ചോദ്യം: നമസ്‌കരിക്കുമ്പോള്‍ ഏകാഗ്രതയ്ക്കായി കണ്ണടച്ചു പിടിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ ? ക്രൈസ്തവകുടുംബത്തിലായിരുന്നു ഞാന്‍ ജനിച്ചത്. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതല്‍ക്കേ ശീലിച്ചിട്ടുള്ളത് കണ്ണടച്ചുപ്രാര്‍ഥിക്കുന്നതാണ്. ഇപ്പോള്‍ നമസ്‌കാരത്തില്‍ ഏകാഗ്രത കിട്ടാനും എന്നെ സഹായിക്കുന്നത് അതാണ്.കണ്ണടക്കുന്നതിനെപ്പറ്റി പല മുസ്‌ലിംസഹോദരങ്ങളോട് ചോദിച്ചിട്ടും സുവ്യക്തമായ മറുപടി ലഭിച്ചില്ല. യഥാര്‍ഥത്തില്‍ പ്രവാചകന്‍ തിരുമേനി കണ്ണടച്ചുനിന്ന് നമസ്‌കരിക്കുന്നതിനെ വിലക്കിയിട്ടുണ്ടോ? അതല്ല, നബി(സ) കണ്ണുതുറന്നാണ് അല്ലാതെ കണ്ണടച്ചുപിടിച്ചല്ല നമസ്‌കരിച്ചിരുന്നത് എന്നതാണോ വിലക്കിനുള്ള ന്യായം ? കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു ?
ഉത്തരം: അല്ലാഹുവിനുള്ള അനുസരണത്തിന്റെ പാതയില്‍ അവന്‍ നമ്മെ സദാ ഉറപ്പിച്ചുനിറുത്തട്ടെ. അവനുമായുള്ള ബന്ധത്തെ സദാ ഊട്ടിയുറപ്പിക്കാനുള്ള മാര്‍ഗമാണ് നിര്‍ബന്ധകര്‍മങ്ങളിലൊന്നായ നമസ്‌കാരം. അതിനാല്‍ അത് ദിനേന അഞ്ചുനേരം വിശ്വാസി ക്രമപ്രകാരം മുറുകെപ്പിടിക്കേണ്ടതുണ്ട്. അല്ലാഹുവുമായുള്ള ദാസന്‍മാരുടെ ബന്ധം ശക്തിപ്പെടുത്തുന്ന പ്രസ്തുത ഇബാദത്ത് പാപമോചനത്തിന്റെ അടിസ്ഥാനമാനദണ്ഡംകൂടിയാണ്. മുഹമ്മദ് നബി(സ)തിരുമേനി ഇപ്രകാരം പറഞ്ഞു:’വന്‍പാപങ്ങളില്‍ ഏര്‍പ്പെടാതെ അഞ്ചുനേരമുള്ള നമസ്‌കാരം, ഒരു ജുമുഅദിനം മുതല്‍ അടുത്ത ജുമുഅവരെ,റമദാന്‍ വ്രതം മുതല്‍ അടുത്ത വ്രതക്കാലം വരെയുള്ള പാപങ്ങള്‍ പൊറുപ്പിക്കുന്നതാണ്'(മുസ്‌ലിം).
അടിമയുടെ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തെ കുറിക്കുന്നതാണ് നമസ്‌കാരത്തിലെ കൃത്യനിഷ്ഠ. നബി(സ)പറഞ്ഞു:’ പള്ളിയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന ആരെയെങ്കിലും കണ്ടാല്‍ അവന്റെ വിശ്വാസത്തെ നിങ്ങള്‍ പരിശോധിക്കുക. തീര്‍ച്ചയായും അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കുന്നത്’ (അത്തൗബ 18) ‘(തിര്‍മിദി).
പ്രാര്‍ഥന നിര്‍വഹിക്കുമ്പോഴുള്ള ഏകാഗ്രതയ്ക്ക് മുന്‍ഗണന നല്‍കുന്ന വിഷയത്തില്‍ ക്രൈസ്തവതയില്‍നിന്ന് വ്യത്യസ്തമല്ല ഇസ്‌ലാമും. നമസ്‌കാരത്തില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന സംഗതികളെത്തൊട്ട് നബിതിരുമേനി (സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനസ്ബ്‌നുമാലികി(റ)ല്‍നിന്ന് നിവേദനം: നമസ്‌കാരത്തില്‍ ചിലര്‍ ആകാശത്തേക്ക് ദൃഷ്ടിപായിക്കുന്നു. അവര്‍ക്കെന്താണ് പറ്റിപ്പോയത്? നബിതിരുമേനി ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം പരുഷമായിരുന്നു.’ഒന്നുകില്‍ അവര്‍ ആ രീതി ഉപേക്ഷിക്കട്ടെ(നമസ്‌കാരത്തിനിടയ്ക്ക് മുകളിലേക്ക് നോക്കുന്നത്); അല്ലെങ്കില്‍ അവരുടെ കാഴ്ച നഷ്ടപ്പെട്ടുപോകട്ടെ.'(അല്‍ബുഖാരി).
നമസ്‌കാരത്തില്‍ ശ്രദ്ധതെറ്റുമെന്ന് ആശങ്കയുണ്ടെങ്കില്‍ മാത്രമേ കണ്ണടക്കാവൂ എന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇമാം ഇസ്സുബ്‌നു അബ്ദുസ്സലാം പറയുന്നത് അത്യാവശ്യമെങ്കില്‍ ഏകാഗ്രത ലഭിക്കാനായി നമസ്‌കാരത്തില്‍ കണ്ണടച്ചുപിടിക്കാമെന്നാണ്. കണ്ണുതുറന്നുപിടിച്ചാലും ഭയഭക്തിയോടെ നമസ്‌കരിക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യുന്നതാണ് ഏറെ ശ്രേഷ്ഠമെന്ന് ‘സാദുല്‍ മആദി’ല്‍ ഇമാം ഇബ്‌നുല്‍ ഖയ്യിം അഭിപ്രായപ്പെടുന്നു.
നമസ്‌കരിക്കുന്ന സ്ഥലത്ത് ശ്രദ്ധ തെറ്റിക്കുന്ന അലങ്കാരങ്ങളുടെയും മറ്റും സാന്നിധ്യം ഏകാഗ്രത തെറ്റിക്കുമെങ്കില്‍ കണ്ണടക്കുന്നതില്‍ വിരോധമില്ല. അതിനാല്‍ നമസ്‌കാരത്തില്‍ അത് ആവശ്യപ്പെടുന്ന ഭയഭക്തിക്കും ഏകാഗ്രതയ്ക്കും വേണ്ടി കണ്ണടക്കുന്നതില്‍ യാതൊരു വിലക്കും ശരീഅത്തിലില്ല. അതിനാല്‍ താങ്കള്‍ക്ക് അവ്വിധം നമസ്‌കരിക്കുന്നതില്‍ കുഴപ്പമില്ല.
Add Comment