കുടുംബ ജീവിതം-Q&A

‘പെണ്ണിന് ആണിനെ തല്ലിയാലെന്താ ?’

ചോ: ഞാന്‍ ഫെമിനിസ്റ്റ് കാഴ്ചപ്പാടുള്ള മുസ്‌ലിംയുവതിയാണ്. ഇസ്‌ലാം സ്ത്രീകളെ അടിമകളാക്കുകയോ തരംതാഴ്ത്തുകയോ ചെയ്യുന്നില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഒട്ടേറെ സംശയങ്ങള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ഭാര്യ തന്റെ ഭര്‍ത്താവിനെ അനുസരിക്കണം എന്ന് ഇസ്‌ലാം നിബന്ധനവെച്ചതെന്തിനാണെന്ന് ഞാനറിയാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍ ഭര്‍ത്താവ് ഞാന്‍ പറയുന്നത് അനുസരിക്കുന്നത് ഞാനത്ര ഗൗരവത്തിലെടുക്കുന്നില്ല. സ്ത്രീകള്‍ ഏറെ പ്രയാസങ്ങളും പ്രയത്‌നങ്ങളും ഏറ്റെടുത്തിട്ടും മറ്റൊരാളുടെ കീഴില്‍കഴിയേണ്ടിവരികയെന്നത് വളരെ കഷ്ടംതന്നെ. സ്ത്രീകള്‍ക്ക് മേധാവിത്വം അവകാശപ്പെടാന്‍ കഴിയില്ലെന്നുണ്ടോ ? മറ്റൊരു ചോദ്യം ഇതാണ്: ഭര്‍ത്താക്കന്‍മാര്‍ക്ക് അനുസരണക്കേടുകാട്ടുന്ന ഭാര്യയെ ചെറുതായി തല്ലാമെന്നുണ്ടെങ്കില്‍ വഴികേടില്‍ നടക്കുന്ന ഭര്‍ത്താക്കന്‍മാരെ അതേ ശൈലിയില്‍ തല്ലാന്‍ ഭാര്യമാര്‍ക്ക് അവകാശമില്ലേ ? സ്ത്രീകള്‍ക്ക് അല്ലാഹുവിനെ അനുസരിക്കുന്നതോടൊപ്പം അവന്റെ സൃഷ്ടിയെയും അനുസരിക്കേണ്ടിവരുന്നത് എന്ത് ന്യൂനതയുടെ പേരിലാണ് ? അന്നിസാഅ് അധ്യായത്തിലെ 128- ാം സൂക്തത്തിന്റെ വ്യാഖ്യാനം ഈയിടെ കണ്ടത് ദാമ്പത്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന രീതിയിലുള്ളതാണ്. എനിക്കത് മനസ്സിലാകുന്നില്ല. ഭര്‍ത്താവില്‍ ദുശ്ശീലങ്ങളും ദുഷ്പ്രവൃത്തികളും കണ്ടാല്‍ അത് മാറ്റിയെടുക്കാന്‍ ഭാര്യക്ക് ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതില്‍ കുഴപ്പമുണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു ?

ഉത്തരം: ചോദ്യങ്ങള്‍ കണ്ടതില്‍ സന്തോഷം രേഖപ്പെടുത്തുന്നു. താങ്കളുടെ മെയില്‍ കണ്ടപ്പോള്‍ സഹോദരസമുദായത്തിലെ യുവതി, മുസ്‌ലിംകളാണ് യഥാര്‍ഥഫെമിനിസ്റ്റുകള്‍ എന്ന് അഭിപ്രായപ്പെടുന്ന ഒരു ലേഖനം ഈയടുത്ത് ഹഫിങ്ടണ്‍പോസ്റ്റില്‍ വായിച്ചതാണോര്‍മ വന്നത്. ആ ലേഖനത്തില്‍ ദൈവം തമ്പുരാന്‍ സ്ത്രീകളെ എങ്ങനെ വിമോചിപ്പിക്കുന്നുവെന്നും അവര്‍ക്ക് അധികാരവും ആത്മാഭിമാനവും വീണ്ടെടുത്തുകൊടുക്കുന്നുവെന്നും വിവരിക്കുന്നുണ്ട്.
ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളെ വായിച്ച് അവയിലെ നിയമങ്ങളെ സൂക്ഷ്മവിശകലനംചെയ്തപ്പോള്‍ അല്ലാഹു സ്ത്രീകളുടെ പദവി എത്രമാത്രം ഉയര്‍ത്തുന്നുവെന്നും അവരുടെ അന്തസ്സ് ഉറപ്പുവരുത്തുന്നുവെന്നും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ സ്ത്രീകളുടെ മാന്യതയും അന്തസ്സും ആത്മാഭിമാനവും കാത്തുസൂക്ഷിക്കുന്ന ഉറപ്പുവരുത്തുന്ന മറ്റൊരു ആദര്‍ശവും ഞാനിന്നേവരെ കണ്ടിട്ടില്ല. സര്‍വശക്തനായ, സര്‍വജ്ഞനായ, യുക്തിജ്ഞനായ അല്ലാഹു മനുഷ്യരാശിയുടെ നൈരന്തര്യം ഉറപ്പുവരുത്താന്‍ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ തെരഞ്ഞെടുത്തത് പേശീബലമുള്ള പുരുഷനെയല്ല, മറിച്ച് സ്ത്രീയെയാണ്.

ഈ ലോകത്ത് ജീവന് പിറവികൊടുക്കാന്‍ അവസരം നല്‍കിക്കൊണ്ട് അല്ലാഹു ആദരിച്ചത് സ്ത്രീവര്‍ഗത്തെയാണ്. സ്ത്രീയുടെ ഗര്‍ഭപാത്രത്തിന് റഹ്മ് എന്നാണ് പറയുക. അനുഗ്രഹം, കാരുണ്യം എന്നര്‍ഥത്തിലുള്ള റഹ്മത്തുമായി ബന്ധപ്പെട്ട റഹ്മാനാണ് അല്ലാഹുവിന്റെ ഉത്കൃഷ്ടനാമങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയത്. അതിലൂടെ സ്രഷ്ടാവായ അല്ലാഹുവിലേക്ക് അടുത്തുനില്‍ക്കുന്നത് സ്ത്രീവര്‍ഗമാണ്.

മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞതായി ഒരു ഹദീസില്‍ കാണാം:
‘കരുണാമയനായ അല്ലാഹുവിന്റെ അര്‍റഹ്മാന്‍ എന്ന വിശേഷണത്തില്‍നിന്നാണ് റഹ്മ്(ഗര്‍ഭപാത്രം) എന്ന വാക്ക് നിഷ്പന്നമായിട്ടുള്ളത്. അതിനാല്‍ അതിനോട്(മാതാവിനോടും സഹോദരങ്ങളോടും) നല്ല ബന്ധം ആര്‍ വെച്ചുപുലര്‍ത്തുന്നുവോ അല്ലാഹു അവരോട് നല്ല ബന്ധം വെച്ചുപുലര്‍ത്തും. ആര്‍ അതിനോട് മോശമായി പെരുമാറുന്നുവോ അല്ലാഹുവും അവനോട് മോശമായി പെരുമാറും (സ്വഹീഹുല്‍ ബുഖാരി).’

സമുദായത്തെ പരസ്പരം ബന്ധിപ്പിക്കുന്ന, സമൂഹത്തിന്റെ ഉറവിടവും അടിസ്ഥാനവുമായി വര്‍ത്തിക്കുന്ന സ്ത്രീയുടെ മൂല്യവും പദവിയും ഇതിലൂടെ വെളിപ്പെടുന്നു. അല്ലാഹു പുരുഷന്‍മാരെ സ്ത്രീകളുടെ രക്ഷകര്‍ത്താക്കളാക്കിയിരിക്കുന്നു. അതിനര്‍ഥം പിതാവിന്റെ അടുത്തായിരിക്കുമ്പോഴും ഭര്‍ത്താവിന്റെ അടുത്തായിരിക്കുമ്പോഴും അവള്‍ സുരക്ഷിതയും ആവശ്യം പൂര്‍ത്തീകരിക്കപ്പെട്ടവളും ആയിരിക്കുമെന്നാണ്. അല്ലാഹു ഏല്‍പിച്ച ബാധ്യത മുന്‍നിര്‍ത്തി പിതാവായാലും ഭര്‍ത്താവായാലും ശരി, അവളുടെ എല്ലാ ന്യായമായ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ചുകൊടുക്കണം. അവളുടെ സാമ്പത്തികാവശ്യങ്ങളും ആത്മീയാവശ്യങ്ങളും ബൗദ്ധികാവശ്യങ്ങളും തുടങ്ങി എല്ലാം അതില്‍പ്പെടും.അങ്ങനെ ചെയ്യുന്നതിന് പുരുഷന്‍മാര്‍ക്ക് പ്രത്യേകം പ്രതിഫലമുണ്ട്. അതില്‍എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ ഉത്തരംപറയേണ്ടിവരും.

ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണമെന്ന് ഇസ്‌ലാം പറയാനുള്ള കാരണമെന്തെന്ന് പരിശോധിക്കാം.
പ്രവാചകന്‍ നബി തിരുമേനി പറയുന്നു: ‘ആര്‍ക്കെങ്കിലും 3 പെണ്‍മക്കളുണ്ടായിരിക്കുകയും അവരെ നല്ല ഭക്ഷണം, വസ്ത്രം, ശിക്ഷണം എന്നിവ നല്‍കി വളര്‍ത്തുകയും ചെയ്താല്‍ അത് പരലോകത്ത് അയാളെ നരകാഗ്നിയില്‍നിന്നും തടയുന്നതാണ്'(ഇബ്‌നുമാജ).

ഇനി ഒരുവള്‍ അധ്വാനിച്ച് സമ്പത്തുണ്ടാക്കാന്‍ ആഗ്രഹിച്ചാല്‍ അതിന് ഇസ്‌ലാമില്‍ അനുവാദമുണ്ട്. അങ്ങനെ സമ്പാദിക്കുന്ന സ്വത്ത് അവളുടേതുമാത്രമായിരിക്കും. ആ സമ്പത്ത് മറ്റാര്‍ക്കെങ്കിലും വേണ്ടി ചെലവഴിക്കണമെന്ന് ദീന്‍ അവളെ നിര്‍ബന്ധിക്കുന്നില്ല. അതുപയോഗപ്പെടുത്തി കുടുംബം പോറ്റുകയോ ഭര്‍ത്താവിനെ സഹായിക്കുകയോ അവള്‍ക്ക് ബാധ്യതയില്ല. ഭര്‍ത്താവിനോ പിതാവിനോ അവളുടെ സ്വത്ത് ആവശ്യപ്പെടാനും അര്‍ഹതയില്ല. എന്നല്ല, അവള്‍ പാചകംചെയ്യണമെന്നോ വീട് അടിച്ചുവാരി വൃത്തിയാക്കണമെന്നോ എന്നൊന്നും ഇസ്‌ലാം അവളെ ചുമതലപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭര്‍ത്താവ് സമ്പാദിച്ചുകൊണ്ടുവരുന്ന സമ്പത്ത് അവള്‍ ആവശ്യപ്പെടുമ്പോള്‍ ചെലവഴിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അയാള്‍ അവള്‍ക്കുവേണ്ടി ചെലവഴിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ വിചാരണയെ മറികടക്കാന്‍ അവനുകഴിയില്ല.

സ്ത്രീവര്‍ഗത്തെ അല്ലാഹു റാജ്ഞിമാരെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് ഇതില്‍നിന്നെല്ലാം താങ്കള്‍ക്ക് ബോധ്യമായില്ലേ? പ്രവാചകന്‍ തിരുമേനി ഇങ്ങനെ ഒരിക്കല്‍ പറയുകയുണ്ടായി:’ സ്ഫടികക്കോപ്പകളോടെന്നവണ്ണം നിങ്ങള്‍ അവരോട് (സ്ത്രീകളെ ) ഇടപെടുക.’ സ്ത്രീകള്‍ വളരെ ലോലകളാണെന്നും അതിനാല്‍ അവരെ സൂക്ഷിച്ചും ശ്രദ്ധിച്ചും കൈകാര്യംചെയ്യുകയെന്നുമാണ് അതുകൊണ്ടുദ്ദേശിച്ചത്.
അനസ്(റ)ല്‍നിന്ന്: ഒരിക്കല്‍ പ്രവാചകന്റെ സേവികയായ അന്‍ജശാ തെളിച്ചുകൊണ്ടിരുന്ന ഒട്ടകപ്പുറത്ത് ഉമ്മുസുലൈം ഒരുസംഘം സ്ത്രീകളോടൊപ്പം യാത്രാഭാണ്ഡങ്ങളുമായി യാത്രചെയ്യുകയായിരുന്നു. അന്‍ജശ ഒട്ടകത്തെ വേഗത്തില്‍ ഓടിച്ചപ്പോള്‍ നബി(സ) പറഞ്ഞു:’ഓ, അന്‍ജശ, സ്ഫടികപാത്രങ്ങളുമായി(സ്ത്രീകളാണുദ്ദേശ്യം)പതുക്കെ ഓടിക്കുക'(സ്വഹീഹുല്‍ ബുഖാരി)

മറ്റൊരു ഹദീസില്‍ നബി(സ)ഇപ്രകാരം പറയുകയുണ്ടായി:’തീര്‍ച്ചയായും സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെ ആദരണീയരാണ്’.
സ്ത്രീകളും പുരുഷന്‍മാരും അല്ലാഹുവിന്റെ മുമ്പില്‍ സമന്‍മാരാണെന്ന് ഖുര്‍ആനിലൂടെ വെളിപ്പെടുത്തുന്നു:’ അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട് ‘(അല്‍അഹ്‌സാബ് 35).
താങ്കള്‍ ഉന്നയിച്ച സംഗതികള്‍ മുമ്പില്‍വെച്ചുകൊണ്ട് ചില കാര്യങ്ങള്‍ വ്യക്തമാക്കാനാഗ്രഹിക്കുകയാണ്. പരസ്പരം ഏറ്റുമുട്ടാനുള്ളവരാണെന്ന തത്ത്വംമുന്‍നിര്‍ത്തിയല്ല സ്ത്രീയും പുരുഷനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മറിച്ച്, അവരിരുവരെയും പരസ്പരപൂരകങ്ങളായാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. അത് മനോഹരമായി ഖുര്‍ആന്‍ പറയുന്നത് കാണുക:’അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും(അല്‍ബഖറ 187).’

സ്ത്രീയും പുരുഷനും -ഭര്‍ത്താവും ഭാര്യയും -പരസ്പരം വസ്ത്രങ്ങളാണെന്ന് പറയുന്നത് അവരുടെ അടുപ്പത്തെയാണ് സൂചിപ്പിക്കുന്നത്. അതോടൊപ്പം അവരിരുവര്‍ക്കുമിടയിലുള്ള സ്‌നേഹത്തെയും കാരുണ്യത്തെയും അത് വ്യക്തമാക്കുന്നു.
മറ്റൊരു കാര്യം നാം മനസ്സിലാക്കേണ്ടത്, സ്ത്രീയുംപുരുഷനും വിശ്വാസികളെന്ന നിലക്ക് പരസ്പരം സഹകാരികളാണെന്നതാണ്.അവര്‍ ഒരിക്കലും വിരുദ്ധദ്വന്ദ്വങ്ങളല്ല.അന്യോന്യം മറ്റെയാളെ അടക്കിഭരിക്കാന്‍ വെമ്പുന്നവരുമല്ല.’സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച’ (അത്തൗബ 71)

‘ഞാനിതെന്തിന് ചെയ്യണം, അയാള്‍ക്ക് ചെയ്തുകൂടേ’ അല്ലെങ്കില്‍ ‘അവള്‍ ചെയ്യട്ടെ’, ‘ഞാനെന്തിന് അയാളെ/ അവളെ അനുസരിക്കണം’ എന്നിങ്ങനെയുള്ള മനോഭാവങ്ങള്‍ പരിപക്വമായ ചിന്തയുടെ ലക്ഷണങ്ങളല്ല. അതൊന്നും വിശ്വാസികള്‍ക്ക് യോജിച്ചതുമല്ല. സ്ത്രീയും പുരുഷനും പരസ്പരം സഹകരിച്ച് അന്യോന്യം പ്രോത്സാഹിപ്പിച്ച്, കടമകള്‍ നിറവേറ്റി കുറവുകള്‍ കണ്ടറിഞ്ഞും തിരുത്തിയും മുന്നോട്ടുപോകേണ്ടവരാണ്.

ഒരു അനീതിയെ മറ്റൊരു അനീതികൊണ്ട് തിരുത്താമെന്ന് കരുതരുത്. ഒരു തെറ്റിനെ അതിനുപകരമുള്ള ശരിയിലൂടെ തിരുത്താതെ തെറ്റ് പകരംവെച്ച് തോല്‍പിക്കാന്‍ ശ്രമിക്കുന്നത് ഭൂഷണമല്ല.
സന്തുലിതത്വത്തോടെയാണ് അല്ലാഹു ഈ ലോകത്തെ സൃഷ്ടിച്ചിട്ടുള്ളത്. അതിനാല്‍ എല്ലാറ്റിലും സന്തുലിതത്വം പാലിച്ചേ മതിയാകൂ. നമ്മുടെ നേട്ടം കൊതിച്ചുകൊണ്ട് അപരന് ലഭിക്കേണ്ട ഗുണം തടയുംവിധം പ്രസ്തുതഗുണങ്ങളെല്ലാം തന്റേതുമാത്രമാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. അത് നീതിയോ ശരിയായ കീഴ്‌വഴക്കമോ ഫെമിനിസമോ അല്ല. അല്ലാഹു ഒട്ടും ഇഷ്ടപ്പെടാത്ത അസന്തുലിതത്വമാണ് അത്.’അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍ ‘(അര്‍റഹ്മാന്‍ 7,8)

സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്നാണ് തനിമയാര്‍ന്നതും അന്തസ്സുള്ളതുമായ സമൂഹത്തെ നിര്‍മിക്കുന്നത്. രണ്ടുവര്‍ഗവും ഒത്തൊരുമിച്ച് കുട്ടികളെ പരിപാലിച്ചുവളര്‍ത്തി മാനവരാശിയെ സേവിച്ചുകൊണ്ട് ലോകത്ത് നന്‍മ പരത്താനാണ് ശ്രമിക്കേണ്ടത്.
കുടുംബത്തില്‍ സ്ത്രീകളുടെ സമ്പത്ത് ചെലവിടാന്‍ അവസരംനല്‍കാതെ ആണുങ്ങള്‍ക്കുമാത്രം ആ ചുമതല നല്‍കിയതെന്തിനാണ്? ആണുങ്ങളെ ഒഴിവാക്കി പെണ്ണുങ്ങളില്‍മാത്രം പ്രസവം പരിമിതപ്പെടുത്തിയതെന്താണ്? ഖുര്‍ആനില്‍ ‘സൂറത്തുന്നിസാഅ് ‘ ഉള്ളതുപോലെ ‘സൂറത്തുര്‍രിജാല്‍’ എന്തുകൊണ്ടില്ല? തുടങ്ങിയ ചോദ്യങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല.

ആണിനും പെണ്ണിനും അവരവരുടേതായ കടമകളും അവകാശങ്ങളുമുണ്ട്. കുടുംബത്തിന്റെയും സമുദായത്തിന്റെയും ജനതയുടെയും അടിസ്ഥാനകേന്ദ്രം സ്ത്രീയാണ്. അവരുടെ ചിലവുകള്‍ വഹിക്കാനും അവരെ സംരക്ഷിക്കാനുമാണ് പുരുഷന്‍മാര്‍ ഉള്ളത്. അങ്ങനെ അവരിരുകൂട്ടരുംചേര്‍ന്ന് തങ്ങളുടെ ബാധ്യതകള്‍ ഭംഗിയായി നിര്‍വഹിക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വനിര്‍വഹണത്തിലും ദൗത്യത്തിലും ഇരുകൂട്ടരും വ്യത്യസ്തരാണെങ്കിലും അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ ഒരുപോലെ ഗണിക്കപ്പെടുകയും പ്രതിഫലം നല്‍കപ്പെടുകയുംചെയ്യുന്നുവെന്നതാണ് വാസ്തവം.

താങ്കള്‍ സൂചിപ്പിച്ച, പുരുഷന് തന്റെ ഭാര്യയെ തല്ലാമെന്ന സൂക്തത്തെപ്പറ്റി പറയാം. അത്കയ്യുംകെട്ടിനിന്ന് പാവത്താനെപ്പോലെ ഭര്‍ത്താവിന്റെ അടി യഥേഷ്ടം വാങ്ങിക്കൊള്ളാന്‍ സ്ത്രീയോടുള്ള കല്‍പനയല്ല. പുരുഷന് അന്യായമായി അവളെ അടിക്കാനുള്ള അനുവാദവുമല്ല അത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച്, കുടുംബഭദ്രതയെപ്പോലും അപകടപ്പെടുത്തുമാറ്, അസാന്‍മാര്‍ഗികചെയ്തികളിലേക്ക് ചുവടുവെക്കുന്ന പെണ്ണിനെ ചെറുതായി മാത്രം ശിക്ഷിക്കാന്‍ അനുവാദം നല്‍കിയതാണ് അവിടെ പരാമര്‍ശിക്കുന്നത്. അപ്പോള്‍ പോലും അനീതിപരമായി താഡനമേല്‍പിക്കാന്‍ ഇസ്‌ലാം വഴിതുറന്നിടുന്നില്ല.

യഥാര്‍ഥത്തില്‍ ഭാര്യയുടെ നേര്‍ക്ക് എന്തിനുമേതിനും കയ്യോങ്ങുന്ന ആണുങ്ങളെ നിയന്ത്രിക്കുകയാണ് പ്രസ്തുത സൂക്തത്തിലൂടെ ചെയ്യുന്നത്. അല്ലാതെ ഭാര്യമാരെ അടിച്ചോളൂ എന്നല്ല അത് കല്‍പിക്കുന്നത്. എന്നാല്‍ അതില്‍ പരിധിലംഘിക്കുന്നവര്‍ അല്ലാഹുവിന്റെ മുമ്പില്‍ തെറ്റുകാരാണ്. അതേസമയം ഭര്‍ത്താവിനോട് എന്തുനയം സ്വീകരിക്കണമെന്നതില്‍(തല്ലരുതെന്ന്) സ്ത്രീക്ക് അതിര്‍വരമ്പുകള്‍ അവന്‍ മുന്നോട്ടുവെച്ചിട്ടില്ല.

ഈയിടെ പ്രശസ്ത ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ മുസ്ത്വഫാ മഹ്മൂദിന്റെ ഒരു ഉദ്ധരണി വായിച്ചത് ഞാന്‍ഓര്‍ക്കുന്നു. അതിപ്രകാരമാണ്: ‘കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചുമതല അല്ലാഹു ആണിനെയേല്‍പിച്ചു. എന്നാല്‍ മനുഷ്യന്‍മാരെ നിര്‍മിക്കുന്ന, യഥാര്‍ഥത്തില്‍ മഹത്തരമായ ജോലി അവന്‍ പെണ്ണുങ്ങളെ ഏല്‍പിച്ചു. ‘

സഹോദരീ, പ്രവാചകന്റെ അടുക്കല്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച പരാതിയുമായി വന്ന സ്ത്രീയെ ശ്രവിച്ച് അതിന് ഉത്തരം ചെയ്തവനാണ് അല്ലാഹു. അല്ലാഹു അവര്‍ക്ക് നല്‍കിയ പരിഗണന മനസ്സിലാക്കേണ്ടതുണ്ട്. ലോകാവസാനംവരെ അവരുടെ ആ വര്‍ത്തമാനത്തെ നാം പാരായണംചെയ്തുകൊണ്ടിരിക്കുന്നുവെന്നത് എത്രമാത്രം അവര്‍ക്കുലഭിച്ച ആദരണീയതയല്ല! ‘ തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു’ (അല്‍ മുജാദില 1).പ്രവാചകവിയോഗശേഷം അക്കാലത്തെ ഏറ്റവും കരുത്തനായ പുരുഷനെ (ഖലീഫ ഉമറിനെ) ഏതുവഴിയിലും നിര്‍ത്തി സംസാരിക്കാനും ഉപദേശിക്കാനും ഉള്ള അവസരം അതവര്‍ക്ക് നേടിക്കൊടുത്തു. അതെപ്പറ്റി ഉമര്‍(റ) പറഞ്ഞത്, അല്ലാഹു കേള്‍ക്കുകയും ഉത്തരംചെയ്യുകയുംചെയ്ത മഹതിയെ ഞാനെങ്ങനെ കേള്‍ക്കാതിരിക്കും എന്നാണ്.

അതാണിസ്‌ലാം. സ്ത്രീവര്‍ഗം അവരുടെ ശരീരം വിശുദ്ധമായി. അവരുടെ തനിമയും വിവേകവും അസ്തിത്വവും സംരക്ഷിക്കപ്പെടുകയും മഹത്ത്വവത്കരിക്കപ്പെടുകയുംചെയ്തു. അവരെ സേവിക്കുന്നത് പ്രതിഫലാര്‍ഹമായിത്തീര്‍ന്നു.
അതിനാല്‍ പ്രപഞ്ചസ്രഷ്ടാവും യുക്തിജ്ഞനുമായ അല്ലാഹുവെക്കുറിച്ച് ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുക. ഹൃദയം വിശാലമാക്കിത്തരാന്‍ അവനോട് പ്രാര്‍ഥിക്കുക. ദൈവഭക്തരില്‍ ഉള്‍പ്പെടുത്താന്‍ അവനോട് അപേക്ഷിക്കുക.

അല്ലാഹുവെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കുക. അല്ലാഹു നീതിമാനായിരിക്കെ അവനെ സംബന്ധിച്ചിടത്തോളം അനീതിപരമായ കാര്യങ്ങള്‍ എങ്ങനെ നമുക്ക് സങ്കല്‍പിക്കാനാകും? ഇബ്‌റാഹീം നബിയുടെ ഭാര്യ ഹാജറിനെപ്പോലെ അവനില്‍ വിശ്വാസമര്‍പ്പിക്കുക. ഈമാനിന്റെ പിന്‍ബലത്താല്‍ നിശ്ചയദാര്‍ഢ്യത്തോടെ ,ജനവാസമോ ജന്തുജാലങ്ങളോ ഇല്ലാത്ത മരുഭൂമിയില്‍ ക്ഷമയവലംബിച്ചുകൊണ്ട് കൈക്കുഞ്ഞുമായി താമസിക്കാന്‍ അവര്‍ക്കുകഴിഞ്ഞു. അതിലൂടെ അവരെ വിശ്വാസികള്‍ക്കുള്ള മാതൃകയാക്കി. ഹജ്ജിന്റെ ഒരു സ്തംഭം അവരുടെ കര്‍മത്തെ അനുസ്മരിച്ചുകൊണ്ടുള്ളതാണ്. വിശ്വാസികളുടെ ഹജ്ജ് പൂര്‍ത്തിയാകണമെങ്കില്‍ സ്വഫാ , മര്‍വ മലകള്‍ക്കിടയിലൂടെ സഅ്‌യ് ചെയ്യേണ്ടതുണ്ട്.
ഇതാണ് ഇസ്‌ലാമിലെ സ്ത്രീയുടെ സ്ഥാനം. ഇതാണ് കരുണാവാരിധിയായ അല്ലാഹു.

Topics