Gulf

ശൈഖ് മുഹമ്മദ് അലി ബിന്‍ അല്‍ ശൈഖ് അബ്ദുറഹ്മാന് ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം

ദുബൈ: ദുബൈ രാജ്യാന്തര വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡിന്റെ (ദിഹ്ഖ) 20- ാമത് സെഷനിലെ ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം പ്രഖ്യാപിച്ചു. ദുബൈയിലെ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അലി ബിന്‍ അല്‍ ശൈഖ് അബ്ദുറഹ്മാന്‍ സുല്‍ത്താന്‍ അല്‍ ഉലമക്കാണ് പുരസ്‌കാരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ സാംസ്‌കാരിക മതകാര്യ ഉപദേഷ്ടാവും ദിഹ്ഖ ചെയര്‍മാനും ഇബ്രാഹിം മുഹമ്മദ് ബൂമില്‍ഹ ഇന്നലെ രാത്രി ദുബൈ ചേംബറില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. 10 ലക്ഷം ദിര്‍ഹമാണ് പുരസ്‌കാരം. ഇസ്‌ലാമിക സമൂഹത്തിന് നല്‍കിയ വിശിഷ്ട സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

1920ല്‍ ജനിച്ച ശൈഖ് മുഹമ്മദ് അലി ചെറുപ്പകാലത്ത് തന്നെ ഖുര്‍ആന്‍ മന:പാഠമാക്കിയിരുന്നു. അറബി ഭാഷയിലും ശരീഅ: ശാസ്ത്രങ്ങളിലും അവഗാഹം നേടി. സുല്‍ത്താന്‍ അല്‍ ഉലമ എന്ന പേരില്‍ വിഖ്യാതനായ അബ്ദുറഹ്മാന്‍ ബിന്‍ യൂസുഫിന്റെ മകനാണ്. അക്കാദമിക പഠനം പൂര്‍ത്തിയായ ശേഷം അദ്ദേഹം ഇന്ത്യയിലും തുടര്‍ന്ന് ഈജിപ്തിലെ കെയ്‌റോയിലുള്ള അല്‍ അസ്ഹര്‍ സര്‍വകലാശാലയിലും പഠനം നടത്തി. തന്റെ പിതാവ് സ്ഥാപിച്ച റഹ്മാനിയ്യ സ്‌കൂളില്‍ അറബി, ശരീഅ: ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാനും പിന്നീട് നിയോഗിതനായി. ശാഫി മദ്ഹബില്‍ അഗാധ പാണ്ഡിത്യം നേടിയ ശൈഖ് മുഹമ്മദ് അലി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. 70ഓളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
തൊണ്ണൂറ്റാറുകാരനായ തന്റെ പിതാവിന് ലഭിച്ച ഈ പുരസ്‌കാരം ഏറെ ആഹഌദിപ്പിക്കുന്നുവെന്ന് ശൈഖ് മുഹമ്മദലിയുടെ പുത്രന്‍ മുഹമ്മദ് അബ്ദുല്‍ റഹീം ദുബൈ ചേംബറില്‍ നടന്ന പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ 10 ലക്ഷം ദിര്‍ഹം അടങ്ങിയ പുരസ്‌കാരം ശൈഖ് മുഹമ്മദ് അലിക്ക് സമ്മാനിക്കും.

Topics