പ്രവാചകസ്‌നേഹം

പ്രവാചക സ്‌നേഹം അനുധാവനത്തോടൊപ്പം

വീണ്ടും ഒരു റബീഉല്‍ അവ്വല്‍ കൂടി. ചരിത്രത്തില്‍ റബീഉല്‍ അവ്വല്‍ പ്രതിനിധീകരിക്കുന്ന ഏറ്റവും സവിശേഷമായ സംഭവം, ലോകത്തിന്റെ കാര്യണ്യദൂതന്‍ മുഹമ്മദ് നബി(സ)യുടെ ജന്‍മദിനവും ആ പുണ്യാത്മാവ് ഭൗതികശരീരം വിട്ട് ഇഹലോകവാസം വെടിഞ്ഞ ദിനവുമാണ്.*

ലോകത്തിന്റെ കാരുണ്യദൂതനെ ലോകം ഒരിക്കല്‍ കൂടി ഹൃദയാവര്‍ജകമായി സ്മരിക്കുകയും നബിയെ അടുത്തറിയുകയും ചെയ്യുന്ന വേളയാണിത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മുസ്‌ലിംകള്‍ നബിദിനം മാത്രമല്ല, റബീഉല്‍അവ്വല്‍മാസം തന്നെയും സവിശേഷമായി അനുസ്മരിക്കുകയും കൊണ്ടാടുകയും ചെയ്യുന്നു. ഹുബ്ബു റസൂല്‍ എന്ന അറബി പദം അമുസ്‌ലിംകള്‍ക്കു പോലും ഇന്നു സുപരിചിതമാണ്. ലോകത്തെ മറ്റേതെങ്കിലും നേതാവിന്റെ ജന്‍മദിനം ഇതു പോലെ സ്‌നേഹദിനമായി സ്മരിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുന്നുണ്ടോ എന്നത് സംശയമാണ്. എന്നാല്‍ പ്രവാചക ജനനത്തെ, ജയന്തിയോ ജന്‍മദിനമോ വാര്‍ഷികാഘോഷമോ ആയല്ല അനുസ്മരിക്കപ്പെടുന്നത്. സ്‌നേഹം എന്നര്‍ത്ഥം വരുന്ന ഹുബ്ബ് എന്ന പദമാണ് ഇന്ന് പ്രവാചക ജന്‍മ ദിനത്തെക്കുറിക്കാന്‍ പൊതുവെ ഉപയോഗിക്കുന്നത്. ഈ പദം തന്നെയാണ് പ്രവാചക അനുസ്മരണത്തിന് കേവല ജന്‍മദിനം എന്ന നാമകരണത്തേക്കാള്‍ ഏറെ അനുയോജ്യം. കാരണം പ്രവാചകന്‍ മുഹമ്മദി(സ)നെ ദൈവദൂതനായി അംഗീകരിക്കുന്ന വിശ്വാസികള്‍ക്ക് അദ്ദേഹം കേവല ഇസ്‌ലാം മതസ്ഥാപകനല്ല. സ്വന്തത്തെ സ്‌നേഹിക്കുന്നതിനേക്കാളേറെ ഇഷ്ടപ്പെടുകയും ആദരിക്കുകയും ജീവിതമാതൃകയാക്കുകയും ചെയ്യുന്ന ജീവിത വഴികാട്ടിയാണ് അവര്‍ക്ക് മുഹമ്മദ് നബി (സ). മനുഷ്യന്‍ സ്വന്തത്തേക്കാള്‍ ലോകത്ത് സ്‌നേഹിക്കുന്ന ഒരു നേതാവോ മതാചാര്യനോ മുഹമ്മദ് നബി(സ)യല്ലാതെ ഉണ്ടാവുകയില്ല തന്നെ. കാരണം ഒരു സത്യവിശ്വാസിയുടെ വിശ്വാസത്തിന്റെ അടയാളം തന്നെയും ഈ പ്രവാചകനോടുള്ള അകമഴിഞ്ഞ സ്‌നേഹമാണ്. അത് സ്വന്തത്തേക്കാളും ഇണയെക്കാളും മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും പ്രിയപ്പെട്ടതാണ്. പ്രവാചകന്‍ തന്നെയും തന്റെ അനുയായികളോട് ആവശ്യപ്പെട്ടിരിക്കുന്നത് മറ്റെന്തിനേക്കാളുമേറെ തന്നെ സ്‌നേഹിക്കണമെന്നാണ്.

പ്രവാചകനുചരനായ ഉമര്‍(റ) തന്റെ സഹജമായ സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് ഒരിക്കല്‍ നബിയോട് പറഞ്ഞു. ‘ സ്വന്തത്തിനു ശേഷം ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് അങ്ങയെയാണ്.’ തിരുനബി അനുചരനെ തിരുത്തിക്കൊണ്ടു പറഞ്ഞു. സ്വന്തത്തേക്കാള്‍ നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുവോളം നിങ്ങളിലാരുംതന്നെ വിശ്വാസിയാവുകയില്ല.

ഇസ്‌ലാമില്‍ മുഅ്മിനിന്റെ വിശ്വാസപൂര്‍ത്തീകരണത്തിന്റെ ഭാഗമാണ് നബിയോടുള്ള സ്‌നേഹമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അതിന്റെ താത്വിക അടിത്തറ വിശദീകരിച്ചുകൊണ്ടു പറഞ്ഞു. ‘പ്രവാചകന്‍ പറയുക: ‘നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങള്‍ സമ്പാദിച്ചുവെച്ച മുതലുകളും മുടങ്ങിപ്പോകുമെന്ന് ഭയപ്പെടുന്ന വ്യാപാരങ്ങളും ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും ഏറെ നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ കാത്തിരുന്നുകൊള്ളുക, അല്ലാഹു അവന്റെ കല്‍പന നടപ്പിലാക്കാന്‍ പോകുന്നു. കുറ്റവാളികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നില്ല.’ (തൗബ: 24)

തെളിമയുള്ളത്, പ്രകടമായത്, സ്ഥിരമായത്, ഹൃദയത്തിന്റെ ന്യൂക്ലിയസ്സ്, നശിച്ചു പോകാത്തത് എന്നൊക്കെയാണ് ഹുബ്ബ് എന്ന പദത്തിന്റെ ഭാഷപരമായ അര്‍ത്ഥം. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നത് ഈ അഞ്ചുസവിശേഷഗുണങ്ങളും ചേര്‍ന്നതാകണം പ്രവാചകനോടുള്ള സ്‌നേഹം എന്നാണ്.
പ്രവാചകനോടുള്ള സ്‌നേഹം എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിനു നമുക്ക് മുമ്പിലുള്ള മാതൃക പ്രവാചക അനുചരന്‍മാരുടേതു തന്നെ. നമുക്ക് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം ലഭിച്ചത് മുഹമ്മദ്(സ) എന്ന പ്രവാചകനിലൂടെയാണ;് അതിനാല്‍ അദ്ദേഹത്തെ അംഗീകരിക്കുകയെന്നതു മാത്രമല്ല വിശ്വാസത്തിന്റെ താല്‍പ്പര്യം. അദ്ദേഹത്തെ സ്‌നേഹിക്കുക കൂടി ചെയ്യണമെന്നാണ്. അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം മനുഷ്യര്‍ക്ക് നല്‍കിയ ദൂതന്‍ എന്ന വൈചാരിക വശം മാത്രമല്ല, വൈകാരിക തലം കൂടിയുണ്ട് പ്രവാചക സ്‌നേഹത്തിന്. വിചാരത്തിനും മനുഷ്യവികാരത്തിനും തുല്യപ്രാധാന്യം നല്‍കുന്ന ഇസ്‌ലാമിന്റെ പ്രവാചകനോടുള്ള സ്‌നേഹവും രണ്ടുതലങ്ങളെ സമജ്ഞസിപ്പിച്ചതാകണം.
പ്രവാചക തിരുമേനി വിലകൊടുത്ത മോചിപ്പിച്ച അടിമയാണ് സൗബാന്‍ (റ). ഒരു ദിവസം പള്ളിയില്‍ വിശ്രമിക്കുകയായിരുന്ന തിരുമേനിയെ കാണാന്‍ സൗബാന്‍ വന്നു. അദ്ദേഹത്തിന്റെ മുഖത്ത് ദുഖം ഘനീഭവിച്ചിരുന്നു. ദുഖത്തിന്റെ കാരണമന്വേഷിച്ച തിരുമേനിയോടു അദ്ദേഹം പറഞ്ഞു:’അല്ലയോ പ്രവാചകരേ, രോഗമൊന്നും എനിക്കില്ല. പക്ഷേ പ്രവാചകന്റെ ഈ പള്ളിയില്‍ അഞ്ചു നേരവും എത്താന്‍ എന്റെ പ്രാരാബ്ധങ്ങള്‍ മൂലം എനിക്കു കഴിയാറില്ല. മദീനയുടെ പ്രാന്തപ്രദേശങ്ങളിലാണ് എന്റെ നമസ്‌കാരം. താങ്കളെ കാണാന്‍ ആഗ്രഹം തോന്നുമ്പോള്‍ മദീന പള്ളിയില്‍ വന്ന് താങ്കളെ കണ്‍നിറയെ കണ്ടു തിരികെ പോവാറാണ് പതിവ്. അങ്ങനെയിരിക്കെ എന്റെ മനസ്സിലേക്ക് ഒരു ചിന്ത കടന്നുവന്നു. ഇഹലോകജീവിതത്തില്‍ ഇവിടെ വന്നാണെങ്കിലും താങ്കളെ എനിക്ക് എപ്പോഴും കാണാന്‍ സാധിക്കും. എന്നാല്‍ അങ്ങ് സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടാല്‍, വസീലതിനാല്‍ ആദരണീയനായ അങ്ങേക്കു മുമ്പിലാണല്ലോ സ്വര്‍ഗ കവാടങ്ങള്‍ ആദ്യമായി തുറക്കപ്പെടുക. ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ തന്നെയും, സ്വര്‍ഗത്തിലെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്ന താങ്കളെ, എനിക്കെങ്ങിനെയാണ് കാണാനാവുക? ഈ ചിന്ത എന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നു. എന്റെ ഉറക്കം കെടുത്തുന്നു. ഭക്ഷണത്തിനോട് വിരക്തിയുണ്ടാക്കുന്നു. അങ്ങനെ എന്റെ ശരീരം ക്ഷീണിച്ചു.
ഇതിനു മറുപടിയായി വിശുദ്ധ ഖുര്‍ആന്‍ മറുപടി പറഞ്ഞു. ‘അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവരെത്ര നല്ല കൂട്ടുകാര്‍.” (സൂറത്തുന്നിസാഅ്: 69)
പ്രവാചകനോട് ഒരു അനുചരന്‍ പ്രകടിപ്പിച്ച സ്‌നേഹത്തിന്റെ അതിവൈകാരികമായ ഒരവസ്ഥയായിരുന്നു അത്. യുക്തിപരമായി അതിനെ വ്യാഖ്യാനിക്കാന്‍ നമുക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. അനുചരന്റെ മനസ്സില്‍ ഊറി നിന്ന ഈ സ്‌നേഹത്തിനും പ്രവാചകനോടുള്ള അനുസരണത്തിനും അല്ലാഹു വാഗ്ദാനം നല്‍കുന്ന പ്രതിഫലം അദ്ദേഹത്തോടൊപ്പമുള്ള സ്വര്‍ഗത്തിലെ സഹവാസമാണ്.

മറ്റൊരു സംഭവം ഇസ്‌ലാമിന്റെ ആദ്യ മുഅദ്ദിനായ ബിലാല്‍ (റ) മായി ബന്ധപ്പെട്ടതാണ്. മസ്ജിദുന്നബവിയില്‍ സുബ്ഹി ബാങ്ക് വിളിക്കുമ്പോള്‍ ബിലാലിന്റെ മുമ്പില്‍ തഹജ്ജുദ് നമസ്‌കാരം കഴിഞ്ഞ പ്രവാച തിരുമേനി ചരിഞ്ഞു കിടപ്പുണ്ടാകും. അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്ന് ഉച്ഛരിക്കുമ്പോള്‍ തന്റെ മുമ്പില്‍ കിടക്കുന്ന നബിക്കു നേരെ അദ്ദേഹം വിരല്‍ ചൂണ്ടും. എന്നാല്‍ പ്രവാചകന്റെ മരണ ശേഷം ബാങ്ക് വിളിച്ച ബിലാലിന്, അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നും തന്റെ മുമ്പില്‍ കിടന്നിരുന്ന മിഹ്‌റാബില്‍ ഇന്നു നബിയില്ല. ബാങ്ക് വിളിക്കുമ്പോള്‍ ഞാന്‍ വിരില്‍ ചുണ്ടിയിരുന്നത് ഇതുവരെയും അദ്ദേഹത്തിലേക്കായിരുന്നു. പ്രവാചകന്റെ വിയോഗം അദ്ദേഹത്തില്‍ തീര്‍ത്ത സങ്കടം അദ്ദേഹത്തെ ബാങ്ക് മുഴുമുപ്പിക്കാനാകാതെ പൊട്ടിക്കരയിപ്പിച്ചു. ബിലാലിന്റെ കരച്ചില്‍ കേട്ട മദീനയിലെ മറ്റു പ്രവാചകാനുചരന്‍മാരെല്ലാവരും പൊട്ടിക്കരഞ്ഞ നിമിഷമായിരുന്നു അത്. ബിലാല്‍ പിന്നീട് ഉമറിന്റെ ഭരണ കാലത്ത് അദ്ദേഹത്തിന്റെ നിര്‍ബന്ധം പരിഗണിച്ചു ഒരിക്കല്‍ മാത്രമാണ് ബാങ്ക് വിളിച്ചത്. അന്നും അദ്ദേഹം പ്രവാചകന്റെ പേരു ഉച്ചരിക്കാനാകാതെ പൊട്ടിക്കരഞ്ഞതായി ചരിത്രം പറയുന്നു.
ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ജീവിക്കുന്ന ഒരു വിശ്വാസിക്കും പ്രവാചകനോട് അങ്ങേയറ്റത്തെ വൈകാരിക സ്‌നേഹം തോന്നുക സ്വാഭാവികമാണ്. അദ്ദേഹം നമ്മുടെ കണ്‍മുമ്പിലുണ്ടായിരുന്നെങ്കില്‍ ഒന്നു ചുംബിക്കാനും ആലിംഗനം ചെയ്യാനും കൊതിച്ചു പോവുകയെന്നത് മനുഷ്യ സ്‌നേഹത്തിന്റെ വൈകാരിക വശമാണ്. പക്ഷേ, തിരുനബിയുടെ ശക്തമായ ആഹ്വാനവും ഖുര്‍ആന്റെ അലംഘനീയമായ കല്‍പ്പനയും അവിടത്തെ അനുസരിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ് സ്വര്‍ഗമെന്നാണ്. അവര്‍ മാത്രമാണ് വിജയികള്‍ എന്നാണ്. ‘പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
‘ (ആലും ഇംറാന്‍ :31)

*പ്രവാചക ജന്‍മദിനം റബീഉല്‍ അവ്വല്‍ ഒമ്പതിനാണെന്നും പന്ത്രണ്ടിനാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നാല്‍ 12 നാണെന്ന അഭിപ്രായമാണ് മുസ്‌ലിം ലോക പൊതുവെ സ്വീകരിച്ചുവരുന്നത്. പ്രവാചകന്റെ മരണം നടന്നതും റബീഉല്‍ അവ്വല്‍ 12 നാണ്.

Topics