വേദങ്ങള്‍

ഇന്‍ജീല്‍ വേദഗ്രന്ഥം

ഈസാനബിക്ക് അല്ലാഹു അവതരിപ്പിച്ചുകൊടുത്ത വേദം. ഖുര്‍ആനിലും ഹദീസിലും ഇന്‍ജീലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇംഗ്ലീഷില്‍ ‘ഗോസ്പല്‍'(Gospel) എന്ന് പരിഭാഷപ്പെടുത്താമെങ്കിലും ബൈബിളിലെ പുതിയ നിയമം എന്ന ഭാഗമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന് പറഞ്ഞുകൂടാ. പുതിയ നിയമം യേശുവിന്റെ ശിഷ്യന്‍മാരില്‍ ചിലരുടെ ഓര്‍മകളില്‍നിന്ന് എടുത്ത് ഉദ്ധരിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാരമാണ്. അതില്‍തന്നെ പ്രധാനമായും മാര്‍ക്കോസ്, യോഹന്നാന്‍, ലൂക്കാ, മത്തായി എന്നിവരുടെ സുവിശേഷങ്ങള്‍ മാത്രമേ കത്തോലിക്കാ സഭ അംഗീകരിക്കുന്നുള്ളൂ. ബാര്‍നബാസ് ക്രിസ്തു ശിഷ്യന്‍മാരുടെ സുവിശേഷങ്ങളെ സഭ തള്ളിക്കളഞ്ഞിട്ടുമുണ്ട്. ക്രിസ്തുമതത്തില്‍ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ട യവന- റോമന്‍ സങ്കല്‍പങ്ങളെയും ത്രിയേകത്വം തുടങ്ങി പഴയനിയമത്തില്‍ കാണാന്‍കഴിയാത്ത ആശയങ്ങളെയും ഖണ്ഡിക്കുന്ന പ്രസ്താവങ്ങള്‍ അടങ്ങിയ സുവിശേഷങ്ങള്‍ പില്‍ക്കാലത്ത് സഭക്ക് അസ്വീകാര്യമായിത്തീര്‍ന്നതാണ് ഇത്തരമൊരു തിരസ്‌കാരത്തിന് കാരണമായത്.

അല്ലാഹുവില്‍നിന്ന് ഈസാ നബിക്ക് ലഭിച്ച വെളിപാടുകളുടെ സമാഹാരം അദ്ദേഹം ഗ്രന്ഥരൂപത്തില്‍ മനുഷ്യര്‍ക്ക് സമര്‍പ്പിച്ചിരുന്നോ എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്ക് സംശയമുണ്ട്. ഇന്‍ജീല്‍ മുദ്രണംചെയ്യപ്പെട്ടത് യേശുവിന്റെ തിരുഹൃദയത്തിലായിരുന്നു എന്ന് വാദിക്കുന്നവരാണ് നല്ലൊരു വിഭാഗം. അദ്ദേഹം പറഞ്ഞുകൊടുത്തതില്‍ ചിലത് പില്‍ക്കാലത്ത് ഓര്‍മയില്‍ നിന്നെടുത്ത് രേഖപ്പെടുത്തുക മാത്രമാണ് ശിഷ്യര്‍ ചെയ്തത്. അതുകൊണ്ട് മുഹമ്മദിന് ഖുര്‍ആന്‍ പോലെയാവുകയില്ല യേശുവിന് പുതിയ നിയമം. അതിന്, കവിഞ്ഞാല്‍ ഹദീസുകളുടെ സ്ഥാനമേ കല്‍പിച്ചുകൊടുത്തുകൂടൂ. ഖുര്‍ആനില്‍ ഇന്‍ജീലിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങള്‍ ഇവയാണ്:

തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ് (അല്‍അഅ്‌റാഫ് 157).
സത്യസന്ദേശവുമായി ഈ വേദം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. ഇതിനു മുമ്പ്, തൗറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു; മനുഷ്യര്‍ക്ക് വഴികാണിക്കാന്‍. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ഇറക്കിത്തന്നു(ആലുഇംറാന്‍ 3,4)
അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും(ആലുഇംറാന്‍ 48).
ഇതുപോലെ ഇന്‍ജീലിനെക്കുറിച്ച് ഖുര്‍ആനില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ പരാമര്‍ശമുള്ളതായി ചില പഠനങ്ങളില്‍ കാണാം.
ഇന്‍ജീല്‍, വേദക്കാരുടെ അടുക്കല്‍ ഇല്ലായിരുന്നു. അത് യേശുവിന്റെ ഹൃദയത്തില്‍ സൂക്ഷിക്കപ്പെട്ടതും സാന്ദര്‍ഭികമായി മാത്രം ശിഷ്യര്‍ക്ക് അവിടുത്തെ നാവില്‍നിന്ന് കിട്ടിയതുമായിരുന്നു എന്ന വാദത്തെ ഖണ്ഡിക്കുന്നതിനായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്, ഇന്‍ജീലില്‍ ക്രിസ്ത്യാനികള്‍ കൈകടത്തലുകള്‍ നടത്തി എന്ന് ഖുര്‍ആനില്‍ത്തന്നെ പറഞ്ഞ പരാമര്‍ശത്തെയാണ്. ഇന്‍ജീല്‍ അവരുടെ കൈകളില്‍ എത്തിപ്പെട്ടെങ്കിലല്ലേ അതിലവര്‍ക്ക് മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ സാധിക്കൂ.
ഇന്‍ജീല്‍ ഹീബ്രു ഭാഷയിലാണ് അവതരിച്ചതെന്ന് സ്വഹീഹുല്‍ ബുഖാരിയില്‍ , വറഖത്ബ്‌നു നൗഫലിന്റെ കഥ ഉദ്ധരിച്ച സ്ഥലത്ത് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.
ഇമാം സമഖ്ശരി തന്റെ ‘കശ്ശാഫ്’ എന്ന ഗ്രന്ഥത്തില്‍ ഇന്‍ജീല്‍ അവതരിച്ചത് റമദാന്‍ 13-നാണ് എന്ന് പറയുന്നു. വേറെ ചിലര്‍ റമദാന്‍ 18 ന് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ചില രേഖകള്‍ പ്രകാരം പുതിയ നിയമത്തിന്റെ നിവേദകന്‍മാരായ മാര്‍ക്കോസ്, യോഹന്നാന്‍, മത്തായി, ലൂക്കാ എന്നിവര്‍ ക്രിസ്തുവിന്റെ നേരിട്ടുള്ള ശിഷ്യത്വം ലഭിക്കാത്തവരായിരുന്നു എന്നും കാണാന്‍ കഴിയുന്നുണ്ട്. യേശുവിന്റെ അപ്പോസ്തലന്‍മാരായി ഖുര്‍ആന്‍ വിശേഷിപ്പിച്ച ‘ഹവാരിയ്യൂന്‍’ എന്ന വിശിഷ്ടരില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ല.
ഖുര്‍ആന് മുമ്പ് അവതീര്‍ണമായ വേദങ്ങളില്‍ ഒടുവിലത്തേതാണ് ‘ഇന്‍ജീല്‍’ എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. മുഹമ്മദ് നബിക്ക് തൊട്ടുമുമ്പ് വന്ന വേദം നല്‍കപ്പെട്ട പ്രവാചകന്‍ ഈസാ നബിയായിരുന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കുമിടക്കുള്ള കാലയളവില്‍ അവതരിച്ച ഏതെങ്കിലും വെളിപാട് പുസ്തകത്തെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമില്ല. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടാത്തതും ഇബ്‌റാഹീമിന്റെ താവഴിക്ക് പുറത്തുള്ളതുമായ ഏതെങ്കിലും പ്രവാചകന് ലഭിച്ച വെളിപാടിനെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമില്ലാതിരിക്കുന്നതില്‍ അസ്വാഭാവികതയില്ല. ഇബ്‌റാഹീമി പരമ്പരക്ക് പുറത്തുള്ള പ്രവാചകന്‍മാരെക്കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നില്ലല്ലോ.

About the author

padasalaadmin

Add Comment

Click here to post a comment

Topics