സാമ്പത്തികം-ലേഖനങ്ങള്‍

വിപണനം ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയില്‍

ഒരു വ്യക്തിക്ക് തന്റെ കൈവശമുള്ള വസ്തുവോ സേവനമോ വില്‍ക്കണമെങ്കില്‍ അതെങ്ങനെയായിരിക്കണം എന്നതിന് അനുകരണീയമായ മാതൃകകള്‍ നബിതിരുമേനിയും സഹായികളും കാണിച്ചുതന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ കമ്പോള നിയമങ്ങള്‍ വളരെ സുതാര്യവും കര്‍ശനവുമാണ്. ലാഭം പരമാവധിയില്‍ എത്തിക്കുക എന്നതാണ് ഇന്നത്തെ കച്ചവടമനസ്സിന്റെ ഏകതാല്‍പര്യം. അതിന് ഏതുമാര്‍ഗവും സ്വീകരിക്കാമെന്നുള്ള ഇന്നത്തെ വ്യവസ്ഥ. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും കരാറുകള്‍ ഉറപ്പിക്കാനും അധാര്‍മികമായ രീതികളെല്ലാം അനുവദനീയമാണ്. അതിലൂടെ ലാഭം പരമാവധിയാക്കിത്തീര്‍ക്കാന്‍ പറ്റുമെങ്കില്‍ കൈക്കൂലി കൊടുത്തും തെറ്റുധരിപ്പിച്ചും പ്രലോഭിപ്പിച്ചും തെറ്റായ പരസ്യങ്ങള്‍ നല്‍കിയും മായം ചേര്‍ത്തും പൂഴ്ത്തിവെച്ചും ഗുണനിലവാരം കുറച്ചും വിപണനം നടത്താം. അത്തരം ചെയ്തികള്‍ ഇന്ന് സാമാന്യമായി അധാര്‍മികം എന്ന നിര്‍വചനത്തില്‍പോലും പെടുന്നില്ല. പക്ഷേ ഇതെല്ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

ഇന്നത്തെ വിപണന ഘടനയില്‍ പ്രത്യേകം എടുത്തുപറയേണ്ട ഒരു ശാപം പരസ്യങ്ങളാണ്. ഉപഭോക്താക്കളെ തെറ്റുധരിപ്പിക്കുന്നതും അങ്ങേയറ്റം പ്രചോദിപ്പിക്കുന്നതുമാണ് ഒട്ടുമുക്കാല്‍ പരസ്യങ്ങളും. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രചാരം, ഈ പൈശാചിക രൂപത്തിന് ആക്കം കൂട്ടിയിരിക്കുന്നു. പ്രത്യേകതരം സോപ്പ് തേച്ചുകുളിച്ചാല്‍ കറുത്ത തൊലികള്‍ വെളുക്കുമെന്നത് പോലുള്ള സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന പരസ്യങ്ങള്‍പോലും ഇന്ന് കാണാം. പ്രായം കുറക്കാന്‍ ഉതകുന്ന മരുന്നുകളെപ്പോലെ ആളുകളുടെ പ്രായം കുറഞ്ഞുപോകുന്ന സോപ്പുകളും നമുക്ക് പരിചിതമാണ്. കുട്ടികള്‍ ഒരു പ്രത്യേകതരം മിശ്രിതം കഴിച്ചാല്‍ സൂപ്പര്‍മാന്‍ ആകുന്നു പരസ്യങ്ങളില്‍. അശ്ലീലങ്ങളുടെ അതിപ്രസരം മറ്റൊരു വക.

ഉപഭോക്താക്കളെ തെറ്റുധരിപ്പിക്കുന്നു എന്നതുമാത്രമല്ല ഈ പരസ്യങ്ങളുടെ ദ്രോഹം. സാധനങ്ങളുടെ വിലകൂട്ടുന്നതിലും നാണയപ്പെരുപ്പം സൃഷ്ടിക്കുന്നതിലും ഇത് വലിയ പങ്കുവഹിക്കുന്നു. ഉദാഹരണത്തിന് സോപ്, ഷാംപൂ, ഹെയര്‍ ഓയില്‍ തുടങ്ങി ‘കുളിമുറി സാമഗ്രി’കളുടെ പരസ്യചെലവ് അതിന്റെ ഉല്‍പാദന ചെലവിനെക്കാള്‍ കൂടുതലാണ്. ഇന്ത്യയില്‍ പരസ്യങ്ങളെക്കുറിച്ച് മുമ്പൊരിക്കല്‍ പഠനം നടത്തിയ ‘Time Monitoring Service’ എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച കണക്കുകള്‍ അനുസരിച്ച് കൊക്കക്കോളപോലെയുള്ള ശീതളപാനീയങ്ങളുടെ ഒരു ആഴ്ചയിലെ പരസ്യച്ചിലവ് നാലും അഞ്ചും കോടി രൂപയാണ്. ഏതാണ്ട് ദിനം പ്രതി ആറും ഏഴും ലക്ഷംരൂപ. അതുപോലെ ഈ പരസ്യങ്ങള്‍ ആഴ്ചയില്‍ 300- 400 മിനിട്ടുകള്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടും. ദിവസേന ഒരു മണിക്കൂറോളം. ഒരു ഇസ്‌ലാമികവ്യവസ്ഥയില്‍ ഇത്തരം പരസ്യങ്ങള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കും.

ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീഥില്‍ നബി(സ) പറഞ്ഞത് ഗുണദോഷമുള്ള ഒരു ചരക്കാണ് ഒരു മുസ്‌ലിംവില്‍ക്കുന്നതെങ്കില്‍ ആ വിവരം ഉപഭോക്താക്കളെ കാലേക്കൂട്ടി അറിയിച്ചിരിക്കണം എന്നാണ്. പ്രവാചകന്റെ കാലത്തെ കച്ചവടച്ചന്തയില്‍ പെണ്ണാടുകളെയും ഒട്ടകങ്ങളെയും രാവിലെ വില്‍ക്കുന്നത് നിരോധിച്ചിരുന്നു. പാല്‍ കറക്കുന്നതിന് മുമ്പാണെങ്കില്‍ അവയുടെ അകിടുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഉപഭോക്താവ് തെറ്റുധരിക്കാന്‍ ഇടയാകുമെന്ന ഭയംകൊണ്ട് പാല്‍ കറന്നതിനുശേഷം മാത്രമേ ഈ മൃഗങ്ങളെ അവിടെ വില്‍ക്കാന്‍ നബി (സ) അനുവദിച്ചിരുന്നുള്ളൂ. നനഞ്ഞ കാരക്ക മറച്ചുവെച്ച് ഉണങ്ങിയതിനോടൊപ്പം കൂട്ടിക്കലര്‍ത്തി വിറ്റതിന് ഉമര്‍ (റ) ന്റെ ഉദ്യോഗസ്ഥന്‍ ആ കച്ചവടക്കാരന് അങ്ങാടിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് നാം കാണുന്ന ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ മുഹമ്മദ് നബിയുടെ മാതൃകയുമായി താരതമ്യംചെയ്താല്‍ പ്രവാചകനിര്‍ദേശങ്ങളുടെ മഹത്വം മനസ്സിലാക്കാവുന്നതാണ്.

സി.എച്ച്. അബ്ദുര്‍റഹീം

Topics