ആരോഗ്യം-Q&A

സ്വയംഭോഗത്തെക്കുറിച്ച ഇസ് ലാമികവിധി

ചോ: സ്വയംഭോഗത്തെക്കുറിച്ച ഇസ്‌ലാമിന്റെ വിധിയെന്തെന്നറിയാന്‍ ആഗ്രഹിക്കുന്നു?

……………………………….

ഉത്തരം: ഇക്കാലത്ത് വിവാഹംകഴിച്ചിട്ടില്ലാത്ത യുവതലമുറയെ പിടികൂടിയിരിക്കുന്ന മാരകമായ പ്രശ്‌നമാണ് സ്വയംഭോഗം. ചുറ്റുപാടുകള്‍ അവരെ വ്യഭിചാരമെന്ന തിന്മയിലേക്ക് ആകര്‍ഷിക്കും വിധം പ്രലോഭനങ്ങളുടേതാണ്. ഇസ്‌ലാമികേതരസമൂഹങ്ങളില്‍ കൗമാര-യൗവന-വാര്‍ധക്യഘട്ടങ്ങളിലുള്ളവര്‍ക്ക് സ്വയംഭോഗത്തിന് വിലക്കുകളില്ല. എന്നാല്‍ ഇസ്‌ലാമില്‍ അങ്ങനെയല്ല. അതിന് സാഹചര്യത്തെയും വ്യക്തിയെയും പരിഗണിച്ചാണ് വിധിതീര്‍പ്പ് കല്‍പിച്ചിട്ടുള്ളത്.

ഖുര്‍ആനില്‍ സ്വയംഭോഗത്തെ വിലക്കിക്കൊണ്ടുള്ള വിധിക്ക് തെളിവ് താഴെപറയുന്ന സൂക്തമാണ്.

‘നിശ്ചയമായും സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തി പുലര്‍ത്തുന്നവരാണ്. അനാവശ്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നവരാണ്; സകാത്ത് നല്‍കുന്നവരുമാണവര്‍;

തങ്ങളുടെ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരും.തങ്ങളുടെ ഇണകളും അധീനതയിലുള്ള സ്ത്രീകളുമായി മാത്രമേ അവര്‍ വേഴ്ചകളിലേര്‍പ്പെടുകയുള്ളൂ. അവരുമായുള്ള ബന്ധം ആക്ഷേപാര്‍ഹമല്ല. എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവര്‍ അതിക്രമകാരികളാണ്.

(അല്‍ മുഅ്മിനൂന്‍ 1-7)

ഈ സൂക്തത്തിന്റെ വിശദീകരണമായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് സ്വയംഭോഗശീലം ദാമ്പത്യത്തിനുപുറത്ത് (‘അതിനുമപ്പുറം ആഗ്രഹിക്കുന്നവര്‍’)ലൈംഗികാഗ്രഹം പൂര്‍ത്തീകരിക്കുക എന്ന സംഗതിയില്‍പെടുമെന്നാണ്. അതായത് അവര്‍ അതിക്രമികളായി വിലയിരുത്തപ്പെടുമെന്നര്‍ഥം. ഈ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത് ശാഫിഈ മദ്ഹബിലെ കര്‍മശാസ്ത്രപണ്ഡിതരാണ്.

എന്നാല്‍ മേല്‍സൂക്തത്തിലെ ‘അതിനപ്പുറം ആഗ്രഹിക്കുന്നവര്‍’ എന്നതിന്റെ വിവക്ഷ വ്യഭിചാരത്തിലൂടെ ലൈംഗികതാല്‍പര്യം പൂര്‍ത്തീകരിക്കുകയെന്നേ്രത മറ്റുചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. ഈ വീക്ഷണപ്രകാരം സ്വയംഭോഗം  സൂക്തത്തിന്റെ  സൂചനാവൃത്തത്തില്‍ പെടുന്നില്ല. ഹനഫി ചിന്താധാര ഇതിനോട് യോജിക്കുന്നു. അതുപ്രകാരം സ്വയംഭോഗം അടിസ്ഥാനപരമായി വിലക്കപ്പെട്ടതാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അത് അനുവദിക്കപ്പെടുന്നു.

1. വ്യക്തി അവിവാഹിതനാണ്.

2.  സ്വയംഭോഗംചെയ്തില്ലെങ്കില്‍ വ്യഭിചാരത്തിലേക്ക് ആപതിക്കുമെന്ന് ഭയപ്പെടുന്നു.

3.  ലൈംഗിക സംതൃപ്തിയെന്നോണം ആസ്വദിക്കാതെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കാനുള്ള ഉപാധി

ശരീഅതിന്റെ അടിസ്ഥാനനിയമങ്ങള്‍ സ്വയംഭോഗത്തെ നിരുത്സാഹപ്പെടുത്തുന്നു.  എന്നുമാത്രമല്ല, ശാരീരികദാഹം തീര്‍ക്കാന്‍ ഇത് മാര്‍ഗമായി സ്വീകരിക്കാന്‍ ശരീഅത് അനുവദിക്കുന്നില്ല. എന്നിരുന്നാലും ഇത് വ്യഭിചാരത്തെപ്പോലെ കൊടിയപാപമല്ല. എന്നാല്‍ അടിയന്തിരഘട്ടത്തില്‍ വ്യഭിചാരത്തിലേക്ക് വഴുതിവീഴാതിരിക്കാന്‍ മാത്രം ഇത് അനുവദിക്കപ്പെടും. ഉദാഹരണത്തിന്  ഒരാള്‍ വ്യഭിചാരമോ അലെങ്കില്‍ മാനസികരോഗമോ ഭയപ്പെട്ടാല്‍ മാത്രം സ്വയംഭോഗത്തിനുള്ള വിലക്ക് ഇല്ലാതാകും. അല്ലാത്ത സാഹചര്യത്തില്‍ അത് വിലക്കെപ്പട്ടിരിക്കുന്നു.

സ്വയംഭോഗം വിലക്കപ്പെടുന്ന സാഹചര്യം ഇവയാണ്: ആണാകട്ടെ, പെണ്ണാകട്ടെ അത് ലൈംഗികപൂര്‍ത്തീകരണത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കരുത്. അനിവാര്യഘട്ടത്തില്‍ അനുവദനീയമാകുമ്പോള്‍ പോലും അത് ശരീരത്തിന് ദോഷമുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടായിരിക്കണം. 

വിവാഹം വൈകുകയോ, നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തത്ര ശരീരം ദുര്‍ബലമായിരിക്കുകയോ ചെയ്താല്‍ മാത്രം ആ ദുശ്ശീലത്തെ അനിവാര്യമാക്കേണ്ടതുള്ളൂ. പ്രവാചകന്‍ തിരുമേനി (സ)യുടെ ആഹ്വാനം ഇത്തരുണത്തില്‍ വളരെ പ്രസക്തമാണ്. വിവാഹം കഴിക്കാന്‍ പ്രയാസപ്പെടുന്നവര്‍ അതിന് അവസരം ഉണ്ടാകുന്നതുവരെ വ്രതമനുഷ്ഠിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.’അല്ലയോ യുവാക്കളേ, നിങ്ങളില്‍ വിവാഹത്തിന് പ്രാപ്തിയെത്തിയവര്‍ വിവാഹംകഴിക്കുക. കാരണം അത് തുറിച്ചുനോട്ടത്തില്‍നിന്നും വ്യഭിചാരത്തില്‍നിന്നും നിങ്ങളെ തടയുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ കഴിയാത്തവര്‍ വ്രതമനുഷ്ഠിക്കട്ടെ. കാരണം അത് തിന്‍മയ്‌ക്കെതിരെ പരിചപോലെ വര്‍ത്തിക്കുന്നു.(ബുഖാരി)’

 

Tags

Topics