Youth

ഇബ്‌നു ഉബയ്യ് മടങ്ങിവരുമ്പോള്‍

പ്രവാചക ഹിജ്‌റക്ക് മുമ്പ് മദീനയിലെ ഔസും ഖസ്‌റജും തങ്ങള്‍ക്കിടയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയിരുന്നു. തങ്ങളുടെ രാജാവായി അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സലൂലിനെ തെരഞ്ഞെടുക്കാമെന്നതില്‍ അവര്‍ യോജിപ്പിലെത്തുകയും ചെയ്തു. എന്നാല്‍ ഇബ്‌നു ഉബയ്യ് കിരീടധാരണം കാത്തിരിക്കുന്നതിനിടയിലാണ് ഔസ്-ഖസ്‌റജില്‍പെട്ടവര്‍ പ്രവാചകന് ബൈഅത്ത് ചെയ്യുകയും മുഹാജിറുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതും. താന്‍ കാത്തിരുന്ന സ്ഥാനം മുഹമ്മദ്(സ) അപഹരിച്ചുവെന്ന് തിരിച്ചറിഞ്ഞ ഇബ്‌നു ഉബയ്യ് പ്രാരംഭത്തില്‍ സത്യം സ്വീകരിക്കാനോ ഇസ്‌ലാം ആശ്ലേഷിക്കാനോ തയ്യാറായില്ല. എന്നാല്‍ മുസ്‌ലിംകള്‍ ബദ്‌റില്‍ വിജയിക്കുകയും റസൂല്‍(സ)യും അനുയായികളും മദീനയില്‍ കാലുറപ്പിക്കുകയും ചെയ്തതോടെ ഇസ്‌ലാം പ്രകടിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗം അയാള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. അതേസമയം തന്നെ ഹൃദയത്തില്‍ ഇസ്‌ലാമിനോട് വിദ്വേഷമൊളിപ്പിച്ചും, വിശ്വാസത്തെ നിരസിച്ചുമാണ് അദ്ദേഹം ജീവിച്ചത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം നടത്താനും പാരപണിയാനും തക്കംപാര്‍ത്തിരിക്കുകയായിരുന്നു അയാള്‍. വിശ്വാസികളേക്കാള്‍ കൂടുതല്‍ അയാള്‍ ബന്ധം പുലര്‍ത്തിയത് ഇസ്‌ലാമിന്റെ ശത്രുക്കളുമായായിരുന്നു. മുസ്‌ലിം ഉമ്മത്തിനെതിരെ ജൂതരൂടെ കൂടെ ഗൂഢാലോചന നടത്തുന്നതില്‍ പോലും അയാള്‍ക്ക് യാതൊരു വിഷമവും അനുഭവപ്പെട്ടില്ല!

അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സലൂല്‍ മുസ്‌ലിം ചരിത്രത്തില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. മുസ്‌ലിം ഉമ്മത്തിനോട് ചേര്‍ന്ന് നിന്ന്, അതിനെ ഉപദ്രവിക്കുകയും പിന്നില്‍ നിന്ന് കുത്തുകയും ചെയ്യുന്ന മാനസികാവസ്ഥ നമ്മില്‍ പലരിലും കാണപ്പെടുന്നുണ്ട്. തങ്ങള്‍ സമൂഹത്തിന്റെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നവരാണെന്ന് നടിക്കുകയും, ജനങ്ങള്‍ അവരെ തെരഞ്ഞെടുക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം രാഷ്ട്രത്തിന് ഉപദ്രവകരവും, ദോഷകരവുമായ സമീപനങ്ങളുമായി അവര്‍ മുന്നിട്ടിറങ്ങുന്നു. ‘നന്‍മയില്‍ നേതാവാകാന്‍ കഴിഞ്ഞില്ലെങ്കില്‍ തിന്‍മയിലെങ്കിലും നേതാവാകണ’മെന്ന മുദ്രവാക്യമാണ് അവര്‍ മുറുകെ പിടിക്കുന്നത്. ഉപകാരം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ച് ഉപദ്രവമെങ്കിലും ചെയ്യണമെന്ന ഈ സമീപനം ഒരു നിലക്കും സമുഹത്തില്‍ നിലനില്‍ക്കാന്‍ പാടുള്ളതല്ല.

ഇത്തരം ഉപദ്രവകരമായ ചിന്തകള്‍ കരുണയും വാല്‍സല്യവും നിറഞ്ഞ മൂടുപടങ്ങളില്‍ പൊതിഞ്ഞാണ് പൊതുജനസമക്ഷം അവതരിക്കപ്പെടാറുള്ളത്. രാഷ്ട്രസ്‌നേഹവും, ജനങ്ങളുടെ താല്‍പര്യവും അവരുടെ വാക്കുകളില്‍ എപ്പോഴും നിറഞ്ഞൊഴുകുതന്നതായി കാണാം. എന്തുതന്നെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വന്നുഭവിച്ചാലും രാഷ്ട്രത്തെ മുന്നില്‍വെച്ച് തങ്ങളുടെ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കായി പണിയെടുക്കുന്നവരാണ് അവര്‍. അതിനാല്‍ തന്നെ കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്ത പലരും അവര്‍ക്ക് പിന്നില്‍ അണിനിരക്കുകയും അവരുടെ ചെയ്തികളെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതായി നമുക്ക് കാണാവുന്നതാണ്.

സമൂഹത്തിലെ കുറ്റവാളികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമാണ് ഇത് മുഖേന നാം സൃഷ്ടിക്കുന്നത്. ‘തിന്‍മ അതിന്റെ തേറ്റപ്പല്ലുകള്‍ പുറത്ത് കാണിച്ച് വന്നിറങ്ങിയാല്‍ ഒറ്റക്കും, കൂട്ടായും അതിന്റെ പിന്നാലെ കൂടുന്നവരാണ് അവര്‍’ എന്ന കവി വചനം ഇത്തരം സമൂഹങ്ങളില്‍ പ്രസക്തമാകുന്നു.

ഇനി ഇവരുടെ അഭിപ്രായങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും ജനങ്ങള്‍ വഴങ്ങുന്നില്ലെങ്കില്‍ രാഷ്ട്രത്തിന് നേരെ അവര്‍ നടത്തുന്ന അതിക്രമങ്ങളുടെ തോത് ഇരട്ടിക്കുന്നു. നിരപരാധികള്‍ക്ക് മേല്‍ ആരോപണമുന്നയിച്ചും, പാവങ്ങളെ ദ്രോഹിച്ചും, അക്രമം അഴിച്ചു വിട്ടും രാഷ്ട്രത്തില്‍ കുഴപ്പുമുണ്ടാക്കുന്ന ഇവരെ മനസ്സാക്ഷിയോ, ദൈവഭയമോ അവയില്‍ നിന്ന് പിന്തിരിപ്പിക്കുന്നവയല്ല. അവരില്‍ നിന്ന് നന്‍മയോ, നീതിയോ പ്രതീക്ഷിക്കുന്നത് പൂവന്‍ കോഴി മുട്ടയിടുന്നത് കാത്തിരിക്കുന്നത് പോലെയാണ്!

അതേസമയം തന്നെ, രാഷ്ട്രത്തോട് ആത്മാര്‍ത്ഥതയും കൂറുമുള്ള ജനങ്ങള്‍ തങ്ങളുടെ ധാര്‍മികവും, ചരിത്രപരവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍വഹിച്ച്, സംഘട്ടനങ്ങളില്‍ നിന്ന് അകന്ന് നിന്ന് ജീവിക്കാനാണ് ശ്രമിക്കുക. പരസ്പരം വിഴുപ്പലക്കി സമയം പാഴാക്കാതെ, രാഷ്ട്രത്തിന്റെ നവോത്ഥാനത്തിനായി ഗൗരവതരമായ ചര്‍ച്ചകളും പദ്ധതികളും തയ്യാറാക്കുന്നവരാണ് അവര്‍.

ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ബര്‍റ്

Topics