തന്നെ പോലെ തന്റെ സഹോദരനെയും സ്‌നേഹിക്കാന്‍ അനുശാസിക്കുന്ന നബിവചനങ്ങള്‍ നിരവധിയുണ്ട്. മിച്ചമുള്ള വിഭവങ്ങള്‍ സഹജീവികള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് നബി(സ) പഠിപ്പിച്ചു. പള്ളിച്ചരുവില്‍ അന്തേവാസികള്‍ (അസ് ഹാബുസ്സുഫ്ഫ) ആയി കഴിഞ്ഞ സ്വഹാബിമാര്‍ ദരിദ്രരായിരുന്നു. അവരെ ഊട്ടാന്‍ പ്രേരണ നല്‍കി റസൂല്‍(സ): ‘രണ്ട് പേരുടെ ഭക്ഷണം കൈവശമുള്ളവന്‍ മൂന്നാമതൊരാളെയും കൊണ്ട് പോകട്ടെ. നാല് പേരുടേത് കൈവശമുള്ളവന്‍ അഞ്ചാമനായും ആറാമനായും ആരെയെങ്കിലും കൂട്ടിക്കൊണ്ട് പോകട്ടെ'(അഹ്മദ്).
അബൂ സഈദില്‍ ഖുദ്‌രി: ‘നബി(സ) പറഞ്ഞു: ‘അധികവാഹനമുള്ളവര്‍ വാഹനം ഇല്ലാത്തവര്‍ക്ക് നല്‍കണം, ഭക്ഷണം മിച്ചമുള്ളവര്‍ അതില്ലാത്തവര്‍ക്ക് നല്‍കണം’ അങ്ങനെ നബി വിവിധയിനം വസ്തുക്കള്‍ എണ്ണിയെണ്ണി പറഞ്ഞു. ആവശ്യത്തില്‍ അധികമുള്ളതും മിച്ചമുള്ളതുമായ ഒന്നിലും ഞങ്ങള്‍ക്ക് ഒരവകാശവും അവശേഷിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കേണ്ടിവന്നു.’
സ്വഹാബിമാരുടെ ഏകകണ്ഠമായ അഭിപ്രായമാണിത്. അബൂസഈദ് ആ മനോഭാവമാണ് വ്യക്തമാക്കിയത്. പരോപകാര- ജീവകാരുണ്യ സേവനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന അനേകം ഹദീസുകള്‍ ഉദ്ധരിക്കുന്നുണ്ട്. അവയുടെയെല്ലാം ആകത്തുക സകാത്ത് അല്ലാത്ത അവകാശങ്ങളും ധനത്തില്‍ കൊടുത്തുവീട്ടാന്‍ ഉണ്ടെന്ന് തന്നെയാണ്.
‘അവരുടെ മുതലുകളില്‍ ചോദിക്കുന്നവന്നും ആശ്രയമറ്റവന്നും അവകാശമുണ്ട് ‘(അദ്ദാരിയാത്ത് 19). ഈ അവകാശം സകാത്തിന് പുറമേ ഐഛികമായി ചെയ്യുന്ന ദാനധര്‍മങ്ങളെക്കുറിച്ചാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.
ഇതേ ആശയം സൂറത്തുല്‍ മആരിജില്‍ കാണാം: ‘അവരുടെ ധനത്തില്‍ ചോദിച്ചുവരുന്നവര്‍ക്കും ഉപജീവനം തടയപ്പെട്ടവര്‍ക്കും നിര്‍ണിതമായ വിഹിതമുണ്ട് ‘(അല്‍ മആരിജ് 24,25) സകാത്തിനെക്കുറിച്ചാണ് ഈ സൂക്തത്തിലെ സൂചന.
‘ധനാഢ്യരുടെ മിച്ചധനം പിടിച്ചെടുത്ത് സാധുക്കള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ഞാന്‍ അമാന്തിക്കില്ല’ എന്ന ഉമര്‍(റ)ന്റെ പ്രഖ്യാപനം അങ്ങേയറ്റം വിശ്വസനീയമായ പരമ്പരയിലൂടെ നിവേദനം ചെയ്യപ്പെട്ടതാണെന്ന് ഇബ്‌നു ഹസം വ്യക്തമാക്കുന്നു.
അലിയ്യുബ്‌നു അബീത്വാലിബ്: ‘സാധുക്കളുടെയും ദരിദ്രരുടെയും ആവശ്യങ്ങള്‍ക്ക് മതിയാകുന്ന വിഹിതം ധനികരുടെ സമ്പത്തില്‍ അല്ലാഹു നിര്‍ബന്ധമാക്കി നിര്‍ണയിച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ വിശന്നും ഉടുതുണിക്ക് മറുതുണിയില്ലാതെയും ക്ലേശിച്ചും ജീവിക്കേണ്ടിവരുന്നു എന്നതിനര്‍ഥം ധനികന്‍മാര്‍ അവര്‍ക്ക് അവകാശപ്പെട്ട ധനം നല്‍കാതെ തടഞ്ഞുവെക്കുന്നു എന്നാണ്. അതിന്റെ പേരില്‍ അല്ലാഹു അവരെ വിചാരണ ചെയ്യും. ശിക്ഷിക്കും.’
പ്രമുഖരായ സ്വഹാബിവര്യന്‍മാരെല്ലാം ഈ വിഷയത്തില്‍ രേഖപ്പെടുത്തിയതിന് അനിഷേധ്യ തെളിവുകളുണ്ട്.
സകാത്ത് അല്ലാത്ത മറ്റ് അവകാശങ്ങളും സാധുക്കള്‍ക്ക് ധനികരുടെ സമ്പത്തിലുണ്ട് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചവരുടെ അവകാശവാദങ്ങളോട് പൂര്‍ണമായി യോജിക്കാന്‍ കഴിയില്ലെങ്കിലും സകാത്തോടെ എല്ലാം തീര്‍ന്നു എന്നാശ്വസിക്കാന്‍ വകയില്ലെന്ന വസ്തുത അംഗീകരിക്കേണ്ടതുണ്ട്. വിളവെടുപ്പ് ദിനം ദാനംചെയ്യാന്‍ സൂറത്തുല്‍ അന്‍ആമില് നല്‍കപ്പെട്ട നിര്‍ദേശം സകാത്തിനെ കുറിച്ചാണെന്നതാണ് കൂടുതല്‍ ശരി. സൂക്തം മക്കയില്‍ അവതരിച്ചതാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കപ്പെട്ടത് മദീനയില്‍ വെച്ചാണ്.
ചുരുക്കത്തില്‍ സകാത്ത് എന്നത് സമ്പത്തില്‍ വര്‍ഷംതോറും നിര്‍ണിത തോതില്‍ നല്‍കേണ്ട നിര്‍ബന്ധ ദാനമാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിസൂചകമായും ധനത്തിന്റെയും ആത്മാവിന്റെയും ശുദ്ധീകരണത്തിനും അനുശാസിക്കപ്പെട്ട നിര്‍ബന്ധമായ ഇബാദത്താകുന്നു അത്. അതില്‍ ഇളവില്ല. സാധാരണ സാഹചര്യത്തില്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥമായ ധനം കൈവശമുള്ള മുസ് ലിം സകാത്ത് നല്‍കുന്നതോടെ അയാളുടെ കടമ നിറവേറി. മനസ്സറിഞ്ഞ് ഇഷ്ടപ്രകാരം അയാള്‍ നല്‍കുന്ന ദാനധര്‍മങ്ങള്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
ധനത്തില്‍ സകാത്തേതരമായ മറ്റ് അവകാശങ്ങള്‍ ഓരോ സാഹചര്യത്തിലും ഉണ്ടാവുന്ന ആവശ്യങ്ങളെ അഭിസംബോധന ചെയ്യാനാണ്. അതിന് സകാത്തെന്ന പോലെ നിശ്ചിത തോതും നിസാബും നിശ്ചയിക്കപ്പെട്ടിട്ടില്ല. ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് കൊടുക്കേണ്ട തോതില്‍ വ്യത്യാസം വരാവുന്നതാണ്.
സ്‌റ്റേറ്റിന്റെ ഇടപെടല്‍ ഇല്ലാതെ ഓരോ വ്യക്തിയും തന്റെ വിശ്വാസവും മനസ്സാക്ഷിയും മുന്നില്‍വെച്ച് കൈകാര്യം ചെയ്യേണ്ടതാണ് ഇവ. വ്യക്തികള്‍ നല്‍കുന്ന സകാത്ത് മതിയാവാതെ വരികയും ആവശ്യങ്ങള്‍ വര്‍ധിക്കുകയും ജനക്ഷേമത്തിന് വന്‍ സാമ്പത്തിക ബാധ്യതകള്‍ കൈയേല്‍ക്കേണ്ടിവരികയും ചെയ്യുമ്പോള്‍ സ്‌റ്റേറ്റിന് ഇടപെട്ട് വ്യക്തികളില്‍നിന്ന് സകാത്തേതരമായ സംഭാവനകളും ദാനധര്‍മങ്ങളും പിടിച്ചെടുക്കാവുന്നതാണ്.
ഏത് ഘട്ടത്തിലും ധനവ്യയത്തിലെ ധൂര്‍ത്തും ധാരാളിത്തവും ഒഴിവാക്കപ്പെടേണ്ടതുണ്ട്.
‘തങ്ങള്‍ ചെലവഴിക്കേണ്ടത് എന്തെന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: നിങ്ങളുടെ ആവശ്യം കഴിച്ച് മിച്ചമുള്ളത്'(അല്‍ബഖറ 219).
ഈ സൂക്തത്തിന്റെ വ്യാഖ്യാനമായി സയ്യിദ് ഖുത്വുബ് എഴുതിയ വരികള്‍ ശ്രദ്ധേയമാണ്: ‘ആഢംബരവും പൊങ്ങച്ചവുമില്ലാതെ ഒരാളുടെ വ്യക്തിപരമായ ചെലവ് കഴിച്ച് മിച്ചമുള്ളത് ചെലവഴിക്കേണ്ട തുറകളുണ്ട്. ഏറ്റവും അടുത്തവര്‍, തൊട്ടുതാഴെയുള്ളവര്‍, പിന്നെ മറ്റുള്ളവര്‍ – സകാത്ത് മാത്രം ആവശ്യങ്ങള്‍ക്ക് തികയില്ല. സകാത്തിന്റെ സൂക്തം ഈ ഖണ്ഡിതപ്രമാണത്തെ റദ്ദ് ചെയ്തിട്ടില്ല എന്നാണെന്റെ അഭിപ്രായം. സകാത്ത് ഇസ് ലാമിക ബൈത്തുല്‍മാലില്‍ ഒടുക്കേണ്ട നിര്‍ബന്ധാവകാശമാണ്. ഗവണ്‍മെന്റാണ് അത് പിടിച്ചെടുക്കുന്നത്. നിശ്ചയിക്കപ്പെട്ട തുറകളില്‍ അത് വിനിയോഗിക്കേണ്ടതും ഗവണ്‍മെന്റാണ്. പക്ഷേ, അതിന് ശേഷവും മുസ്‌ലിമിന് അല്ലാഹുവിനോടും അവന്റെ ദാസന്‍മാരോടുമുള്ള ബാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. മിച്ചമുള്ള സമ്പത്ത് മുഴുവന്‍ ആരും സകാത്തായി നല്‍കുന്നില്ലല്ലോ. വ്യക്തമായ ഈ നിര്‍ദ്ദേശപ്രകാരം മിച്ചമുള്ളതെല്ലാം ചെലവഴിക്കേണ്ട രംഗങ്ങളുണ്ട്. ‘സകാത്ത് അല്ലാത്ത ബാധ്യതകളും ധനത്തിലുണ്ട്’ എന്ന നബിവചനം ദൈവപ്രീതി കാംക്ഷിച്ച് ചെയ്യുന്ന ദാനധര്‍മങ്ങളാണ്. സുന്ദരവും സമ്പൂര്‍ണവുമായ കാഴ്ചപ്പാടാണിത്. വ്യക്തി ഈ കടമ നിറവേറ്റുന്നതിന് സ്വയം സന്നദ്ധനാകുന്നില്ലെങ്കില്‍ സ്റ്റേറ്റിന് ഇടപെട്ട് ഇസ് ലാമിക സമൂഹത്തിന്റെ പൊതുക്ഷേമ തുറകളില്‍ അത് വിനിയോഗിക്കാവുന്നതാണ്.'(ഫീ ളിലാലില്‍ ഖുര്‍ആന്‍).
കൊറോണ മഹാമാരി മൂലം 50 കോടി ജനങ്ങള്‍ കൊടും ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടപ്പെടുമെന്നാണ് ഓക്‌സ്ഫാം റിപോര്‍ട്ട്. (ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് രൂപവല്‍ക്കപ്പെട്ട 19 സ്വതന്ത്ര ചാരിറ്റി സംഘടനകളുടെ ഫെഡറേഷനാണ് ഓക്‌സ്ഫാം. 1942-ല്‍ ഇംഗ്ലണ്ടില്‍ പിറവിയെടുത്ത ഓക്‌സ് ഫാമിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് നൈറോബിയിലാണ്.) സബ് സഹാറന്‍ ആഫ്രിക്ക, പശ്ചിമേഷ്യ, നോര്‍ത് ആഫ്രിക്ക ഭൂപ്രദേശങ്ങളെ , മഹാമാരി 30 വര്‍ഷം പിറകിലേക്ക് തള്ളിയേക്കും എന്നാണ് അവരുടെ അനുമാനം. Dignity not Destitution (അന്തസ്സാണ്, അനാഥത്വമല്ല) എന്ന ശീര്‍ഷകത്തില്‍ ഓക്‌സ്ഫാം തയ്യാറാക്കിയ റിപോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് യുഎന്നിനും വേള്‍ഡ് ബാങ്കിനും ഐഎംഎഫിനും സമര്‍പ്പിച്ചത്. അതിനാല്‍, വരുംകാല യാഥാര്‍ഥ്യങ്ങളെ നേരിടാന്‍ പാകത്തില്‍ സജ്ജമാകണം മനുഷ്യമനസ്.
പി.കെ.ജമാല്‍
Add Comment