ഉസ്വൂല്‍, ഫിഖ്ഹ് എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്നുണ്ടായ സംജ്ഞയാണ് ഉസ്വൂലുല്‍ഫിഖ്ഹ്. അസ്വ്ല്‍ എന്ന അറബി പദത്തിന്റെ ബഹുവചനമാണ് ഉസ്വൂല്‍. വേര്, അടിഭാഗം, ഉദ്ഭവം, പിതാവ്, തറവാട്, അസ്തിവാരം, അടിസ്ഥാനം, കാരണം, നിയമങ്ങള്‍, മൂലതത്വങ്ങള്‍ എന്നീ അര്‍ത്ഥങ്ങളിലെല്ലാം ഭാഷയില്‍ പ്രസ്തുത പദം പ്രയോഗിക്കാറുണ്ട്. ഒട്ടേറെ സാങ്കേതിക അര്‍ഥങ്ങളുമുണ്ട് അസ്വ്‌ലിന്. കര്‍മശാസ്ത്രത്തില്‍ തെളിവ് (ദലീല്‍) എന്ന അര്‍ഥത്തിലാണ് അത് പ്രയോഗിക്കുന്നത്.
ചില നിദാന ശാസ്ത്രകാരന്‍മാരുടെ വീക്ഷണമനുസരിച്ച് ഖണ്ഡിത രൂപേണ കര്‍മശാസ്ത്രവിധികള്‍ കണ്ടെത്താനുതകുന്ന സ്രോതസ്സുകളെ – ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവ- യാണ് ‘ദലീല്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അതേസമയം ഊഹാധിഷ്ഠിതമായി കര്‍മശാസ്ത്രവിധികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന അടിസ്ഥാനങ്ങളെ – ഖിയാസ് പോലുള്ളവ – ‘അമാറത്ത്’ എന്നാണ് വിളിക്കുക.
ഫിഖ്ഹ് എന്ന പദത്തിന് ഭാഷയില്‍ രണ്ടര്‍ത്ഥങ്ങളുണ്ട്: 1) വിവരം, തിരിച്ചറിവ്. 2) അവഗാഹം, ആഴത്തിലുള്ള ആശയ ഗ്രഹണം. ചിലപ്പോള്‍ ഈ രണ്ടര്‍ത്ഥങ്ങള്‍ ഒരുമിച്ചും ഉദ്ദേശിക്കപ്പെടാറുണ്ട്. എന്നാല്‍ സാങ്കേതികമായി ‘ശരീഅത്തിന്റെ കര്‍മപരമായ നിയമങ്ങളെക്കുറിച്ച് അതിന്റെ വിശദമായ തെളിവുകളില്‍ നിന്ന് ലഭിക്കുന്ന ജ്ഞാനമാണ് ഫിഖ്ഹ്’. അതായത് ഫിഖ്ഹ് എന്നാല്‍ നിയമനിര്‍മാണമാണ്. ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ട പ്രശ്‌നങ്ങള്‍ സാങ്കേതികാര്‍ത്ഥത്തിലുള്ള ഫിഖ്ഹ് അല്ല. അവ മനഃപാഠമാക്കുന്നവന്‍ ഫഖീഹുമല്ല. മറിച്ച് അവ ഫിഖ്ഹിന്റെ ഫലങ്ങളും അവയറിയുന്നവന്‍ ‘ഫുറൂഈ’യുമാണ്. ശരിയായ തെളിവുകളില്‍ നിന്ന് പ്രശ്‌നപരിഹാരം കണ്ടെത്തുന്ന മുജ്തഹിദാണ് ഫഖീഹ്.
ഉപരിസൂചിത നിര്‍വചനപ്രകാരം ഭൗതിക വിജ്ഞാനീയങ്ങള്‍, വിശ്വാസപരവും സ്വഭാവപരവുമായ നിയമങ്ങള്‍ എന്നിവ ഫിഖ്ഹിന്റെ പരിധിക്കു പുറത്താണ്.
നിര്‍വചനത്തിലെ ‘അതിന്റെ വിശദമായ തെളിവുകള്‍’ എന്ന പ്രസ്താവം രണ്ടു തരം തെളിവുകളെ കുറിക്കുന്നു. 1) ശരീഅത്തിന്റെ അടിസ്ഥാന സ്രോതസ്സുകളായ ഖുര്‍ആനും സുന്നത്തും. ഇതിന് പരമ്പരാഗത തെളിവ് എന്നും പറയാറുണ്ട്. 2) ഗവേഷണപരമായ തെളിവുകള്‍. ഇജ്മാഅ്, ഖിയാസ് എന്നിവ ഈ ഗണത്തിലാണ് പെടുക. ഇസ്തിഹ്‌സാന്‍, ഇസ്തിസ്ഹാബ്, ഇസ്തിസ്‌ലാഹ്, മസാലിഹു മുര്‍സല, ഉര്‍ഫ് തുടങ്ങി ഭിന്നാഭിപ്രായമുള്ള തെളിവുകള്‍ വേറെയുമുണ്ട്.
അപ്രകാരം തന്നെ നിര്‍വചനത്തിലെ ‘ജ്ഞാനം’ എന്ന വാക്ക് ഖണ്ഡിത ജ്ഞാനത്തേയും ഊഹാധിഷ്ഠിത ജ്ഞാനത്തേയും ഉള്‍ക്കൊള്ളുന്നു.
ഒരു മനുഷ്യന് വേണ്ട എല്ലാ വിജ്ഞാനീയങ്ങളും ഉള്‍ക്കൊള്ളും വിധം വിശാലമാണ് ഫിഖ്ഹിനെ സംബന്ധിച്ച ഇമാം അബൂഹനീഫയുടെ നിര്‍വചനം. അദ്ദേഹത്തിന്റെ കാലത്ത് മറ്റു ശരീഅത്ത് നിയമങ്ങളില്‍ നിന്നും സ്വതന്ത്രമായ ഒന്നായി ഫിഖ്ഹ് രൂപപ്പെടാത്തതാവാം അതിന് കാരണം.
അപ്പോള്‍ ‘കര്‍മപരമായ ശരീഅത്ത് വിധികള്‍ അവയുടെ വിശദമായ തെളിവുകളില്‍നിന്ന് നിര്‍ധാരണം ചെയ്യുന്നതിന് സഹായകമായ പൊതു തത്വങ്ങള്‍ അല്ലെങ്കില്‍ പൊതു തത്വങ്ങളെക്കുറിച്ച അറിവ്’ എന്ന് ഉസ്വൂലുല്‍ ഫിഖ്ഹിനെ നമുക്ക് നിര്‍വചിക്കാം. ഉദാഹരണമായി, ‘നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക, പ്രവചകന്‍മാരെ അനുസരിക്കുക’ എന്ന ഖുര്‍ആന്‍ വചനത്തില്‍ നിന്ന് ഒരു ഉസ്വൂലി (നിദാനശാസ്ത്രകാരന്‍) നിര്‍ധാരണം ചെയ്യുന്നത് ‘പ്രത്യേക തെളിവുകളില്ലെങ്കില്‍ കല്‍പന നിര്‍ബന്ധത്തെകുറിക്കുന്നു’ എന്ന പൊതു തത്വമായിരിക്കും. അതേസമയം, നമസ്‌കാരവും സകാത്തും പ്രവാചകനെ അനുസരിക്കലും നിര്‍ബന്ധമാണെന്നായിരിക്കും ഒരു ഫഖീഹ് (കര്‍മശാസ്ത്രകാരന്‍) നിര്‍ധാരണം ചെയ്‌തെടുക്കുന്നത്.
അപ്രകാരം തന്നെ ”നിങ്ങള്‍ വ്യഭിചാരത്തോടടുക്കരുത്” എന്ന ഖുര്‍ആനിക വചനത്തില്‍നിന്ന് ‘പ്രത്യേക തെളിവുകളില്ലെങ്കില്‍ നിഷേധം നിഷിദ്ധത്തെ സൂചിപ്പിക്കുന്നു’ എന്ന പൊതുതത്വം ഒരു ഉസ്വൂലി നിര്‍ധാരണം ചെയ്‌തെടുക്കുമ്പോള്‍ വ്യഭിചാരം നിഷിദ്ധമാണെന്നായിരിക്കും ഒരു ഫഖീഹ് നിര്‍ധാരണം ചെയ്യുന്നത്.
Add Comment