ജ്ഞാനം നേടി എന്നാണ് ‘ഫഖിഹ ‘ എന്ന അറബി പദത്തിന്റെ മൂലാര്‍ത്ഥം. ഖുര്‍ആനിലും ഹദീസിലും പ്രസ്തുത പദം പ്രയോഗിച്ചിട്ടുള്ളത് വിശാലമായ അര്‍ത്ഥത്തിലാണ്. എന്നാല്‍ പില്‍ക്കാലത്ത് ഇസ്‌ലാമിന്റെ വിവിധ വിജ്ഞാന ശാഖകള്‍ വികാസം പ്രാപിച്ചപ്പോള്‍ കര്‍മ്മാനുഷ്ഠാനങ്ങളെ മാത്രം ഉദ്ദേശിച്ചു ഫിഖ്ഹ് എന്ന് പ്രയോഗിച്ച് തുടങ്ങി. മതത്തിന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ നിയമപരമായി ബാധ്യസ്ഥരായ സ്ത്രീ-പുരുഷന്‍മാരുടെ കര്‍മ്മാനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള പ്രതിപാദനങ്ങളാണ് ഫിഖ്ഹ്. നിര്‍ബന്ധം, നിഷിദ്ധം, അനുവദിനീയം, ഐച്ഛികം, ഉപേക്ഷിച്ചാല്‍ നല്ലതും ചെയ്താല്‍ കുറ്റമില്ലാത്തതുമായ കാര്യങ്ങള്‍ ഇങ്ങനെയാണ് കര്‍മ്മങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍. ഖുര്‍ആന്‍, നബിചര്യ എന്നിവയില്‍ നിന്നു ലഭിക്കുന്ന തെളിവുകളാണ് ഫിഖ്ഹിന്ന് ആധാരം.
നമസ്‌കാര ക്രമങ്ങള്‍, ശുദ്ധീകരണ നിയമങ്ങള്‍, നോമ്പിനെ സംബന്ധിക്കുന്ന നിയമങ്ങള്‍, സകാത്ത് എന്നീ ആരാധനാപരമായ (ഇബാദത്തീ) കാര്യങ്ങളും വ്യവഹാരങ്ങളും (മുആമലാത്ത്) ഫിഖ്ഹിന്റെ പരിഗണനയില്‍ വരുന്നു.
Add Comment