ചോ: പാട്ടത്തിനെടുത്ത ഭൂമിയില്‍ നെല്‍കൃഷിചെയ്യുന്നവനാണ് ഞാന്‍. ഇക്കഴിഞ്ഞ കൃഷിയില്‍ 2400 കി.ഗ്രാം അരി എനിക്ക് കിട്ടി. ഇതിനായി എനിക്ക് നടീല്‍, വളമിടല്‍, കൊയ്ത്, മെതിക്കല്‍, അരിയാക്കല്‍ എന്നിവയ്ക്കായി പതിനായിരം രൂപയോളം ചെലവുവന്നു. കരാറനുസരിച്ച് നിലയുടമയ്ക്ക് 1600 കി.ഗ്രാം അരി കൊടുക്കണം. എന്റെ പ്രശ്‌നം ഇതാണ്: കൃഷി ചെയ്തതിന്റെ സകാത്ത് നിലയുടമയല്ല, ഞാനാണ് കൊടുക്കേണ്ടതെന്ന് സ്ഥലത്തെ പള്ളിയിലെ ഉസ്താദ് പറയുന്നു. ഞാന്‍ ഒരു ദരിദ്രഗ്രാമീണനാണ്. അരിക്ക് മാര്‍ക്കറ്റില്‍ 25 രൂപയേ കിട്ടുകയുള്ളൂ. ഞാന്‍ സകാത്ത് കൊടുക്കേണ്ടതുണ്ടോ ?
ഉത്തരം: തന്റെ കുടുംബത്തിന്റെ നിത്യചെലവിനുവേണ്ടി അധ്വാനിക്കുന്ന കാര്യത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹവും ബര്‍കത്തും താങ്കളില്‍ ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ചോദ്യത്തിനുള്ള ഉത്തരം നല്‍കുംമുമ്പ് ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുകയാണ്.
ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവ് കുറച്ചുകൊണ്ടുവരികയെന്നതാണ് സകാത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കാനും സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനുമല്ല. ഇസ്‌ലാമികശരീഅത്ത് സമൂഹത്തില്‍ നീതിയും സമത്വവും സംസ്ഥാപിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു സര്‍വജ്ഞനും നീതിമാനുമായിരിക്കെ ദരിദ്രരോട് അനീതി പുലര്‍ത്തുന്ന ഒന്ന് ശരീഅത്ത് നിയമമാവുകയില്ല.
പാട്ടത്തിനെടുത്ത ഭൂമിയിലെ കാര്‍ഷികവിളകളിന്‍മേല്‍ ഉള്ള സകാത്ത് ഭൂവുടമയ്ക്കും കര്‍ഷകനും ബാധകമായിരിക്കും. താങ്കള്‍ കൃഷിഭൂമി പാട്ടത്തിനെടുത്ത വ്യക്തിയായതിനാല്‍ ഭൂവുടമയ്ക്കുള്ള പാട്ടത്തുകയും കാര്‍ഷികച്ചെലവും കഴിച്ചുള്ള ബാക്കി ഉല്‍പന്നത്തിന്‍മേല്‍(തത്തുല്യമായ തുകയില്‍) സകാത്ത് കൊടുക്കേണ്ടതാണ്.
ഭൂവുടമയെ സംബന്ധിച്ചിടത്തോളം തനിക്ക് പാട്ടമായി ലഭിച്ചതെന്തോ(കാര്‍ഷികഉല്‍പന്നമോ, തത്തുല്യ തുകയോ രണ്ടിലേതെങ്കിലുമൊന്ന്) അതില്‍ സകാത്ത് നിര്‍ബന്ധമാണ്. മൊത്തം കാര്‍ഷികോത്പന്നത്തിന് അത് കൃഷിചെയ്തുണ്ടാക്കിയ കര്‍ഷകന്‍ സകാത്ത് കൊടുക്കണമെന്നും അല്ലാതെ ഭൂവുടമ കൊടുക്കേണ്ടതില്ലെന്നുമുള്ള ഒരു നിയമം അല്ലാഹുവിന്റെ പക്കല്‍ നിന്നുണ്ടാവുകയില്ല.
Add Comment