്ത്രചികിത്സ നിരോധിച്ചു. അങ്ങനെയിരിക്കെ അംറുബ്‌നു ഹസമിന്റെ കുടുബക്കാര്‍ വന്ന് തിരുമേനിയോടു പറഞ്ഞു. റസൂലേ ഞങ്ങളുടെ അടുക്കലുള്ള ചികിത്സാ രീതിയാണിത്. തേള്‍ വിഷമേറ്റാല്‍ ഞങ്ങള്‍ ചികിത്സിക്കുന്നത് ഇങ്ങനെയാണ് എന്നു പറഞ്ഞ്, അവര്‍ തിരുമേനിക്ക് ചികിത്സ രീതി കാട്ടിക്കൊടുത്തു. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു. ഇതില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല. ആര്‍ക്കെങ്കിലും തന്റെ സഹോദരന് പ്രയോജനം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. (സ്വഹീഹു മുസ്‌ലിം, ബാബു ഇസ്തിഹ്ബാബു റുഖ് യതി മിനല്‍ ഐന്‍ വന്നംലതി വല്‍ ഹുമ്മതി വന്നള്‌റതി 2199)
ഹാഫിദ് ഇബ്‌നു ഹജറുല്‍ അസ്ഖലാനി പറയുന്നത് പൊതുവായി ഇത്തരം ചികിത്സയെ മുസ്‌ലിം സമുഹം സ്വീകരിച്ചു പോന്നിട്ടുണ്ട്. മനുഷ്യന് പ്രയോജനം ഉള്ള അത്തരം എല്ലാ ചികിത്സകളെയും അവര്‍ അനുവദനീയമാക്കി. അവര്‍ ചൊല്ലുന്ന മന്ത്രത്തിന്റെ അര്‍ത്ഥം അവര്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവര്‍ക്ക് ഗുണം ചെയ്യുന്നതിനാല്‍ അവര്‍ തുടര്‍ന്നു പോന്നു. എന്നാല്‍ ഔഫിന്റെ ഈ ഹദീസില്‍ നിന്ന് മനസ്സിലാകുന്നത്, ശിര്‍ക്ക് ഉള്‍ക്കൊള്ളുന്ന മന്ത്രങ്ങളോ അതിലേക്കു നയിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെങ്കിലോ അത്തരം ചികിത്സാരീതികള്‍ ഹറാമാണ്, ശിര്‍ക്കുണ്ടോ ഇല്ലയോ എന്ന് അര്‍ത്ഥമറിയാത്ത വാചകങ്ങള്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ശിര്‍ക്കുമായി കൂടിക്കലരുന്നുണ്ടെന്നു സംശയാസ്പദമായ മന്ത്രങ്ങളോ ഇത്തരം ചികില്‍സക്കു വേണ്ടി ഉപയോഗിച്ചുകൂടാ. (ഫത്ഹുല്‍ ബാരി 10/195,196)
ഇത്തരം ചികിത്സയുടെ നിയമസാധുത പ്രവാചകന്റെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അംഗീകാരം കൊണ്ടും സ്ഥിരപ്പെട്ടതാണ്. പ്രവാച തിരുമേനി (സ) തന്നെ തന്റെ അനുചരന്‍മാരില്‍ ചിലരെ അങ്ങനെ ചെയ്തിട്ടുണ്ട്. ജിബ്‌രീല്‍ പ്രവാചകനെ മന്ത്രിച്ചിട്ടുണ്ട്. ചില സ്വഹാബാക്കളോടു അങ്ങനെ ചെയ്യാന്‍ തിരുമേനി കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അപ്രകാരം അവിടുന്ന് തന്റെ കുടംബത്തിലെ അടുപ്പക്കാരോടും അങ്ങനെ ചെയ്യാന്‍ ഉപദേശിച്ചിട്ടുമുണ്ട്.
ആയിശ (റ) റിപോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ തിരുമേനിയുടെ അടുക്കല്‍ പ്രയാസങ്ങളുണ്ടെന്ന് ആവലാതി ബോധിപ്പിച്ചാല്‍ അല്ലെങ്കില്‍ അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മനഃപ്രയാസമോ വിഷമതകളോ പേറിവന്നാല്‍, തിരുമേനി തന്റെ ചൂണ്ടുവിരല്‍ ഇങ്ങനെ വയ്ക്കും. (ഹദീസ് റിപോര്‍ട്ട് ചെയ്യുന്ന സുഫ്‌യാന്‍ എന്ന സ്വഹാബി എന്നിട്ട് ചൂണ്ടു വിരല്‍ ഭൂമിയില്‍ കുത്തി കാണിച്ചു) എന്നിട്ട് അത് ഉയര്‍ത്തിയിട്ട് പറയും. ‘അല്ലാഹുവിന്റെ നാമത്തില്‍, നമ്മുടെ ഭൂമിയിലെ മണ്ണിനാല്‍, നമ്മളില്‍ ചിലരുടെ ഉമിനീരിനാല്‍, അല്ലാഹുവിന്റെ അനുമതികൊണ്ട് നമ്മില്‍ ചിലരുടെ രോഗം ശമിക്കട്ടെ (മുത്തഫഖുന്‍ അലൈഹി 1417) ഈ ഹദീസിന്റെ സാരം തിരുമേനി തന്റെ ഉമിനീരില്‍ അല്‍പം വിരലുകള്‍ കൊണ്ട് എടുക്കുകയും എന്നിട്ടത് മണ്ണില്‍ വെക്കുകയും ആ മണ്ണുമായി ചേര്‍ത്തിയതിനു ശേഷം രോഗിയുടെ അസുഖ ബാധിത പ്രദേശത്തു വെക്കുകയാണ് തിരുമേനി ചെയ്തിരുന്നത് എന്നാണ്. അഥവാ രോഗ ബാധിത പ്രദേശത്ത് തടവുകയോ തിരുമ്മുകയോ ചെയ്യുകയാണ് തിരുമേനി ചെയ്തിരുന്നത്. രോഗം കൊണ്ട് തിരുമേനി തന്നെ പ്രയാസമുണ്ടാകുമ്പോള്‍ ജിബ്‌രീല്‍ (അ) തിരുമേനിയെ മന്ത്രിച്ചിരുന്നതായി ആയിശ (റ) പറഞ്ഞിട്ടുണ്ട്.(മുസ്‌ലിം ബാബുത്വിബ്ബ്, വല്‍മറദ് വര്‍ഖ് യ് 2185).
അബൂ സഈദില്‍ ഖുദ്‌രിയില്‍ നിന്ന് നിവേദനം. ‘ജിബ്‌രീല്‍ (അ) തിരുമേനിയുടെ അരില്‍കില്‍ വരും. എന്നിട്ട് ചോദിക്കും. ‘അല്ലയോ മുഹമ്മദ് താങ്കള്‍ക്ക് വല്ല അസ്വസ്ഥതയുമുണ്ടോ? അപ്പോള്‍ തിരുമേനി പറയും. ഉണ്ട്. അപ്പോള്‍ ജിബ്‌രീല്‍ പറയും. അല്ലാഹുവിന്റെ നാമത്തില്‍ താങ്കള്‍ക്കു പ്രയാസമുണ്ടാക്കിക്കൊണ്ടിരിക്കുന്ന എല്ലാ മനുഷ്യരില്‍ നിന്നും അസൂയക്കാരന്റെ കണ്ണുകളില്‍ നിന്നും ഞാന്‍ താങ്കളെ സൗഖ്യപ്പെടുത്തുന്നു. അല്ലാഹു താങ്കള്‍ക്ക് സൗഖ്യം പ്രദാനം ചെയ്യട്ടെ’. (മുസ്‌ലിം, 2186)
ആയിശ (റ) പറയുന്നു. തിരുമേനിക്ക് എന്തെങ്കിലും അസ്വസ്ഥകള്‍ ഉണ്ടാവുകയാണെങ്കില്‍ തിരുമേനി സ്വയം മുഅവ്വിദതൈയ്‌നി (സൂറതുല്‍ ഫലഖും സൂറതുന്നാസും ) ഓതി തന്റെ ശരീരത്തില്‍ ഊതും. അദ്ദേഹത്തിന് പ്രയാസം അധികരിക്കുകയാണെങ്കില്‍ ഞാന്‍ ഖുര്‍ആനോതി അദ്ദേഹത്തിന്റെ മേലില്‍ ഊതുകയും തടവുകയും ചെയ്യുമായിരുന്നു. അല്ലാഹുവിന്റെ ബര്‍കത് പ്രതീക്ഷിച്ചുകൊണ്ട് (മുത്തഫഖുന്‍ അലൈഹി). നഫസ് എന്ന പദത്തിന്റെ അര്‍ത്ഥം വളരെ മൃദുവായി ഊതുക എന്നാണ്.
അതുപോലെ പ്രവാചകന്‍ (സ) കണ്ണേറില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി ശരണ പ്രാര്‍ത്ഥന നടത്താന്‍ കല്‍പ്പിച്ചിരുന്നതായും ഹദീസുകളില്‍ വന്നിട്ടുണ്ട്. ജാബിര്‍ (റ) പറയുന്നു. തിരുമേനി (സ) അസ്മാഅ് ബിന്‍ത് അമീസിനോടു പറഞ്ഞു. ബനു ളാരിഇന്റെ ശരീരത്തില്‍ ചില പ്രയാസങ്ങള്‍ ഉള്ളതായി ഞാന്‍ കാണുന്നു. എന്നാല്‍ അസ്മാഅ് പറഞ്ഞു. ഇല്ല അസുഖങ്ങളില്ല. എന്നാല്‍ മറ്റുള്ളവരുടെ കണ്ണേറ് കിട്ടുന്നുണ്ട്. തിരുമേനി പറഞ്ഞു. എന്നാല്‍ അവരെ മന്ത്രിക്കുക. (മുസ്‌ലിം, ഹദീസ് 2198) പ്രവാചകന്റെ അമ്മാവന്റ് മകനായ ജഅ്ഫറിന്റെ മക്കളാണ് ഇവിടെ ഉദ്ദേശ്യം. സഹാബികളില്‍ ചിലര്‍ യാത്രയില്‍ ഒരു ഗോത്രത്തിലെ ആളുകള്‍ക്ക് മന്ത്ര ചികിത്സ നടത്തിയപ്പോള്‍ അവര്‍ അതിന് പ്രതിഫലമായി ആടുകളെ നല്‍കുകയും ചെയ്യുകയുണ്ടായി. എന്നാല്‍ പ്രതിഫലം സ്വീകരിക്കാന്‍ വിസമ്മതിച്ച അനുചരന്‍മാര്‍ അക്കാര്യം തിരുമേനിയോട് പറഞ്ഞപ്പോള്‍ തിരുമേനി അവരോടു പറഞ്ഞു. ‘അവരില്‍ നിന്ന് പ്രതിഫലം വാങ്ങിക്കോളൂ, അതില്‍ ഒരു പങ്ക് എനിക്കും കൊടുത്തയച്ചോളൂ’ എന്നും ഹദീസുകളില്‍ കാണാം. (മുത്തഫഖുന്‍ അലൈഹി 1420)
ഡോ.ശൈഖ് യൂസുഫുല്‍ ഖറദാവി
Add Comment