Gulf

ഈത്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഗവേഷണം

ഈത്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് ഗവേഷണം. ഖത്തറിലാണ് ഗവേഷണം നടക്കുന്നത്. പ്രധാനപ്പെട്ട രണ്ടിനം ഈത്തപ്പഴങ്ങളെ കുറിച്ചാണ് ഗവേഷണം. ഈത്തപ്പഴത്തില്‍ അടങ്ങിയ ഘടകങ്ങളെ കുറിച്ച് ഇതിനകം പഠനം നടന്നിട്ടുണ്ടെങ്കിലും ഈത്തപ്പഴത്തിന് ഇത്രയേറെ ആരോഗ്യഗുണങ്ങളുണ്ടോ എന്നതിനെ കുറിച്ചാണ് പുതിയ പഠനം.

ഇതിനായി രണ്ട് ഇനം ഈത്തപ്പഴമാണ് അധികൃതര്‍ തെരഞ്ഞെടുത്തത്. വീല്‍കോര്‍ണര്‍ മെഡിസിന്‍ ഖത്തറിലെ (ഡബ്ലിയു.സി.എം.ക്യു) വിദഗ്ധരാണ് ഖലസ്, ദെഗ്ലിത് നൂര്‍ എന്നീ പ്രമുഖ ഇനങ്ങളില്‍ പഠനം നടത്തുന്നത്. ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും അറിയപ്പെടുന്നതും പ്രിയമേറിയതുമായ ഈത്തപ്പഴ വിഭാഗമാണ് ഖലസ്. ഈര്‍പ്പത്തോടെ ചുവപ്പില്‍ ചാരനിറം കലര്‍ന്ന ഈ വര്‍ഗം ഈത്തപ്പഴങ്ങളുടെ രാജ്ഞി എന്നാണറിയപ്പെടുന്നത്. ഉത്തരാഫ്രിക്കയിലെ അറിയപ്പെട്ട തരം ഈത്തപ്പഴമാണ് ദെഗ്ലിത് നൂര്‍. അല്‍ജീരിയ, തുനീഷ്യ എന്നീ രാജ്യങ്ങളിലാണ് ഇതു പ്രധാനമായും കണ്ടുവരുന്നത്.

ഫഌവനോയിഡ്‌സ്, കരോട്ടിനോയിഡ്‌സ്, പോളി ഹിനോല്‍ഡ്‌സ്, സ്റ്റീറോയ്ഡ് തുടങ്ങിയ ജൈവ ഘടകങ്ങളാണ് ഈത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്. ഇവ ആരോഗ്യത്തിന് വളരെ ഉപകാരപ്പെട്ടതാണെന്നതും ഒരാള്‍ ഈത്തപ്പഴം കഴിക്കുന്നതോടെ അയാളുടെ ശരീരത്തില്‍ ഈ ഘടകങ്ങളെല്ലാം എത്തിച്ചേരുന്നുവെന്നതും തങ്ങളെ അദ്ഭുതപ്പെടുത്തിയെന്നു ഗവേഷകരിലൊരാളായ സ്വീതി മാത്യു പറഞ്ഞു.

നോമ്പ് തുറക്കുന്നത് ഈത്തപ്പഴം കൊണ്ടാവുന്നതു നല്ലതാണെന്നു പറയുന്നത് ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാരയുടെ കാരണത്താലാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയ രോഗങ്ങള്‍ കുറക്കുന്നതിനും ഇതിലെ ഘടകങ്ങള്‍ സഹായിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഈ രണ്ട് ഈത്തപ്പഴങ്ങളും മനുഷ്യനു നല്‍കുന്ന വൈറ്റമിനുകളെയും മിനറല്‍സിനെയും കുറിച്ചും കൂടാതെ 12 മണിക്കൂര്‍ നോമ്പെടുത്ത ശേഷം ഈത്തപ്പഴം ഭക്ഷിക്കുന്ന ഒരാളിലെ രക്തത്തിലുണ്ടാവുന്ന ജൈവ പരിണാമങ്ങളെ കുറിച്ചുമാണ് പ്രധാനമായും പരിശോധിക്കുന്നത്. വെറും പഞ്ചസാര വെള്ളം മാത്രം കുടിച്ച് നോമ്പ് മുറിച്ചയാളുടെ രക്തവുമായി താരതമ്യപ്പെടുത്തിയുള്ള പഠനവും നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Topics