കുടുംബ ജീവിതം-Q&A

പ്രതിശ്രുത വധുവില്‍ നിന്നുള്ള പ്രേരണ

ചോദ്യം: പൗരസ്ത്യ ദേശവാസിയായ യുവാവാണ് ഞാന്‍. സര്‍വകലാശാല പഠനം പൂര്‍ത്തിയാക്കിയ ഞാന്‍ വിവാഹത്തിന് വേണ്ട ശാരീരിക-മാനസിക തയ്യാറെടുപ്പുകള്‍ നടത്തി, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹലോചന നടത്തി. ഒട്ടേറെ സുന്ദരികളായ യുവതികളെ എനിക്ക് വേണ്ടി നിര്‍ദേശിക്കപ്പെട്ടു. പക്ഷേ ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തിലുള്ള ഒരു യുവതിയെയായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. അതിനിടെ ചിലര്‍ അവരുടെ നാട്ടിലെ മതബോധത്തില്‍ പ്രസിദ്ധമായ ഒരു കുടുംബത്തില്‍ നിന്ന് എനിക്ക് ഒരു വിവാഹാലോചന കൊണ്ട് വന്നു. അപ്രകാരം ആ യുവതിയുമായി എന്റെ വിവാഹം ഉറപ്പിച്ചു.

അങ്ങേയറ്റത്തെ ആതിഥ്യമര്യാദയും ഔദാര്യവും കാണിക്കുന്ന കുടുംബമായിരുന്നു അവളുടേത്. പക്ഷേ സ്ത്രീ-പുരുഷ ഇടപെടലുകളില്‍ അവര്‍ ഒരു പരിധിയും സ്വീകരിക്കുന്നില്ലെന്ന് അധികം വൈകാതെ എനിക്ക് ബോധ്യപ്പെട്ടു. തന്റെ ബന്ധുക്കളില്‍പെട്ട യുവാക്കളുമായി പ്രതിശ്രുത വധു ഹസ്തദാനം ചെയ്യുന്നത് ഞാന്‍ കണ്ടു. വിവാഹനിശ്ചയ ദിവസം അവര്‍ വീട്ടില്‍ വരികയും തങ്ങളുടെയെല്ലാം മൊബൈലുകളില്‍ അവളുടെ ഫോട്ടോ എടുക്കുകയും ചെയ്തത് എന്നില്‍ അല്‍ഭുതമുളവാക്കി. അവയെല്ലാം തീര്‍ത്തും സാധാരണമായിരുന്നു അവര്‍ക്ക്.

അവളുടെ ഉമ്മ വളരെ മുമ്പുതന്നെ മരണപ്പെട്ടതാണ്. പിതാവിന് വിദേശത്താണ് ജോലി. കുറെ വര്‍ഷങ്ങളായി അവള്‍ തന്റെ സഹോദരങ്ങളോടൊപ്പം ജീവിക്കുകയാണെന്ന് മാത്രം എനിക്കറിയാം. അതിനിടെ തന്റെ ബന്ധുക്കളില്‍പെട്ട ഒരു യുവാവുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് അവള്‍ എന്നോട് പറയുകയും ചെയ്തു. ഞാന്‍ അത് വിട്ടുവീഴ്ച ചെയ്തുകൊടുത്തു. ഞങ്ങള്‍ പരസ്പരം ദൈവഭക്തി ഉപദേശിക്കുകയും നന്നായി വര്‍ത്തിക്കുകയും ചെയ്തു.

അവധി കഴിഞ്ഞ് പിതാവ് ജോലിക്ക് മടങ്ങിയതോടെ അവളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം സംഭവിക്കാന്‍ തുടങ്ങി. അവള്‍ എന്നോട് വല്ലാതെ സംസാരിക്കുകയും, പ്രണയവും കാമവുമെല്ലാം സംസാരത്തിന് വിഷയീഭവിക്കുകയും ചെയ്തു. ഞാന്‍ പലപ്പോഴും വിഷയം മാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവളുടെ വര്‍ത്തമാനവും ഇടപെടലുകളും എന്നെയും കൂടി പ്രസ്തുത വിഷയങ്ങളിലേക്ക് വലിച്ചിഴച്ചു.
അധികം വൈകുന്നതിന് മുമ്പ് ഞാന്‍ അവളെ അല്ലാഹുവെക്കുറിച്ച് ഓര്‍മിപ്പിച്ചു. ഞങ്ങള്‍ പഴയത് പോലെ നല്ല നിലയിലേക്ക് മടങ്ങി. പക്ഷെ, പ്രസ്തുത പ്രവണത അവളില്‍ നിന്ന് വീണ്ടും ആവര്‍ത്തിക്കപ്പെട്ട് കൊണ്ടേയിരുന്നു. എല്ലായ്‌പ്പോഴും ഞാന്‍ അവളെ അല്ലാഹുവെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ഞങ്ങള്‍ പശ്ചാത്തപിക്കുകയും ചെയ്യും. അവള്‍ തന്റെ ശീലത്തില്‍ നിന്ന് മാറാനുള്ള യാതൊരു താല്‍പര്യവും പ്രകടിപ്പിക്കുന്നില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല, അപ്രകാരം ചെയ്യുന്നതില്‍ അവള്‍ അങ്ങേയറ്റത്തെ സന്തോഷവതി കൂടിയാണ്. ദൈവഭക്തി മുറുകെ പിടിക്കുന്ന വേളയില്‍ പ്രഗല്‍ഭയായ പ്രബോധകയാണ് അവളെന്ന് എനിക്ക് തോന്നും. പക്ഷേ അവളുടെ സമീപനങ്ങളും, സ്ത്രീ-പുരുഷ ഇടപെടലുകളിലെ പരിധി വിട്ട പെരുമാറ്റവും എന്നെ തീര്‍ത്തും അസ്വസ്ഥനാക്കുന്നു. ഞാന്‍ എന്റെ വിവാഹതീരുമാനവുമായി മുന്നോട്ടുപോകുകയാണോ വേണ്ടത്, അതല്ല അവളെ ഉപേക്ഷിക്കുകയാണോ വേണ്ടത് എന്ന് എനിക്കറിയില്ല. എന്റെ പ്രശ്‌നത്തെ പ്രത്യേക പരിഗണനയോടെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉത്തരം: മതബോധവും സല്‍സ്വഭാവവും ഉള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന നിങ്ങളുടെ തീരുമാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ദീനീബോധമുള്ള, ആദരിക്കപ്പെടുന്ന കുടുംബിനിയെ തന്നെയാണ് വിവാഹത്തിനായി തെരഞ്ഞെടുക്കേണ്ടത്. അവര്‍ പ്രശസ്തരാണോ അല്ലയോ എന്നത് പരിഗണനീയമല്ല. വിവാഹാലോചനയും നിശ്ചയവും വധൂവരന്മാര്‍ തമ്മില്‍ പരസ്പരം മനസ്സിലാക്കാനും ഇണങ്ങാനുമുള്ള അവസരമാണ്. അല്ലാഹു അനുവദിച്ച ചിന്തകളും ഭാവിജീവിതത്തെക്കുറിച്ച ആലോചനകളുമെല്ലാമാണ് ഇക്കാലത്ത് വധൂവരന്മാര്‍ക്കിടയില്‍ ഉണ്ടാവേണ്ടത്. തീര്‍ത്തും സത്യസന്ധമായ വചനങ്ങളിലൂടെയും, ദൈവബോധമുള്ള പെരുമാറ്റത്തിലൂടെയുമാണ് ഇത് നടക്കേണ്ടത്.

വധുവിന്റെ ദൈവബോധക്കുറവിനെക്കുറിച്ച് സൂചിപ്പിക്കുന്നതാണ് താങ്കളുടെ ചോദ്യം. അവളുടെ പിതാവ് വിദേശത്താണെന്നും, അവളും സഹോദരിമാരും മാത്രമാണ് ജീവിച്ചിരുന്നതെന്നും താങ്കള്‍ക്ക് അറിയില്ലായിരുന്നു. വിവാഹനിശ്ചയത്തിന് മുമ്പും ശേഷവുമുണ്ടായ അനുഭവങ്ങളില്‍ നിന്ന് നിങ്ങള്‍ കൃത്യമായ വല്ല തീരുമാനവും എടുത്തോ എന്ന് എനിക്കറിയില്ല. പ്രസ്തുത കുടുംബത്തെക്കുറിച്ച് നന്നായി ചോദിച്ച് മനസ്സിലാക്കിയില്ല എന്നത് നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വലിയ അബദ്ധമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അവളെ വിവാഹം കഴിക്കണോ, വേര്‍പിരിയണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് മുമ്പ് എനിക്ക് പറയാനുള്ളത് ഇതാണ്. അവളോട് നിങ്ങളുടെ ഹൃദയത്തിലുള്ള മേല്‍വിവരിച്ച വികാരങ്ങളൊക്കെയും തുറന്ന് പറയുക. കരുണാര്‍ദ്രമായ ഭാഷയില്‍ പക്വതയെത്തിയ പങ്കാളിയെന്ന നിലയില്‍ വാല്‍സല്യത്തോടെ നിങ്ങളുടെ നിര്‍ദേശം അവളുടെ മുന്നില്‍ സമര്‍പിക്കുക.
ഇത് തുടരുകയും, അവളുടെ മാറ്റത്തിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുക. നിങ്ങള്‍ അവളില്‍ കാണാന്‍ ആഗ്രഹിക്കുന്ന ശരീഅത്തധിഷ്ഠിത സ്വഭാവ ശീലങ്ങളെക്കുറിച്ച് അവളെ ബോധ്യപ്പെടുത്തുക. നിങ്ങളുടെ കുടുംബത്തിലെ തന്നെ ഏതെങ്കിലും സ്ത്രീയെ അവളുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിനായി ജോലിസ്ഥലങ്ങളിലേക്കും മറ്റും അയക്കാവുന്നതാണ്.

ദൈവഭക്തി മുറുകെ പിടിക്കാന്‍ നിര്‍ദേശിക്കുകയും, അതുമായി ബന്ധപ്പെട്ട അവളുടെ അഭിപ്രായം ആരായുകയും ചെയ്യുക. നിരന്തരമായ പരിശ്രമത്തോടൊപ്പം നിങ്ങള്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഇസ്തിഗാറഃയുടെ നമസ്‌കാരം നിര്‍വഹിക്കുക. ധൃതി കാണിക്കാതെ കുറച്ച് കാലം അവളുടെ മാറ്റം പ്രതീക്ഷിച്ച് കാത്തിരുന്നതിന് ശേഷമായിരിക്കണം ഇത്. ഹൃദയം ശാന്തമായി, ഉചിതമായ തീരുമാനം എടുക്കുന്നതിന് മുമ്പ് ഒരിക്കലും വിവാഹം കഴിക്കരുത്.

ഡോ. ഹനാന്‍ സൈന്‍

Topics