രാവിലെ ദിനപ്പത്രങ്ങള്‍ നോക്കുന്ന നാം തലവാചകങ്ങള്‍ കണ്ട് അന്തംവിടുകയോ അസ്വസ്ഥപ്പെടുകയോ ചെയ്യാറുണ്ട്. കവര്‍ച്ചയുടെ, കൊലപാതകത്തിന്റെ, സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ എതിരായ അതിക്രമങ്ങളുടെ, അഴിമതിയുടെ, കോടിക്കണക്കിന് രൂപയുടെ കുംഭകോണങ്ങളുടെ അമ്പരപ്പിക്കുന്ന വാര്‍ത്തകള്‍ ദിനേനയെന്നോണം പത്രങ്ങളില്‍, ചാനലുകളില്‍, സാമൂഹികമാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു. ആരൊക്കെയാണ് ഈ കുറ്റകൃത്യങ്ങളുടെ പിന്നില്‍?
ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളും പുരുഷന്‍മാരുമാണ് കുറ്റവാളികളില്‍ കൂടുതലും. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ കുറ്റകൃത്യങ്ങളില്‍ പ്രധാനമായും ഏര്‍പ്പെട്ടിരുന്നത് നിരക്ഷരരായിരുന്നു. വിദ്യാഭ്യാസം നേടിയവര്‍ പൊതുവെ ഉന്നതമായ സ്വഭാവമഹിമ, ഉദാത്തമായ പൗരബോധം, മാന്യമായ പെരുമാറ്റം, ഉയര്‍ന്ന ജീവിതവിശുദ്ധി എന്നിവ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു സാമാന്യജനം വിശ്വസിച്ചിരുന്നത്. പക്ഷേ കാലംമാറി. ലോകം മുന്നോട്ടുപോയി. വിദ്യാലയങ്ങളുടെ എണ്ണം പെരുകി. പാഠ്യപദ്ധതികള്‍ പലപ്പോഴായി പരിഷ്‌കരിക്കപ്പെട്ടു. വിദ്യാഭ്യാസമെന്നത് കോര്‍പറേറ്റുകള്‍ക്ക് ലാഭകരമായ വന്‍ വ്യവസായമായി. അച്ഛനമ്മമാരുടെ പൊങ്ങച്ചമായി. വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ ഉയര്‍ന്ന മാര്‍ക്കുകളുടെയും ഗ്രേഡുകളുടെയും അളവുകോലുകളാല്‍ വിലയിരുത്തപ്പെടാന്‍ തുടങ്ങി. എല്ലാവരുടെയും ലക്ഷ്യം എങ്ങനെ ‘ടോപ്പര്‍’ ആകാം എന്നതിലേക്ക് ചുരുങ്ങി. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്കാണ് ഇവിടെ പരിക്കേല്‍ക്കാന്‍ തുടങ്ങിയത്. സ്‌കൂളുകളില്‍നിന്നും ഉന്നതകലാലയങ്ങളില്‍നിന്നും കേമന്‍മാരും കൊമ്പന്‍മാരും പുറത്തിറങ്ങാന്‍ തുടങ്ങിയെങ്കിലും സ്വഭാവവിശുദ്ധിയും , ധാര്‍മികമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ എണ്ണം അവരില്‍ വിരളമായിരുന്നു. ആ വൈരള്യത്തിന്റെ വ്യാപ്തി പേടിപ്പെടുത്തും വിധം ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
മനുഷ്യവിഭവശേഷിയുടെ വികാസത്തിനും രാഷ്ട്രനിര്‍മിതിക്കും വിദ്യാഭ്യാസ പ്രക്രിയയില്‍ എത്രത്തോളം ഇടമുണ്ട് എന്നതിനെക്കുറിച്ച് വിദ്യാഭ്യാസനടത്തിപ്പുകാര്‍ക്കുതന്നെ കൃത്യമായ ധാരണയില്ലാതെ വന്നിരിക്കുന്നു. പണസമ്പാദനത്തിനും ഭൗതികതക്കുമാണ് ഇപ്പോള്‍ മുന്‍ഗണന. സാമാന്യജനങ്ങളില്‍ പൊതുവിലും ഭരണാധികാരികളില്‍ പ്രത്യേകിച്ചും ഇത് ഗുരുതരമായ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായി. ലോകത്ത് നമ്മുടെ രാജ്യത്തിന് ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിക്കാനാകണമെങ്കില്‍ ഈ പ്രവണത തിരുത്തപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസസംവിധാനവും വിദ്യാഭ്യാസപ്രക്രിയയും മൂല്യാധിഷ്ഠിതമായി പുനര്‍നിര്‍മിക്കുകയാണ് അടിയന്തിരമായി വേണ്ടത്.
ഒരിക്കല്‍ ഡോ. എ.പി.ജെ. അബ്ദുല്‍കലാം ആത്മീയാചാര്യനായ പ്രമുഖ് സ്വാമിജിയുമായി സംസാരിച്ചുകൊണ്ടിരിക്കെ, ഒരു വികസ്വരരാജ്യം വികസിതരാജ്യമാകണമെങ്കില്‍ അഞ്ച് മൗലികഘടകങ്ങള്‍കൂടിച്ചേരണമെന്ന് അഭിപ്രായപ്പെട്ടു. ഭദ്രമായ അടിത്തറ, വിദ്യാഭ്യാസം, ആരോഗ്യം, ആശയവിനിമയം, സാങ്കേതികവിദ്യ ഇത്രയുമായിരുന്നു കലാം മുന്നോട്ടുവെച്ച അഞ്ചുഘടകങ്ങള്‍. അതുകേട്ട് പ്രമുഖ് സ്വാമിജി പ്രതികരിച്ചു: ‘തീര്‍ന്നില്ല, ആറാമത് ഒന്നുകൂടിയുണ്ട് -ആത്മീയത ‘
ഡോ. കലാംതന്നെയാണ് ഇക്കാര്യം തന്റെ പുസ്തകത്തില്‍ അനുസ്മരിക്കുന്നത്. ഭൗതികമായ മുന്നേറ്റം കൊണ്ടുമാത്രം ഒരു രാജ്യം വികസിതമാവില്ല. അവിടുത്തെ പൗരന്‍മാര്‍ക്ക് ആത്മീയമായി ഉയരാനും കഴിയണം. ജീവിതത്തെ മൂല്യാധിഷ്ഠിതമായി ചിട്ടപ്പെടുത്തുമ്പോഴാണ് ആത്മീയത രൂപപ്പെടുന്നത്. ആത്മീയതയെ മതകീയതയായി തെറ്റുധരിക്കരുത്. പുതിയ തലമുറക്ക് മൂല്യവിദ്യാഭ്യാസം കൊടുക്കണമെന്ന് പറയുമ്പോള്‍ നാമര്‍ഥമാക്കുന്നത് ഇത്തരമൊരു ആത്മീയതയുടെ വീണ്ടെടുപ്പാണ്.
സൈബര്‍ കേന്ദ്രിതമായ ഒരു സാമൂഹിക ഘടനയ്ക്കകത്ത് ജീവിക്കുന്ന പുതിയ തലമുറയിലേക്കും മൂല്യങ്ങളെ എങ്ങനെ പ്രസരിപ്പിക്കും എന്നത് ഗൗരവമുള്ള ഒരു പ്രശ്‌നമാണ്. ശിക്ഷയോ കര്‍ക്കശനിലപാടോ സദാചാരമൂല്യങ്ങളുടെ പരിപോഷണത്തിന് സഹായകമല്ല. ചിലപ്പോള്‍ അവ എതിര്‍ഫലങ്ങളുണ്ടാക്കുകയുംചെയ്യും. പുസ്തകവായനയെ പ്രോത്സാഹിപ്പിച്ചും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയും അനുകരണീയമായ കുടുംബാന്തരീക്ഷം ഒരുക്കിക്കൊടുത്തും വേണം കുട്ടികളില്‍ സദാചാരമൂല്യം വളര്‍ത്താന്‍. പാഠ്യപദ്ധതി , പാഠപുസ്തകങ്ങള്‍, പഠനപ്രക്രിയ എന്നിവയില്‍ സാന്‍മാര്‍ഗികകാര്യങ്ങള്‍ക്ക് മതിയായ ഇടംകൊടുക്കണം. സ്‌നേഹം, സഹാനുഭൂതി, കരുണ, ദയ എന്നീ ഗുണങ്ങള്‍ നട്ടുപിടിപ്പിക്കാനും കോപം, അസൂയ, വെറുപ്പ്, വിദ്വേഷം തുടങ്ങിയവയുടെ ദോഷഫലങ്ങള്‍ ബോധ്യപ്പെടുത്താനും സഹായകരമായ രൂപത്തിലുള്ള കഥകളും പാഠാവതരണങ്ങളും സംഭവവിവരണങ്ങളും സന്ദര്‍ഭോചിതം ക്ലാസ് മുറികളില്‍ ഉണ്ടാകണം.
സ്‌കൂളില്‍ കുട്ടി കാണിക്കുന്ന പഠനനിലവാരത്തിനും പെരുമാറ്റരീതിക്കും അവന്‍ വളരുന്ന വീട്ടിലെ അന്തരീക്ഷവുമായി അനിഷേധ്യമായ ബന്ധമുണ്ട്. അഭികാമ്യമല്ലാത്ത ഗൃഹാന്തരീക്ഷത്തിലാണ് കുട്ടി വളരുന്നതെങ്കില്‍ അതവന്റെ ചിന്തയെയും മനോഭാവത്തെയും സമീപനത്തെയും ജീവിതരീതിയെയും പ്രതികൂലമായി ബാധിക്കും. അധ്യാപക- രക്ഷാകര്‍തൃ പാരസ്പര്യവും സഹവര്‍ത്തനവും ഇവിടെ പ്രസക്തമാണ്. വീടുകളില്‍ ആശാസ്യവും സുഖകരവുമായൊരു മൂല്യാന്തരീക്ഷം ഇല്ലാത്തതിന്റെ പ്രതിസന്ധി അവന്‍ ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. സുവിശേഷം പറയുന്നവരെയും ഉപദേശം നല്‍കുന്നവരെയും ഗുണദോഷിക്കുന്നവരെയും നിരന്തരം അവന്‍ കാണുന്നുണ്ടെങ്കിലും നന്‍മയുടെ മാതൃകകള്‍ പലപ്പോഴും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. രക്ഷിതാക്കളില്‍ കാണുന്നില്ല; അധ്യാപകരില്‍ കാണുന്നില്ല; രാഷ്ട്രീയനേതാക്കളിലോ സാംസ്‌കാരിക നായകന്‍മാരിലോ ആരിലും കാണുന്നില്ല. മാതൃകകളാണല്ലോ ജീവിതത്തില്‍ പ്രചോദനമായി മാറുന്നത്; ശരികളില്‍നിന്ന് കൂടുതല്‍ ശരികളിലേക്ക് വഴി നടത്തുന്നത്; തെറ്റുകളെ തിരുത്തിത്തരുന്നത്. ദൗര്‍ഭാഗ്യവശാല്‍ പുതിയ തലമുറയുടെ മുന്നില്‍ മാതൃകകളില്ല.
കുറ്റംചെയ്യുന്ന കുട്ടികളെ ഉപദേശിക്കുന്നതോടൊപ്പം അവരില്‍ ദയയും സഹാനുഭൂതിയും ചൊരിഞ്ഞ് ശരിയായ സാമൂഹികബോധ്യത്തിലേക്കും സദാചാരചിന്തയിലേക്കും നയിക്കേണ്ടതുണ്ട്; കുറ്റവാസനയുള്ള കുട്ടികളെ പരസ്യവിചാരണചെയ്യുന്ന രീതി ഇന്നും ചില വിദ്യാലയങ്ങളിലുണ്ട്; അതൊഴിവാക്കണം. കുട്ടിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച സാഹചര്യം പഠിക്കുകയും കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയുമാണ് വേണ്ടത്. യുഗപുരുഷന്‍മാര്‍, സാമൂഹികപരിഷ്‌കര്‍ത്താക്കള്‍, നവോത്ഥാനനായകന്‍മാര്‍ തുടങ്ങിയവരെ പരിചയപ്പെടുത്തുമ്പോള്‍ അവരുയര്‍ത്തിപ്പിടിച്ച സദാചാരമൂല്യങ്ങള്‍ക്കും ധാര്‍മികബോധത്തിനും സ്വഭാവമഹിമയ്ക്കും സാമൂഹികപ്രതിബദ്ധതയ്ക്കും ഊന്നല്‍ നല്‍കണം. മഹാന്‍മാരുടെ ജീവിതത്തിലെ ധീരോദാത്തമായ അധ്യായങ്ങള്‍ കേള്‍ക്കാനും കാണാനും വായിക്കാനും സാധ്യമായത്ര അവസരങ്ങള്‍ കൊടുക്കണം. പ്രൈമറിതലത്തില്‍ കഥപറച്ചില്‍, സംഘഗാനം, ചിത്രനിരീക്ഷണം, ഫിലിംനിരീക്ഷണം, സംഖ്യാകേളികള്‍ എന്നിവയും സെക്കന്ററി തലത്തില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, മതദര്‍ശനങ്ങളുടെ താരതമ്യപഠനം, അതിഥിപ്രഭാഷണങ്ങള്‍, ഫിലിംഷോ എന്നിവയും മൂല്യബോധം വളര്‍ത്താന്‍ സഹായിക്കും.
സദാചാര- ധാര്‍മിക മൂല്യങ്ങള്‍ സ്വായത്തമാക്കുന്നതിന് സഹായകമായ പരിസരം ഇനിയും നമ്മുടെ വിദ്യാലയങ്ങള്‍ക്കകത്ത് രൂപപ്പെടേണ്ടതുണ്ട്. അതിന്റെ കുറവുകൊണ്ടും അച്ചടക്കമില്ലായ്മയും കുറ്റവാസനയും വളര്‍ന്നുവന്നേക്കാം. സുഖകരമല്ലാത്ത വിദ്യാലയപരിസരം, അപര്യാപ്തമായ പഠനസൗകര്യങ്ങള്‍, അയവില്ലാത്ത പാഠ്യപദ്ധതി, വിരസവും മടുപ്പിക്കുന്നതുമായ ബോധനരീതി, അധ്യാപകരുടെ ഭാഗത്തുനിന്നുള്ള വിദ്യാര്‍ഥിവിരുദ്ധവും നിര്‍ദയവുമായ പെരുമാറ്റങ്ങള്‍ എന്നിവയൊക്കെ കുട്ടികളെ മൂല്യവിരുദ്ധമായ സമീപനം ജീവിതത്തില്‍ പിന്തുടരാന്‍ നിര്‍ബന്ധിച്ചേക്കും. നിരാശയും മടുപ്പും ലക്ഷ്യരാഹിത്യവും ഒരുതരം അസാന്‍മാര്‍ഗിക ജീവിതത്തിലേക്ക് അവരെ തള്ളിവിട്ടെന്നും വരാം. സുരക്ഷിതത്വം , സ്വാതന്ത്ര്യം, സ്‌നേഹം, അംഗീകാരം എന്നിവ നിഷേധിക്കപ്പെടുന്നിടത്തും കുട്ടികള്‍ പ്രതിലോമകാരികളായി മാറിക്കളയും.
പ്രസംഗിച്ചതുകൊണ്ടോ വിശദീകരിച്ചുപഠിപ്പിച്ചതുകൊണ്ടോ സദാചാരബോധം കുട്ടികളില്‍ വളരില്ല. വിദ്യാഭ്യാസാനുഭവങ്ങള്‍ ആഹ്ലാദകരവും വിജയപ്രദവുമായി മാറ്റിത്തീര്‍ക്കുകയും വിദ്യാലയാന്തരീക്ഷത്തില്‍ മാനവികത നിറഞ്ഞുനില്‍ക്കുകയും ചെയ്യുമ്പോഴാണ് ധാര്‍മിക – സദാചാര- മൂല്യബോധം ശരിയായ രീതിയില്‍ വികസിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ ഉള്ളടക്കത്തില്‍ മൂല്യങ്ങളെയും നൈതികതകളെയും ഉദ്ഗ്രഥിച്ച് ചേര്‍ക്കാന്‍ സഹായിക്കുന്ന യന്ത്രങ്ങളും നൂതന രീതിശാസ്ത്രങ്ങളും വേണ്ടതുപോലെ നമുക്ക് വികസിപ്പിച്ചെടുക്കാന്‍ കഴിയും. അത്തരമൊരു സാധ്യതയെ പ്രയോജനപ്പെടുത്താന്‍ ഇനിയും വൈകിക്കൂടാ. ബൗദ്ധികവികാസത്തോടൊപ്പം ധാര്‍മിക വികാസവും കൂടി നടക്കുമ്പോഴേ കുട്ടികളില്‍ സമതുലിതവും പക്വവുമായ പെരുമാറ്റരീതി രൂപപ്പെടുകയുള്ളൂ. ആ പെരുമാറ്റരീതിയാണ് രാജ്യത്തിന് നല്ല പൗരന്‍മാരെ സംഭാവന ചെയ്യുന്നത്.
ഏറെ ശ്രദ്ധേയമായ ഒരു ദാര്‍ശനിക നിരീക്ഷണം ഇവിടെ അനുസ്മരിക്കുന്നു. ‘ഒരു രാജ്യത്തിന്റെ ഗുണമേന്‍മ അവിടെയുള്ള പൗരന്മാരുടെ ഗുണമേന്‍മയെ ആശ്രയിച്ചു നില്‍ക്കുന്നു. അവിടെയുള്ള പൗരന്‍മാരുടെ ഗുണമേന്‍മ അവര്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മയെ ആശ്രയിച്ചുനില്‍ക്കുന്നു. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ അവിടെയുള്ള അധ്യാപകരെ ആശ്രയിച്ചുനില്‍ക്കുന്നു.’
Add Comment