വേദങ്ങള്‍

തൗറാത്ത് വേദഗ്രന്ഥം

പ്രവാചകന്‍ മൂസാക്ക് അവതീര്‍ണമായ വേദത്തിനാണ് തൗറാത്ത് എന്ന് പറയുന്നത്. യഥാര്‍ഥത്തില്‍ മൂസാ(അ)ക്ക് നല്‍കപ്പെട്ട വേദത്തിന്റെ ഒരു ഭാഗം മാത്രമാണ് തൗറാത്ത്. ആ വാക്കിന്റെ അര്‍ഥം ‘നിയമം ‘ എന്നാണ്. ജൂതന്‍മാര്‍ അഞ്ച് പുസ്തകങ്ങളെ മൂസാ(അ)യുമായി ബന്ധപ്പെടുത്തി പറയുന്നുണ്ട്. അതില്‍ ഒന്നാമത്തേത് ‘ഉല്‍പത്തി’ പുസ്തകമാണ്. രണ്ടാമത്തേത് ഈജിപ്തില്‍നിന്നുള്ള പുറപ്പാട് ഇതിവൃത്തമാക്കിയുള്ള ‘പുറപ്പാട്.’ മൂന്നാമത്തേത് ‘നിയമം.’ നാലാമത്തേത് വിവിധജൂതഗോത്രങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ മൂസാനബി ഉത്തരവിട്ടതിനെക്കുറിക്കുന്ന ‘സംഖ്യകള്‍'(സംഖ്യാപുസ്തകം). അഞ്ചാമത്തെ പുസ്തകമാണ് ‘ആവര്‍ത്തനം’ ഇത് ജൂതന്‍മാരുടെ കൈവശം ഉണ്ടായിരുന്നില്ല. മൂസാ നബി മരിച്ച് 600 വര്‍ഷം കഴിഞ്ഞ് ഒരാള്‍ തനിക്ക് ഗുഹയില്‍നിന്ന് കിട്ടിയ ഗ്രന്ഥമാണെന്ന് പറഞ്ഞ് ജൂതഭരണാധികാരിയെ ഏല്‍പിച്ച കൈയെഴുത്ത് പ്രതി അന്നത്തെ ഹുല്‍ദ (ജൂതപാരമ്പര്യത്തില്‍ സ്ത്രീ പ്രവാചക അവകാശവാദങ്ങള്‍ ഉണ്ടായിരുന്നു) എന്ന പ്രവാചക അത് മൂസാനബിയുടെ പുസ്തകമാണെന്ന് സാക്ഷ്യപ്പെടുത്തുകയായിരുന്നു. മൂസാ(അ)ക്ക് ശേഷം വന്ന പ്രവാചകന്‍മാരുടെ കാലത്ത് ജൂതന്‍മാര്‍ ഫലസ്തീന്റെ ഒരു ഭാഗം കീഴടക്കിയതിനെക്കുറിച്ചും അവിടെ ആധിപത്യം പുലര്‍ത്തിയതിനെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.

കുറച്ച് കഴിഞ്ഞപ്പോള്‍ ഇറാഖിലെ ഭരണാധികാരിയായ നബുക്കദ് നസ്ര്‍ ഫലസ്തീന്‍ ആക്രമിച്ചു. അവിടത്തെ മതാചാരങ്ങള്‍ തന്റേതില്‍നിന്ന് വ്യത്യസ്തമായതിനാല്‍ അയാള്‍ അതിനെ തകര്‍ത്തുകളയാന്‍ ഉറച്ചു. തൗറാത്തിന്റെ മുഴുവന്‍ കോപ്പികളും ശേഖരിച്ച് തീയിട്ടുനശിപ്പിച്ചു. പിന്നീട് നൂറുവര്‍ഷംകഴിഞ്ഞ് എസ്‌റ(ഇദ്ദേഹമാകാം ഉസൈര്‍-ദൈവപുത്രനെന്ന് ചില ജൂതന്‍മാര്‍ വാദിക്കുന്നു) പ്രവാചകന്‍ ആഗതനായി തൗറാത്ത് മുഴുവന്‍ തനിക്ക് മനഃപാഠമാണെന്ന് അവകാശപ്പെട്ടു. ഓര്‍മയില്‍നിന്ന് അദ്ദേഹം തൗറാത്ത് പകര്‍ത്തിയെഴുതി. പിന്നീട് ആന്റിയോക്കസ് എന്നൊരാളുടെ നേതൃത്വത്തില്‍ റോമക്കാരുടെ ആക്രമണമുണ്ടായി. രണ്ടാംതവണയും വേദഗ്രന്ഥങ്ങള്‍ നശിപ്പിക്കപ്പെട്ടു. തൊട്ടുപിന്നാലെ ട്വിറ്റസ് എന്ന മറ്റൊരു റോമന്‍ഭരണാധികാരി മൂന്നാംതവണ ഫലസ്തീനിലേക്ക് കടന്നുകയറി. അവരും കണ്ണില്‍കണ്ട ജൂതദേവാലയങ്ങളും മതഗ്രന്ഥങ്ങളും അഗ്നിക്കിരയാക്കി. തെളിച്ചുപറഞ്ഞാല്‍ ഇപ്പോള്‍ നമ്മുടെ കൈവശമുള്ള തൗറാത്ത് ബൈബിള്‍ പഴയനിയമത്തില്‍ മോസസി(മൂസാനബി)ലേക്ക് ചേര്‍ത്തുപറയപ്പെടുന്ന അഞ്ച് പുസ്തകങ്ങള്‍ മാത്രമാണ്. ചുരുക്കത്തില്‍ മൂലകൃതികള്‍ മൂന്നോ നാലോതവണ അഗ്നിക്കിരയാക്കപ്പെട്ടതിന് ശേഷം പുതുക്കിയെഴുതിയുണ്ടാക്കിയതാണ് അവ.

മേല്‍പറഞ്ഞ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ അവയില്‍ ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതായി കാണാം. ഖണ്ഡികകള്‍ തമ്മില്‍ ബന്ധമില്ലായ്മയും ചില പ്രസ്താവങ്ങളുടെ അപൂര്‍ണതയും വ്യക്തമായ വൈരുധ്യവും അതില്‍ നിലനില്‍ക്കുന്നു. മൂസാനബിയിലേക്ക് ചേര്‍ത്തുപറയുന്ന ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ മരണശേഷമുള്ള സംഭവങ്ങള്‍ കടന്നുവരുന്നു. ആവര്‍ത്തനപുസ്തകത്തില്‍ മോസസിന്റെ രോഗം, മരണം ,ഖബ്‌റടക്കം എന്നിവയെല്ലാം വിവരിക്കുന്നു. ഇതൊക്കെ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടവയത്രെ. ചില വൈരുധ്യങ്ങള്‍ സൂക്ഷ്മതലത്തിലുള്ളതാണ്. ഉദാഹരണത്തിന് ‘ഈ വിധിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്നയിന്ന അധ്യായങ്ങളില്‍ കാണാം’ എന്ന് പുസ്തകത്തിന്റെ വിവിധഭാഗങ്ങളില്‍ ആവര്‍ത്തിച്ച് വന്നിട്ടുണ്ട്. ഇപ്പറഞ്ഞ അധ്യായങ്ങളില്‍ ഒന്ന് ‘ദൈവത്തിന്റെ യുദ്ധങ്ങള്‍’എന്നാണെങ്കില്‍ മറ്റൊന്ന്’ആത്മാര്‍ഥതയും ദൈവഭക്തിയുമുള്ള ജനത്തിന്റെ പുസ്തകം’ എന്നാണ്. പക്ഷേ, അത്തരത്തില്‍ യാതൊരു അധ്യായവും ആ പുസ്തകങ്ങളിലില്ല എന്നതാണ് വാസ്തവം. ഇതൊക്കെയാണ് ചരിത്രത്തില്‍നിന്ന് പുനര്‍ജനിച്ച തൗറാത്തിന്റെ ഇന്നത്തെ അവസ്ഥ.

About the author

padasalaadmin

Add Comment

Click here to post a comment

Topics