Youth

സ്ത്രീയും പ്രണയവും

സ്‌നേഹത്തിന്റെയും വികാരത്തിന്റെയും വേദനയുടെയും ത്യാഗത്തിന്റെയും പരമ്പരയാണ് സ്ത്രീയുടെ ജീവിതം. പ്രൗഢഗംഭീരമായ ഗ്രന്ഥത്തെ പോലെയാണ് അത്. എല്ലാ പേജുകളിലും ‘ഞാന്‍ സ്‌നേഹിക്കുന്നു’ എന്ന് എഴുതിവെച്ച ഗ്രന്ഥം. ഒരു പുരുഷനെ പ്രണയിക്കുന്ന സ്ത്രീ ശരിക്കും ഭ്രാന്തിയോ, ദുര്‍ബലയോ ആണ്. ഏറ്റവും മനോഹരമായ ഭ്രാന്ത് സ്ത്രീയുടെ പ്രണയം തന്നെയാണ്. നാം സ്ത്രീയെ ഇഷ്ടപ്പെടുന്നത് അവളുടെ എല്ലാ ന്യൂനതകളോടും കൂടിയാണ്. സ്ത്രീ നമ്മെ ഇഷ്ടപ്പെടുന്നതും അപ്രകാരം തന്നെയാണ്. ഈ ന്യൂനതകളുടെ അഭാവത്തില്‍ ഒരു പുരുഷനും സ്ത്രീക്കും ഇടയില്‍ പ്രണയം പൊട്ടിമുളക്കുകയില്ല.

പ്രണയം സ്വയം വഞ്ചിതയായ സ്ത്രീയെ മാത്രമേ നശിപ്പിക്കുകയുള്ളൂ. ഭൂമിയിലെ ഏറ്റവും ധൈര്യവതിയായ സ്ത്രീ ആരെയെങ്കിലും അങ്ങേയറ്റം സ്‌നേഹിക്കുകയോ, വെറുക്കുകയോ ചെയ്യുന്ന സ്ത്രീയാണ്. നിന്നെ ഒരു സ്ത്രീ ഇഷ്ടപ്പെടുന്നുവെങ്കില്‍ അവള്‍ നിനക്ക് ഈ ലോകം തന്നെ നല്‍കിയേക്കും. നിന്നെ അവള്‍ വെറുക്കുന്നുവെങ്കില്‍ നിന്നെയടക്കം ലോകമൊന്നടങ്കം അവള്‍ കരിച്ച് കളഞ്ഞേക്കും. സ്ത്രീ സ്‌നേഹിക്കുന്നവന്റെ മുന്നില്‍ മയിലും വെറുക്കുന്നവന്റെ മുന്നില്‍ ഒട്ടകപ്പക്ഷിയുമായിരിക്കും. സ്വന്തത്തെ വല്ലാതെ ഇഷ്ടപ്പെടുന്ന സ്ത്രീ മറ്റൊരു പുരുഷനെ ഇഷ്ടപ്പെടാന്‍ പ്രയാസമാണ്. ‘നിന്നെ സ്‌നേഹിക്കുന്നുവെന്ന്’ ഒരു സ്ത്രീ പറയുന്നുവെങ്കില്‍ അവള്‍ക്ക് നിന്നോട് ദയ തോന്നിയിരിക്കുന്നുവെന്നാണ് അതിന്റെ അര്‍ത്ഥം.

പുരുഷന്റെ വെറുപ്പിനെയല്ല, സ്ത്രീയുടെ ഇഷ്ടത്തെയാണ് നീ സൂക്ഷിക്കേണ്ടത്. നാം ഇഷ്ടപ്പെടുന്നവരെക്കുറിച്ചല്ല, വെറുക്കുന്നവരെ കുറിച്ചാണ് നിങ്ങള്‍ സ്ത്രീയോട് ചോദിക്കേണ്ടത്.
പ്രണയിക്കുന്ന പുരുഷന്‍ കുറുക്കനെ പോലെയാണ്. പിടികൊടുക്കാതെ ജാഗ്രതയോട് കൂടിയാണ് അവന്‍ ജീവിക്കുക. എന്നാല്‍ സ്ത്രീ അതുപോലെയല്ല. അവള്‍ സ്‌നേഹത്തില്‍ ആത്മാര്‍ത്ഥത കാണിക്കുകയും, അതിന് വേണ്ടി എല്ലാം ത്യജിക്കുകയും ചെയ്യുന്നു.

സ്ത്രീയും പ്രണയവും ഇരട്ടപെറ്റവയാണ്. സ്ത്രീ ജീവിതത്തിന്റെ കഥയാണ് പ്രണയം. എന്നാല്‍ പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമാണ്.

പ്രണയിക്കുന്ന സ്ത്രീ ഏറ്റവും മനോഹരിയും മാന്യയുമാണ്. എന്നാല്‍ അവള്‍ ഹൃദയത്തില്‍ രോഷം സൂക്ഷിക്കുന്നുവെങ്കില്‍ ആട്ടിയോടിക്കപ്പെട്ട പിശാചിന് തുല്യമാണ്.

സ്ത്രീ കുഞ്ഞിനെയാണ് സ്‌നേഹിക്കുക. ഭര്‍ത്താവിനെ സ്‌നേഹിക്കുന്നത്, അദ്ദേഹം കുഞ്ഞുങ്ങളെപ്പോലെയാണെങ്കില്‍ മാത്രമാണ്. പ്രണയം കൊണ്ട് സന്തോഷിക്കുന്നതിന് വേണ്ടിയാണ് സ്ത്രീ ജീവിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ സന്തോഷിക്കുന്നതിന് വേണ്ടിയാണ് പുരുഷന്‍ പ്രണയിക്കുന്നത്.

സ്ത്രീയേക്കാള്‍ കൂടുതല്‍ സൗഹൃദ ശേഷിയുള്ളത് പുരുഷന് തന്നെയാണ്. പക്ഷേ പ്രണയത്തില്‍ പുരുഷനേക്കാള്‍ കഴിവ് സ്ത്രീക്ക് തന്നെയാണ്. അവളുടെ പ്രണയം പൂവിന് തേനെന്ന പോലെയാണ്. തന്നെ ആരാധിക്കുന്ന പുരുഷനെയാണ് സ്ത്രീക്ക് കൂടുത ലിഷ്ടം . തന്നെ പ്രണയിക്കുന്ന പുരുഷനെ ആരാധിക്കാന്‍ അവളും തയ്യാറാണ്.
വിമര്‍ശന ശരങ്ങളെറിയുന്ന നല്ല മനുഷ്യനെക്കാള്‍ അവള്‍ക്കിഷ്ടം ആകര്‍ഷകമായി പെരുമാറുന്ന ചീത്ത മനുഷ്യനെയാണ്. എല്ലാം പ്രണയത്തിന് വേണ്ടി, എല്ലാം പ്രണയം കൊണ്ട് എന്നതാണ് അവളുടെ മുദ്രാവാക്യം തന്നെ.

തന്റെ ജന്‍മദിനം ഭര്‍ത്താവ് ഓര്‍ക്കണമെന്നും എന്നാല്‍ തന്റെ പ്രായം അദ്ദേഹം മറക്കണമെന്നും അവള്‍ക്ക് നിബന്ധനയുണ്ട്. തങ്ങള്‍ കേള്‍ക്കുന്ന കാര്യങ്ങളാണ് സ്ത്രീക്ക് കൂടുതലിഷ്ടം. എന്നാല്‍ കാണുന്ന കാര്യങ്ങളാണ് പുരുഷന് അങ്ങേയറ്റം ഇഷ്ടം.

തന്നെ ഇഷ്ടപ്പെടുന്ന പുരുഷനെയല്ല, തന്നോട് ഇഷ്ടം പങ്കുവെക്കുന്ന പുരുഷനെയാണ് സ്ത്രീ തേടുന്നത്. പുരുഷന് ഇഷ്ടം മാര്‍ഗമാണെങ്കില്‍ സ്ത്രീക്ക് അത് തന്നെയാണ് ജീവിത ലക്ഷ്യം.
പ്രണയമില്ലാത്ത സ്ത്രീ ജഡമാണ്. പ്രണയിക്കുന്ന സ്ത്രീ രണ്ടഗ്രങ്ങളും കത്തിയെരിയുന്ന മെഴുകുതിരിയാണ്!

നസ്മഃ വുറൂദ്

Topics