മനുഷ്യന്റെ പാഠശാലയാണ് ജീവിതം. സ്വഭാവം, ഇടപാട്, ആരാധന തുടങ്ങിയവ മനുഷ്യന്‍ പഠിക്കുന്നതില്‍ ജീവിതത്തില്‍ നിന്നാണ്. ജീവിതത്തില്‍ തന്നെ മനുഷ്യന് പാഠശാലകളായി വര്‍ത്തിക്കുന്ന ഒട്ടേറെ സംവിധാനങ്ങളുമുണ്ട്. ദൈവികബോധം മുസ്ലിം ഐക്യവും വളര്‍ത്തുന്ന നോമ്പും തിന്‍മകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന നമസ്‌കാരവുമെല്ലാം ഇത്തരത്തിലുള്ള പാഠശാലകളാണ്. എന്നാല്‍ നാം പലപ്പോഴും വിസ്മരിക്കുന്ന പാഠശാലയാണ് തിരുമേനി(സ)യുടെ അനുചരന്‍മാര്‍ നേതൃത്വം നല്‍കിയ മഹത്തായ പാഠശാലകള്‍
.
സ്വഹാബാക്കളുടെ പാഠശാലയില്‍ നിന്ന് പ്രഥമമായി നമുക്ക് പഠിക്കാനുള്ളത് പ്രവാചകനോടുള്ള അവരുടെ സ്‌നേഹം തന്നെയാണ്. പ്രവാചകാനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നതിനെക്കുറിച്ച് ഒരു നിഷേധി പറഞ്ഞത് ഇപ്രകാരമായിരുന്നു (ഞാന്‍ ഒട്ടേറെ രാജാക്കന്‍മാരെ സന്ദര്‍ശിച്ചിട്ടുണ്ട്. കിസ്‌റയെയും ഖൈസറിനെയും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ മുഹമ്മദി(സ)നെ അദ്ദേഹത്തിന്റെ അനുയായികള്‍ ആദരിക്കുന്നത് പോലെ മറ്റൊരു രാജാവും ആദരിക്കപ്പെടുന്നതായി ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം തുപ്പിയാല്‍ അത് അനുയായികളുടെ കയ്യിലായിരുന്നു വീണിരുന്നത്. അവരത് മുഖത്തും ശരീരത്തിലും തേക്കാറുണ്ടായിരുന്നു. അദ്ദേഹം വുദുവെടുത്ത വെള്ളത്തിന് വേണ്ടി അവര്‍ മത്സരിക്കാറുണ്ടായിരുന്നു. അദ്ദേഹം സംസാരിച്ചാല്‍ അവര്‍ ശബ്ദം താഴ്ത്തി നിശബ്ദത പാലിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദരവ് കൊണ്ട് അവര്‍ അദ്ദേഹത്തെ തറപ്പിച്ച് നോക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ല).
അംറ് ബിന്‍ ആസ്വ്(റ) പറയുന്നു: ‘എന്റെ കണ്ണില്‍ ഏറ്റവും മഹത്വമുള്ളത് എനിക്ക് ഏറ്റവും പ്രിയങ്കരനായത് തിരുമേനി(സ)യായിരുന്നു. അദ്ദേഹത്തോടുള്ള ആദരവിനാല്‍ കണ്ണുനിറച്ച് അദ്ദേഹത്തെ ഞാന്‍ നോക്കാറുണ്ടായിരുന്നില്ല. അദ്ദേഹത്തെ വര്‍ണിക്കാന്‍ ആവശ്യപ്പെട്ടാല്‍ എനിക്ക് അതിന് സാധിക്കുകയില്ല. കാരണം ഞാന്‍ അദ്ദേഹത്തെ പൂര്‍ണമായി കണ്ടിരുന്നില്ല എന്നതാണ്’.
തിരുമേനി(സ)ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അനുചരന്‍മാര്‍ തയ്യാറായിരുന്നു. ഉഹ്ദ് യുദ്ധവേളയില്‍ പെട്ടെന്നുള്ള ആക്രമണത്തില്‍ പരിഭ്രമിച്ച മുസ്ലിംകള്‍ ചിതറിയോടിയപ്പോള്‍ അബൂത്വല്‍ഹ(റ) പ്രവാചകനെ പ്രതിരോധിച്ച് കൊണ്ട് ഇപ്രകാരം പ്രഖ്യാപിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാപിതാക്കളാണ് സത്യം. എന്റെ കഴുത്തറുത്തതിന് ശേഷമല്ലാതെ താങ്കള്‍ക്ക് ഇന്ന് ഒരു പോറലുമേല്‍ക്കുകയില്ല’.
തിരുമേനി(സ)യുടെ കല്‍പന അതിവേഗം നടപ്പാക്കിയിരുന്നുവെന്നതാണ് സ്വഹാബാക്കള്‍ കാണിച്ച് തന്ന മറ്റൊരു മാതൃക. പ്രവാചകന്റെ കല്‍പനയുണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കാതെ അത് പൂര്‍ത്തീകരിക്കാന്‍ അവര്‍ സര്‍വാത്മനാ സന്നദ്ധരായിരുന്നു. തന്റെ മകള്‍ ആഇശ(റ)ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പങ്കാളിയായ തന്റെ ബന്ധുകൂടിയായ മിസ്ത്വഹിന് ഇനി സമ്പത്ത് നല്‍കുകയില്ലെന്ന് അബൂബകര്‍(റ) പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിശ്വാസികള്‍ അപ്രകാരം ചെയ്യാന്‍ പാടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ കല്‍പിച്ചതോടെ തന്റെ നിലപാട് മാറ്റാന്‍ അബൂബക്ര്‍(റ) തയ്യാറാവുകയുണ്ടായി.
അല്ലാഹുവിനോട് ചെയ്ത കരാര്‍ ലംഘിക്കുകയോ, കള്ളമാക്കുകയോ ചെയ്യാറില്ലായിരുന്നുവെന്നതാണ് സ്വഹാബാക്കളുടെ മറ്റൊരു സവിശേഷത. ശദ്ദാദ് ബിന്‍ ഹാദ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഅ്‌റാബിയായ ഒരാള്‍ തിരുമേനി(സ)യുടെ അടുത്ത് വന്ന് അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്തു. ഞാന്‍ താങ്കളുടെ കൂടെ ഹിജ്‌റ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അദ്ദേഹത്തിന്റെ കാര്യം ഏതാനും സ്വഹാബാക്കളെ ചുമതലപ്പെടുത്തി. പിന്നീട് ശത്രുക്കളുമായി യുദ്ധമുണ്ടായപ്പോള്‍ ഗനീമത്ത് ലഭിക്കുകയും തിരുമേനി(സ) അതില്‍ നിന്ന് ഒരു പങ്ക് ഇയാള്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്തു. അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ മറ്റ് സ്വഹാബാക്കളെയാണ് ഗനീമത്ത് ഏല്‍പിച്ചത്. മടങ്ങിവന്ന അദ്ദേഹത്തിന് അവര്‍ ഗനീമത്ത് നല്‍കി. ഇത് എന്താണ് എന്ന് ചോദിച്ചപ്പോള്‍ തിരുമേനി(സ) താങ്കള്‍ക്ക് വീതിച്ച് നല്‍കിയ ഗനീമത്താണെന്ന് അവര്‍ മറുപടി നല്‍കി. അദ്ദേഹം അതെടുത്ത് നേരെ പ്രവാചകന്റെ മുന്നില്‍ ചെന്നു പറഞ്ഞു ‘ഞാന്‍ ഇതിന് വേണ്ടിയല്ല താങ്കളെ പിന്‍പറ്റിയത്. എന്റെ ചങ്കില്‍ അമ്പേറ്റ് ദൈവിക മാര്‍ഗത്തില്‍ ശഹാദത്ത് വരിച്ച് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാണ് ഞാന്‍ താങ്കളെ പിന്‍പറ്റിയത്’. താങ്കള്‍ സത്യസന്ധനാണെങ്കില്‍ അല്ലാഹു സത്യസന്ധത കാത്ത് സൂക്ഷിക്കുന്നതാണ് എന്ന് തിരുമേനി(സ) അദ്ദേഹത്തിന് മറുപടി നല്‍കി. കുറച്ച് കഴിഞ്ഞതിന് ശേഷം അവര്‍ വീണ്ടും ശത്രുക്കളുമായി ഏറ്റുമുട്ടി. അപ്പോഴുണ്ട് അദ്ദേഹത്തെ ചുമന്ന് സഹപ്രവര്‍ത്തകര്‍ പ്രവാചകന്റെ അടുത്തേക്ക് വരുന്നു. അദ്ദേഹം നേരത്തെ ചൂണ്ടിക്കാണിച്ച ചങ്കില്‍ തന്നെ അമ്പേറ്റ് ശഹാദത്ത് വരിച്ചിരിക്കുന്നു. തിരുമേനി(സ) പറഞ്ഞു ‘അതെ, അദ്ദേഹം സത്യം പറഞ്ഞിരിക്കുന്നു’.
വിജ്ഞാനത്തിന്റെ മാര്‍ഗത്തില്‍ ഐഹികലോകത്തെ ഉപേക്ഷിച്ചവരായിരുന്നു അവര്‍. വിശപ്പ് സഹിച്ച്, പട്ടിണി കിടന്ന് പ്രവാചനെ പിന്തുടര്‍ന്ന് വിജ്ഞാനം സമ്പാദിക്കുകയായിരുന്നു അബൂഹുറൈറ(റ). ലോകം കീഴടക്കിയതിന് ശേഷവും, ഗനീമത്ത് മുന്നില്‍ കൂമ്പാരമായി വന്ന് ചേര്‍ന്നപ്പോഴും വിനയവും ലാളിത്യവും മുറുകെ പിടിച്ചായിരുന്നു അവര്‍ ജീവിച്ചിരുന്നത്. പ്രവാചകാനുചരന്‍മാരുടെ പാഠശാല പ്രസരിപ്പിച്ച മഹത്തായ സന്ദേശങ്ങളില്‍പെടുന്നവയാണ് ഇവ.
Add Comment