സ്മാര്‍ട്ട് ക്ലാസ്സ്‌

മൂല്യനിര്‍ണയം എപ്പോള്‍ ?

പഠിതാവിന്റെ പഠനപുരോഗതി ഏതൊക്കെ ഇടവേളകളിലാണ് വിലയിരുത്തേണ്ടത് എന്നത് ഗൗരവമര്‍ഹിക്കുന്ന ഒരു ചോദ്യമാണ്. അര്‍ഥപൂര്‍ണമായ ഏതൊരു വിദ്യാഭ്യാസ ക്രമത്തിനകത്തും നടക്കുന്ന പഠനനേട്ടങ്ങളെ വിലയിരുത്തുക എന്നത് പഠന- ബോധന പ്രക്രിയയുടെ അവിഭാജ്യഘടകമാണ്. പഠനം എന്നതിനെ സമഗ്രമായി എടുക്കുമ്പോള്‍ താഴെ പറയുന്ന മൂന്ന് കാര്യങ്ങളെ പ്രാധാന്യത്തിലെടുക്കണം.

 1. പഠനപ്രക്രിയ
 2. പഠനാനുഭവങ്ങളുടെ നിത്യജീവിതത്തിലെ പ്രയോഗം.
 3. എന്തൊക്കെ പഠനാനുഭവങ്ങള്‍ പഠിതാവ് ആര്‍ജിച്ചു എന്നത്

പഠനവും മൂല്യനിര്‍ണയവും പരസ്പര പൂരകങ്ങളാണ്. മൂല്യനിര്‍ണയപ്രക്രിയയില്‍ നൈരന്തര്യവും സമഗ്രതയും ഉറപ്പുവരുത്താന്‍ വൈജ്ഞാനിക മേഖലയെയും സഹവൈജ്ഞാനിക മേഖലയെയും ഒരുപോലെ പരിഗണിക്കേണ്ടതുണ്ട്. ഇത് യാഥാര്‍ഥ്യമാക്കാന്‍ ഓരോ പഠിതാവിനെയും സംബന്ധിച്ച് സജീവവും ചടുലവും സമഗ്രവുമായ പുരോഗതി രേഖ വികസിപ്പിക്കേണ്ടിവരും. കൃത്യവും പ്രോത്സാഹജനകവും സത്യസന്ധവുമായിരിക്കണം ആ രേഖ. അധ്യാപികയുടെ ദൈനംദിനാസൂത്രണം, പഠനപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണം, പരിഹാരബോധനം, പഠനാനുഭവങ്ങളെ നിത്യജീവിതത്തിലെ നൂതന സന്ദര്‍ഭങ്ങളില്‍ പ്രയോജനപ്പെടുത്തല്‍ എന്നിവ ഇടക്കാല വിലയിരുത്തലുകള്‍ക്ക് വിധേയമാവേണ്ടതുണ്ട്. പഠന-ബോധന പ്രക്രിയകൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് നിരന്തര മൂല്യനിര്‍ണയവും ഇടക്കാല മൂല്യനിര്‍ണയവും ആവശ്യമാണ്.

നിരന്തരമൂല്യനിര്‍ണയവും ഇടക്കാല മൂല്യനിര്‍ണയവും

സൗഹൃദപൂര്‍ണമായ അന്തരീക്ഷത്തില്‍ അധ്യാപകര്‍ പഠിതാവിന്റെ പഠന പുരോഗതി തുടര്‍ച്ചയായി പരിശോധിച്ച് തിട്ടപ്പെടുത്തുന്നതാണ് നിരന്തരമൂല്യനിര്‍ണയം. നിത്യവും കിട്ടുന്ന വിവരണാത്മകമായ പ്രതികരണം, നിര്‍വഹണഗതി സ്വയം വിലയിരുത്തുന്നതിന് പഠിതാവിന് കിട്ടുന്ന അവസരം, മെച്ചപ്പെടാനുള്ള മാര്‍ഗനിര്‍ദേശം കിട്ടല്‍, എന്നിവ നിരന്തര മൂല്യനിര്‍ണയത്തിന്റെ പ്രയോജനങ്ങളാണ്. നിരന്തര മൂല്യനിര്‍ണയം ഫലപ്രദമായി നടന്നാല്‍ പഠിതാവിന്റെ പ്രകടനം വലിയ അളവില്‍ മെച്ചപ്പെടാനും ആത്മവിശ്വാസം വര്‍ധിക്കാനും അധ്യാപകരുടെ അധ്വാനഭാരം ലഘൂകരിക്കാനും സാധിക്കും.

നിരന്തര മൂല്യനിര്‍ണയത്തിന്റെ സവിശേഷതകള്‍

 1. പഠനപ്രശ്‌ന നിര്‍ണയവും പരിഹാരബോധനവും നടക്കും
 2. ഫലപ്രദമായ അഭിപ്രായശേഖരണത്തില്‍ അവസരമൊരുക്കും.
 3. പഠിതാക്കള്‍ക്ക് സ്വയം പഠനത്തിലേര്‍പ്പെടുാനുള്ള അവസരം ലഭിക്കും.
 4. തല്‍സ്ഥിതി നിര്‍ണയത്തിന്റെ വെളിച്ചത്തില്‍ ബോധനപ്രക്രിയ മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ക്ക് സാധിക്കും.
 5. കുട്ടികളുടെ അഭിപ്രേരണവും ആത്മവിശ്വാസവും വര്‍ധിക്കും.
 6. സ്വയം വിലയിരുത്താനും മെച്ചപ്പെടുത്താനും പ്രാപ്തരാകേണ്ടതിന്റെ ആവശ്യകത പഠിതാക്കള്‍ക്ക് ബോധ്യപ്പെടും.
 7. പഠന, ബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്ത രീതിശാസ്ത്രങ്ങളും സങ്കേതങ്ങളും കണ്ടെത്തി വികസിപ്പിക്കും.
 8. വിലയിരുത്തല്‍ മാനദണ്ഡങ്ങള്‍ സ്വയം മനസ്സിലാക്കാന്‍ പഠിതാക്കള്‍ സജ്ജമാകും.
 9. സമപ്രായക്കാരെ സഹായിക്കാനും അവരാല്‍ സഹായിക്കപ്പെടാനും പഠിതാക്കള്‍ പാകപ്പെടും.

പാഠ്യപദ്ധതി വിനിമയത്തിനിടയില്‍ നടത്തപ്പെടുന്ന നിരന്തര മൂല്യനിര്‍ണയം ഒരേ സമയം അധ്യാപകര്‍ക്കും പഠിതാക്കള്‍ക്കും അധ്യാപനത്തിന്റെയും പഠനത്തിന്റെയും ഫലപ്രാപ്തിയെ സംബന്ധിച്ച് ധാരണ നല്‍കുന്നുണ്ട്. വിനിമയ തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ അധ്യാപകര്‍ക്കും പഠനരീതികളില്‍ മാറ്റം വരുത്താന്‍ പഠിതാക്കള്‍ക്കും ഇത് സഹായകരമാവും.

പഠനകാലയളവിലെ ചില പ്രത്യേക ഘട്ടങ്ങളില്‍ നടത്തപ്പെടുന്ന മൂല്യനിര്‍ണയമാണ് ഇടക്കാല മൂല്യനിര്‍ണയം. പ്രസ്തുത ഘട്ടങ്ങളുടെ ഒടുവില്‍ പഠിതാക്കള്‍ എത്രത്തോളം പഠനനേട്ടങ്ങള്‍ ആര്‍ജിച്ചു എന്ന് വിലയിരുത്തുകയാണ് ഇത് കൊണ്ടുദ്ദേശ്യം. മാര്‍ക്കുകള്‍ നല്‍കിയോ മാര്‍ക്കുകളെ ഗ്രേഡുകളാക്കി മാറ്റിയോ ഇടക്കാല മൂല്യനിര്‍ണയം നടത്താം. പഠിതാവിന്റെ വളര്‍ച്ചാ വികാസത്തെ കൃത്യമായി അളക്കാന്‍ പര്യാപ്തമാണ് ഇടക്കാല മൂല്യനിര്‍ണയം എന്ന് അവകാശപ്പെടാനാവില്ല. പഠനത്തിന്റെ ഒരു പ്രത്യേക കാലയളവില്‍ പഠിതാവ് ആര്‍ജിച്ച പഠനനേട്ടത്തിന്റെ നിലവാരം അടയാളപ്പെടുത്താന്‍ മാത്രമേ അതുകൊണ്ട് സാധിക്കൂ. എഴുത്തുപരീക്ഷ എന്നത് ഒരു രീതി മാത്രമാണ്. കുറ്റമറ്റതും ശാസ്ത്രീയവും എന്നു എഴുത്തു പരീക്ഷയെപ്പറ്റി പറയാനാവില്ല. വൈജ്ഞാനിക മേഖലയില്‍ ഊന്നിക്കൊണ്ടുള്ളതും മാര്‍ക്ക് കേന്ദ്രീതമായിട്ടുള്ളതുമായ പരീക്ഷകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നത് വിലയിരുത്തലും പഠനവും വ്യത്യസ്തമായ രണ്ട് പ്രക്രിയകളാണ് എന്ന ചിന്തയിലേക്ക് പഠിതാക്കളെ നയിച്ചേക്കും. എന്ന് മാത്രമല്ല പഠിച്ചു മറക്കുക എന്ന വൈരുധ്യത്തില്‍ അത് കലാശിക്കുകയും ചെയ്യും. എഴുത്തു പരീക്ഷയോട് കാണിക്കുന്ന അമിതമായ താല്‍പര്യം അനാരോഗ്യകരമായ മത്സരബുദ്ധി പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ മാനസിക പിരിമുറുക്കവും ഉത്കണ്ഠയും പഠിതാക്കളില്‍ വളര്‍ത്തുകയും ചെയ്യും. ഈയൊരു തിരിച്ചറിവാണ് നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം എന്ന ആശയത്തിലേക്ക് വിദ്യാഭ്യാസചിന്തകരെ നയിച്ചത്.

നിരന്തരം എന്ന ആശയം വിലയിരുത്തലിന്റെ തുടര്‍ച്ചയെയും നിയതകാലികത്വത്തെ (Periodicity)യെയും സൂചിപ്പിക്കുന്നുണ്ട്. ക്ലാസ്‌റൂം വിനിമയത്തിന്റെ ആരംഭത്തിലും വിനിമയം നടന്നുകൊണ്ടിരിക്കുമ്പോഴും പഠിതാക്കള്‍ എവിടെനില്‍ക്കുന്നു എന്ന തല്‍സ്ഥിതി നിര്‍ണയമാണ്. നിരന്തരം എന്ന വാക്ക് അര്‍ഥമാക്കുന്നത്. മൂല്യനിര്‍ണയത്തിന്റെ വ്യത്യസ്ത തന്ത്രങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്താം. നിയതകാലികത്വം എന്നത് ഒരു യൂണിറ്റിന്റെ/ ഘട്ടത്തിന്റെ ഒടുവില്‍ പഠിതാവിന്റെ നിര്‍വഹണം എങ്ങനെയുണ്ടായി എന്ന് തിട്ടപ്പെടുത്തലാണ്.

പഠിതാവിന്റെ വ്യക്തിത്വത്തിന്റെ സര്‍വോന്‍മുഖമായ വളര്‍ച്ചാ- വികാസത്തിന്റെ തല്‍സ്ഥിതി നിര്‍ണയമാണ് സമഗ്രമായ (Comprehensive) എന്നതുകൊണ്ടുള്ള വിവക്ഷ. വൈജ്ഞാനികവും സഹ വൈജ്ഞാനികവുമായ മേഖലകളിലെ വളര്‍ച്ചാ- വികാസം ഇതിലുള്‍പ്പെടുന്നു. വിവിധ വിഷയശാഖകളുമായി ബന്ധപ്പെട്ട പാഠ്യപദ്ധതി ധാരണകളും ആശയങ്ങളും ശേഷികളുമാണ് വൈജ്ഞാനികമേഖലയില്‍ ഉള്‍പ്പെടുന്നതെങ്കില്‍ ജീവിതനൈപുണികള്‍,മനോഭാവങ്ങള്‍, മൂല്യങ്ങള്‍, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സഹ വൈജ്ഞാനിക മേഖലയില്‍ ഉള്‍പ്പെടുന്നത്. ബഹുമുഖ മൂല്യനിര്‍ണയ തന്ത്രങ്ങള്‍ ഉള്‍പ്പെടുത്തി തുടര്‍ച്ചയായും ഇടവിട്ടും ഔപചാരിക സ്വഭാവത്തോടും അല്ലാതെയും വൈജ്ഞാനിക മേഖലയിലുള്ള പഠിതാവിന്റെ നിലവാരം പരിശോധിക്കപ്പെടേണ്ടതുണ്ട്. യൂണിറ്റിന്റെ , മാസത്തിന്റെയോ ഒടുവില്‍ പഠനപ്രശ്‌നപരിശോധനയും നടക്കണം. പ്രതീക്ഷിത പഠനനേട്ടങ്ങള്‍ ആര്‍ജിക്കുന്നതില്‍ പഠിതാവ് പിന്നാക്കം പോയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങളും വിശകലന വിധേയമാക്കേണ്ടിവരും. അപ്പോള്‍ മാത്രമേ അനുയോജ്യമായ പാഠ്യപദ്ധതി പ്രവര്‍ത്തനങ്ങളും പരിഹാര ബോധനക്രിയകളും ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയൂ.

Topics