Youth

വിവാഹം കഴിക്കാനുള്ളവരോട്

വീതിക്കപ്പെട്ട അന്നമാണ് വിവാഹമെന്നത്. ഓരോ വ്യക്തിക്കും അവന്‍ മാതാവിന്റെ ഗര്‍ഭപാത്രത്തിലായിരിക്കെ തന്നെ അല്ലാഹു അന്നം വീതിക്കുകയും നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് നിശ്ചയിക്കപ്പെട്ട അന്നം പൂര്‍ത്തിയാക്കുന്നതിന് മുമ്പെ ഒരു ആത്മാവും മരണപ്പെടുകയില്ല. തന്റെ സമയത്തിന് ഒരു നിമിഷം മുന്തിയോ, ഒരു നിമിഷം പിന്തിയോ മരണപ്പെടുന്ന ആത്മാവുമില്ല. എല്ലാവരും ഒരുപോലെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാര്യമാണ് ഇത്. എന്നാല്‍ പ്രായോഗിക ലോകത്തേക്ക് കടന്ന് വരുമ്പോഴാണ് സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം നമുക്ക് ശരിക്കും ബോധ്യപ്പെടുന്നത്.

വിവാഹമെന്നത് പ്രകൃതിപരമായ ആവശ്യവും, ശാരീരികവും, മാനസികവുമായ, സാമൂഹകിവുമായ അനിവാര്യതയുമാണെന്നതിനാല്‍ തന്നെ അതേക്കുറിച്ച് ചിന്തിക്കരുതെന്ന് പറയാന്‍ നമുക്ക് കഴിയില്ല. വിവാഹമെന്നത് ഭാഗ്യവും ഓഹരിയുമാണെന്നും, അല്ലാഹു വീതിച്ച് നല്‍കിയ അന്നമാണതെന്നും പറയാനേ നമുക്ക് സാധിക്കുകയുള്ളൂ.

വിവാഹമെന്ന പ്രകൃതിപരമായ ആവശ്യത്തെ മാറ്റി നിര്‍ത്തൂ എന്നോ, അതേക്കുറിച്ച് ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്യേണ്ടതില്ലെന്നോ അല്ല ഇത് അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ ആലോചനകളെ വ്യവസ്ഥപ്പെടുത്തണമെന്ന് മാത്രമാണ് ഇതിന്റെ ഉദ്ദേശം. നമ്മുടെ ചിന്തകള്‍ക്കും ആലോചനകള്‍ക്കുമല്ല പ്രശ്‌നമുള്ളത്, മറിച്ച് ചിന്താരീതികള്‍ക്കും ശൈലികള്‍ക്കുമാണ്. നിര്‍ബന്ധിതമായി രൂപപ്പെടുന്ന ചിന്തയും ആലോചനയും ഭാവിയെക്കുറിച്ച് നിരാശയും മടുപ്പും ഭയവും അപകര്‍ഷതയുമാണ് സൃഷ്ടിക്കുക. ഇത്തരം ചിന്തകളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് നാം വേണ്ടത്.

വിവാഹത്തെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റായ പല ചിന്തകളും സമീപനങ്ങളുമുണ്ട്. ജീവിതത്തില്‍ ഒന്നും നേടാനോ, പൂര്‍ത്തീകരിക്കാനോ സാധിക്കാത്ത വ്യ്ക്തികള്‍ തങ്ങളുടെ ന്യൂനതയും കഴിവില്ലായ്മയും മറച്ചു വെക്കാനോ, പരാജയത്തില്‍ നിന്ന് ഓടിയൊളുക്കുന്നതിന് വേണ്ടിയോ സ്വീകരിക്കുന്ന അഭയകേന്ദ്രമായി വിവാഹത്തെ സമീപിക്കുന്നത് ഇവയില്‍ പെടുന്നു. പ്രശ്‌നങ്ങളിലോ, മറ്റോ അകപ്പെടുമ്പോള്‍ വിവാഹം കഴിച്ചാല്‍ ശരിയാകുമെന്നോ, വിവാഹം തന്നെയാണ് പരിഹാരമെന്നോ ഉള്ള പ്രസ്താവനയും അഭിപ്രായപ്രകടനവും നടത്തുന്നത് മേല്‍പറഞ്ഞ കാഴ്ചപ്പാടിന്റെ പ്രായോഗികരൂപമാണ്. വിവാഹം കഴിച്ചാലല്ലാതെ എന്റെ ജീവിതത്തിലെ ഒരു കാര്യവും ശരിയാകുമെന്ന് തോന്നുന്നില്ല, അവനെ വിവാഹം കഴിപ്പിച്ചാലേ ഇനി നന്നാക്കാന്‍ കഴിയുകയുള്ളൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ നമ്മുടെ സമൂഹത്തിന് ഇന്ന് സുപരിചിതമാണ്. ഈയര്‍ത്ഥത്തിലുള്ള വൈവാഹിക ചിന്തകള്‍ പൂര്‍ണമായും അബദ്ധമാണ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ സ്വന്തം മനസ്സിനോട് ഉള്ള് തുറന്ന് സംസാരിക്കാനോ, അതിനെ യഥാര്‍ത്ഥ രൂപത്തില്‍ നേരിടാനോ നമുക്ക് കഴിയാതെ വരുന്നു.

തങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ട കവാടങ്ങള്‍ തള്ളിത്തുറന്നതിന് ശേഷം നിര്‍ബന്ധിതരായി വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട്. ചില യുവതീയുവാക്കള്‍ ഫോണ്‍ സംഭാഷണം, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ് സൈറ്റുകള്‍, സിനിമകള്‍, രഹസ്യബന്ധങ്ങള്‍ തുടങ്ങിയവയുടെ കവാടങ്ങള്‍ തുറന്ന് വെക്കുകയും അതുമുഖേനെ മനസ്സിലും വികാരത്തിലും തീപടരുകയും അവയുടെ ആളിക്കത്തല്‍ ലഘൂകരിക്കാനായി പല വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുകയും ചെയ്യുന്നു. എല്ലാറ്റിനും ശേഷം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏക പരിഹാരം വിവാഹം മാത്രമാണെന്ന നിഗമനങ്ങളിലേക്ക് അവര്‍ എത്തിച്ചേരുന്നു.

ജീവിക്കുന്ന സാമൂഹിക ചുറ്റുപാടിന്റെ സമ്മര്‍ദ്ദം മൂലവും യുവതീയുവാക്കള്‍ വിവാഹത്തില്‍ എത്തിച്ചേരാറുണ്ട്. പരസ്പരം വേര്‍പിരിഞ്ഞ് ജീവിക്കുന്ന മാതാപിതാക്കളും, കുടുംബത്തിലെ വൈകാരിക ഊഷരതയുമെല്ലാം ഈയര്‍ത്ഥത്തിലുള്ള കാരണങ്ങളാണ്. തന്റെ ഇളയ സഹോദരിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു, കൂടെ പഠിച്ച എല്ലാവരുടെയും വിവാഹം കഴിഞ്ഞു, കാണുന്നവരെല്ലാം ചോദിക്കുന്നു ‘നീയിനിയും വിവാഹം കഴിച്ചില്ലേ? തുടങ്ങിയ പല കാരണങ്ങളും അത്തരത്തിലുള്ള ചിന്തകളും വിവാഹത്തിലേക്ക് കൊണ്ടെത്തിച്ച പലരും നമ്മുടെ സമൂഹത്തിലുണ്ട്. വിവാഹത്തെ അഭയസ്ഥാനവും, പരിഹാരവും, രക്ഷയും, ചികിത്സയുമൊക്കെയാക്കി നാം മാറ്റിയിരിക്കുന്നുവെന്ന് ചുരുക്കം.

വിവാഹത്തെക്കുറിച്ച് നിരാശയോ, അശ്രദ്ധയോ മാത്രം സമ്മാനിക്കുന്ന സമീപനങ്ങളാണ് ഇവയെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ക്കും ആലോചനകള്‍ക്കും മുന്നില്‍ നിരാശപ്പെടുകയോ, ഭയക്കുകയോ ചെയ്യുന്ന സ്ത്രീകള്‍ തനിക്ക് മുന്നില്‍ വരുന്ന ആദ്യവിവാഹാലോചന തന്നെ സ്വീകരിക്കുകയും തന്റെ ജീവിതപങ്കാളിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തുനിയാതിരിക്കുകയും ചെയ്യുന്നു. വിവാഹം കഴിക്കുക മാത്രമാണ് ഇപ്പോള്‍ അവളെ അലട്ടുന്ന പ്രശ്‌നം എന്നതാണ് അതിനുള്ള കാരണം. എന്നാല്‍ വിവാഹം കഴിയുന്നതോടെ ഞാന്‍ എന്റെ വീട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു ഇതിലും ഭേദമെന്ന്് കരുതുന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുക.

വിവാഹത്തിന്റെ കാര്യത്തില്‍ അവധാനതയോടും, വീണ്ടുവിചാരത്തോടും കൂടി തീരുമാനമെടുക്കണമെന്നാണ് അവിവാഹിതരോട് സൂചിപ്പിക്കാനുള്ളത്. ഓരോരുത്തരും തന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനും, കഠിനാധ്വാനം ചെയ്യാനുമുള്ള മാനസികാവസ്ഥ രൂപപ്പെടുത്തുക. വിവാഹത്തെക്കുറിച്ച് കൃത്യവും വ്യക്തവുമായ സമീപനം സ്വീകരിക്കുക. വിവാഹത്തെക്കുറിച്ച ആലോചനകളും ചിന്തകളും വ്യവസ്ഥപ്പെടുത്താനുള്ള ഏകകമായി വിശ്വാസത്തെ നിര്‍ണയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുക. വിവാഹം വൈകിയെന്ന ആശങ്ക മനസ്സിനെ ഉലക്കുമ്പോള്‍ തന്റെ നാഥന്‍ തന്നോട് ഏറ്റവും കരുണയുള്ളവനാണെന്നും നമുക്കറിയാത്തത് അറിയുന്നവനാണെന്നും വിശ്വസിച്ച് അവനില്‍ ഭരമേല്‍പിക്കുക. അല്ലാഹു മൂസാ പ്രവാചകനെ ഈജിപ്തില്‍ നിന്ന് പുറത്ത് കടത്തിയത് ഭീതിതനും, പരിസരം വീക്ഷിക്കുന്നവനുമായാണെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ പ്രവാചകന്റെ ലജ്ജയും, വിശുദ്ധിയും, സച്ചരിതയുമായ മകളെ തന്റെ ജീവിതപങ്കാളിയായി തെരെഞ്ഞെടുക്കുന്നതിന് വേണ്ടിയായിരുന്നു അതെന്ന് പിന്നീട് മൂസാ(അ) തന്നെ തിരിച്ചറിയുന്നു. നമ്മുടെ അന്നം നമ്മെ തേടിയെത്തുകയോ, നാം അതിന്റെ അടുത്തെത്തുകയോ ചെയ്യുമെന്നതില്‍ സംശയമേ വേണ്ട.

നസ്മഃ വുറൂദ്

Topics