മഹാന്‍മാരെക്കുറിച്ച ചര്‍ച്ച ഹൃദയത്തെ തരളിതമാക്കുന്നതും, ബുദ്ധിമാന്മാരുടെ മനസ്സിനെ മഥിക്കുന്നതുമാണ്. അവരെക്കുറിച്ച ചരിത്രകഥനത്താല്‍ വൈജ്ഞാനിക സദസ്സുകള്‍ അലങ്കൃതമാകുകയും, അവരുടെ പാരമ്പര്യം കൊണ്ട് അങ്ങാടികളില്‍ പരിമളം വീശുകയും ചെയ്യുന്നു. ഔന്നത്യബോധമുള്ളവരും പുരോഗതിലക്ഷ്യം വെക്കുന്നവരും അവരുടെ ജീവചരിത്രം അറിയാന്‍ കൊതിക്കുന്നു. എന്നിരിക്കെ സംസാരവിഷയം ഭൂമുഖത്ത് പ്രകാശിതമായ സൂര്യതേജസ്സായ പ്രവാചകനാണെങ്കിലോ?
ലോകത്തിന് മേല്‍ പ്രഭ ചൊരിഞ്ഞ ഈ പ്രകാശ ദീപത്തിന് ഒരു വ്യത്യാസമുണ്ട്. സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമ്പോഴും പൂര്‍ണശോഭയോടെ മങ്ങലേല്‍ക്കാതെ എന്നെന്നും നിലനില്‍ക്കുന്നതാണ് പ്രവാചകദീപം.’ നബിയേ, നിശ്ചയമായും നാം നിന്നെ സാക്ഷിയും ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായി അയച്ചിരിക്കുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരം അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന വിളക്കുമായാണ് നിന്നെ അയച്ചത്'(അല്‍അഹ്‌സാബ് 45-46).
മറ്റൊരു ദൈവിക വചനം ഇങ്ങനെയാണ്: ‘വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന ഒത്തിരി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് നമ്മുടെ ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു’ (മാഇദ 15)
ഇമാം ത്വബ്‌രി ഈ ആയത്തിനെ വിശദീകരിക്കുന്നു. ‘ഇവിടെ നൂര്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് തിരുമേനി(സ)യെയാണ്. ഹൃദയത്തില്‍ അന്ധകാരത്തെ നീക്കി പ്രകാശമാനമാക്കിയ, മരണത്തിന് ശേഷം ജീവിപ്പിച്ച, വഴികേടില്‍നിന്ന് കൈപിടിച്ചുയര്‍ത്തി സന്മാര്‍ഗം നല്‍കിയ, ദൗര്‍ഭാഗ്യത്തിന് ശേഷം സൗഭാഗ്യമേകിയവനാണ് അദ്ദേഹം. നീണ്ട രാത്രിക്ക് ശേഷമുള്ള പ്രഭാതമായിരുന്നു തിരുമേനി(സ).
മാര്‍ഗദര്‍ശനമായ കാരുണ്യത്തെയും, അനുഗ്രഹത്തെയും കുറിച്ചാണ് നാം സംസാരിക്കുന്നത്. നാം നരകത്തിന്റെ ഓരത്ത് അപകടാവസ്ഥയിലായിരുന്നു. ‘നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക. നിങ്ങള്‍ അന്യോനം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ തീക്കുണ്ഡത്തിന്റെ വക്കിലായിരുന്നു. അതില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ചു'(ആലുഇംറാന്‍ 103).
സ്‌നേഹത്തിന്റെ മഹത്തായ മാതൃക തീര്‍ക്കുന്ന കഥയാണ് നാം ഇവിടെ വിവരിക്കുന്നത്. പക്ഷേ ആരാണ് സ്‌നേഹിക്കുന്നത്? ആരെയാണ് സ്‌നേഹിക്കുന്നത്? എന്ത് തരം സ്‌നേഹമാണത്?
ഇവിടെ പ്രണയിക്കുന്നത് കല്ലും മരവും പര്‍വതങ്ങളും മൃഗങ്ങളും പക്ഷികളുമാണ്. ഭൂമിക്ക് മേല്‍ നടന്ന ഏറ്റവും ഉത്തമനായ മനുഷ്യനാണ് ഇവിടെ പ്രണയിക്കപ്പെടുന്നത്. അദ്ദേഹത്തെ വിശേഷിപ്പിച്ച് ഇബ്‌നുല്‍ ജൗസി പറയുന്നു: ‘ അചേതനവസ്തുക്കള്‍ ചലിക്കുകയും, തടിമരങ്ങള്‍ കൊതിക്കുകയും, പര്‍വതങ്ങള്‍ വിറകൊണ്ടതും അദ്ദേഹത്തിന് വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ കരങ്ങളില്‍ ചരല്‍ക്കല്ലുകള്‍ തസ്ബീഹ് ചൊല്ലുകയും, അദ്ദേഹത്തോട് ചെന്നായ സംസാരിക്കുകയും ചെയ്തു. എല്ലാവരും കാണാന്‍ കൊതിക്കുന്ന മുഖമാണ് അത്. കാലത്തിന് അലങ്കാരവും ഭൂമിക്ക് മേല്‍ ആകാശത്തിനും, ജലത്തുള്ളിക്ക് മേല്‍ സമുദ്രത്തിനും, ചന്ദ്രന് മേല്‍ സൂര്യനും ഉള്ള മഹത്വത്തിനുടയവനാണ് അദ്ദേഹം’.
ദൈവികദൃഷ്ടാന്തങ്ങള്‍ ആകാശത്ത് മാത്രമാണെന്ന് കരുതിയ മാലാഖമാരെ വിസ്മയിപ്പിച്ച് ഭൂമിയിലെ ദൃഷ്ടാന്തം മിഅ്‌റാജ് വേളയില്‍ ആകാശത്തേക്ക് ഉയര്‍ന്നു. മാലാഖമാര്‍ ഉയരുന്നുവെന്നതില്‍ അല്‍ഭുതമില്ല. കാരണം അവര്‍ക്ക് ചിറകുകളുണ്ട്. എന്നാല്‍ ചിറകില്ലാത്ത മനുഷ്യന്‍ ഏഴാം ആകാശത്തോളം ഉയരുന്നത് ആദ്യമായായിരുന്നു.
ഇവിടെ സ്‌നേഹം മറ്റൊരു തലത്തിലാണ് ഉള്ളത്. പ്രണയം കൊണ്ട് കല്ലുകള്‍ സംസാരിക്കുകയും, മരങ്ങള്‍ ചലിക്കുകയും, മരത്തടി കരയുകയും ചെയ്യുന്നു! സ്‌നേഹവും വാല്‍സല്യവും പ്രകടിപ്പിക്കാന്‍ ഹൃദയവും ശരീരവുമുള്ള മനുഷ്യനെപ്പോലെയല്ല കാര്യം!
നാം പ്രണയത്തിന്റെ പൂന്തോട്ടത്തില്‍ ഉല്ലസിക്കുകയാണ്. നമുക്ക് പ്രണയകഥകളില്‍ ഏറ്റവും മനോഹരമായത് തന്നെ തെരഞ്ഞെടുക്കാം. പൂന്തോട്ടത്തിലെ ഏറ്റവും അഴകാര്‍ന്ന, പരിമളം പ്രസരിപ്പിക്കുന്ന പൂവ് തന്നെ ഇറുത്തെടുക്കാം.
ജാബിര്‍ ബിന്‍ അബ്ദില്ലാഹ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഈത്തപ്പനയുടെ തടികള്‍ കൊണ്ടായിരുന്നു പള്ളിയുടെ മേല്‍ക്കൂര പണിതിരുന്നത്. അവയില്‍ ഏതെങ്കിലും ഒന്നില്‍ ആഞ്ഞുനിന്നായിരുന്നു തിരുമേനി(സ) വെള്ളിയാഴ്ച പ്രഭാഷണം നിര്‍വഹിച്ചിരുന്നത്. പിന്നീട് തിരുമേനി(സ)ക്ക് പ്രസംഗപീഠം നിര്‍മിക്കപ്പെടുകയും അദ്ദേഹം അതില്‍കയറുകയും ചെയ്തപ്പോള്‍ ആ ഈത്തപ്പനത്തടി കരയുന്നതായി ഞങ്ങള്‍ കേട്ടു. ഒടുവില്‍ പ്രവാചകന്‍(സ) ഇറങ്ങി വന്നു അതിന്മേല്‍ കൈവെച്ചപ്പോഴാണ് അത് ശാന്തമായത്'(അല്‍ബുഖാരി).
ജാബിര്‍ ബിന്‍ അബ്ദില്ലാഹ്(റ) നിവേദനം ചെയ്യുന്നു. ‘തിരുമേനി(സ) ജുമുഅ പ്രഭാഷണത്തിനായി വല്ല മരത്തടിയിലോ, ഈത്തപ്പനയിലോ ഊന്നിയായിരുന്നു നിന്നിരുന്നത്. അപ്പോള്‍ അന്‍സ്വാരികളില്‍പെട്ട ഒരു സ്ത്രീ -അല്ലെങ്കില്‍ പുരുഷന്‍- പറഞ്ഞു ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ താങ്കള്‍ക്ക് ഒരു പ്രസംഗപീഠം നിര്‍മിച്ച് തരട്ടെ? ‘നിങ്ങളുദ്ദേശിക്കുന്നുവെങ്കില്‍’ ആവാമെന്ന് തിരുമേനി(സ) മറുപടി പറഞ്ഞു. വെള്ളിയാഴ്ച വന്നപ്പോള്‍ തിരുമേനി(സ) പീഠത്തില്‍ കയറുകയും ഈത്തപ്പനത്തടി കുട്ടികള്‍ കരയുന്നത് പോലെ ശബ്ദിക്കുകയും ചെയ്തു. തിരുമേനി(സ) മിമ്പറില്‍ നിന്ന് ഇറങ്ങി അതിനെ ചേര്‍ത്ത് പിടിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു ‘ദിക്‌റ് കേട്ടതിനെ തുടര്‍ന്നാണ് അത് കരഞ്ഞത്’.
ഹസന്‍(റ) പറയാറുണ്ടായിരുന്നു: ‘മുസ്‌ലിം സമൂഹമേ, പ്രവാചകന്റെ സാമീപ്യംകൊതിച്ച് മരത്തടി വരെ തേങ്ങുകയുണ്ടായി. പ്രവാചകനെ കാണാന്‍ മരത്തടിയേക്കാളേറെ വെമ്പല്‍കൊള്ളേണ്ടത് നാമാണ്’.
ശാഇഅ് മുഹമ്മദ് ഗബീശി
Add Comment