Gulf

ഫുജൈറ ശൈഖ് സായിദ് പള്ളി നമസ്‌കാരത്തിനായി തുറന്നു

ഷാര്‍ജ: യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയായ ഫുജൈറയിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ പള്ളി നമസ്‌ക്കാരത്തിനായി സ്ഥിരമായി തുറന്നു. റമദാന്‍ ഒന്നിലെ പ്രഭാത നമസ്‌കാരത്തിനാണ് പള്ളി തുറന്നത്. പള്ളിയുടെ താത്ക്കാലിക ഉദ്ഘാടനം കഴിഞ്ഞ ബലിപെരുന്നാളിന് നടന്നിരുന്നു. എന്നാല്‍ സ്ഥിരമായുള്ള പ്രാര്‍ഥനക്കായിട്ടാണ് ഇപ്പോള്‍ തുറന്നിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റമദാനിലെ രാത്രി നമസ്‌ക്കാരമായ തറാവീഹ് നമസ്‌കാരവും ഇവിടെ നടക്കുന്നുണ്ട്. റമദാനിലെ അവസാന പത്തില്‍ ഇഅ്ത്തിക്കാഫിനുള്ള (ഭജന) സൗകര്യവും ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വന്‍ സൗകര്യങ്ങളാണ് പള്ളിക്കകത്ത് ഒരുക്കിയിരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി 300 പ്രത്യേക ഇരിപ്പിടങ്ങള്‍ ഇവിടെ നിരത്തിയിട്ടുണ്ട്. 23.70 കോടി ദിര്‍ഹം ചെലവിലാണ് പള്ളി നിര്‍മിച്ചത്. 28,000 പേര്‍ക്ക് ഒരേ സമയം നമസ്‌കരിക്കാം. 2010ലാണ് പള്ളിയുടെ നിര്‍മാണം തുടങ്ങിയത്. 32,000 ചതുരശ്ര മീറ്ററാണ് രണ്ട് നില പള്ളിയുടെ വിസ്തീര്‍ണം.

ലോകത്തിലെ മഹത്തായ ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ വായനശാലയും പള്ളിക്കകത്തുണ്ട്. പള്ളിക്ക് ചുറ്റും പുല്‍മേടുകളും പൂച്ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മലയടിവാരത്തില്‍ നില്‍ക്കുന്ന ഈ വെണ്ണക്കല്‍ മസ്ജിദില്‍ ആര്‍ക്കും പ്രവേശിക്കാം. ആറ് മിനാരങ്ങളും 65 താഴിക കൂടങ്ങളുമടങ്ങിയ പള്ളിക്ക് 100 മീറ്റര്‍ ഉയരമുണ്ട്. പള്ളി മുറ്റത്ത് 14,000 പേര്‍ക്ക് നിരന്ന് നില്‍ക്കാനുള്ള സൗകര്യവുമുണ്ട്. പള്ളിയുടെ താഴത്തെ നിലയില്‍ സ്ത്രീകള്‍ക്ക് നമസ്‌ക്കരിക്കുവാനുള്ള വിപുലമായ സൗകര്യമുണ്ട്. ഒട്ടോമന്‍ ശില്‍പ ചാരുതയിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത വാസ്തുശില്‍പി സിനാന്‍ രൂപകല്‍പന ചെയ്ത തുര്‍ക്കിയിലെ സുലൈമാന്‍ മസ്ജിദിന്റെ രൂപഭംഗിയാണിതിന്. പള്ളി പ്രാര്‍ഥനക്ക് സജ്ജമായതോടെ പ്രദേശത്തെ എല്ലാ പള്ളികളിലും വൈകാതെ ഉപഗ്രഹം വഴിയായിരിക്കും ബാങ്ക് വിളി ഉയരുക.

Topics