ചോ: ഞാന്‍ എന്റെ ഭാര്യയെ രണ്ടുപ്രാവശ്യം ത്വലാഖ് ചൊല്ലിയതാണ്. രണ്ടാം ത്വലാഖ് കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ അവരെ മറ്റൊരാള്‍ നികാഹ് കഴിച്ചു. അവര്‍ കാനഡയിലും അയാള്‍ മറ്റൊരുരാജ്യത്തുമാണ്. അവരെ കൂടെത്താമസിപ്പിക്കണമെന്ന നിബന്ധന(ആ രാജ്യത്തെ വിസ ലഭിക്കാന്‍ വേണ്ടി)യിലാണ് ആ കല്യാണത്തിന് സമ്മതിച്ചത്. എന്നാല്‍ തനിക്ക് അബദ്ധം പിണഞ്ഞതായി മനസ്സിലാക്കിയ അവര്‍ ഞാനുമായി ദാമ്പത്യം പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ചോദ്യം ഇതാണ്: അവര്‍ എന്റെയടുത്തേക്ക് തിരിച്ചുവരുമ്പോള്‍ അയാളെ നികാഹ് ചെയ്തതിന്റെ അവസ്ഥ എന്താണ് ? ഇനി ഞാനവരെ വീണ്ടും നികാഹ് ചെയ്യേണ്ടതുണ്ടോ ?
ഉത്തരം: താങ്കള്‍ ത്വലാഖ് ചൊല്ലി ഒഴിവാക്കിയ സ്ത്രീ തന്റെ ഇദ്ദാകാലം കഴിഞ്ഞ ഘട്ടത്തില്‍ മറ്റൊരാളുമായി നികാഹ് ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് ചോദ്യത്തില്‍നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇതാണ് സംഭവമെങ്കില്‍ അയാളുമായുള്ള അവരുടെ വിവാഹം ഇസ്‌ലാമില്‍ സാധുവാണ്. ഇദ്ദാകാലഘട്ടം മൂന്നു ശുദ്ധിയുടെ കാലയളവാണ്; അതായത് 3 മാസം. താങ്കളുടെ മുന്‍ഭാര്യയ്ക്ക് താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യമായിട്ടുണ്ടെങ്കില്‍ അയാളില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെടേണ്ടിവരും. അതേസമയം അതിനായി അവരുടെ മേല്‍ സമ്മര്‍ദ്ദംചെലുത്താന്‍ ഒട്ടുംതന്നെ പാടുള്ളതല്ല. അവര്‍ സ്വയമേവ അയാളില്‍നിന്ന് വിവാഹമോചനംതേടി താങ്കളുടെ അടുത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ താങ്കള്‍ക്ക് പുനര്‍വിവാഹംചെയ്യാവുന്നതാണ്.
ഇതുപറയുമ്പോള്‍ ഒരു കാര്യം ശക്തിയായി ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ വിവാഹമോചനംതേടണമെന്ന് താങ്കള്‍ ആഗ്രഹിക്കാനോ അതിനായി സമ്മര്‍ദ്ദം ചെലുത്താനോ പാടില്ല. അങ്ങനെ വരുന്ന പക്ഷം അല്ലാഹുവിന്റെ നിയമത്തെ പരിഹസിക്കുകയാണ് നാം ചെയ്യുന്നത്. അത് നമുക്ക് തന്നെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ശരിയായ തീരുമാനം എടുക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. അവന്‍ നമ്മുടെ വാക്കിലും പ്രവൃത്തിയിലും സൂക്ഷ്മത നല്‍കുമാറാകട്ടെ. നമ്മുടെ രഹസ്യവും പരസ്യവുമായ എല്ലാതെറ്റുകളും പൊറുത്തുതരുമാറാകട്ടെ, ആമീന്‍.
Add Comment