നമസ്‌കാരം-Q&A

ഇരുന്ന് നമസ്‌കരിക്കുന്ന ഇമാം

ചോദ്യം: ചില ശാരീരികവിഷമതകളാല്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നയാള്‍ ഇരിക്കുന്നതിന് അനുവാദമുണ്ടോ? അതായത്, ഇരുന്നു നമസ്‌കരിക്കുന്നയാളെ ഇമാമായി പിന്തുടരാമോ?

ഉത്തരം: രോഗങ്ങളാലോ മറ്റു ശാരീരികപ്രശ്‌നങ്ങളാലോ ഇമാമിന് നിന്ന് നമസ്‌കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിന്ന് നമസ്‌കരിക്കുന്ന മറ്റൊരാളെ ഇമാമാക്കുന്നതാണ് ഏറ്റവും യുക്തിസഹമായിട്ടുള്ളത്. കര്‍മശാസ്ത്രവിദഗ്ധര്‍ക്ക് അഭിപ്രായവ്യത്യാസമുള്ള ഈ വിഷയത്തില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ അതാണേറ്റവും നല്ലത്.

നിന്ന് നമസ്‌കരിക്കുന്ന ഇമാമിനുപിന്നില്‍ മഅ്മൂമുകള്‍ നിന്നും ഇരുന്ന് നമസ്‌കരിക്കുന്നയാളാണെങ്കില്‍ ഇരുന്നും നമസ്‌കരിക്കണമെന്ന് ചില കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ പറയുന്നുണ്ട്. അവരുടെ ഈ വാദത്തിന് തെളിവ് താഴെ പറയുന്ന ഒരു പ്രവാചകവചനമാണ്. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ‘അനുധാവനം ചെയ്യപ്പെടാന്‍ വേണ്ടിയാണ് ഇമാം. ഇമാം തക്ബീര്‍ ചൊല്ലിയാല്‍ നിങ്ങളും തക്ബീര്‍ ചൊല്ലുക. റുകൂഅ് ചെയ്താല്‍ നിങ്ങളും റുകൂഅ് ചെയ്യുക. ഇമാം സുജൂദ് ചെയ്യുമ്പോള്‍ നിങ്ങളും സുജൂദ് ചെയ്യുക. അതേപോലെ, ഇമാം ഇരുന്നാണ് നമസ്‌കരിക്കുന്നതെങ്കില്‍ നിങ്ങളും ഇരുന്ന് നമസ്‌കരിക്കുക.’

എന്നാല്‍ മേല്‍ഹദീഥിന് വിരുദ്ധമായി പ്രവാചകപത്‌നിയും വിശ്വാസികളുടെ മാതാവുമായ ആഇശ(റ)യില്‍നിന്ന് പ്രാമാണികമായ മറ്റൊരു റിപ്പോര്‍ട്ടുണ്ട്. നബിതിരുമേനി അവസാനനാളുകളില്‍ രോഗബാധിതനായപ്പോള്‍ ഇരുന്നാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. അതേസമയം, അബൂബക്ര്‍, ഉമര്‍ തുടങ്ങി അനുയായികളെല്ലാവരുംതന്നെ നിന്നാണ് നമസ്‌കരിച്ചത്. മുകളില്‍ കൊടുത്ത ഹദീഥ് അതിനാല്‍ തന്നെ നസ്ഖ് ചെയ്യപ്പെട്ടതാണെന്നാണ് അവരുടെ വീക്ഷണം.

ചുരുക്കത്തില്‍, തര്‍ക്കങ്ങളില്‍നിന്നും വിവാദങ്ങളില്‍നിന്നും മുക്തമാകാന്‍ ഏറ്റവും നല്ലത്, ഇമാമായി നില്‍ക്കാന്‍ കഴിയാത്തവിധം വൈകല്യങ്ങളോ വിഷമതകളോ ഉള്ള ആളെ മാറ്റി യോഗ്യതകളുള്ള മറ്റൊരാളെ നിശ്ചയിക്കുകയാണ്. പ്രത്യേകിച്ചും, നമസ്‌കാരത്തിന് ഇമാമായി നില്‍ക്കാന്‍ യോഗ്യതയുള്ള ഒട്ടേറെപേര്‍ സമൂഹത്തില്‍ സുലഭമായിരിക്കെ. എന്നാല്‍ ജുമുഅ ദിനത്തില്‍ ഖത്വീബിന് നില്‍ക്കാന്‍ പ്രയാസമുണ്ടെങ്കില്‍ പ്രഭാഷണശേഷം നമസ്‌കാരത്തിന് മറ്റൊരാളെ ഇമാമായി ഖത്വീബ് നിശ്ചയിച്ചുകൊണ്ട് പരിഹാരം കാണാവുന്നതാണ്. ഖുത്വുബ നിര്‍വഹിക്കാന്‍ യോഗ്യരായവര്‍ തദ്ദേശവാസികളില്‍ ഉണ്ടായിരിക്കണമെന്നില്ല എന്നതാണ് ഇവ്വിഷയത്തിലെ ന്യായം.

ശൈഖ് അഹ്മദ് കുട്ടി

Topics